അമേരിക്കയിലെ പോലെ ഇന്ത്യയിലും ‘കമ്യൂണിറ്റി പ്രോപ്പർട്ടി ലോ’ നടപ്പിലാക്കിയാൽ ഭർത്താക്കന്മാർ ഭാര്യമാരെ ഉന്തിത്തള്ളി ജോലിക്കുവിട്ടുകൊള്ളും

197

Ajith Sudevan

അമേരിക്കയിൽ കാലിഫോർണിയ അടക്കം 9 സംസ്ഥാനങ്ങളിൽ ഉള്ള ഒര് നിയമം ആണ് കമ്യൂണിറ്റി പ്രോപ്പർട്ടി ലോ. ഈ നിയമം അനുസരിച്ചു ഒരാൾ വിവാഹത്തിന് മുമ്പ് സ്വയം സമ്പാദിക്കുന്ന സ്വത്തുക്കളും അതോടൊപ്പം വിവാഹത്തിന് മുമ്പോ വിവാഹ ശേഷമോ അയാൾക്ക് ലഭിക്കുന്ന പൂർവിക സ്വത്തുക്കളും പൂർണമായും പ്രസ്തുത വ്യക്തിക്ക് അവകാശപ്പെട്ടതാണ്. എന്നാൽ വിവാഹ ശേഷം ഉണ്ടാക്കുന്ന സ്വത്തുക്കൾക്ക് ഭാര്യക്കും ഭർത്താവിനും തുല്യ അവകാശമാണ്. അതുകൊണ്ട് തന്നെ ഇത്തരം നിയമം ഉള്ള സ്ഥലങ്ങളിൽ ഭാര്യയെ ജോലിക്ക് വിടാതെ ഇരുന്നാൽ ഭാവിയിൽ പണിപാളും.

ഉദാഹരണമായി ഇന്ത്യയിൽ ഈ നിയമം ഉണ്ടായി എന്ന് കരുതുക. സുഹൃത്തുക്കളായ രണ്ട് പേർ അതിന് ശേഷം വിവാഹിതരായി. ഒന്നാമൻ കാറും, ആഭരണവും ഒക്കെ സഹിതം 50 ലക്ഷം രൂപ ആസ്തിയുള്ള ഉള്ള പെൺകുട്ടിയെ ആണ് വിവാഹം കഴിച്ചത്. എന്നാൽ രണ്ടാമൻ 5 ലക്ഷം രൂപാ വിദ്യാഭ്യാസ വായ്പയും അതോടൊപ്പം 30000 രൂപാ പ്രതിമാസ ശമ്പളം ഉള്ള ജോലിയും ഉള്ള പെൺകുട്ടിയെ ആണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു ഏറെ വൈകാതെ രണ്ടാമൻ ഭാര്യയുടെ പേരിൽ വായ്പ എടുത്തു കാർ വാങ്ങി.

5 വർഷങ്ങൾക്ക് ശേഷം രണ്ട് വിവാഹവും വിവാഹ മോചനത്തിൽ എത്തി. ഒന്നാമന് കിട്ടിയ കാറും ആഭരണവും ഒക്കെ നമ്മുടെ കമ്യൂണിറ്റി പ്രോപ്പർട്ടി ലോ അനുസരിച്ചു തിരിച്ചു കൊടുക്കേണ്ടി വന്നു. എന്ന് മാത്രമല്ല ഭാര്യക്ക് ചെലവിന് കൊടുക്കേണ്ടിയും വന്നു. എന്നാൽ രണ്ടാമന്റെ കാര്യത്തിൽ ഭാര്യക്ക് ജോലി ഉള്ളതിനാൽ ചെലവിന് കൊടുക്കേണ്ടതില്ല. എന്ന് മാത്രമല്ല ഭാര്യയുടെ അധ്വാനത്തിന്റെ ഫലമായി ഉണ്ടായ കാറിന്റെ നിലവിലെ മതിപ്പ് വിലയുടെ പകുതി ഇങ്ങോട്ട് കിട്ടുകയും ചെയ്യും. അതായത് കാറിന് ബാധ്യതകൾ തള്ളി നിലവിൽ 4 ലക്ഷം വിലയുണ്ട് എങ്കിൽ അതിൽ 2 ലക്ഷം ഭർത്താവിന് അവകാശപ്പെട്ടതാണ്.

ചുരുക്കിപ്പറഞ്ഞാൽ ഈ നിയമം നടപ്പാക്കിയാൽ നമ്മുടെ നാട്ടിൽ കാറും പവനും ഉള്ള പെണ്ണിനേക്കാൾ പഠിപ്പും, ജോലിയും ഉള്ള പെണ്ണിന് വിവാഹ മാർക്കറ്റിൽ ഡിമാൻഡ് കൂടും. എന്ന് മാത്രമല്ല ഭാര്യക്ക് ജോലിക്ക് പോകാൻ വലിയ താൽപ്പര്യം ഇല്ലെങ്കിൽ പോലും ഭർത്താവ് ഉന്തിതള്ളി ജോലിക്ക് വിട്ടോളും. അതിനാൽ സർക്കാരിനും, സമൂഹത്തിനും പെൺകുട്ടികളെ സാമൂഹികമായും സാമ്പത്തികമായും ഉയർത്താൻ ആത്മാർത്ഥമായ ആഗ്രഹം ഉണ്ടേൽ എത്രയും വേഗം ഇന്ത്യയിലും കമ്യൂണിറ്റി പ്രോപ്പർട്ടി ലോ നടപ്പാക്കുക.

“There are nine community property states: Arizona, California, Idaho, Louisiana, Nevada, New Mexico, Texas, Washington and Wisconsin. Alaska is an opt-in community property state that gives both parties the option to make their property community property.”
“A community property state presumes both spouses equally own all marital property and it will be split 50-50 in a divorce.”