വരുമാനത്തിന്റെ അളവല്ല ചിലവാക്കലിന്റെ രീതിയാണ് സാമ്പത്തിക, സാമൂഹിക അവസ്ഥകൾ സൃഷ്ടിക്കുന്നത് !

0
114

Ajith Sudevan

വരുമാനത്തിന്റെ അളവല്ല ചിലവാക്കലിന്റെ രീതിയാണ് സാമ്പത്തിക, സാമൂഹിക അവസ്ഥകൾ സൃഷ്ടിക്കുന്നത് !

ഒരേ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ഉള്ള ജോർജ് കുട്ടിയും, ജോണി കുട്ടിയും 2015 ജനുവരിയിൽ അന്നത്തെ വിനിമയ നിരക്ക് അനുസരിച്ചു 50,000 രൂപാ പ്രതിമാസ ശമ്പളത്തിൽ ഗൾഫിൽ പോയി. രണ്ട് പേരുടേയും കുടുബ വീട് അനിയന്മാർക്ക് ഉള്ളതാണ്. രണ്ടുപേർക്കും ഓഹരിയായി 20 സെന്റ്‌ ഭൂമി വീതം കിട്ടിയിട്ടുണ്ട്.

തങ്ങളുടെ ഓഹരിയായ 20 സെന്റ്‌ ഭൂമിയിൽ 1000 ചതുരശ്രയടി വലിപ്പം ഉള്ള ഒരു വീടും, 5 ലക്ഷത്തിന്റെ കാറും പിന്നെ മറ്റൊരു 5 ലക്ഷം സമ്പാദ്യവുമായി 5 വർഷത്തിനുള്ളിൽ പ്രവാസം അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടുപേരും വിമാനം കയറിയത്. പ്രസ്തുത ലക്ഷ്യത്തിൽ എത്താൻ ഏകദേശം 30 ലക്ഷം രൂപാ ആവിശ്യമാണ് എന്ന് മനസിലാക്കിയ ജോണികുട്ടി അതിനായി മാസം 40,000 രൂപാ വെച്ച് മാറ്റി വെയ്ക്കാൻ തീരുമാനിച്ചു. പ്രസ്തുത തുക സുരക്ഷിത നിക്ഷേപങ്ങളായ സർക്കാർ കടപ്പത്രം, ബാങ്ക് നിക്ഷേപങ്ങൾ ശക്തമായ സാമ്പത്തിക അടിത്തറ ഉള്ള കമ്പനികളുടെ കടപ്പത്രങ്ങൾ എന്നിവയിൽ ഏകദേശം 8.5% വളർച്ച കിട്ടുന്ന രീതിയിൽ നിക്ഷേപിച്ചു.

എന്നാൽ ജോർജ് കുട്ടി ആദ്യ ഒരു വർഷം ജോണികുട്ടിയുടെ ശൈലിയിൽ ജീവിച്ചെങ്കിലും പിന്നീട് ആളാകെ മാറി. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രലോഭനങ്ങളിൽ പെട്ട് വലിയ വീടും, വിലകൂടിയ കാറും, ആർഭാട കല്യാണവും മോശമല്ലാത്ത രീതിയിൽ കടം വാങ്ങി ജോർജുകുട്ടി നടത്തി. ഇവയുടെ ഒക്കെ ഫലമായി പ്രതിമാസം 40,000 രൂപയോളം വായ്പ തിരിച്ചടവിന് മാത്രം കണ്ടെത്തേണ്ട അവസ്ഥയിലാണ് നിലവിൽ ജോർജ് കുട്ടി.

