ഏത് ഇലക്ട്രിക്ക് കാർ വന്നാലും പെട്രോളിന് ഒരു 20 വർഷം കൂടിയെങ്കിലും ഇനിയും ഭാവിയുണ്ട്

0
69

Ajith Sudevan

വലിയ ആർഭാടത്തോടെ നടത്തിയ ഒരു വിവാഹം കഴിഞ്ഞു ഏറെ വൈകാതെ പെൺകുട്ടിയെ മയക്ക് മരുന്നിന് അടിമയായ ഭർത്താവ് ക്രൂരമായി കൊല ചെയ്താൽ പോലും വലിയൊരു വിഭാഗം നാട്ടുകാരും പറയും എന്തായിരുന്നു കല്യാണത്തിന്റെ പ്രകടനം ഇങ്ങനെ അവസാനിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ. മരിച്ച പെൺകുട്ടിയോട് എന്തേലും വ്യക്തി വൈരാഗ്യം ഉണ്ടായിട്ടല്ല മറിച്ചു പെൺകുട്ടിയുടെ കുടുബത്തിന്റെ ഉയർന്ന സാമ്പത്തിക ഭദ്രതയോടും അതിന്റെ ബലത്തിൽ അവർ നടത്തിയ ആർഭാടത്തോടും തങ്ങൾക്ക് ഉള്ള അസൂയ ആണ്, ആർഭാടത്തിന് പ്രാധാന്യം കൊടുത്തു വിവാഹം നടത്തിയതാണ് പെൺകുട്ടിയുടെ മരണകാരണം എന്ന് വിശ്വസിക്കാനും അങ്ങനെ പ്രചരിപ്പിക്കാനും ഭൂരിപക്ഷം പേരെയും പ്രേരിപ്പിക്കുന്നത്.

വലിയ വീടും, വിലകൂടിയ കാറും ഒക്കെ ഭൂരിപക്ഷം മലയാളിയുടെയും ആഗ്രഹമാണ്. അന്യ നാട്ടിൽ പോയി പണിയെടുത്തു അവയൊക്കെ സ്വന്തമാക്കിയ പ്രവാസികളോട് ഉള്ള അസൂയ ആണ് പ്രവാസികൾ എല്ലാം കൊറോണ വാഹകരാണ് എന്ന രീതിയിൽ കാണാനും അങ്ങനെ പ്രചരിപ്പിക്കാനും വലിയൊരു വിഭാഗം ആൾക്കാരെ പ്രേരിപ്പിക്കുന്നത്.അതിന്റെ പേരിൽ പ്രവാസികൾ വിഷമിക്കേണ്ട കാര്യമില്ല. മറിച്ചു ഇത് മറക്കാതെ മനസ്സിൽ സൂക്ഷിക്കുക. എന്നിട്ട് വിവിധ പിരിവികളും മറ്റും ഭാവിയിൽ നൽകുമ്പോൾ പ്രവാസിക്ക് ഉള്ള പ്രീമിയം റേറ്റ് വിഹിതത്തിന് പകരം നാട്ടുകാർക്ക് ഉള്ള നോമിനൽ റേറ്റ് വിഹിതം പിരിവ് കൊടുക്കുക.

1991 ഗൾഫ് യുദ്ധം, 1998 ൽ പെട്രോൾ വിലയിൽ ഉണ്ടായ തകർച്ച, 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇങ്ങനെ പല ഘട്ടങ്ങളിലും പ്രവാസിയുടെ കാലം കഴിഞ്ഞു എന്ന് പലരും കരുതിയിട്ടുണ്ട്. എന്നാൽ അവ ഓരോന്നിനും ശേഷം പ്രവാസവും, പ്രവാസിയും കൂടുതൽ പ്രതാപികൾ ആയി മാറുക ആണ് ചെയ്തത്. കോറോണയ്ക്ക് ശേഷവും അങ്ങനെ ഒരു പ്രതാപ കാലം മടങ്ങിവരുക തന്നെ ചെയ്യും. ഏത് ഇലക്ട്രിക്ക് കാർ വന്നാലും പെട്രോളിന് ഒരു 20 വർഷം കൂടിയെങ്കിലും ഇനിയും ഭാവിയുണ്ട്. കൊറോണ ഭീതിമൂലം ഉപപഭോക്താക്കൾക്കും നിക്ഷേപകർക്കും നഷ്ട്ടപെട്ട ആത്മവിശ്വാസം ഒന്ന് മടങ്ങിവരേണ്ട താമസമേ ഉള്ളൂ ലോകം വീണ്ടും പണ്ടത്തേക്കാൾ മദിച്ചു കഴിയാൻ തുടങ്ങും. അപ്പോൾ പെട്രോൾ വിലയും ഗൾഫിലെ തൊഴിൽ അവസരവും ഒക്കെ വീണ്ടും ഉണ്ടായിക്കൊള്ളും.