ഓട്ടോമാറ്റിക് വണ്ടിയിൽ ക്ലച്ച് പെഡൽ ഇല്ല എന്ന് പറയുന്നത് പോലെയാണ് പുതിയ കാർഷിക നയത്തിൽ താങ്ങ് വിലയില്ല എന്ന് പറയുന്നത്

78

Ajith Sudevan

ഓട്ടോമാറ്റിക് വണ്ടി കൊള്ളത്തില്ല. കാരണം അതിന് ക്ലച്ച് പെഡൽ ഇല്ല. എന്ന് പറയുന്നത് പോലെയാണ് പുതിയ കാർഷിക നയം കൊള്ളില്ല. കാരണം അതിൽ താങ്ങ് വില ഇല്ല എന്ന് പറയുന്നത്. ഓട്ടോമാറ്റിക് വണ്ടിക്ക് ക്ലച്ച് പെഡൽ ഇല്ലാതെ സുഗമമായി ഓടാൻ കഴിയും എങ്കിൽ, പുതിയ കാർഷിക നയത്തിന് താങ്ങ് വില ഇല്ലാതെ സുഗമമായി പ്രവർത്തിക്കാൻ കഴിയും. വില നിയന്ത്രണം, താങ്ങ് വില എന്നിവ എന്നിവ കമ്യൂണിസ്റ്റ് ആശയമായ കമാൻഡ് പ്രൈസിങ് സംവിധാനത്തിന്റെ ഭാഗമാണ്. ഈ സംവിധാനത്തിന് നമ്മൾ വിചാരിക്കുന്ന മേന്മ ഒന്നും ഇല്ല, എന്നതിന്റെ ഉത്തമ തെളിവാണ് കമ്യൂണിസ്റ്റ് ജർമ്മനി ബെർലിൻ മതിൽ തകർത്ത്, ഫ്രീ മാർക്കറ്റ് പ്രൈസിങ് സംവിധാനം ഉള്ള ക്യാപിറ്റലിസ്റ്റ് ജർമ്മനിയുടെ ഭാഗം ആയത്.