എന്നാലും പ്രശനം ഇല്ല. വിനിമയനിരക്കിൽ ഉള്ള വ്യത്യാസവും പ്രമോഷനുകളും ഒക്കെ മൂലം ജോർജുകുട്ടിക്ക് ഇപ്പോൾ 70,000 രൂപയോളം പ്രതിമാസ വരുമാനം ഉണ്ട്. അതിനാൽ വായ്പാ തിരിച്ചടവുകൾക്ക് പുറമെ മറ്റൊരു 15,000 ഭാര്യക്കും കുട്ടിക്കും ചെലവിന് അയച്ചുകൊടുക്കാനും അതോടൊപ്പം സ്വന്തം നിലയിൽ 15,000 ചെലവാക്കാനും ഒക്കെ ജോർജുകുട്ടിക്ക് കഴിയുന്നുണ്ട്. അതിനാൽ അയാൾ സമൂഹത്തിന്റെ മുന്നിൽ ജീവിത വിജയം നേടിയ ആളാണ്.എന്നാൽ മറുവശത്തു ജോണിക്കുട്ടി സമൂഹത്തിന്റെ കണ്ണിൽ പരാജിതനാണ്. കാരണം അയാൾ വലിയ വീട് വെച്ചിട്ടില്ല, വില കൂടിയ കാർ വാങ്ങിയിട്ടില്ല, വിവാഹവും കഴിച്ചിട്ടില്ല. ജോണികുട്ടിക്ക് എന്ത് മാത്രം സമ്പാദ്യം ഉണ്ട് എന്ന് നാട്ടുകാർക്ക് അറിയുകയും ഇല്ല. ഓരോ വരവിനും പ്രവാസിയുടെ പ്രത്രാസുകൾ ഇല്ലാതെ തന്റെ 20 സെന്റിനെ 2019 ഒടുവിലേക്ക് ഒരു കുഞ്ഞു സ്വർഗ്ഗം ആക്കാനുള്ള ശ്രമത്തിലാണ് അയാൾ. അതിനായി വീട് വയ്ക്കാൻ 5 സെന്റ് ഒഴിച്ചിട്ട് ബാക്കി 15 സെന്റിൽ ഓരോ വരവിലും ധാരാളം ഫലവൃക്ഷങ്ങളും പൊക്കം കുറഞ്ഞ വേഗം കായ്ക്കുന്ന തെങ്ങും ഒക്കെ അയാൾ പിടിപ്പിച്ചു.

വിനിമയനിരക്കിൽ ഉള്ള വ്യത്യാസവും പ്രമോഷനുകളും ഒക്കെ മൂലം കിട്ടിയ അധിക വരുമാനം റിലൈൻസ് ഇൻഡസ്ട്രീസ്, നെസ്റ്റിലെ, ഹിന്ദുസ്ഥാൻ യുണിലിവർ, hdfc, ടാറ്റാ കൺസൾട്ടൻസി മുതലായ പരസ്പര ബന്ധം ഇല്ലാത്ത വ്യാപാരം ചെയ്യുന്ന ശക്തമായ സാമ്പത്തിക അടിത്തറ ഉള്ള കമ്പനികളിൽ ജോണിക്കുട്ടി നിക്ഷേപിച്ചു. ഒടുവിൽ 2019 ൽ സെപ്റ്റംബറിൽ എല്ലാകൂടി കണക്ക് എടുത്തപ്പോൾ ബാങ്കിൽ ഏകദേശം 28 ലക്ഷം സമ്പാദ്യവും അതോടൊപ്പം ഓഹരിയിൽ മറ്റൊരു 20 ലക്ഷം സമ്പാദ്യവും ജോണി കുട്ടിക്ക് ഉണ്ട്. അതോടെ ജോണിക്കുട്ടി ഗൾഫിൽ നിന്ന് തിരിച്ചു പൊന്നു. ഓഹരിയിൽ നിന്നും ബാങ്ക് നിക്ഷേപത്തിൽ നിന്നും പകുതി വീതം പിൻവലിക്കാൻ ജോണിക്കുട്ടി തീരുമാനിച്ചു. പ്രസ്തുത 24 ലക്ഷത്തിൽ നിന്ന് 16 ലക്ഷം രൂപാ ചെലവിൽ 950 ചതുരാശ്രയടിയുള്ള വീട് ജോണിക്കുട്ടി നിർമ്മിച്ചു.

ശേഷിക്കുന്ന 8 ലക്ഷത്തിൽ 5 ലക്ഷം, വീടിന് സോളാർ പാനലും ഊർജം ലാഭിക്കുന്ന തരത്തിൽ ഉള്ള ലൈറ്റും, ഫാനും അടക്കം ഉള്ള ഉപകരണങ്ങളും അതോടൊപ്പം ടാങ്കിലെ വെള്ളത്തിന്റെ അളവും സോളാർ പാനലിലെ ഊർജ ലഭ്യതയും അനുസരിച്ചു തനിയെ പ്രവർത്തിക്കുന്ന മോട്ടറും, പാത്രം കഴുകുന്ന യന്ത്രവും, തുണി കഴുകുന്ന യന്ത്രവും ഒക്കെ വയ്ക്കാൻ ജോണിക്കുട്ടി മുടക്കി.
അവശേഷിച്ച 3 ലക്ഷത്തിൽ നിന്ന് 2 ലക്ഷം ഫർണിച്ചർ വാങ്ങാനും ശേഷിക്കുന്ന ഒര് ലക്ഷം വീട്ടിലെ മാലിന്യങ്ങൾ സംസ്കരിക്കാനും അങ്ങനെ വീടിന് പാചകവാതകവും തന്റെ കൃഷിക്ക് വേണ്ട വളം ഉണ്ടാക്കാനുള്ള ഒര് പ്ലാന്റും അതോടൊപ്പം ഒര് ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കാനും ജോണി കുട്ടി മുടക്കി.

