ഫേസ്ബുക്ക് ഡാറ്റ കണ്ടുകൊണ്ടു ബിസിനസ് തുടങ്ങിയാൽ സ്വന്തം ഭാര്യ പോലും നിങ്ങളെ ആട്ടിപ്പായിക്കും

51

Ajith Sudevan

ഫേസ്ബുക്ക് ഡേറ്റാ!

വർഷം 2016 നിങ്ങൾ നാട്ടിലെ വിവാഹ വിപണി ലക്‌ഷ്യം വെച്ച് ഒര് ആഭരണശാല, ഒര് ആർഭാട വിവാഹ വസ്ത്രശാല എന്നിവ തുടങ്ങാൻ ഉദ്ദേശിക്കുന്നു. എന്നാൽ ഫേസ്ബുക്ക് ഡേറ്റകൾ പരിശോധിച്ചപ്പോൾ നാട്ടിൽ ആർക്കും ആഭരണത്തോടും ആർഭാട വിവാഹത്തിനും താൽപ്പര്യം ഇല്ല എന്ന് മനസിലാക്കി നിങ്ങൾ പ്രസ്തുത ശ്രമം ഉപേക്ഷിക്കുന്നു. നിങ്ങളുടെ സുഹൃത്തു പ്രസ്തുത സ്ഥാപനങ്ങൾ തുടങ്ങി പണം ഉണ്ടാക്കുന്നു .

വർഷം 2017 നിങ്ങൾ ഒര് മാരേജ് ബ്യുറോ തുടങ്ങാൻ ഉദ്ദേശിക്കുന്നു. നാട്ടിൽ മത രഹിത ജീവിതം ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും എന്ന് ഫേസ്ബുക്ക് ഡേറ്റകൾ വഴി മനസിലാക്കി നിങ്ങൾ മത രഹിത വിവാഹത്തിന് സഹായിക്കുന്ന ബ്യുറോ ഉണ്ടാക്കുന്നു. നിങ്ങളുടെ ബ്യുറോ എട്ട് നിലയിൽ പൊട്ടുന്നു. ജാതി ഉപജാതി തിരിച്ചു കല്യാണം നടത്തികൊടുക്കുന്ന സുഹൃത്തിന്റെ ബ്യുറോ വൻവിജയം ആകുന്നു.

വർഷം 2018 ചെറുതും പരിസ്ഥിതി സൗഹാർദ പരവും ആയ വീടുകളാണ് നാട്ടിൽ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത് എന്ന് ഫേസ്ബുക്ക് ഡേറ്റകൾ വഴി മനസിലാക്കി നിങ്ങൾ അത്തരം വീടുകൾ പണിയുന്ന കമ്പനി തുടങ്ങുന്നു. നിങ്ങളുടെ സുഹൃത്ത് ആർഭാട ഭവനങ്ങൾ പണിയുന്ന കമ്പനി തുടങ്ങുന്നു. നിങ്ങളുടെ സ്ഥാപനം പതിവ് പോലെ എട്ട് നിലയിൽ പൊട്ടുന്നു. സുഹൃത്തു വീണ്ടും വിജയിക്കുന്നു.

വർഷം 2019 നാട്ടിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വലിയ വിപണി വരാൻ പോകുന്നു എന്ന് ഫേസ്ബുക്ക് ഡേറ്റകൾ വഴി മനസിലാക്കി നിങ്ങൾ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ കട തുടങ്ങുന്നു. നിങ്ങളുടെ സുഹൃത്ത് പെട്രോൾ കുടിയൻ ആർഭാട ബുള്ളറ്റുകളുടെ കട തുടങ്ങുന്നു. നിങ്ങളുടെ സ്ഥാപനം പതിവ് പോലെ എട്ട് നിലയിൽ പൊട്ടുന്നു. സുഹൃത്തു വീണ്ടും വിജയിക്കുന്നു.
വർഷം 2020 സാമ്പത്തിക വിജയത്തേക്കാൾ സ്നേഹവും, അംഗീകാരവും നൽകുന്ന പങ്കാളിയെ ആണ് സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്ന് ഫേസ്ബുക്ക് ഡേറ്റകൾ വഴി മനസിലാക്കി നിങ്ങൾ ഭാര്യയെ പാചകത്തിൽ സഹായിക്കാനും അഭിനന്ദിക്കാനും അടുക്കളയിൽ ചെല്ലുന്നു. ഓരോ മണ്ടത്തരം കാണിച്ചു സർവ്വവും നശിപ്പിച്ചു മൂന്ന് നില വീട്ടിൽ നിന്ന് മൂന്ന് മുറിയുള്ള വാടക വീട്ടിൽ എത്തിച്ചിട്ട് ശൃംഗരിക്കാൻ വന്നിരിക്കുന്നു എന്നും പറഞ്ഞു ഭാര്യ നിങ്ങളെ ആട്ടി ഓടിക്കുന്നു.

എന്നാൽ ഒര് ചായ ഇട്ട് പോലും ഭാര്യയെ സഹായിക്കാത്ത നിങ്ങളുടെ സുഹൃത്തു പുതിയതായി പണിത മൂന്ന് നില വീടിന്റെ പൂമുഖത്തിരിന്നു പുതിയതായി വാങ്ങിയ ബെൻസ് കാറിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടത്തുന്ന കല്പനകൾ ഒക്കെ യാതൊരു എതിർപ്പും ഇല്ലാതെ അയാളുടെ ഭാര്യ അനുസരിക്കുന്നു.

കുടുബ ജീവിതത്തിലും വ്യാപാരത്തിലും എങ്ങനെയാണ് ഇത്രയേറെ വിജയിച്ചത് എന്ന് നിങ്ങൾ സുഹൃത്തിനോട് അന്വേഷിക്കുന്നു. താൻ ഫേസ്ബുക്ക് ഡേറ്റാ വെച്ചല്ല വ്യാപാരവും ജീവിതവും നയിക്കുന്നത് മറിച്ചു ആധികാരിക ഏജൻസികൾ വഴി ലഭിക്കുന്ന റിയൽ ഡേറ്റാ വെച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് സുഹൃത്തു മറുപടി നൽകുന്നു. ഫേസ്ബുക്ക് അലഷ്യമായി ഉപയോഗിക്കുന്നവർ പോലും ഒര് പരിധിക്കപ്പുറം ഡേറ്റകൾ സർക്കാർ ശേഖരിക്കുന്നതിനെയും അവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെയും എന്തുകൊണ്ട് എതിർക്കുന്നു എന്ന് നിങ്ങൾക്ക് അതോടെ ബോധ്യം ആകുന്നു.