20-20 എന്നത് ‘അവനവനിസം’ ആശയമാക്കിയ അരാഷ്ട്രീയ കൂട്ടമോ ?

234

2 ആർട്ടിക്കിളുകൾ

1 – Ajith Sudevan

ടെലിവിഷൻ അടക്കം ഉള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു വോട്ട് ചെയ്യുന്ന തമിഴ് ജനതയെ ഒര് കാലത്ത് പരിഹാസത്തോടെ കണ്ട മലയാളി ഇപ്പോൾ ആര് അനുക്കൂല്യങ്ങൾ കൂടുതൽ നൽകുന്നു എന്ന് നോക്കി വോട്ട് ചെയ്യാൻ പഠിച്ചിരിക്കുന്നു. അതിന്റെ തെളിവാണ് ട്വൻറി ട്വൻറിയുടെ മുന്നേറ്റം. 10000 രൂപാ പെൻഷൻ അടക്കം ഉള്ള കുറെ ഐറ്റങ്ങൾ ഉയർത്തിപ്പിടിച്ചു തെരഞ്ഞെടുപ്പിന് ഇറങ്ങി അവർ സംസ്ഥാന ഭരണം പിടിച്ചാലും അത്ഭുതം ഇല്ല. അതിന്റെ പരിണിതഫലം അത് എന്തായാലും അത് അപ്പോൾ അല്ലേ എന്ന് ചിന്തിക്കുന്ന മാനസിക അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു.

അതിന്റെ തെളിവാണ് നാടിൻറെ കടം നാളെയുടെ ബാധ്യത. കടം വാങ്ങിയുള്ള പ്രത്യുല്പാദനക്ഷമം അല്ലാത്ത നിക്ഷേപങ്ങൾ നാളത്തെ തലമുറയോട് ചെയ്യുന്ന ക്രൂരത. എന്നൊക്കെ പറഞ്ഞു കുടിവെള്ള പദ്ധതി അടക്കം ഉള്ള കടം വാങ്ങിയുള്ള വികസന പദ്ധതികൾക്ക് എതിരെ ഒരുകാലത്ത് സമരം ചെയ്യ്തിരുന്ന പ്രസ്ഥാനത്തിന്റെ നേതാക്കൾ തന്നെ, കടം വാങ്ങിയുള്ള വികസനം നാളത്തെ വികസനം ഇപ്പോൾ തന്നെ അനുഭവിക്കാനുള്ള മാർഗ്ഗം. എന്നൊക്കെ പറഞ്ഞു കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി പ്രത്യുല്പാദനക്ഷമം അല്ലാത്ത നിക്ഷേപങ്ങൾ നടത്തിയിട്ടും ജനം പ്രസ്തുത മുന്നണിക്ക് വോട്ട് ചെയ്തത്.

കിട്ടാവുന്നിടത്ത് നിന്നെല്ലാം കടംവാങ്ങിയ കേരളത്തിന്റെ കിഫ്‌ബി കടപ്പത്രങ്ങൾ സർക്കാർ കടപ്പത്രങ്ങൾ കുറഞ്ഞപലിശയിൽ പോകുന്ന വിദേശവിപണിയിൽ പോലും 9.723% പലിശയിലാണ് വിറ്റ് പോയതെന്നത് ഉന്നത വിദ്യാഭ്യാസം മലയാളിയെ പോലും അലോസരപ്പെടുത്തുന്നില്ല. കാരണം ഉള്ളവർ എന്നോ ഇല്ലാത്തവർ എന്നോ ഭേദം ഇല്ലാതെ അതിൽ ഒര് പങ്ക് ക്ഷേമപെൻഷൻ ആയും, പലചരക്ക് കിറ്റ് ആയിട്ടും ജനത്തിന് കിട്ടുന്നുണ്ട്. ജനം അതിൽ തൃപ്തർ ആണ് എന്നാണ് തെരെഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. 9.723% പലിശ ഒരുപാട് കൂടുതലാണോ എന്ന് ചോദിച്ചാൽ ഇപ്പോളത്തെ കാലത്ത് അതേ എന്ന് തന്നെയാണ് ഉത്തരം.

