ഭാവിയിൽ സർക്കാരിന്റെ പെൻഷൻ ആഗ്രഹിക്കാതെ ജീവിക്കാൻ ഇന്നേ ചെയ്യേണ്ടത്

0
276

Ajith Sudevan

1998 ൽ പെട്രോളിയം വിലയിൽ ഉണ്ടായ വലിയ വില ഇടിവ് മൂലം ധാരാളം പ്രവാസികൾ മടങ്ങി എത്തുകയും അതോടൊപ്പം ഇനിയൊരു സുവർണ്ണകാലം ഗൾഫ് പ്രവാസികൾക്ക് ഉണ്ടാകില്ല എന്നൊരു തോന്നൽ സമൂഹത്തിൽ ബലപ്പെടുകയും ചെയ്‌തു. പ്രസ്തുത തോന്നൽ പ്രവാസികളോട് ഉള്ള നാട്ടുകാരുടെയും വീട്ടുകാരുടെയും പെരുമാറ്റത്തിലും പ്രതിഫലിച്ചു.എന്നാൽ 2000 കാലത്തോടെ വീണ്ടും പെട്രോളിയം വില ഉയരുകയും 1998 ൽ മടങ്ങിവന്ന ധാരാളം പേർ ഗൾഫിലേക്ക് തിരികെ പോകുകയും ചെയ്‌തു. അങ്ങനെ പോയവരുടെ കൂട്ടത്തിൽ ഉള്ള ഒരാൾ ഇനിയുള്ള വരുമാനത്തിന്റെ 10% തന്റെ നാളേക്ക് ആയി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ‘

മക്കളുടെ വിവാഹവും വിദ്യാഭ്യാസവും അടക്കം പല ആവിശ്യങ്ങളും ഇതിനിടയിൽ ഉണ്ടായേലും അതൊന്നും തനിക്കായി നീക്കിവെച്ച തുകയിൽ നിന്ന് ഒര് പങ്ക് എടുക്കുന്നതിനോ അല്ലെങ്കിൽ പ്രസ്തുത നിക്ഷേപത്തിൽ ഒര് മാസം വീഴച്ച വരുത്തുന്നതിനോ ഒന്നും അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല.ബാങ്ക് നിക്ഷേപവും, സർക്കാർ കടപ്പത്രങ്ങളും, ഗോൾഡ് ബോണ്ടും പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ മാത്രം തെരെഞ്ഞെടുത്തതിനാൽ അദ്ദേഹത്തിന് ശരാശരി 12% റിട്ടേൺ മാത്രമേ ലഭിച്ചുള്ളൂ. 2000 കാലത്ത് 2000 രൂപയിൽ തുടങ്ങിയ പ്രതിമാസ നിക്ഷേപം പിന്നീട് പലപ്പോഴായി ഉയർന്ന് ഒടുവിൽ പ്രതിമാസം 6000 നിലയിൽ എത്തി. അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 2020 യോടെ 36 ലക്ഷം രൂപയിൽ എത്തി.

നിലവിൽ 60 വയസുള്ള അദ്ദേഹം പ്രതിമാസം 10000 വെച്ച് മുതലിൽ നിന്ന് എടുത്താലും വരുന്ന 30 വർഷം എടുക്കാനുള്ള പണം അദ്ദേഹത്തിന്റ കൈവശം ഉണ്ട്. എന്ന് മാത്രമല്ല നിക്ഷേപങ്ങൾക്ക് കിട്ടുന്ന പലിശ കാലികമായ നാണയ പെരുപ്പത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉയർന്ന ജീവിത ചെലവിനെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.അതായത് ഈ വർഷം ആദ്യം തന്നെ അദ്ദേഹം ഈ വർഷത്തെ വിഹിതം ആയ 120000 എടുത്തു എന്ന് കരുതുക. അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ നിലവിൽ 8% വാർഷിക റിട്ടേൺ കിട്ടുന്ന അവസ്ഥയിലാണ് എന്നും കരുതുക. അദ്ദേഹത്തിന്റെ അവശേഷിക്കുന്ന 34.8 ലക്ഷം വരുന്ന വർഷം ആദ്യത്തോടെ 8% പലിശ സഹിതം 3693600 എന്ന നിലയിൽ എത്തും. അതിനെ 29 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന 127365 ആണ് അദ്ദേഹത്തിന്റെ അടുത്ത വർഷത്തെ പെൻഷൻ.

അതിനാൽ അദ്ദേഹത്തിന് സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷന്റെ പങ്കും വേണ്ടാ. എന്ന് മാത്രമല്ല കാലികമായ നാണ്യപ്പെരുപ്പത്തിന് അനുസരിച്ചു സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പരിഭവും ഇല്ല. എന്നാൽ അദ്ദേഹത്തോടൊപ്പം പ്രസ്തുത രീതിയിൽ സമ്പാദ്യം ആരംഭിച്ച പലരും ആദ്യത്തെ ആവേശം അവസാനിച്ചപ്പോൾ പ്രസ്തുത സമ്പാദ്യത്തിൽ നിക്ഷേപിക്കുന്നത് നിർത്തി. എന്ന് മാത്രമല്ല അത് വരെ ഉണ്ടായിരുന്ന തുക മക്കളുടെ വിവാഹം മാമാങ്കം പോലെ നടത്തുന്നതിനും അയൽവാസിയെ അമ്പരിപ്പിക്കുന്ന വീട് കെട്ടുന്നതിനും ഒക്കെയായി മാറ്റിയതിനാൽ അവരുടെയൊക്കെ പ്രസ്തുത അക്കൗണ്ട് കാലിയാണ്.

