സ്വയം ഒതുങ്ങി ജീവിക്കുന്നവരെ കൂട്ടം ചേർന്ന് കൂടുതൽ ഒതുക്കാൻ പാടാണ്!

188

Ajith Sudevan

സ്വയം ഒതുങ്ങി ജീവിക്കുന്നവരെ കൂട്ടം ചേർന്ന് കൂടുതൽ ഒതുക്കാൻ പാടാണ്!

പത്തുവർഷത്തെ പ്രവാസ ജീവിതം കൊണ്ട് നേടിയ ഒര് കോടി സമ്പാദ്യവുമായി മെക്കാനിക്കൽ
എഞ്ചിനീയർ ആയ മഹേഷും, സിവിൽ എഞ്ചിനീയർ ആയ സതീഷും പ്രവാസം ഉപേക്ഷിച്ചു നാട്ടിൽ എത്തി. തങ്ങളുടെ ഓഹരിയിൽ ഒര് വീട് വെച്ച്, ഒര് വിവാഹം ഒക്കെ കഴിച്ചു നാട്ടിൽ എന്തേലും ചെയ്‌തു സ്വസ്ഥമായി കഴിയാനാണ് രണ്ടുപേരുടെയും പ്ലാൻ.

ലാളിത്യം, പ്രകൃതി സംരക്ഷണം, ഊർജ്ജ സംരക്ഷണം, സ്ത്രീധന രാഹിത്യം, സ്ത്രീ സമത്വം, വർണ്ണ വിവേചനം, മുതലായ സാമൂഹിക വിഷയങ്ങളെ കുറിച്ച് വളരെ മനോഹരമായി സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്ന ആളാണ് മഹേഷ്. തന്മൂലം അദ്ദേഹത്തിന്റെ പോസ്റ്റുകൾ മിക്കതിനും ആയിരകണക്കിന് ലൈക്കുകളും കമെന്റുകളും കിട്ടാറുണ്ട്. പതിനായിരകണക്കിന് ഫോള്ളോവെർസും അദ്ദേഹത്തിന് ഉണ്ട്.

എന്നാൽ താൻ സാമൂഹിക മാധ്യമത്തിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ മിക്കതും സാമൂഹിക ജീവിതത്തിൽ തനിക്ക് വലിയ മാന്യത നേടിത്തരില്ല എന്ന ബോധം മഹേഷിന് ഉണ്ട്. അതിനാൽ തന്നെ അദ്ദേഹം 40 ലക്ഷം രൂപ മുടക്കി 2000 ചതുരശ്രയടി വലിപ്പം ഉള്ള വീട് വെച്ചു. പ്രസ്തുത വീട് 7 ലക്ഷം രൂപയുടെ ഫർണിച്ചറുകളും 3 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി മനോഹരമാക്കി. 20 ലക്ഷം മുടക്കി വീടിന്റെ പ്രതാപത്തിന് ചേരുന്ന ഇന്നോവ കാറും വാങ്ങി.

ശേഷിക്കുന്ന 30 ലക്ഷം രൂപയിൽ 5 ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു 25 ലക്ഷം മുടക്കി വാഹനങ്ങളുടെ മ്യൂസിക് സിസ്റ്റം ബാക്കപ് ക്യാമറ മുതലായവ വിൽക്കുകയും, പ്രസ്തുത ഉപകരണങ്ങൾ ഫിറ്റ് ചെയ്‌തു കൊടുക്കുകയും ചെയ്യുന്ന ഒര് സ്ഥാപനം തുടങ്ങി. പ്രതീഷിച്ചതിലും മികച്ച കച്ചവടം കിട്ടിയതോടെ മറ്റൊരു 25 ലക്ഷം വായ്പ കൂടി വാങ്ങി കച്ചവടം വിപുലീകരിച്ചു.

വലിയ വീടിന്റെയും, കറിന്റെയും, കടയുടേയും ഒക്കെ ബലത്തിൽ സഹകരണ ബാങ്കിൽ ജോലിയുള്ള സമ്പന്ന കുടുബാംഗമായ വെളുത്തു മെലിഞ്ഞു സുന്ദരിയായ മനീഷയെ 100 പവൻ ആഭരണവും 10 ലക്ഷം പോക്കറ്റ് മണിയും പെൺവീട്ടുകൾ അറിഞ്ഞു നൽകിയത് എന്ന രീതിയിൽ വാങ്ങി മഹേഷ് തന്റെ വിവാഹം പെൺകുട്ടിയുടെ വീട്ടുകാരുടെ ചെലവിൽ ആർഭാടമായി നടത്തി.

