പെങ്ങളെ കെട്ടാൻ കർഷകൻ വന്നാൽ പുച്ഛിക്കുന്നവർ പോലും ഇപ്പോൾ കർഷകനെ ഓർത്തു കരയുകയാണ്

40

Ajith Sudevan

പെങ്ങളെ കെട്ടാൻ പാടത്തെ കർഷകൻ വന്നപ്പോൾ മണ്ണിന്റെ മണമുള്ള കർഷകന് നല്കാൻ ഇവിടെ പെണ്ണില്ല എന്നും പറഞ്ഞു പട്ടിയെ അഴിച്ചുവിട്ടു വരനായി വന്ന പാടത്തെ കർഷകൻ കുട്ടുമോനെ ഓടിച്ചുവിട്ട ടുട്ടുമോൻ, ഇപ്പോൾ പാടത്തെ കർഷകനെ ഓർത്തു കരയുകയാണ്. ടുട്ടുമോൻ മാത്രമല്ല ടുട്ടുമോന്റെ കുടുബം ഒന്നാകെ പാടത്തെ കർഷകനെ ഓർത്തു കരുകയാണ്.

പുതിയ കാർഷിക നയം വരുന്നതോടെ ഫ്ലാറ്റ് വാങ്ങാനായി എടുത്ത കർഷകർക്ക് ഉള്ള കുറഞ്ഞ പലിശയുള്ള സ്വർണ്ണ പലിശ വായ്പ ഇല്ലാതെ ആകുമോ എന്ന ഭയമാണ് ടുട്ടുമോന് ഇപ്പോൾ പെടുന്നനെ ഉണ്ടായ കർഷക പ്രേമത്തിന് കാരണം. ഒന്നും രണ്ടുമല്ല സ്ത്രീധനമായി കിട്ടിയ 120 പവൻ സ്വന്തം പേരിലും, ഭാര്യയുടെ പേരിലും. അച്ഛന്റെയും, അമ്മയുടെയും പേരിലും ആയി 4 പേരുടെ പേരിൽ 120 പവൻ പണയപ്പെടുത്തി മൊത്തം 12 ലക്ഷമാണ് ടുട്ടുമോൻ വായ്പ എടുത്തിരിക്കുന്നത്.

ട്ടുട്ടുമോന് എങ്ങനെയാണ് ഇത്രയേറെ സ്ത്രീധനം കിട്ടിയത് എന്ന് അറിയേണ്ടേ. ടുട്ടുമോൻ ടെക്കിയാണ് വെറും ടെക്കിയല്ല, ആഗോളവത്കരണത്തിന്റെ ഭാഗമായി വന്ന പുറം കരാർ ജോലികളുടെ സഹായത്താൽ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയ ടെക്കി. ഒരു വശത്ത് ആഗോളവത്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസത്തിനും എതിരെ സാധാരണക്കാരെ സമരമുഖത്തേക്കും നയിക്കുമ്പോളും, മറുവശത്തു സ്വന്തം മക്കളുടെ ഭാവി സ്വാശ്രയ കോളേജുകളിൽ വിട്ട് ആഗോളവത്കരണത്തിന്റെ ഭാഗമായി വന്ന മികച്ച അവസരങ്ങൾ നേടാൻ പ്രാപ്തരാക്കിയ നേതാക്കളെ പോലെ, ടുട്ടുമോന്റെ അച്ഛനും ടുട്ടുമോനെ കർണ്ണാടകയിലെ സ്വാശ്രയ കോളേജിൽ വിട്ട് പഠിപ്പിച്ചതിനാലാണ് ടുട്ടുമോന് ഇന്നത്തെ നിലയിൽ എത്താൻ കഴിഞ്ഞത്.

എന്നാൽ ടുട്ടുമോന്റെ സഹപാഠിയും പഠനത്തിൽ ടുട്ടുമോനേക്കാൾ സമർത്ഥനും ആയ കുട്ടുമോനെ നേതാക്കന്മാരുടെ വാക്കും കേട്ട് അവന്റെ അച്ഛൻ സ്വാശ്രയ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കാൻ വിടാതെ നാട്ടിലെ ആർട്സ് കോളേജിൽ വിട്ട് MA ക്കാരൻ ആക്കിയത് കൊണ്ടാണ് കുട്ടുമോൻ പണിയൊന്നും കിട്ടാതെ, ഒടുവിൽ പാടത്തെ കർഷകൻ ആയതും ഒടുവിൽ പെണ്ണ് കിട്ടാതെ ഗൾഫിൽ പോയി പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ച കൂട്ടുകാരുടെ കൂടെ നിർമ്മാണ കമ്പനിയിൽ കുറഞ്ഞ വേതനത്തിൽ പണിയെടുക്കേണ്ടിവന്നതും. എന്നിട്ടും കുട്ടുമോന്റെ കല്യാണം വളരെ പാടുപെട്ടാണ് നടന്നത്.

പണ്ട് താൻ പെണ്ണ് ചോദിച്ചു ചെന്നപ്പോൾ പട്ടിയെ അഴിച്ചുവിട്ടു തന്നെ ഓടിച്ച ടുട്ടുമോൻ ഇപ്പോൾ കർഷകർക്ക് വേണ്ടി ഒഴുക്കുന്ന കണ്ണുനീര് കണ്ടു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കൂട്ടുകാരൻ കുട്ടുമോൻ.