വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് , ഒരു ഉദാഹരണകഥ

0
495

Ajith Sudevan

സുഹൃത്തുക്കളും സഹപാഠികളും ആയ രണ്ട് പേർ. അതിൽ ഒന്നാമൻ പത്താം ക്ലാസിനും, പ്ലസ്‌ടുവിനും ഒക്കെ ഒരുപാട് മാർക്ക് വാങ്ങി വിജയിച്ചു. തുടർന്ന് ഇഷ്ടവിഷയമായ കണക്കിൽ ഡിഗ്രിയും മാസ്റ്റേഴ്സും ബിഎഡും നേടി. ഇംഗ്ലീഷിൽ മാസ്റ്റേഴ്സും ബിഎഡും ഉള്ള ഒര് പെൺകുട്ടിയെ വിവാഹം കഴിച്ചു.
സ്വകാര്യ സ്കൂളിലെ ജോലിയും അതോടൊപ്പം വീട്ടിൽ ട്യൂഷൻ എടുത്തു കിട്ടുന്ന വരുമാനവും ഉപയോഗിച്ച് അവർ വലിയ തരക്കേട്‌ ഇല്ലാതെ കഴിയുന്നു. വിവാഹം കഴിഞ്ഞു ഏറെ വൈകാതെ അവരുടെ വരുമാനം വെച്ച് കിട്ടാവുന്നതിന്റെ പരമാവധി കടം വാങ്ങി ഒര് വീടും വെച്ച് അങ്ങോട്ട് താമസവും മാറി.

കുറച്ചുകാലം കഴിയുമ്പോൾ പണപ്പെരുപ്പം മൂലം വരുമാനം ഉയരും എന്നും, അപ്പോൾ വായ്പാ തിരിച്ചടവ് ഒര് ബാധ്യതയായി തോന്നില്ല എന്ന പ്രതീക്ഷയിൽ ആണ് വലിയ കടം വാങ്ങി വീട് വെച്ചത്. പക്ഷേ കൊറോണ നിയന്ത്രണങ്ങൾ മൂലം ട്യൂഷൻ വരുമാനം പൂർണമായി ഇല്ലാതെ ആയി. സ്വകാര്യ സ്കൂളിൽ നിന്ന് കിട്ടുന്ന വരുമാനവും പകുതിയും ആക്കിയതോടെ പണിപാളി.

ലോൺ കുടിശിഖ ആയ ഒന്നാമന്റെ വീട് നാട്ടിലെ നിലവിലെ സാമ്പത്തിക അവസ്ഥയിൽ ജപ്തി ചെയ്‌തു ലേലത്തിന് വെച്ചാൽ വാങ്ങാൻ ആരും വരില്ല എന്നത് കൊണ്ട് മാത്രം വീട് ബാങ്ക് ജപ്‌തി ചെയ്യുന്നില്ല എന്നതാണ് ഇതിയാന്റെ അവസ്ഥ. എന്നാൽ പത്താം ക്ലാസ് കഷ്ടിച്ച് ജയിച്ച രണ്ടാമൻ തുടർന്ന് പ്ലസ്‌ടുവിന് പോകാതെ ഐടിസിക്ക് പോയി. പിന്നീട് ഒര് 5 വർഷം ഗൾഫിൽ പോയി കടം ഇല്ലാതെ ഒര് ഇടത്തരം വീട് വെച്ചു. മാസം 5000 പലിശ കിട്ടുന്ന വിധത്തിൽ കുറച്ചുപണം ട്രഷറി നിക്ഷേപവും ഉണ്ടാക്കി പുള്ളിക്കാരൻ നാട് പിടിച്ചു. എന്നിട്ട് ഒര് ബ്യൂട്ടീഷ്യനെ കെട്ടി.

പുള്ളിക്കാരൻ വയറിങ്ങും പ്ലമ്പിങ്ങും ചെയ്ത് കിട്ടുന്ന വരുമാനവും അതോടൊപ്പം ഭാര്യയുടെ വരുമാനവും കൂടെ ആകുമ്പോൾ അവരുടെ ചെലവ് നടക്കും. അതുകൊണ്ട് ട്രഷറി നിക്ഷേപത്തിന്റെ പലിശ പുള്ളിക്കാരന് മിച്ചമാണ്. കൊറോണ വന്ന് വരുമാനം കുറഞ്ഞപ്പോളും കടം ഒന്നും ഇല്ലാത്തത് കൊണ്ട് രണ്ടാമന് പേടിക്കാനില്ല. പോരാത്തതിന് മാസം 5000 വെച്ച് ട്രഷറി നിക്ഷേപത്തിൽ നിന്ന് വരുന്ന പലിശ അത്യാവശ്യം ചെലവുകൾക്ക് ഒക്കെ തികയും. പോരാത്തതിന് പലപ്പോഴായി വാങ്ങാതെ കിടന്ന പലിശയും പലിശയുടെ, പലിശയും ഒക്കെയായി ഒര് ലക്ഷത്തോളം സേവിങ് അക്കൗണ്ടിൽ ഉണ്ട്. അതുകൊണ്ട് അടച്ചുകെട്ടൽ ഒന്നും പുള്ളിക്കാരന് വലിയ വിഷയം അല്ല.

സ്ഥിരവരുമാനം ഇല്ലാത്ത വ്യക്തി കഴിവതും കടം വാങ്ങി വീട് വയ്ക്കരുത് എന്നും, അതോടൊപ്പം അത്യാവശ്യം കരുതലോടെ ജീവിക്കണം എന്ന സാമാന്യ ബോധം ഉള്ളത് കൊണ്ടാണ് രണ്ടാമന് ഇപ്പോൾ സമാധാനമായി കഴിയാൻ പറ്റുന്നത്. ഇതിൽ നിന്നും അത്യാവശ്യം സാമ്പത്തിക അച്ചടക്കവും സാമാന്യബോധവും ഉള്ള ഒര് വ്യക്തിക്ക് പത്താം ക്ലാസിന് മാർക്ക് ഇത്തിരി കുറഞ്ഞാലും ജീവിതത്തിൽ വലിയ പ്രശനം ഒന്നും ഉണ്ടാകില്ല എന്ന് മനസിലാക്കാം