അടച്ചുകെട്ടിവെച്ചാൽ കൊറോണ ഇല്ലാതെ ആകില്ല, മറിച്ചു കൊറോണ വരുന്നത് കുറച്ചു മുന്നോട്ട് കൊണ്ടുപോകാം എന്നേ ഉള്ളൂ

121

കേരളത്തിൽ കോവിഡ് സാമൂഹ്യവ്യാപനം അതിന്റെ ആരംഭഘട്ടത്തിലാണ്. എത്ര ശ്രദ്ധിച്ചാലും നമുക്കോരോരുത്തർക്കും എപ്പോൾ വേണമെങ്കിലും കോവിഡ് വരുമെന്ന അവസ്ഥയാണ്. കേരളത്തിലെ ജനസംഖ്യ പല വികസിത രാജ്യങ്ങൾക്കും തുല്യമാണ് എന്നിരിക്കെ ബാധിക്കാവുന്നിടത്തോളം ജനങ്ങളെ മുഴുവൻ ബാധിച്ചിട്ടേ ഈ മഹാമാരി കൂടൊഴിഞ്ഞു പോകത്തുള്ളൂ. അതിനു ചെറിയ കാലമൊന്നും പോരാതെ വരും. ഇന്ത്യ മുഴവൻ എടുത്താൽ ഇതിലും ഭയാനകമാണ് അവസ്ഥ. കോവിഡിനെ പിടിച്ചുകെട്ടിയ, കേവലം 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റുമായോന്നും നമ്മെ താരതമ്യപ്പെടുത്താൻ ആകില്ല. സർക്കാർ-മാധ്യമ ജീവനക്കാർക്കൊന്നും ഈ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ല എന്ന് മാത്രമല്ല അവരിൽ പലരും ജനങ്ങൾ മുഴുവൻ വീട്ടിലിരിക്കണം എന്ന് ആഹ്വാനം ചെയുകയും ചെയ്യുന്നു. അനിശ്ചിതമായി നീണ്ടുപോകുന്ന ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്ന് ആർക്കും അറിയില്ല. പലരും അന്നന്നത്തെ വയറു കഴിഞ്ഞുപോകാൻ കഷ്ടപ്പെടുകയുമാണ്. ലോക് ഡൗണിനെ ഞാൻ എതിർക്കുന്നില്ല, കാരണം ഇ മഹാമാരി ആരുടേയും കുറ്റം കൊണ്ട് സംഭവിച്ചതല്ല. എന്നാൽ ജനങ്ങളെ എത്രകാലം ഉപജീവന മാർഗ്ഗങ്ങൾ വിലക്കിയിട്ടു ഇങ്ങനെ പൂട്ടിയിടാൻ സാധിക്കും ? ഫലപ്രദമായ വാക്സിൻ വന്നില്ലെങ്കിൽ കോവിഡ് പോപ്പുലേഷൻ കൂടുതലുള്ള നമ്മുടെനാട്ടിൽ നിന്നും ഇല്ലാതാകാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും. അത്രയുംകാലം ഉപജീവനം ഇല്ലാതായവർ മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. കരുതൽധനം എന്നത് സ്വപ്നത്തിൽ മാത്രമുള്ള ബഹുഭൂരിപക്ഷം ജനതയാണ് ഇവിടെ. സ്വർണ്ണം വിറ്റും പണയപ്പെടുത്തിയും തട്ടിമുട്ടി പോകുകയാണ് പലരും. ആ പണംകൂടി തീർന്നാൽ കോവിഡിനെക്കാൾ ഭീകരമായ പട്ടിണി. എവിടെയും രോദനങ്ങൾ മാത്രമേ കേൾക്കാനുള്ളൂ. ഓട്ടോയിൽ കയറിയാൽ ഓട്ടോക്കാരന്റെ, കടകളിൽ കയറിയാൽ കച്ചവടക്കാരുടെ..

അമേരിക്കയിൽ നിന്നും അജിത് സുദേവൻ എഴുതുന്നത് വായിക്കൂ

“അടച്ചുകെട്ടി ഇരുന്നു കൊറോണയെ ഉന്മൂലനം ചെയ്യാം എന്ന് നിങ്ങൾ കരുതുന്നുവോ. എങ്കിൽ നിങ്ങൾക്ക് തെറ്റി. അടച്ചുകെട്ടിവെച്ചാൽ കൊറോണ ഇല്ലാതെ ആകില്ല. മറിച്ചു കൊറോണ വരുന്നത് കുറച്ചു മുന്നോട്ട് കൊണ്ടുപോകാം എന്നേ ഉള്ളൂ എന്നാണ് കാലിഫോർണിയയുടെ അനുഭവം കാണിക്കുന്നത്.ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് ഉള്ള ന്യൂയോർക്കിൽ കൊറോണ പടർന്ന് പിടിച്ചപ്പോൾ ആദ്യമേ അടച്ചുകെട്ടിവെച്ച ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന കാലിഫോർണിയ വലിയ പരിക്കില്ലാതെ നിന്നു. എന്നാൽ നിയന്ത്രണങ്ങൾ കുറച്ചപ്പോൾ കാലിഫോർണിയയിൽ കൊറോണ കുതിക്കുകയും, എന്നാൽ ന്യൂയോർക്കിൽ കൊറോണ കിതയ്ക്കുകയും ചെയ്‌തു. ഇതിൽ നിന്നും കൊറോണയെ തളയ്ക്കാൻ രണ്ട് മാർഗ്ഗം മാത്രമേ ഉള്ളൂ എന്ന് മനസിലാക്കാം. ഒന്നുകിൽ ന്യൂയോർക്കിലെ പോലെ കൊറോണയെ ഒര് റൗണ്ട് ഓടാൻ അനുവദിക്കുക്ക. അതല്ല എങ്കിൽ വാക്സിൻ ഒക്കെ വരുന്നത് വരെ അനന്തമായി അടച്ചുകെട്ടി വെയ്ക്കുക.നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും സാമ്പത്തിക സ്ഥിതി വാക്സിൻ ഒക്കെ വരുന്നത് വരെ അനന്തമായി അടച്ചുകെട്ടി വയ്ക്കാൻ പര്യാപ്തമാണ് എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ നിങ്ങൾ അനന്തമായ ലോക് ഡൌൺ അനുകൂലിക്കുക. അല്ലെങ്കിൽ യാഥാർഥ്യം ഉൾക്കൊണ്ടു അത്യാവശ്യം കരുതലോടെ സ്വതന്ത്രമായി ജോലി ചെയ്‌തു ജീവിക്കാൻ ജനത്തെ അനുവദിക്കാൻ അധികാരികളോട് ആവിശ്യപെടുക”

**