അതിന്റെ തെളിവാണ് കേരളത്തിലെ ഒര് സ്വകാര്യ ബാങ്കായ മുത്തൂറ്റ് കിഫ്ബിക്ക് തുല്യമായ 5 വർഷ കാലപരിധി ഉള്ള ബോണ്ടുകൾ ആഭ്യന്തര വിപണിയിൽ തന്നെ കേവലം 8% പലിശ നിരക്കിൽ വിറ്റ് ഒറ്റ ദിവസം ദിവസം കൊണ്ട് കിഫ്ബിയേക്കാൾ കൂടുതൽ തുക സമാഹരിച്ചത്. കേവലം ഒര് നഗരമായ ലക്‌നൗ സിറ്റിയുടെ 8.5% പലിശ നിരക്ക് ഉള്ള കടപ്പത്രങ്ങൾക്ക് ആഭ്യന്തര ഓഹരി വിപണിയിൽ തന്നെ 4.5 മടങ്ങ് അപേക്ഷകർ എത്തിയതിൽ നിന്നും ഒക്കെ കേരളത്തിന്റെ ധനസ്ഥിതി എത്രമാത്രം മോശമാണ് എന്നും 9.723% എന്ന കിഫ്‌ബി പലിശ ഒരുപാട് കൂടുതലാണ് എന്നും മനസിലാക്കാം.

എന്നാൽ ഇതൊന്നും ഉൾകൊള്ളാൻ പറ്റാത്ത, തനിക്ക് ഇപ്പോൾ എന്ത് കൈയിൽ കിട്ടും, നാളത്തെ കാര്യം നാളെയല്ലേ, എന്ന് ചിന്തിക്കുന്ന മാനസിക അവസ്ഥയിൽ മലയാളിയെ എത്തിക്കുന്നതിൽ വിജയിച്ച തോമാച്ചനും; അതുപോലെ പ്രത്യക്ഷ ആനുകൂല്യങ്ങളാണ് അധികാരത്തിലേക്ക് ഉള്ള വഴി എന്ന് തെളിയിച്ച ട്വൻറി ട്വൻറിക്കും അഭിനന്ദനങ്ങൾ.
“The Rs 200 crore LMC bond, which was launched on November 13, was 4.5 times oversubscribed and closed at 8.5 per cent coupon rate for 10 years, which is the second lowest rate of all the municipal bonds launched till date.”


2- Baiju Swamy

 

ഈ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഇടത് മുന്നണിയെ ആദ്യമേ അഭിനന്ദിക്കുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ വിജയവും തോൽവിയും അത്യന്തികമായി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തും.പക്ഷേ കേരളത്തിൽ ഇതിനിടയിൽ ഉയർന്നു വരുന്ന ഒരു വിപത്തിന്റെ സൂചനയാണ് കിഴക്കമ്പലത്തിനു പുറത്തേക്ക് 20-20 യുടെ സ്വാധീനം. കിഴക്കമ്പലം തൂത്ത് വാരി, അയൽ പഞ്ചായത്തുകളും ഭരിക്കുന്ന രീതിയിൽ ഒരു അരാഷ്ട്രീയ പ്രസ്ഥാനം വളരുന്നത് ഇടത് മുന്നണിയുടെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും പരാജയം തന്നെയാണ്.

ഏതെങ്കിലും ഒരു കമ്പനിയുടെയോ മുതലാളിയുടെയോ അരിയും ഗോതമ്പും എണ്ണയും ഫ്രീ ആയി കിട്ടി അയാൾക്ക് അധികാരം പിൻ വാതിലിൽ കൂടി നേടാൻ ആകുന്ന അവസ്ഥ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണത്തിനെതിരെ സമരം നയിച്ച ഗാന്ധിജി മുതൽ ഉള്ളവരെ കൊന്ന ഗോഡ്‌സെയുടെ പ്രവർത്തിയേക്കാൾ നീചമാണ്. കുറച്ചു നോട്ട് കേട്ടുകളോ ആരെങ്കിലും പണിതു തരുന്ന വീടോ അല്ല ജനാധിപത്യം.

