ഒരിക്കലും തിരിച്ചുവരാൻ പറ്റാത്ത പ്രമുഖൻ ആകണോ, എപ്പോൾ വേണമെങ്കിലും ശൈലി മാറ്റാൻ തക്ക സാമ്പത്തിക ഭദ്രത ഉള്ള പാവം ആകണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം

0
137
Ajith Sudevan
വീട്, വാഹനം മുതലായ വിസിബിൾ ആസ്തികളുടെ അളവ് കൂട്ടി നമ്മളുടെ സാമ്പത്തിക ശക്തി സമൂഹത്തെ ധരിപ്പിച്ചാൽ നമ്മൾക്ക് പ്രമുഖൻ ഇമേജ് ഉണ്ടാക്കാം. എന്നാൽ ഇതിന് നേരെ വിപരീതമായി വീട്, വാഹനം മുതലായ വിസിബിൾ ആസ്തികളുടെ അളവ് കുറച്ചിട്ട് ഇൻവിസിബിൾ ആസ്തികൾ ആയ ബാങ്ക് നിക്ഷേപം അടക്കം ഉള്ള ആസ്തികളുടെ അളവ് കൂട്ടി സൃഷ്ടിക്കുന്ന ഇമേജ് ആണ് പാവം ഇമേജ്.
പാവം ഇമേജ് ഉള്ള വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും വീട്, വാഹനം മുതലായ വിസിബിൾ ആസ്തികളുടെ അളവ് കൂട്ടി പ്രമുഖൻ ഇമേജ് സൃഷ്ടിക്കാൻ കഴിയും. എന്നാൽ പറയത്തക്ക വലിയ നീക്കിയിരിപ്പ് ഇല്ലാത്ത പ്രമുഖന് ഒരിക്കലും പാവം ഇമേജ് കാരനെ പോലെ സ്വസ്ഥമായി കഴിയാൻ കഴിയില്ല.
ഗൾഫിൽ ഒരേ ജോലിയും വരുമാനവും ഉള്ള രണ്ടുപേർ ഒന്നാമൻ 2009 കാലത്ത് 30 ലക്ഷം രൂപാ 10.75% പലിശയിൽ 20 വർഷ കാലപരിധിയിൽ വായ്പ എടുത്തു രണ്ട് നില വീടൊക്കെ വെച്ച് പ്രമുഖൻ ഇമേജ് സൃഷ്ടിച്ചു കഴിയുന്നു. പ്രതിമാസം 30000 രൂപയ്ക്ക് മുകളിൽ വായ്പ അടച്ചാണ് പുള്ളിക്കാരൻ അടച്ചിടാൻ ഒര് വീട് വെച്ച് പ്രമുഖൻ ഇമേജ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ ഇദ്ദേഹത്തിന്റ സുഹൃത്തായ രണ്ടാമൻ ഒന്നാമന്റെ ലോൺ തുകയ്ക്ക് തുല്യമായ 30000 KSFE ചിട്ടിയിൽ നിക്ഷേപിക്കുന്നു. ചിട്ടിയുടെ വീത പലിശയും അതോടൊപ്പം ചിട്ടി പിടിച്ച തുക KSFE യിൽ തന്നെ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന പലിശയും ഒക്കെ ചേർത്ത് ശരാശരി 8.5% റിട്ടേൺ നേടുന്നു.
ചിട്ടി തീരുന്ന മുറയ്ക്ക് പുള്ളിക്കാരൻ നിക്ഷേപം കൂടുതൽ പലിശ കിട്ടുന്ന Kerala Transport Development Finance Corporation ലേക്ക് മാറ്റുന്നു അവിടെ അദ്ദേഹത്തിന് 9.43% റിട്ടേൺ കിട്ടുന്നു. അദ്ദേഹത്തിന്റെ ശരാശരി 9% ത്തിന് അടുത്ത് റിട്ടേൺ കിട്ടുന്നു. അതിന്മേൽ വരുന്ന ആദായ നികുതി ബാധ്യതകൾ കൂട്ടിയാൽ പോലും റിട്ടേൺ 8% എങ്കിലും വരും. തന്നെയും അല്ല ആദായ നികുതി ഇളവ് ഉള്ള റയിൽവേ കടപ്പത്രങ്ങൾക്ക് 8% റിട്ടേൺ ഉണ്ട്.
