Ajith Sudevan

ഒരു വലിയ കുഴിയോ, കുഴൽ കിണറോ എടുത്താൽ അത് ആരെങ്കിലും വന്ന് അറിയാതെ വീഴാത്ത രീതിയിൽ അടച്ചിടാൻ പോലും അറിയാത്ത ഇന്ത്യക്കാരാണ് ലോകത്തെ വികസിത രാജ്യങ്ങളെ കടത്തിവെട്ടി ക്യാഷ് ലെസ് ഇക്കോണമിയും കാർബൺ ലെസ് ഇക്കോണമിയും ഒക്കെ സൃഷ്ടിക്കും എന്ന് തള്ളുന്നത്. ഇനി ആരെങ്കിലും ഈ തള്ളലിനെ എതിർത്താൽ അവർ വികസന വിരോധിയും, സാങ്കേതിക മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിവില്ലാത്തവരും എന്ന രീതിയിൽ മുദ്രകുത്തപ്പെടും.

ലോകത്തെ മികച്ച 50 വെബ്സൈറ്റുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ അമേരിക്കയും, ചൈനയും അടക്കി വാഴുകയാണ്. അമേരിക്കൻ കമ്പനിയായ ഗൂഗിളിന്റെ ഇന്ത്യൻ ഉപകമ്പനി ആയ ഗൂഗിൾ ഇന്ത്യ മാത്രമാണ് അതിലെ ഏക ഇന്ത്യൻ സാന്നിധ്യം. എന്നാലും ഇന്റർനെറ്റ് താങ്ങി നിർത്തുന്നത് നമ്മളാണ് എന്നാണ് നമ്മളിൽ പലരും കരുതുന്നത്.

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിർമാതാവ് ചൈനീസ് കമ്പനിയായ BYD ആണ്. ഇലക്ട്രിക് വാഹന രംഗത്ത് ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉള്ള കമ്പനി അമേരിക്കൻ കമ്പനിയായ ടെസ്‌ല ആണ്. ഇലക്ട്രിക്ക് വാഹന രംഗത്ത് വേറെയും ഒര് പിടി കമ്പനികൾ ചൈനയിലും, അമേരിക്കയിലും ഉണ്ട്.

എന്നാൽ ഇലക്ട്രിക്ക് വാഹനരംഗത്ത് സ്വന്തമായി ലോകോത്തര നിലവാരം ഉള്ള ഒര് സ്ഥാപനം പോലും ഇല്ലാത്ത ഇന്ത്യ, ചൈനയെയും, അമേരിക്കയേയും കടത്തിവെട്ടി ഇലക്ട്രിക്ക് വാഹന രംഗത്തെ അതികായകരാകും എന്ന തള്ളലിനെ എതിർത്താൽ രാജ്യദ്രോഹിയും പരിസ്ഥിതി വിരോധിയും ആകും.

കുഴൽ കിണറിൽ വീഴുന്ന കുട്ടിയെ രക്ഷിക്കാൻ വളരെ എളുപ്പമാണ് എന്ന് കുട്ടികളുടെ ശാസ്ത്രമേളയിൽ പോയാൽ തോന്നും. എന്നാൽ അവയൊന്നും പ്രായോഗികമല്ല എന്ന് ശരിക്കും കുട്ടി കുഴിയിൽ പോകുമ്പോൾ നമുക്ക് മനസിലാകും. നാട്ടിലെ കാർബൺ ലെസ് ഇക്കോണമിയും, ക്യാഷ് ലെസ് ഇക്കോണമിയും ഒക്കെ പ്രായോഗികമായി ചിന്തിച്ചാൽ അടുത്ത കാലത്തൊന്നും നടക്കില്ല. കാരണം അതിന് വേണ്ട സാങ്കേതിക സാമ്പത്തിക ശക്തിയൊന്നും നിലവിൽ ഇന്ത്യയ്ക്ക് ഇല്ല.

ഇത്തിരി വൈകി ആണേലും ഈ തിരിച്ചറിവ് ഉണ്ടായതിനാലാണ് ക്യാഷ് ലെസ് എക്കോണമിയുടെയും കാർബൺ ലെസ് ഇക്കോണമിയുടെയും പ്രചാരകർ പ്രസ്തുത പ്രചാരണം ഉപേക്ഷിച്ചു പുതിയ മേഖലകൾ തേടിപ്പോയത്. അല്ലാതെ അവരുടെ തള്ളലിനെ എതിർത്ത എന്നെപോലുള്ളവർ പ്രസ്തുത സാങ്കേതിക വിദ്യകളുടെ നല്ല വശത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയതിനാൽ ഒന്നും അല്ല അവർ കളം മാറ്റിയത്.

എതിർത്തവർ പോലും പ്രചാരകർ ആയി ഇലക്ട്രിക്ക് വാഹനങ്ങൾ വ്യാപകമാകാൻ പോകുന്നു! വർഷോപ്പുകളുടെ മരണമണി മുഴങ്ങാൻ പോകുന്നു, എന്ന തള്ളൽ കേട്ടൊന്നും വർഷോപ്പ് ജീവനക്കാർ പണിപോകും എന്നൊന്നും ഭയക്കേണ്ട. കാരണം അമേരിക്കയിലും, ചൈനയിലും ഇലക്ട്രിക്ക് കാർ വിറ്റാൽ ഇന്ത്യയിലെ വർക്ഷോപ്പിൽ പണി കുറയില്ല.

ആൻഡ്രോയിഡ് ഫോണല്ല ഇലക്ട്രിക്ക് കാർ എന്ന തിരിച്ചറിവ് ഉള്ളതിനാൽ തള്ളിമറിക്കുന്നവർ പോലും അടുത്ത കാലത്തൊന്നും ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വ്യാപകമായി വാങ്ങാൻ പോകുന്നില്ല. ഇനി അഥവാ വന്നാലും ചൈനയിൽ ഉണ്ടാക്കുന്ന ഏറ്റവും നിലവാരം കുറഞ്ഞത് ആകും നാട്ടിൽ വ്യാപകമായി വരുന്നത്. അത് വർഷോപ്പ് ജീവനക്കാർക്ക് ഗുണമേ ചെയ്യുകയുള്ളൂ

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.