സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം എന്ന പ്രഹസനം നടത്തുന്നതിന് പകരം ഈ ചോദ്യങ്ങൾ എങ്കിലും പ്രതിപക്ഷത്തിന് ചോദിക്കാമായിരുന്നു

  89

  Ajith Sudevan

  സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം എന്ന പ്രഹസനം നടത്തുന്നതിന് പകരം, ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഏതേലും കോൺഗ്രസ് അംഗമോ അല്ലെങ്കിൽ ബിജെപിയുടെ ഏക പ്രതിനിധിയായ രാജഗോപാലോ മുൻകൂട്ടി നൽകിയിരുന്നു എങ്കിൽ സർക്കാർ ഇതിൽ കൂടുതൽ പ്രതിരോധത്തിൽ ആകുമായിരുന്നു. എന്ന് മാത്രമല്ല മുൻകൂട്ടി നൽകുന്ന ചോദ്യങ്ങൾക്ക് സഭയിൽ വ്യക്തമായ ഉത്തരം നല്കാൻ ബന്ധപ്പെട്ട വകുപ്പ് ബാധ്യസ്ഥരും ആണ്. അല്ലാതെ കൊറോണയെ കുറിച്ച് ചോദിച്ചാൽ അയോധ്യയെ കുറിച്ച് പറഞ്ഞു തല ഊരാൻ ഒന്നും അപ്പോൾ പറ്റില്ല.

  1) PSC റാങ്ക് ലിസ്റ്റ് നിലവിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രസ്തുത ലിസ്റ്റിൽ ഉള്ളവരെ ഒഴിവാക്കി ആയിരകണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിച്ചത്?

  2) താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ സംവരണ തത്വങ്ങൾ കൃത്യമായി പാലിച്ചിരിന്നുവോ?

  3) പൊതുവിജ്ഞാനത്തിൽ അധിഷ്ഠിതമായ PSC പരീക്ഷ എഴുതി വരുന്ന ഉദ്യോഗാര്ഥികളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താൽക്കാലിക ജീവനക്കാർക്ക് കഴിയുന്നു എന്നത് കൊണ്ടാണോ PSC റാങ്ക് ലിസ്റ്റ് അവഗണിച്ചു കൂടുതൽ താൽക്കാലിക നിയമനങ്ങൾ നടത്താനും പിന്നീട് അവരെ സ്ഥിരപ്പെടുത്താനും സർക്കാരിനെ പ്രേരിപ്പിക്കുന്നത്? അങ്ങനെ എങ്കിൽ PSC പരീക്ഷ എന്ന സംവിധാനം ക്രമേണ വേണ്ടെന്ന് വയ്ക്കുമോ?

  4) കൊറോണയുമായി ബന്ധപ്പെട്ട് താൽക്കാലിക നിയമനം നടത്തിയ ജീവനക്കാർക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നുണ്ടോ? പ്രസ്തുത താൽക്കാലിക ജീവനക്കാർക്ക് സ്ഥിരജീവനക്കാർക്ക് തുല്യമായ വേതനം നൽകാത്തത് അവർക്ക് ജോലി ഭാരം കുറവായത് കൊണ്ടാണോ? പ്രസ്തുത ജീവനക്കാരെയും ക്രമേണ സ്ഥിരപ്പെടുത്തുമോ?

  5) നിലവിൽ ഉള്ള കൊറോണ നിയന്ത്രണങ്ങൾ മൂലം ക്യാൻസർ രോഗികളും, ഹൃദ്രോഗികളും അടക്കം ഉള്ളവരുടെ വിദഗ്ദ്ധ ചികിത്സ മുടങ്ങുന്നുണ്ടോ? അത് മൂലം പ്രസ്തുത രോഗികളുടെ മരണനിരക്ക് ഉയർന്നിട്ടുണ്ടോ?

  6) ഫലപ്രദമായി ഒര് വാക്‌സിൻ വരുന്നത് വരെ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ ഉള്ള അതേ രീതിയിൽ തുടരാനുള്ള സാമ്പത്തിക സാഹചര്യം സർക്കാരിനും ജനത്തിനും ഉണ്ട് എന്ന് സർക്കാർ കരുതുന്നുണ്ടോ? ഫലപ്രദമായ ഒര് വാക്സിൻ എത്താൻ എത്രകാലം എടുക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്?

  7) കൊറോണയുമായി ബന്ധപ്പെട്ട് പ്രതിമാസം 7500 രൂപാ സാധാരണക്കാർക്ക് സാമ്പത്തിക സഹായം നൽകണം എന്ന് ആവശ്യപെടുന്ന ഇടതുപക്ഷം നയിക്കുന്ന നിലവിലെ സംസ്ഥാന സർക്കാർ പ്രസ്തുത പദ്ധതിയിലേക്ക് എത്ര രൂപാ സംസ്ഥാന വിഹിതമായി നൽകും? അതിനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ സംസ്ഥാന സർക്കാരിന് ഉണ്ടോ?

  8) കൊറോണയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പദ്ധതിയിൽ എത്ര രൂപാ ഇതുവരെ ചെലവായി? ചെലവായി എന്ന് സർക്കാർ അവകാശ പെടുന്ന തുക കൊറോണയ്ക്ക് മുമ്പ് തന്നെ ഉണ്ടായിരുന്ന ക്ഷേമപെൻഷൻ അടക്കം ഉള്ള പദ്ധതികളുടെ ചെലവ് കൂടി ഈ പദ്ധതിയുടെ ഭാഗമാക്കി കണക്ക് കൂട്ടിയ തുകയാണോ? അതോ അല്ലാത്ത തുകയാണോ?

  9) കൊറോണയുമായി ബന്ധപ്പെട്ട് തുടക്കം കുറിച്ച കമ്യൂണിറ്റി കിച്ചൺ എന്ന സംവിധാനം ഇപ്പോളും ഉണ്ടോ? പ്രസ്തുത പദ്ധതി നിർത്തലാക്കി എങ്കിൽ അതിന് സർക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?

  10) ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്ത്രീകളും, കുട്ടികളും അടക്കം ധാരാളം പേർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതമായ നിലവിലെ സാചര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ കേന്ദ്രികരിച്ചു നടക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ വേണ്ട അധിക വിഭവ ശേഷി സംസ്ഥാന സൈബർ സേനയ്ക്ക് നൽകിയിട്ടുണ്ടോ?