മറുവശത്തു സതീഷ് സാമൂഹിക മാധ്യമങ്ങളിലും സാമൂഹിക ജീവിതത്തിലും മഹേഷിനെ പോലുള്ളവർ കാണിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ച് നിരന്തരം വസ്തുതാ പരമായി വാദിച്ചുകൊണ്ടിരിന്നു. മഹേഷിന്റെ പോസ്റ്റുകൾ മഹത്തരം എന്ന് കണ്ണടച്ച് പിന്തുണച്ച മിക്കവരും സതീഷിന്റെ പോസ്റ്റിന്റെ ഓരോ വരിയിലും ഡേറ്റാ തേടി, എങ്ങനെയും തങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്ന സതീഷിനെ സൈഡാക്കാൻ നോക്കി. എന്നാൽ തന്റെ ശൈലി കൈയടി കിട്ടുന്നതല്ല എന്ന ഉറച്ച ബോധം അയാൾക്ക് ഉള്ളതിനാൽ സൈഡ് ആക്കൽ ശ്രമങ്ങൾ ഒന്നും അയാളെ തളർത്തിയില്ല.

വാചകം കൊണ്ടല്ല ജീവിതം കൊണ്ടാണ് ആദർശങ്ങൾ നടപ്പാക്കേണ്ടത് എന്ന് വിശ്വസിച്ച സതീഷ് 15 ലക്ഷം രൂപാ മുടക്കി 1000 ചതുരശ്രയടിയുള്ള ചെറിയ വീട് വെച്ചു. അതിനെ 3 ലക്ഷം രൂപയുടെ ഫർണിച്ചറും 1.8 ലക്ഷം രൂപയുടെ സോളാർ പാനലും 20,000 രൂപയുടെ ചെറിയ ഗോബാർ ഗ്യാസ് പ്ലാന്റും, 5 ലക്ഷം രൂപയുടെ ഉർജ്ജക്ഷമവും, കാര്യക്ഷമവും ആയ ഇലക്ട്രോണിക് ഉപകരണങ്ങളും വെച്ച് മനോഹരമാക്കി. തുണി കഴുകാനും, പാത്രം കഴുകാനും മാത്രം അല്ല മുറ്റമടിക്കാൻ പോലും സതീഷിന്റെ വീട്ടിൽ യന്ത്രം ഉണ്ട്. അവയൊക്കെ സോളാർ വൈദ്യുതിയുടെ സഹായത്താൽ കീശയ്ക്ക് ബാധ്യത ആകാത്ത രീതിയിൽ അദ്ദേഹം ഉപയോഗിക്കുന്നും ഉണ്ട്.

BLDC ഫാനും led ലൈറ്റും അടക്കം ഉള്ള ഉർജ്ജക്ഷമമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ പ്രതികൂല കാലാവസ്ഥയിൽ ലഭിക്കുന്ന 4 യൂണിറ്റ് സോളാർ വൈദ്യുതി തന്നെ സതീഷിന് ധാരാളമാണ്. എന്ന് മാത്രമല്ല അനുകൂല കാലാവസ്ഥയിൽ ലഭിക്കുന്ന 14 യൂണിറ്റിൽ പകുതിയും പാഴായി പോകുന്നത് തടയാനായി സതീഷ് 17 ലക്ഷം മുടക്കി ടാറ്റ Nexon EV XZ Plus LUX എന്ന ഇലക്ട്രിക്ക് കാർ വാങ്ങി. പെട്രോൾ വിലയെ ഭയക്കാതെ യഥേഷ്ടം യാത്ര ചെയ്തു.

തന്റെ കൈയിൽ അവശേഷിക്കുന്ന 58 ലക്ഷത്തിൽ 25 ലക്ഷം മുടക്കി വീടുകൾ കൂടുതൽ കാര്യക്ഷമവും ഊർജ്ജ ക്ഷമവും ആയി ഡിസൈൻ ചെയ്യുന്ന ഒര് സ്ഥാപനം തുടങ്ങി. 3 ലക്ഷം മുടക്കി ഒര് പാവപെട്ട കുടുബത്തിലെ കറുത്തതും, തടിച്ചതും ആയ സീമയെ സ്വന്തം ചെലവിൽ വിവാഹം കഴിച്ചു. വീട്ടിലെ ദാരിദ്ര്യം കൊണ്ട് MA പഠനം പാതിവഴിയിൽ നിലച്ച അവളെ തുടർന്ന് പഠിക്കാൻ വിട്ടു. അവളുടെ പഠനത്തിന് തടസമാക്കാത്ത വിധത്തിൽ അയാൾ വീട്ടുജോലികൾ ഉപകരണങ്ങളുടെ സഹായത്തോടെ തന്നാൽ ആവും വിധം ചെയ്തു. അങ്ങനെ അവളുടെ MA റാങ്കും മികച്ച സ്കോളർഷിപ്പ് സഹിതം ഉള്ള എംഫിൽ അഡ്മിഷനും ഒക്കെ അയാളുടേത് കൂടിയായി.

