ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികളെ എതിർക്കുമ്പോൾ ഇത്തിരിമയത്തിൽ എതിർക്കുക, കാരണം നാളെ വീണ്ടും കെട്ടിപിടിക്കാനുള്ളതാണ്

143

Ajith Sudevan

2001 ൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രൻ ആയി നിന്ന് രണ്ട് മുന്നണിയുടെയും പിന്തുണ ഇല്ലാതെ പോലും ജയിച്ചു പരിചയമുള്ള കോൺഗ്രസ്‌കാരനായ വാഹിദിനെയും , ജയിച്ചാൽ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പായിരുന്ന കമ്യൂണിസ്റ്റ്കാരനായ ശിവൻകുട്ടിയേയും നിയമസഭ കലാപ ഭൂമി ആക്കിയതിന്റെ പേരിൽ 2016 ലെ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ജനത തോൽപ്പിച്ചു.

മാണിയുടെ മകന്റെ ഇടതുപക്ഷ പ്രവേശനത്തെ കുറിച്ച് കേട്ടപ്പോൾ വാഹിദും, ശിവൻകുട്ടിയും തുറന്ന് സമ്മതിച്ചില്ലെങ്കിലും ഉള്ളിൽ ഏറെ ദുഖിക്കുന്നുണ്ടാകും. കാരണം അവർ എന്തിന് വേണ്ടി സ്വന്തം രാഷ്ട്രീയ ഭാവി നശിപ്പിച്ചോ അതിന് നേരെ വിപരീതം സംഭവിച്ചിരിക്കുന്നു.

അതിനാൽ കുറഞ്ഞപക്ഷം തെക്കൻ കേരളത്തിൽ ഉള്ള നേതാക്കൾ എങ്കിലും ഭാവിയിൽ സ്വന്തം രാഷ്ട്രീയ ഭാവി നശിപ്പിക്കുന്ന രീതിയിൽ അഴിമതിക്കാരനെ, അനുകൂലിക്കാനോ പ്രതികൂലിക്കാനോ പോകരുത്. കാരണം അത് ഒടുവിൽ നിങ്ങൾക്ക് തന്നെ വിനയായി മാറും. എന്ന് മാത്രമല്ല ഒടുവിൽ നിങ്ങൾ ഇരിക്കേണ്ട സ്ഥാനത്ത് നിങ്ങൾ ആരെ എതിർത്ത് സ്വന്തം ഭാവി തകർത്തോ, അവർ പിൻവാതിലിൽ കൂടി വന്നിരിക്കുകയും ചെയ്യും.

പണ്ട് കരുണാകരന്റെ പാർട്ടിയെ പറ്റിച്ച പോലെ, എങ്ങും ഇല്ലാത്ത അവസ്ഥയിൽ മാണിമോനെ ആക്കാൻ ഉള്ള രാഷ്ട്രീയ നീക്കമാണ് എങ്കിൽ പോലും, നിയമസഭ കലാപഭൂമി ആക്കി ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ അത് പര്യാപ്തമല്ല. അതിനാൽ ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികളെ എതിർക്കുമ്പോൾ ഇത്തിരിമയത്തിൽ എതിർക്കുക. കാരണം നാളെ വീണ്ടും കെട്ടിപിടിക്കാനുള്ളതാണ്.