ഫലത്തിൽ ജോണികുട്ടിയുടെ വീട് അയപ്പാസിന്റെ പരസ്യം പോലെയായി. പുറത്തുനിന്ന് നോക്കിയാൽ ചെറിയ വീട് എന്നാൽ അകത്തു കയറിയാൽ ധാരാളം ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു കുഞ്ഞു സ്വർഗം. ജോണിക്കുട്ടിക്ക് പഴവും, പച്ചക്കറികളും ഒന്നും പുറത്തുനിന്ന് വാങ്ങേണ്ട ആവിശ്യം ഇല്ല. ഇനി അധവാ എന്തേലും വേണേൽ അത് തന്റെ വീട്ടിൽ അധികം ഉള്ള ഉൽപ്പന്നങ്ങൾ അടുത്തുള്ള കടയിൽ കൊടുത്തിട്ട് പകരം തനിക്ക് വേണ്ടത് വാങ്ങും.

ഇടത്തരക്കാരന്റെ സമ്പാദ്യം ഒഴികിപ്പോകാൻ ഒരു രോഗമോ, അപകടമോ വന്നാൽ മതി എന്ന ബോധ്യം ഉള്ള ജോണിക്കുട്ടി 30 ലക്ഷം കവറേജ് ഉള്ള sbi ആരോഗ്യ പ്രീമിയം ഇൻഷുറൻസും നേരത്തെ തന്നെ വാങ്ങിയിട്ടുണ്ട്. വാങ്ങിയിട്ട് 4 വർഷം ആയതിനാൽ ഇനി ഒരുമാതിരിപ്പെട്ട എന്ത് വന്നാലും ജോണിക്കുട്ടി പ്രീമിയം മുടക്കാത്തിടത്തോളം കമ്പനിക്ക് ക്ലെയിം തള്ളാൻ പറ്റില്ല.
2019 സെപ്റ്റബറിൽ ബാങ്കിലും ഓഹരിയിലും ഒക്കെ ആയി അവശേഷിച്ചരുന്ന ജോണികുട്ടിയുടെ 24 ലക്ഷം 2019 ഡിസംബർ ആയപ്പൊളേക്കും 26 ലക്ഷമായി ഉയർന്നു. ജോണി കുട്ടി ബാങ്കിലും ഓഹരിയിലും 10 ലക്ഷം വീതം അവശേഷിക്കുന്ന രീതിയിൽ 6 ലക്ഷം അവയിൽ നിന്ന് പിൻവലിച്ചു അത് കൊടുത്തു ഒരു 5.25 ലക്ഷത്തിന്റെ സാൻട്രോ കാറും വീട്ടിൽ സോളാർ പാനലിൽ മിച്ചം വരുന്ന വൈദ്യുതി മുതലാക്കാൻ 55000 രൂപയുടെ ഒരു ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറും വാങ്ങി.

പലചരക്കും ആരോഗ്യ ഇൻഷുറൻസും വാഹന ഇൻഷുറൻസും, വല്ലപ്പോഴും ഓടുന്ന കാറിന് ഇന്ധന ചെലവും അടക്കം ഒര് മാസം കഷ്ടി 10,000 രൂപയുടെ ചെലവേ ഉള്ളൂ ജോണികുട്ടിക്ക്. നാട്ടിലെ ഒരു പരിചയക്കാരന്റെ നിർമ്മാണ കമ്പനിയിൽ ജനുവരിയിൽ ജോലിക്ക് കയറിയ ജോണിക്കുട്ടി അതിന്റെ ഇരട്ടിയോളം നിലവിൽ നേടുന്നുണ്ട്. ഒരു പാവപെട്ട വീട്ടിലെ ഒര് കുട്ടിയെ ഇതിനിടയിൽ ജോണിക്കുട്ടി ലളിതമായ ചടങ്ങുകളോടെ കെട്ടുകയും ചെയ്തു. കൊറോണ ഒക്കെ വന്നിട്ടും വലിയ കോട്ടം തട്ടാത്ത കമ്പനികളിലാണ് ജോണികുട്ടിയുടെ ഓഹരികൾ അതിനാൽ ഓഹരിയിൽ 8 ലക്ഷവും ബാങ്കിൽ 10 ലക്ഷവും ആയി 18 ലക്ഷത്തോളം സമ്പാദ്യം ജോണികുട്ടിക്ക് ഇപ്പോളും ഉണ്ട്. അതായത് കോറോണയ്ക്ക് ശേഷം പണിയില്ലാതെ ആയാലും വരുന്ന 15 വർഷം കഴിയാനുള്ള സമ്പാദ്യം ജോണികുട്ടിക്ക് ഉണ്ട്.