എന്നാൽ പ്രസ്തുത വീഴ്ച അംഗീകരിക്കാൻ അവർ തയ്യാറല്ല. പകരം സർക്കാരും, സർക്കാർ ജീവനക്കാരും തങ്ങളുടെ സാമ്പത്തിക അച്ചടക്കം ഇല്ലായിമയക്ക് നഷ്ട്ടപരിഹാരം ആയി പ്രതിമാസം 10000 വീതം നൽകണം എന്നാണ് അവരുടെ ആവിശ്യം. എന്നാൽ അത് തുറന്ന് പറഞ്ഞാൽ നാട്ടുകാർ തങ്ങളെ ആക്ഷേപിക്കും എന്ന് ഉത്തമ ബോധ്യം ഉള്ളതിനാൽ പാടത്തെ കർഷകനെ മറയാക്കിയാണ് അവരുടെ പ്രധിഷേധം. പാടം നികുതി കെട്ടിടം പണിത് ശേഷിക്കുന്ന ഭൂമി വെള്ളം കെട്ട് ആക്കിയും, സാമാന്യയുക്തിക്ക് നിരക്കാത്ത വിലയിൽ ഭൂമി വാങ്ങി കൃഷി ഭൂമി കർഷകന് അപ്രാപ്പ്യം ആക്കിയവരും ആണ് അവരിൽ ഏറിയ പങ്കും എന്നതാണ് അതിലും വലിയ കോമഡി.

അതിനാൽ അത്തരക്കാരുടെ വാക്ക് കേട്ട് സമരത്തിന് പോകുന്നതിന് പകരം ഇപ്പോൾ ജോലി ഉള്ളവർ വരുമാനത്തിന്റെ ഒര് പങ്ക് (കുറഞ്ഞത് 10%) അവനവന്റെ അവസ്ഥയ്ക്ക് അനുസരിച്ചു നാളേയ്ക്ക് വേണ്ടി മാറ്റിവയ്ക്കുക. അങ്ങനെ ചെയ്താൽ അത് വാർധക്യത്തിലും നിങ്ങൾക്ക് നിങ്ങളുടെ ജീവിത നിലവാരം നിലവിലെ അവസ്ഥയിൽ സംരക്ഷിക്കാൻ ഒര് പരിധിവരെ സഹായിക്കും. അല്ലാതെ 60 കഴിഞ്ഞ എല്ലാവർക്കും 10000 വെച്ച് സർക്കാർ നൽകണം എന്ന് പറഞ്ഞാൽ അതൊന്നും പ്രായോഗികമായി നടപ്പില്ല. പിന്നെ നിങ്ങൾ വലിയ വീട് കെട്ടിയപ്പോളും മക്കളുടെ വിവാഹം മാമാങ്കം പോലെ നടത്തിയപ്പോളും ഒക്കെ സർക്കാരിന് ഒര് പാട് നികുതി കിട്ടിയില്ലേ, അതിലൊരു പങ്ക് ഉപയോഗിച്ച് സർക്കാരിന് നിങ്ങൾക്ക് 10000 വെച്ച് പെൻഷൻ നൽകിയാൽ എന്താണ് എന്ന വാദവും അപ്രസ്കതമാണ്.

കാരണം മണ്ണും കല്ലും അടക്കം വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വലിയൊരു വിഭാഗം വസ്തുക്കൾക്കും വില്പന നികുതിയില്ല. എന്ന് മാത്രമല്ല നിങ്ങളോ, നിങ്ങളുടെ നിർമ്മാണ തൊഴിലാളികളോ ആദായ നികുതി അടയ്ക്കാറും ഇല്ല. വീടിന്റെ നിർമ്മാണത്തിന് വാങ്ങുന്ന സിമന്റും കമ്പിയും അടക്കം കുറച്ചു വസ്തുക്കൾക്ക് എങ്കിലും നികുതി നൽകുന്നു എന്ന് കരുതാം. എന്നാൽ വിവാഹത്തിന്റെ കാര്യം അതിലും കഷ്ടമാണ് ആഭരണത്തിന് പോലും മിക്കവരും നികുതി നൽകാറില്ല.അതായത് വെട്ടിക്കാൻ പറ്റുന്ന നികുതികൾ എല്ലാം തന്നാൽ ആവും വിധം വെട്ടിച്ചിട്ടാണ് പലരും സർക്കാർ സംവിധാനങ്ങൾക്ക് എതിരെ ഇത്രയേറെ ധർമ്മരോഷം കൊള്ളുന്നത്.

ഓർക്കുക സർക്കാർ സംവിധാനങ്ങൾ ഒന്ന് ഉണർന്ന് പ്രവർത്തിക്കുകയും, അതോടൊപ്പം രേഖയില്ലാത്ത സ്വർണ്ണവും കെട്ടിട നിർമ്മാണ ചട്ടങ്ങൾ തെറ്റിച്ചു കെട്ടിയ കെട്ടിടങ്ങളും പരിസ്ഥിതി നിയമങ്ങൾ തെറ്റിച്ചു നികത്തിയ പാടങ്ങളും ഒക്കെ സർക്കാരിലേക്ക് കണ്ടുകെട്ടിയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. അതിനാൽ സർക്കാരിനെയും സർക്കാർ സംവിധാനങ്ങളെയും ഒരു പരിധിക്കപ്പുറം നന്നാക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അതിന് പകരം നാളേയ്ക്ക് വേണ്ടുന്ന സമ്പാദ്യം ഇപ്പോൾ തന്നെ തുടങ്ങുക.