10 വർഷങ്ങൾക്ക് ശേഷം 2019 ൽ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. വിവാഹ വിപണിയിൽ വലിയ പുരോഗമനവാദവും സ്ത്രീധന വിരുദ്ധതയും പറയുന്ന പെൺകുട്ടികൾക്ക് പോലും ഒന്നുകിൽ ഉയർന്ന തൊഴിൽ സുരക്ഷിതത്വം ഉള്ള സർക്കാർ ഉദ്യോഗസ്ഥനെയോ അല്ലെങ്കിൽ 2000 ചതുരശ്രയടിയെങ്കിലും വലിപ്പം ഉള്ള രണ്ട് നില വീട് ഉള്ള പ്രവാസിയെയോ മാത്രം മതിയെന്ന് മനസിലാക്കുന്ന രണ്ടാമൻ ഒന്നാമന്റെ വീടിന് സമാനമായ വീട് വയ്ക്കാൻ തീരുമാനിക്കുന്നു.
ഒന്നാമന്റെ വീടിന് സമാനമായ വീട് വയ്ക്കാൻ 2019 ൽ ചെലവ് 40 ലക്ഷം ചെലവ് വരും. എന്നാൽ രണ്ടാമൻ വിഷമിക്കേണ്ടതില്ല ശരാശി 8% റിട്ടേൺ നിരക്കിൽ കണക്ക് കൂട്ടിയാൽ പോലും അദ്ദേഹത്തിന്റെ കൈവശം അപ്പോൾ ഏകദേശം 54.68 ലക്ഷത്തോളം ഉണ്ട്. എന്നാൽ പ്രസ്തുത തുകയുടെ വിവിധ നിക്ഷേപങ്ങളിൽ നിന്ന് കിട്ടുന്ന റിട്ടേണിന് തുല്യമായ നിരക്കിൽ ഭവന വായ്‌പ ലഭ്യമാണ് എന്ന് മനസിലാക്കിയ രണ്ടാമൻ 8.5% പലിശ നിരക്കിൽ 40 ലക്ഷം 20 വർഷത്തേക്ക് വായ്പ എടുത്തു വീട് വയ്ക്കുന്നു.
ഏകദേശം 35000 രൂപയോളമാണ് പ്രതിമാസ തിരിച്ചടവ്. അദ്ദേഹം ചിട്ടി പരിപാടി പൂർണമായി നിർത്തുന്നു. എങ്കിലും അദ്ദേഹത്തിന്റെ 55 ലക്ഷം ഇപ്പോൾ പലിശ സഹിതം 59.05 ലക്ഷത്തോളം ആയി ഉയർന്നിട്ടുണ്ട്. പ്രസ്തുത തുകയ്ക്ക് 8% നിരക്കിൽ കൂട്ടിയാൽ പോലും വർഷം ഏകദേശം 4.72 ലക്ഷം വാർഷിക പലിശ വരുമാനം ഉണ്ട്. പ്രതിമാസം 35000 വെച്ച് കൂട്ടിയാൽ 4.2 ലക്ഷം മാത്രമേ അദ്ദേഹത്തിന് ഭവന വായ്പാ തിരിച്ചടവിന് ആവിശ്യം ഉള്ളൂ. അതായത് അദ്ദേഹത്തിന്റെ നിലവിലെ പലിശ വരുമാനം തന്നെ ഭവന വായ്പാ തിരിച്ചടവിന് പര്യാപ്‌തമാണ്.
അതുകൊണ്ട് തന്നെ കൊറോണ എന്ന് കേട്ടതോടെ രണ്ടാമൻ ഫെബ്രുവരിയിൽ തന്നെ നാട് പിടിച്ചു. പുതിയ വീട്ടിൽ കുട്ടിയും, ഭാര്യയും ഒക്കെയായി സമാധാനത്തോടെ കഴിയുന്നു. എന്നാൽ ഒന്നാമന് പറയത്തക്ക നീക്കിയിരിപ്പ് ഒന്നും ഇല്ലാത്തതിനാൽ അങ്ങേര് ഏത് വിധേനയും ഗൾഫിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.
രണ്ടാമനെ പോലെ നാട്ടിൽ പോയി കുട്ടിയെ കളിപ്പിച്ചു കഴിയണം എന്ന ആഗ്രഹം ഒക്കെ ഒന്നാമനും ഉണ്ട്. പക്ഷേ നിലവിൽ അതിന് യാതൊരു നിർവ്വാഹവും ഇല്ല. ഒരിക്കലും ഒര് തിരിച്ചു വരവ് നടത്താൻ പറ്റാത്ത പ്രമുഖൻ ആകണോ, അതോ എപ്പോൾ വേണമെങ്കിലും ശൈലി മാറ്റാൻ തക്ക സാമ്പത്തിക ഭദ്രത ഉള്ള പാവം ആകണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.