നിയമങ്ങൾ വേണമെന്ന് കയ്യടിക്കുന്നവർക്കു തന്നെയാകും നിയമം കൊണ്ടുവന്നാൽ പണി കിട്ടുന്നതും

0
66

അജിത് സുദേവൻ

സ്വന്തമായി ഭൂമി ഇല്ലാത്ത വ്യക്തി വീട് വയ്ക്കാനായി 5 cent വരെ സർക്കാർ ഭൂമിയോ, സ്വകാര്യ ഭൂമിയോ കൈയേറിയാൽ അത് അയാൾക്ക് സ്വന്തമാണ് എന്നൊരു നിയമം നമുക്ക് ഉണ്ടാക്കണം. അതോടൊപ്പം വീട് വയ്ക്കാനായി എടുക്കുന്ന 10 ലക്ഷം രൂപ വരെയുള്ള വയ്പ് തിരിച്ചടവ് മുടങ്ങിയാലും ബാങ്കിന്റെ ഭാഗത്ത് നിന്ന് ജപ്‌തി നടപടി ഉണ്ടാകരുത് എന്നൊരു നിയമം കൂടി ഉണ്ടാക്കണം. എന്ന് മാത്രമല്ല 10 ലക്ഷം വരെയുള്ള ഭവന വായ്പകൾ പൊതുമേഖലാ ബാങ്കുകൾ യാതൊരു കാരണവശാലും നിഷേധിക്കരുത് എന്നൊരു നിയമം കൂടി ഉണ്ടാക്കണം. ഭവന വായ്പ കൊടുത്തിട്ട് പണം മിച്ചം ഉണ്ടേൽ മാത്രം പൊതുമേഖലാ ബാങ്കുകൾ ഇതര വായ്പകൾ നൽകിയാൽ മതി എന്നൊരു നിയമവും ഉണ്ടാക്കണം. ഇനി ഇത്തരം ഒര് നിയമം ഉണ്ടായി കഴിഞ്ഞാൽ ഉള്ള അവസ്ഥ നമുക്ക് ഒന്ന് ഭാവനയിൽ കണ്ട് നോക്കാം.

പത്ത് വർഷത്തെ പ്രവാസ ജീവിതം കൊണ്ട് വീട് വയ്ക്കാനായി റോഡിന്റെ അരികിൽ 10 cent ഭൂമി വാങ്ങുകയും അതോടൊപ്പം പ്രസ്തുത ഭൂമിയിൽ വീട് വയ്ക്കാനായി 10 ലക്ഷത്തോളം രൂപ നാട്ടിലെ പൊതുമേഖലാ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരിക്കുന്ന പ്രവാസി പൗലോസ് പുതിയ നിയമത്തെ കുറിച്ചുള്ള വാർത്ത കേട്ട് ഗൾഫിലെ വീട്ടിൽ ഇരുന്ന് കൈയടിച്ചു. പ്ലാന്റർ പത്രോസിന്റെ 500 ഏക്കർ പ്ളാന്റേഷൻ ആയിരകണക്കിന് പാവങ്ങൾ കൈയേറുന്നത് സ്വപനം കണ്ട് സുഖമായി ഉറങ്ങി. എന്നാൽ രാവിലെ വീട്ടിൽ നിന്ന് വന്ന ഭാര്യയുടെ ഫോൺ കോൾ പൗലോസ്ന്റെ ഹൃദയം തകർത്തു.

പ്രവാസി പൗലോസ് വീട് കെട്ടാനായി വാങ്ങിയ 10 cent ന്റെ പകുതി പുതിയ നിയമത്തിന്റെ ബലത്തിൽ കുടിയൻ കുര്യൻ കൈയേറിയിരിക്കുന്നു. വെറുതെ കൈയേറുക മാത്രമല്ല ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ പുതിയ നിയമത്തിന്റെ ബലത്തിൽ 10 ലക്ഷം വായ്പ എടുത്ത് കുര്യൻ അവിടെ വീട് കെട്ടി. പുതിയ നിയമം അനുസരിച്ചു 10 ലക്ഷം വരെയുള്ള വായ്പകൾ തിരിച്ചടച്ചില്ലേലും ജപ്‌തി നടപടിയൊന്നും ഉണ്ടാകില്ല എന്നറിയാവുന്നതിനാൽ കുടിയൻ കുര്യൻ വായ്പ തിരിച്ചടച്ചില്ല സമാനരീതിയിൽ ധാരാളം പേർ വായ്പ തിരിച്ചടവ് നിർത്തിയതോടെ പൊതുമേഖലാ ബാങ്കുകൾ അടപടലം തകർന്നു. പ്രവാസി പൗലോസ് വീട് കെട്ടാനായി സമ്പാദിച്ച 10 ലക്ഷവും കൂട്ടത്തിൽ പോയി.

മകളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും ആയി ഒര് കോടിയിൽ കൂടുതൽ തുക ബാങ്കിൽ നിക്ഷേപിച്ചിരുന്ന വ്യാപാരി ആയ ബെന്നിയുടെ പണവും പോയല്ലോ എന്ന ആശ്വാസത്തിൽ ബെന്നിയെ വിളിച്ച പൗലോസ് വീണ്ടും ഞെട്ടി. താൻ പുതിയ നിയമം പാവങ്ങൾക്ക് സഹായം എന്ന് കരുതി കൈയടിച്ചപ്പോൾ, പ്രസ്തുത നിയമത്തിന്റെ അപകടം മനസിലാക്കി ബെന്നി തന്റെ സമ്പാദ്യം കൂടുതൽ സുരക്ഷിതമായ റയിൽവേ ബോണ്ട്, ഹൈവേ ബോണ്ട് എന്നിവയിലേക്ക് മാറ്റി സുരക്ഷിതം ആക്കിയതിനാൽ അദ്ദേഹത്തിന് ബാങ്ക് തകർച്ച കൊണ്ട് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല.

പ്ലാന്റർ പത്രോസ് പുതിയ നിയമത്തിന്റെ അപകടം മനസിലാക്കി തന്റെ 500 ഏക്കറിൽ 5 ഏക്കർ എണ്ണം പറഞ്ഞ 5 തെമ്മാടികൾക്കായി നൽകി അവരെ അവിടെ താമസം ആക്കിയതിനാൽ പീഡനക്കേസിലും, മയക്ക് മരുന്ന് കേസിലും ഒക്കെ പ്രതിയായ അവരോടുത്തുള്ള താമസം തങ്ങളുടെ മക്കളുടെ ഭാവി മോശമാകുമല്ലോ എന്ന് ഭയന്ന് ആരും എസ്റ്റേറ്റ് കൈയേറാൻ വന്നില്ല. തന്നെയും അല്ല എസ്റ്റേറ്റ് ഉൾപ്രദേശത്ത് ആയതിനാൽ അവിടെനിന്ന് കുട്ടികൾക്ക് സ്കൂളിലും, കോളേജിലും ഒക്കെ പോകാൻ പാടായതിനാൽ മക്കൾ ഉള്ള ആരും പ്രസ്തുത വഴിക്ക് വന്നില്ല. കൈയേറ്റം നടന്നത് കൂടുതലും പൗലോസ്നെ പോലുള്ളവരുടെ താമസ യോഗ്യമായ ഭൂമികൾ ആണ്.
ഇത് കഥ അല്ലേ എന്ന് ആശ്വസിക്കാൻ വരട്ടെ നിങ്ങൾ പലരും ആവേശപ്പുറത് ആവശ്യപെടുന്ന നിയമം പോസ്റ്റിന്റെ ആദ്യ രണ്ട് പാരഗ്രാഫിൽ പറഞ്ഞത് പോലെയിരിക്കും. പ്രസ്തുത രീതിയിൽ നിയമം ഉണ്ടാക്കിയാൽ ബാക്കി കാര്യങ്ങളും പോസ്റ്റിൽ പറഞ്ഞത് പോലെ നടക്കും.

വ്യവസായ വായ്പകളുടെ കുടിശ്ശികയും പൊക്കിപ്പിടിച്ചു പോസ്റ്റിനെ എതിർക്കാൻ വരുന്നവരുടെ അറിവിലേക്ക്. വ്യവസായ വായ്പ എഴുതി തള്ളുന്നതോടെ പ്രസ്തുത വ്യവസായം വ്യവസായിക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അല്ലാതെ ഭവന വായ്പ എഴുതിത്തള്ളുന്ന രീതി ആയ ഡയറക്റ്റ് റൈറ്റ്ഓഫ് സംവിധാനം അല്ല വ്യവസായ വായ്പ എഴുതി തള്ളാൻ ഉപയോഗിക്കുന്നത്.