ഇത്തരം ആരാഷ്‌ടീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അവനവനിസം രാഷ്ട്രീയം ആക്കിയ വ്യക്തികൾക്ക് അഴിമതി മാത്രം ആണ് ഇവിടെ ആകെയുള്ള പ്രതിസന്ധി. അത് തുടച്ചു നീക്കിയാൽ എല്ലാം ശെരിയാകുമത്രേ.. അവരെ കണ്ണ് കെട്ടി നടത്തുന്ന മുതലാളിയുടെ മുദ്രാവാക്യം ആണ് ഇവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്. മുതലാളിയെ രാഷ്ട്രീയമായി ആരെങ്കിലും എതിർത്താൽ വളരെയേളുപ്പം ആയി. അഴിമതി വീരന്മാർ എന്ന ചാപ്പ കുത്തും.

ശെരിയാണ്. മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ധാരാളം അഴിമതിക്കാർ ഉണ്ട്. ആ പ്രസ്ഥാനങ്ങളിൽ തന്നെ ലോകത്തിലെ എല്ലാവർക്കും വസ്ത്രം ഉണ്ടായിട്ടേ ഞാൻ കോട്ടും സ്യുട്ടും ധരിക്കൂ എന്ന് പറഞ്ഞു കൊണ്ട് ഒറ്റമുണ്ടിൽ പൊതിഞ്ഞു നാണം കഷ്ടിച്ച് മറച്ചു ജീവിച്ച, നടക്കുന്ന ദൈവമായിരുന്ന മഹാത്മാവും ഉണ്ടായിരുന്നു.അത് പോലെ എത്രയോ മനുഷ്യരെ അദ്ദേഹം inspire ചെയ്തു. സമൂഹത്തിൽ ഉണ്ടായ മൂല്യച്യുതി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉണ്ടായി. സമൂഹത്തിന്റെ പരിശ്ചെദം ആണല്ലോ എല്ലാ പാർട്ടികളും.അപ്പോൾ ഇത് അനിവാര്യമാണ് എന്ന് കാണുക. സ്വയം പരിഹാരം കണ്ടെത്താനുള്ള ഡൈനമിസം ഉള്ളതാണ് ജനാധിപത്യ സംവിധാനം. കാരണം അത് ജനങ്ങളുടെ വീക്ഷണത്തിന്റെ ആകെതുകയാണ്.

മറ്റൊരു കാര്യം രാജ്യം മുഴുവൻ ഇത് പോലെ പ്രാദേശിക കൂട്ടായ്മ ഭരിച്ചാൽ പാർലമെന്റ് എന്തിനാണ് ?നിയമനിർമ്മാണ സഭയിൽ ആണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രശ്നങ്ങൾ, അന്താരാഷ്ട്ര കാര്യങ്ങൾ, ദേശത്തിലെ മറ്റു പ്രദേശത്തെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. അവിടെ സമഗ്ര വീക്ഷണം ഇല്ലാത്ത കിഴക്കമ്പലം ആണ് ലോകം എന്ന് ചിന്തിക്കുന്നവർ പോയിട്ട് കാര്യം? പോയാൽ തന്നെ അവരുടെ ഏക ഫോക്കസ് അഴിമതി എന്നത് മാത്രം ആണല്ലോ?t😇

പൗരത്വ ബിൽ, കർഷക പ്രതിഷേധം, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ, നികുതി വിഷയം, സ്വകാര്യ മേഖലയുടെ ചൂഷണം ഇങ്ങനെ നീറുന്ന പ്രശ്നം ചർച്ച ചെയ്യാൻ ഒരു നയം പോലും ഇക്കൂട്ടർക്കില്ല. ശെരിയോ തെറ്റോ എങ്കിലും ഒരു നയം വേണ്ടേ പ്രസ്ഥാനങ്ങൾക്ക്?
വർഗീയത പോലെ തന്നെ മുന്നോട്ട് പോകുന്തോറും ഇത്തരം കൂട്ടായ്മകൾ ഒരു ട്രോജൻ കുതിര ആകുമെന്ന് ഞാൻ ഭയക്കുന്നു.******