കമാൻഡ് പ്രൈസിങ് ഉള്ള ഉത്തര കൊറിയയിലെ ജനമാണോ, അതോ ഫ്രീ മാർക്കറ്റ് പ്രൈസിങ് സംവിധാനം ഉള്ള ദക്ഷിണ കൊറിയയിലെ ജനമാണോ കൂടുതൽ സമൃദ്ധിയിൽ കഴിയുന്നത്, എന്ന് നിരീക്ഷിച്ചാൽ കമാൻഡ് പ്രൈസിങ് ആണോ, ഫ്രീ മാർക്കറ്റ് പ്രൈസിങ് സംവിധാനം ആണോ മികച്ചത് എന്ന് അറിയാൻ കഴിയും.കമാൻഡ് പ്രൈസിങ് നല്ല രീതിയിൽ നടപ്പാക്കണം എങ്കിൽ ഓരോ വസ്തുവിന്റെയും പെർഫെക്റ്റ് ഇക്വിലിബ്രിയം പ്രൈസ് കൃത്യമായി കണ്ടെത്തേണ്ടി വരും. എന്നാൽ മാത്രമേ ഉത്പാദകനും ഉപഭോക്താവിനും ഒന്നുപോലെ ഗുണം ചെയ്യുന്ന വിലയിൽ വിപണിയിൽ ആവിശ്യത്തിന് ഉൽപ്പന്നങ്ങൾ ഉറപ്പാക്കാൻ പറ്റുക ഉള്ളൂ.
ഇത് വളരെ ശ്രമകരമായ ജോലി ആയത് കൊണ്ടാണ് മിക്ക കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ വിപണികളിലും ഉപഭോക്താവിന് വേണ്ടത്ര തെരെഞ്ഞെടുപ്പ് നടത്താൻ, മുതലാളിത്ത രാജ്യങ്ങളിലെ പോലെ അവസരം ഇല്ലാത്തത്. കമ്യൂണിസ്റ്റ് രാജ്യങ്ങൾ ക്രമേണ ക്ഷാമത്തിലേക്കും, ക്ഷാമം തടയാനായി ക്രമേണ റേഷനിംഗ് സംവിധത്തിലേക്കും പോകുന്നതും ഇത് കൊണ്ടാണ്.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ , വരുന്ന 5 വർഷത്തേക്ക് വിലക്കയറ്റം ഉണ്ടാക്കില്ല എന്ന് ദേശാഭിമാനിയിൽ വലിയ തലക്കെട്ടോടെ വാർത്ത കൊടുത്തിട്ട്, കൺസ്യൂമർ ഫെഡ് മാർക്കറ്റ് വഴി വിൽക്കുന്ന തെരെഞ്ഞെടുത്ത ഏതാനം ഉൽപ്പന്നങ്ങൾക്ക് മാത്രം. എന്ന് വാർത്തയിൽ വരികൾക്ക് ഇടയിൽ എഴുതേണ്ടിവന്നതും അതുകൊണ്ടാണ്.
തന്നെയും അല്ല പലപ്പോഴും താങ്ങ് വില എന്ന പേരിൽ ജനം ആവിശ്യപെടുന്നത് തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള മോഹവില ആയിരിക്കും. അതായത് ധാരാളം റബ്ബർ അധിഷ്ഠിത വ്യവസായങ്ങളും, ഉള്ളികർഷകരും ഉള്ള മഹാരാഷ്ട്ര നിവാസി ഉള്ളിക്ക് ഉയർന്ന വിലയും റബ്ബറിന് കുറഞ്ഞ വിലയും ആഗ്രഹിക്കുമ്പോൾ, മലയാളി റബ്ബറിന് ഉയർന്ന വിലയും, ഉള്ളിക്ക് കുറഞ്ഞ വിലയും ആഗ്രഹിക്കും.

എവിടെയാണോ തങ്ങൾക്ക് അനുകൂലമായ വോട്ട് കൂടുതൽ ഉള്ളത് എന്നതിനെ ആശ്രയിച്ചു അധികാരി വില നിശ്ചയിക്കും. ചുരുക്കി പറഞ്ഞാൽ ഒര് ജനാധിപത്യ രാജ്യത്ത് കമാൻഡ് പ്രൈസിങ്ങ് നല്ല രീതിയിൽ നടപ്പാക്കാൻ പാടാണ്. അതുകൊണ്ടാണ് താങ്ങ് വിലയും, വില നിയന്ത്രണവും ഒക്കെ ഉണ്ടായിട്ടും നമ്മളുടെ നാട്ടിലെ ഉത്പാദകരും ഉപഭോകതാക്കളും ഒന്നുപോലെ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്നത്.എന്നാൽ ഫ്രീ മാർക്കറ്റ് പ്രൈസിങ് സംവിധാനത്തിൽ വിപണി അനാരോഗ്യകരമായ മത്സരത്തിലേക്ക് പോകുന്നത് തടയുക എന്നതിന് അപ്പുറം റോൾ ഒന്നും സർക്കാരിന് ഇല്ല. വിപണി അനാരോഗ്യകരമായ മത്സരത്തിലേക്ക് പോകുന്നോ എന്ന് നിരീക്ഷിക്കാൻ ധാരാളം ഏജൻസികളും അമേരിക്ക അടക്കം ഉള്ള മുതലാളിത്ത രാജ്യങ്ങളിൽ ഉണ്ട്. റേഷൻ കാർഡും, റേഷൻ കടയും ഇല്ലാത്ത അമേരിക്കയിൽ ആവശ്യസാധനങ്ങൾക്ക് പറയത്തക്ക വലിയ വില കയറ്റമോ ക്ഷാമമോ ഉണ്ടാകാത്തത് അതുകൊണ്ടാണ്.