തന്റെ ശേഷിക്കുന്ന 30 ലക്ഷത്തിൽ പകുതി വിവിധ ഓഹരികളിലും ബാക്കി പകുതി വിവിധ സർക്കാർ കടപ്പത്രങ്ങളിലും ഗോൾഡ് ബോണ്ടിലും ബാങ്കിലും ആയി നിക്ഷേപിച്ചു. ഒര് വർഷം ഏകദേശം മൂന്ന് ലക്ഷം ചെലവാക്കി ജീവിക്കുന്ന സതീഷിന് പ്രസ്തുത 30 ലക്ഷം ഉപയോഗിച്ച് വരുന്ന 10 വർഷം പണിയൊന്നും എടുക്കാതെ ജീവിക്കാൻ കഴിയും.

എന്നാൽ സതീഷിന്റെ ഡിസൈൻ കമ്പനി അത്യാവശ്യം മികച്ച വരുമാനം നേടുന്നതിനാലും മികച്ച മാർക്കിന്റെ ബലത്തിൽ സീമയ്ക്ക് പഠനത്തിന് സ്കോളർഷിപ്പ് കിട്ടുന്നതിനാലും ബാങ്കിലും, ഓഹരിയിലും, കടപ്പത്രങ്ങളിലും, ഗോൾഡ് ബോണ്ടിലും ഉള്ള പണം സുരക്ഷിതമായി വളരുന്നുണ്ട്. വാർഷിക ചെലവാക്കലിൽ 60000 രൂപയോളം ആരോഗ്യ ഇൻഷുറൻസ് അടക്കം ഉള്ള വിവിധ ഇൻഷുറൻസുകൾക്ക് മുടക്കുന്നതിനാൽ രോഗവും, അപകടവും, പ്രകൃതി ദുരന്തങ്ങളും മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ച് സതീഷിനോ, സീമയ്‌ക്കോ ആശങ്കകൾ ഇല്ല.

ഈ കഥയിലെ മഹേഷിനെ നിങ്ങൾക്ക് സാമൂഹിക മാധ്യമത്തിൽ കൂട്ടം ചേർന്ന് ഒതുക്കാം. കാരണം അയാൾ സാമൂഹിക മാധ്യമത്തിൽ താരമാണ്. ഭാര്യയുടെ സഹകരണ ബാങ്കിലെ പണിതെറിപ്പിക്കും എന്നും പറഞ്ഞു ലോക്കൽ സഹാവിന് മഹേഷിനെ വിരട്ടാം. സ്ഥാപനം ബഹിഷ്കരിക്കും എന്നും പറഞ്ഞു മഹേഷിനെ നിങ്ങൾക്ക് ഭയപെടുത്താം. കാരണം അയാളുടെ സ്ഥാപനത്തിന് ബാധ്യതകൾ ഉണ്ട്. എന്ന് മാത്രമല്ല മഹേഷിന്റെ കൈയിലെ നീക്കിയിരിപ്പ് ആയ 5 ലക്ഷം വായ്‌പകളുടെ തിരിച്ചടവ് അടക്കം ഒര് വർഷത്തേക്ക് മാത്രമേ തികയൂ. തകർച്ചയിൽ ഒര് പിടിവള്ളിയായി ഭാര്യയുടെ ആഭരണത്തിന് നേരെ കൈ നീട്ടിയാൽ മിക്കവാറും അത് വിവാഹമോചനത്തിൽ തീരും.

എന്നാൽ സാമൂഹിക മാധ്യമത്തിൽ താരം അല്ലാത്ത സതീഷിനെ നിങ്ങൾക്ക് ഒര് ചുക്കും ചെയ്യാൻ കഴിയില്ല. കാരണം നിങ്ങളുടെ ഒതുക്കിനെ അതിജീവിച്ചാണ് അയാൾ ഇന്നോളം സാമൂഹിക മാധ്യമത്തിൽ മുന്നോട്ട് പോയതും ഇനി നാളെ പോകാൻ ഇരിക്കുന്നതും. സതീഷിന്റെ ഭാര്യയുടെ സ്കോളർഷിപ്പ് പാർട്ടിയുടെ സഹായത്താൽ കിട്ടിയതല്ല, അവളുടെ പഠന മികവിന് കിട്ടിയതാണ്. കാലങ്ങളോളം വരുമാനം ഇല്ലാതെ ജീവിക്കാൻ തക്ക സമ്പാദ്യം ഉള്ള സതീഷിനെ വരുമാനം ഇല്ലാതെ ആക്കി തകർക്കാനും പാടാണ്.