എന്നാൽ പണിപോയി തിരിച്ചുവന്നാൽ കടം വാങ്ങി വീടും, കാറും ഒക്കെ ബാങ്ക് കൊണ്ടുപോകും. കഴിവതും ഗൾഫിൽ തന്നെ പിടിച്ചു നിൽക്കാനാണ് ജോർജ് കുട്ടിക്ക് അമ്മായിപ്പാൻ ബ്ലേഡ് അവറാച്ചൻ നിർദേശം നൽകിയിരിക്കുന്നത്. തന്റെ മകളുടെ പേരിൽ ബാങ്കിൽ കിടക്കുന്ന 10 ലക്ഷവും, ബാങ്കിൽ ലോക്കറിൽ ഇരിക്കുന്ന 30 ലക്ഷം മതിപ്പുള്ള 100 പവനോളം സ്വർണ്ണവുംഒക്കെ എടുത്തു കടം വീട്ടി സ്വസ്ഥമായി കഴിയാം എന്ന് കരുതി നാട്ടിൽ പോരേണ്ടെന്നും അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ തന്റെ മകളെയും ചെറുമകനേയും താൻ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുമെന്നും ബ്ലേഡ് അവറാച്ചൻ തീർത്തു പറഞ്ഞു. അപ്പച്ചൻ പറഞ്ഞാൽ അപ്പീൽ ഇല്ല എന്ന് കെട്ടിയോൾ കൂടി പറഞ്ഞതോടെ ജോർജ് കുട്ടി ഗൾഫിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ഒരേ വരുമാനം ഉണ്ടായിട്ടും അവ ചെലവാക്കിയതിലെ വ്യത്യസ്ത രീതിയാണ് ജോർജ് കുട്ടിയെ സാമ്പത്തിക ഭദ്രത ഇല്ലാത്തവനും എന്നാൽ കടം വാങ്ങി ആണേലും വലിയ വീടും, വിലകൂടിയ കാറും, സമ്പന്നയായ പങ്കാളിയേയും ഒക്കെ നേടി സമൂഹത്തിന്റെ മുന്നിൽ വിജയിയും ആകാൻ സഹായിച്ചത്. കൊറോണ വന്നില്ലായിരുന്നു എങ്കിൽ അയാൾ തുടർന്നും താര പദവിയിൽ തുടർന്നേനെ. അതുകൊണ്ട് തന്നെയാണ് പ്രവാസികൾ ഭൂരിപക്ഷവും ജോർജ് കുട്ടിയുടെ രീതിയിൽ ജീവിക്കുന്നത്.

എന്നാൽ സമൂഹത്തിന്റെ അംഗീകാരത്തേക്കാൾ സ്വന്തം സമാധാനത്തിനും, സന്തോഷത്തിനും പ്രാമുഖ്യം കൊടുത്തു പണം ചെലവഴിച്ചതിനാലാണ് സമൂഹത്തിന്റെ അളവ് കോലിൽ പരാജിതനും എന്നാൽ സാമ്പത്തിക ഭദ്രതയും, സമാധാനവും ഉള്ളവനായി ജീവിക്കാൻ കഴിഞ്ഞത്. ജോണിക്കുട്ടിയെ പോലെ ജീവിക്കുക എന്നത് യഥാർഥ ജീവിതത്തിൽ ഇത്തിരി പാടാണ്. അതിനാൽ തന്നെ ഒരുമാതിരിപ്പെട്ട ആരും കോറോണയ്ക്ക് ശേഷവും ജോണിക്കുട്ടിയുടെ ശൈലിയിൽ ജീവിക്കാൻ ശ്രമിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

Previous articleനിലപാടുകളാണ് പ്രധാനം
Next articleവിവാഹം! എന്തിനീ പൊല്ലാപ്പ്?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.