നിലവിലെ കാർഷിക നയം പുതിയതിനേക്കാൾ മികച്ചതാണ് എങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ മകനെ ഒര് കർഷകൻ ആക്കാൻ നിങ്ങൾ ശ്രമിക്കുന്നില്ല . അല്ലെങ്കിൽ ഒര് കർഷകനെ മരുമകൻ ആക്കാൻ നിങ്ങളോ, കർഷകനെ ജീവിത പങ്കാളി ആക്കാൻ നിങ്ങളുടെ മകളോ ആഗ്രഹിക്കുന്നില്ല . പാടത്തെ കർഷകർക്ക് മുൻഗണന എന്നും പറഞ്ഞു ഒര് പെൺകുട്ടിയുടെയും കല്യാണ പരസ്യം ഞാൻ കണ്ടിട്ടില്ല.

ഒരുകാലത്ത് വിവാഹ പരസ്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ആയിരിന്നു താരങ്ങൾ. എന്നാൽ ആഗോളവത്കരണത്തിന്റ വരവോടെ സർക്കാർ ഉദ്യോഗസ്ഥനെ കടത്തിവെട്ടുന്ന ഇമേജുമായി MNC എന്ന ചുരുക്കപ്പേരിൽ ആഗോളവത്കരണത്തിന്റ ഫലമായി വന്ന പുറം കരാർ ജോലികൾ ചെയ്യുന്ന മൾട്ടി നാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥർ വിവാഹ വിപണിയിൽ താരം ആയി.
അതുപോലെ പുതിയ കാർഷിക നയം വരുന്നതോടെ കർഷകരുടെ എണ്ണം കുറയും എങ്കിലും ഉള്ളവർക്ക് മാന്യമായി ജീവിക്കാനും താനൊരു കർഷകനാണ് എന്ന് വിവാഹ പരസ്യത്തിൽ അടക്കം അഭിമാനത്തോടെ പറയാവുന്നതും ആയ ഒര് സാഹചര്യം ഉണ്ടാകും. വരൻ പാടത്തെ കർഷകൻ എന്ന് കേട്ടാൽ മുഖം വീർപ്പിച്ചു പോകുന്ന പെൺകുട്ടികൾ അപ്പോൾ കർഷകനെ തന്റെ പങ്കാളി ആയി സ്വീകരിക്കാനും തയാറാക്കും. അതിനാൽ പുതിയ കാർഷിക നയത്തെ അന്തമായി എതിർക്കാൻ പോകാതെ അത് മൂലം ഉണ്ടാകുന്ന അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നതാണ് ബുദ്ധി.

വാൽക്ഷണം: ഏതേലും ഒര് കാര്യം തീവ്ര ഇടതുപക്ഷക്കാർ അന്തമായി എതിർക്കുന്നു എങ്കിൽ അത് അന്തിമമായി നാടിന് ഗുണം ചെയ്യും. അതിന്റെ ഉത്തമ ഉദാഹരണമാണ് ആഗോളവത്കരണം വിജയിച്ചതും, മിക്ക തീവ്ര സഹാക്കളും അതിന്റെ ഫലമായി വന്ന പുറം കരാർ ജോലികൾ ചെയ്‌തു മാന്യമായി ജീവിക്കുന്നതും. എന്നാൽ ഏതേലും ഒര് കാര്യം തീവ്ര ഇടതുപക്ഷക്കാർ ചാടികയറി അനുക്കൂലിക്കുന്നു എങ്കിൽ അത് അന്തിമമായി പരാജയപെടും. അതിന്റെ ഉത്തമ ഉദാഹരണമാണ് കൊറോണയുടെ പേരിൽ ജനത്തിന്റെ പൗരാവകാശങ്ങൾ കവർന്നെടുത്ത് നടത്തുന്ന വഴി അടച്ചു വയ്ക്കൽ അടക്കം ഉള്ള തീവ്ര ലോക് ഡൗൺ പരാജയപ്പെട്ടതും, കൊറോണ കുതികുന്നതും.