അമേരിക്കൻ മാതൃകയിൽ ഗിഫ്റ്റ് ടാക്സ് ഇവിടെയും ഏർപ്പെടുത്തിയാൽ പല ‘നന്മമരങ്ങളും’ വെള്ളംകിട്ടാതെ ഉണങ്ങും

54

Ajith Sudevan

തിരഞ്ഞു പിടിച്ചു കുറച്ചു നന്മ മരത്തെ നിയമ കുരുക്കിൽ ആക്കുന്നത് കൊണ്ടോ, അല്ലെങ്കിൽ നന്മ മരത്തെ ഫേസ്ബുക്ക് വിചാരണ ചെയ്യുന്നത് കൊണ്ടോ ഇപ്പോളത്തെ പ്രശനം പൂർണമായും പരിഹരിക്കപെടില്ല. കാരണം ഒന്നുണങ്ങുമ്പോൾ ഒമ്പത് മുളയ്ക്കും എന്നതാണ് ഇപ്പോളത്തെ അവസ്ഥ.നിങ്ങൾ ഒര് വ്യക്തിക്ക് നേരിട്ട് കുറച്ചു തുക സംഭാവന ആയി നൽകിയാൽ അതിന് അമേരിക്കയിലെ നിയമം അനുസരിച്ചു ആദായ നികുതി ഇളവ് കിട്ടില്ല. എന്ന് മാത്രമല്ല പ്രസ്തുത തുക 15000 ഡോളറിന് മുകളിൽ ആണെങ്കിൽ പ്രസ്തുത തുകയ്ക്ക് ഗിഫ്റ്റ് ടാക്സ് നൽകണം. അമേരിക്കൻ നിയമം അനുസരിച്ചു സമ്മാനം നൽകുന്ന ആളാണ് ഗിഫ്റ്റ് ടാക്സ്നൽകേണ്ടത്. എന്നാൽ നിങ്ങൾ അംഗീകൃത ചാരിറ്റബിൾ സംഘടനവഴിയാണ് പ്രസ്തുത തുക നൽകുന്നത് എങ്കിൽ നിങ്ങൾക്ക് ആദായ നികുതി ഇളവും കിട്ടും. പ്രസ്തുത തുക 15000 ഡോളറിന് മുകളിൽ ആണെങ്കിലും പ്രസ്തുത തുകയ്ക്ക് ഗിഫ്റ്റ് ടാക്സ്ബാധ്യത ഉണ്ടാകുകയും ഇല്ല.

നാട്ടിലും അമേരിക്കൻ മാതൃകയിൽ വ്യക്തിഗത സംഭാവനകൾ നൽകുന്ന വ്യക്തിക്ക് മേൽ ഗിഫ്റ്റ് ടാക്സ് ചുമത്തിയാൽ തന്നെ നന്മമരങ്ങൾ വെള്ളം കിട്ടാതെ തനിയെ ഉണങ്ങും. അതോടൊപ്പം ചികിത്സയ്‌ക്കോ വിദ്യാഭ്യാസത്തിനോ ആയിസ്വീകരിക്കുന്ന സംഭാവനകൾ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയിൽ മാത്രമേ അനുവദിക്കാവൂ.അതുപോലെ സംഭാവനകൾ സ്വീകരിച്ചു നടത്തുന്ന ചികിത്സയ്ക്ക് ഫെയർ മാർക്കറ്റ് വില മാത്രമേ ഈടാക്കാൻ അനുവദിക്കാവൂ. അതായത് 20 ലക്ഷം രൂപാ ചിലവുള്ള ഒര് ചികിത്സയ്ക്ക് മികച്ച ആരോഗ്യ ഇൻഷുറൻസ് ഉള്ള ഒര് രോഗിക്ക് രോഗിയുടെ വിഹിതവും ഇൻഷുറൻസ് കമ്പനിയുടെ വിഹിതവും ചേർത്ത് 15 ലക്ഷം മാത്രമേ പ്രസ്തുത ആശുപത്രിക്ക് ലഭിക്കുന്നുള്ളൂ എങ്കിൽ, പ്രസ്തുത 15 ലക്ഷമാണ് പ്രസ്തുത ചികിത്സയുടെ ഫെയർ മാർക്കറ്റ് വില.

അതിനാൽ സ്ഥാപനങ്ങൾ സഹായം സ്വീകരിക്കുമ്പോൾ ഫെയർ മാർക്കറ്റ് വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നും സർക്കാർ ഉറപ്പ് വരുത്തണം. ചെലവേറിയ വലിയ ചികിത്സകൾ ചെയ്യുന്ന ആശുപത്രികൾ നാട്ടിൽ എണ്ണത്തിൽ കുറവായതിനാൽ അവയുടെ അക്കൗണ്ട് നിരീക്ഷിക്കാൻ സർക്കാരിന് എളുപ്പവും ആകും. അല്ലാതെ മുഴത്തിന് മൂവായിരം വരുന്ന നന്മ മരത്തെയും ചാരിറ്റബിൾ സ്ഥാപനങ്ങളെയും ഒക്കെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തലകുത്തി നിന്നാലും പറ്റില്ല. എന്ന് മാത്രമല്ല ഇനി അധവാ അതിന് സാധിച്ചാലും, അതിന് വേണ്ടി വരുന്ന പണച്ചെലവും സമയ ചെലവും വളരെ വലുതും ആയിരിക്കും.

അപ്പോൾ പിന്നെ ചെയ്യാവുന്ന ഏറ്റവും എളുപ്പ മാർഗ്ഗം നന്മമരങ്ങളിലേക്കും തട്ടിക്കൂട്ട് സ്ഥാപനങ്ങളിലേക്കും ഉള്ള പണത്തിന്റെ ആഭ്യന്തര വരവ് ആദായ നികുതി നിയമത്തിൽ ഇത്തിരി പരിഷ്ക്കാരം വരുത്തിയും, വിദേശത്ത് നിന്നുള്ള പണത്തിന്റെ വരവ് ബാങ്കിങ് നിയമത്തിലും നിരീക്ഷിണത്തിലും കുറച്ചു പരിഷ്ക്കാരം വരുത്തിയും പൂർണമായും തടയുക എന്നതാണ്. അതാകുമ്പോൾ അർഹർക്ക് അർഹമായ സഹായം ലഭിക്കുകയും ചെയ്യും അനർഹർ ഇടയ്ക്ക് കയറി പങ്ക് പറ്റുകയും ഇല്ല.