ഏറ്റവും വേഗത കുറഞ്ഞ കോടതി സംവിധാനം ഉള്ള രാജ്യം എന്ന ദുഷ്‌പേര് ഉള്ളിടത്തോളം കാലം മികച്ച കമ്പനികൾ ഒന്നും ഇന്ത്യയിൽ വന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തില്ല

108

Ajith Sudevan

നേരിട്ടുള്ള വിദേശ നിക്ഷേപവും ഓഹരി നിക്ഷേപവും തമ്മിൽ ഉള്ള വെത്യാസം എന്താണ്.

2008 ലെ സാമ്പത്തിക തകർച്ചയുടെ ഭാഗമായി തകർന്ന നൂറ്റാണ്ടിൽ ഏറെ പാരമ്പര്യമുള്ള വാഷിംഗ്ടൺ മ്യൂച്വൽ എന്ന ബാങ്കിനെ Chase ബാങ്ക് ഏറ്റെടുത്തു. സമാന രീതിയിൽ Chase ബാങ്ക് ഇപ്പോൾ തകർന്ന Yes ബാങ്കിനെ ഏറ്റെടുത്താൽ അതിനെ നേരിട്ടുള്ള വിദേശ നിക്ഷേപം ആയി കണക്കാക്കും. എന്നാൽ നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ മറ്റോ Yes ബാങ്കിനെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ ഇപ്പോൾ വില ഇടിഞ്ഞു നിൽക്കുന്ന Yes ബാങ്കിന്റെ കുറെ ഓഹരികൾ Chase ബാങ്ക് വാങ്ങിയാൽ അത് നേരിട്ടുള്ള വിദേശ നിക്ഷേപം ആയിട്ടല്ല മറിച്ചു പരോക്ഷ നിക്ഷേപം ആയിട്ടാണ് കണക്കാക്കുന്നത്.

കാരണം ഏറ്റെടുത്താൽ Yes ബാങ്കിന്റെ ബാധ്യതകൾ ഒക്കെ Chase ബാങ്കിന്റെ തലയിൽ ആകും. അതോടൊപ്പം Yes ബാങ്കിന് കിട്ടാനുള്ള പണം പിരിച്ചെടുക്കാനുള്ള അവകാശവും Chase ബാങ്കിന് കിട്ടും. എന്നാൽ ഓഹരി വാങ്ങിയാൽ പ്രസ്തുത രീതിയിൽ ഉള്ള ബാധ്യതകളോ, അവകാശങ്ങളോ Chase ബാങ്കിന് കിട്ടില്ല. അതുകൊണ്ടാണ് ഓഹരി നിക്ഷേപത്തെ ഒര് രണ്ടാം നിര നിക്ഷേപം മാത്രമായി കരുതുന്നത്.

ലോകത്തെ ഏറ്റവും വേഗത കുറഞ്ഞ കോടതി സംവിധാനം ഉള്ള രാജ്യം എന്ന ദുഷ്‌പേര് ഉള്ളിടത്തോളം കാലം ഒരുമാതിരിപ്പെട്ട മികച്ച കമ്പനികൾ ഒന്നും ഇന്ത്യയിൽ വന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തില്ല. കാരണം വ്യാപാരത്തിന്റെ ഭാഗമാണ് വ്യവഹാരവും. വ്യവഹാരം വേഗത്തിൽ തീർന്നില്ലാ എങ്കിൽ വ്യാപാരം മൊത്തത്തിൽ പൊട്ടും. ഇത് മനസിലാക്കിയാണ് വ്യാപാര സംബന്ധമായ കേസുകൾ വേഗത്തിൽ തീർക്കാനായി അമേരിക്ക യൂണിവേഴ്സൽ കൊമേർഷ്യൽ കോഡ് നിർമ്മിച്ചത്.
സമാന രീതിയിൽ ഒര് നിയമം ഇന്ത്യയിൽ നിർമ്മിക്കാത്തിടത്തോളം കാലം ഇന്ത്യയിൽ പരോക്ഷ നിക്ഷേപം ആയ ഓഹരി നിക്ഷേപത്തിന് അപ്പുറം പ്രത്യുല്പാദന ക്ഷമമായ രീതിയിൽ ഉള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടാകില്ല. കാരണം ഓഹരി നിക്ഷേപം നമ്മൾക്ക് ഇഷ്ടം ഉള്ളപ്പോൾ തിരിച്ചു കൊണ്ടുവരാം.

പക്ഷേ ഭൂമിയോ ഫാക്ടറിയോ ഒക്കെ ആണെങ്കിൽ പൊളിച്ചു കൊണ്ടുപോരുക അല്ലെങ്കിൽ വിറ്റ് മാറ്റുക എന്നത് ഓഹരി വിൽപന പോലെ അത്ര എളുപ്പം ഉള്ള പണിയല്ല. അതിനാൽ ആണ് ഓഹരി നിക്ഷേപത്തെ അടിസ്ഥാനം ആക്കി നോക്കിയാൽ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഇന്ത്യയിൽ വളരെ കുറഞ്ഞു നിൽക്കുന്നത്.