പണിയുള്ള ഭാര്യയും, പണക്കാരി ഭാര്യയും!

0
721

Ajith Sudevan

പണിയുള്ള ഭാര്യയും, പണക്കാരി ഭാര്യയും!

ഒരേ ജോലിയും വരുമാനവും ഉള്ള രണ്ടുപേർ ഒരേ സമയം വിവാഹിതരായി. ഒന്നാമൻ 40 ലക്ഷം രൂപാ മൂല്യമുള്ള ആഭരണങ്ങളും, 10 ലക്ഷം രൂപ വിലയുള്ള കാറും, ഒക്കെ വിവാഹ സമ്മാനമായി കിട്ടുന്ന, പണക്കാരി പെൺകുട്ടിയെ ആണ് വിവാഹം ചെയ്തത്.

രണ്ടാമൻ വലിയ പണമൊന്നും ഇല്ലാത്ത വീട്ടിലെ, സ്വന്തം നിലയിൽ നല്ല വരുമാനം ഉള്ള ജോലി നേടിയ പെൺകുട്ടിയെ ആണ് വിവാഹം ചെയ്തത്. നിലവിൽ വീടിന്റെ ലോണും വീട്ട് ചെലവും ഒക്കെ കഴിഞ്ഞാൽ, ഇവർ രണ്ടുപേരുടെയും കൈവശം വലിയ മിച്ചം ഒന്നും ഇല്ല.

എന്നാൽ രണ്ടാമന്റെ ഭാര്യക്ക് ജോലിയും, മാന്യമായ ശമ്പളവും ഉള്ളത് കൊണ്ട് പുള്ളിക്കാരന്റെ ജീവിത നിലവാരം വിവാഹ ശേഷം നല്ലപോലെ ഉയർന്നു. ഭാര്യയുടെ പേരിൽ വായ്പ എടുത്തു രണ്ടാമനും കാർ വാങ്ങി. കാറിന്റെ വായ്പാ തിരിച്ചടവ് മാത്രമല്ല ഇന്ധനവും, ഇൻഷുറൻസും അടക്കം ഉള്ള അനുബന്ധ ചെലവുകളും പുള്ളികാരിയുടെ ഫണ്ടിൽ ഓടും.

കാർ മാത്രമല്ല വീട്ട് ജോലി എളുപ്പം ആകുന്ന ധാരാളം ഉപകരണങ്ങളും, അവയുടെ പ്രവർത്തനത്തിന് ആവിശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ട സോളാർ പാനലും ഒക്കെ രണ്ടാമൻ ഭാര്യയുടെ വരുമാനത്തിന്റെ സഹായം കൊണ്ട് വാങ്ങി. എന്തിനേറെ കുട്ടിയെ ഉറക്കാൻ ഓട്ടോമാറ്റിക് തൊട്ടിൽ വരെ അവരുടെ വീട്ടിൽ ഉണ്ട്. അതുകൊണ്ട് വീട്ട് ജോലിയുടെ പേരിൽ അവരുടെ വീട്ടിൽ വലിയ അടിയൊന്നും ഇല്ല.

ഒന്നാമന്റെ ഭാര്യയും രണ്ടാമന്റെ വീട്ടിലെ ഉപകരണങ്ങൾക്ക് വേണ്ടി വാശിപിടിച്ചു. അവ വാങ്ങാനായി ഭാര്യയുടെ സമ്മതത്തോടെ കുറെ ആഭരണങ്ങൾ വിറ്റു. അതിന്റെ പേരിൽ ഒന്നാമനെ ബന്ധുക്കളും നാട്ടുകാരും മോശമല്ലാത്ത രീതിയിൽ പരിഹസിച്ചു.

ഇനി ഭാവിയിൽ ഇവർ രണ്ടുപേരും വിവാഹ മോചിതരായി എന്ന് കരുതുക. ഭാര്യയുടെ സമ്മതത്തോടെ ആഭരണം വിറ്റത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കേസ് വരുമ്പോൾ ഭാര്യ അതൊന്നും സമ്മതിക്കാൻ പോകുന്നില്ല. ഒന്നാമൻ ആഭരണത്തിന്റെ വിപണി വില നൽകേണ്ടിവരും. ഭാര്യക്ക് വരുമാനം ഇല്ലാത്തത് കൊണ്ട് ചെലവിനും കൊടുക്കേണ്ടിവരും.

എന്നാൽ രണ്ടാമൻ വിവാഹ സമ്മാനം ഒന്നും വാങ്ങാത്തത് കൊണ്ട് ഒന്നും തിരിച്ചു കൊടുക്കേണ്ടിവരില്ല എന്ന് മാത്രമല്ല ഭാര്യക്ക് ജോലി ഉള്ളത് കൊണ്ട് ചെലവിന് കൊടുക്കേണ്ടിയും വരില്ല. ഇനിയിപ്പോൾ ഭാര്യയുടെ വരുമാനത്തിന്റെ സഹായത്തോടെ വാങ്ങിയ വീട്ടുപകരണങ്ങളും കാറും പുള്ളിക്കാരി കൂടെ കൊണ്ടുപോയാലും രണ്ടാമന്റെ കൈയിൽ നിന്ന് ഒന്നും പോകില്ല.

ചുരുക്കി പറഞ്ഞാൽ പണിയുള്ള പെണ്ണിനെ കെട്ടിയ രണ്ടാമൻ വിവാഹം മോചിതൻ ആയാൽ വിവാഹത്തിന് മുമ്പുള്ള സാമ്പത്തിക അവസ്ഥയിലേക്ക് മടങ്ങുക മാത്രമേ ഉള്ളൂ. എന്നാൽ പണക്കാരി പെണ്ണിനെ കെട്ടിയ ഒന്നാമൻ വിവാഹ മോചനത്തോടെ സാമ്പത്തികമായി തകരും.

വാൽകഷ്ണം: ഒന്നാമന്റെ ഭാര്യ വീട്ടുകാരുടെ കൈവശം വരുമാനം തെളിയിക്കാനും ആഭരണം വാങ്ങിയതിനും വ്യക്തമായ രേഖകൾ ഇല്ലാ എങ്കിൽ, അത്യാവശ്യം നല്ലൊരു അഭിഭാഷകൻ വിചാരിച്ചാൽ 40 ലക്ഷത്തിന്റെ സ്ഥാനത്ത് 4 ലക്ഷം പോലും കൊടുക്കാതെ ഒന്നാമന് രക്ഷപ്പെടാനും പറ്റും.