ഇനി സർക്കാരിനെ ആശ്രയിക്കാൻ ആകില്ല, നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം

  96

  Ajith Sudevan

  കൊറോണയുടെ ആദ്യഘട്ടത്തിൽ നമ്മുടെ പരിമിതമായ വിഭവ ശേഷി വാരി എറിഞ്ഞു നമ്മുടെ അധികാരികളും. സാമൂഹിക പ്രവർത്തകരും കാണിച്ച ആഘോഷങ്ങൾ ഒക്കെ ഏകദേശം ഒരു വഴിക്ക് ആയി കാണും. അതിനാൽ ബാങ്കിലും, ഓഫീസിലും, കടകളിലും ഒന്നും ഹാൻഡ് സാനിറ്റൈസർ കിട്ടിയില്ല എന്ന് പരിഭവിച്ചിട്ട് ഒന്നും ഇനി കാര്യമില്ല. അതിനാൽ നമ്മുടെ സുരക്ഷ നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ് എന്ന് കരുതി പുറത്തുപോകുമ്പോൾ ഒരു ചെറിയ കുപ്പിയിൽ ഹാൻഡ് സാനിറ്റൈസർ കൈയിൽ സൂക്ഷിക്കുന്നത് ആകും ഇനിയുള്ള ദിവസങ്ങളിൽ നല്ലത്.

  പിന്നെ മാസ്ക്ക് വെക്കുന്നവർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വെയ്ക്കുന്ന രീതിയിൽ മാസ്ക്ക് വയ്ക്കുക. സംസാരിക്കുമ്പോളും അദ്ദേഹത്തെ പോലെ മാസ്ക് വെച്ചുകൊണ്ട് തന്നെ സംസാരിക്കുക. വ്യക്തിപരമായി എനിക്ക് മാസ്ക് വെച്ചുകൊണ്ട് സംസാരിക്കുന്നതിന് ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ടില്ല. സംസാരത്തിന്റെ വേഗത ഇത്തിരി കുറച്ചാൽ മാസ്ക് വെച്ചുകൊണ്ട് തന്നെ വ്യക്തമായി സംസാരിക്കാൻ പറ്റും എന്നാണ് എന്റെ അനുഭവം.

  പിന്നെ എത്രയൊക്കെ സൂക്ഷിച്ചാലും ചിലപ്പോൾ കൊറോണ വന്നെന്നിരിക്കും. അപ്പോൾ അതിനെ ഇത് ഭൂരിപക്ഷം പേർക്കും ഒരു സാധാരണ പനിപോലെ വന്ന് പോകാവുന്ന രോഗമാണ് എന്ന ബോധത്തോടെ നേരിടുക. എങ്കിൽ പിന്നെ എന്തിനാണ് ഇത്ര കരുതൽ എന്ന് ചോദിച്ചാൽ ഒരുമാതിരിപ്പെട്ട വീഴ്ചകളിൽ എല്ലാം മുറിവ് തനിയെ കരിയാറുണ്ട്, എന്നാലും നമ്മൾ മിക്കവരും കഴിവതും വീഴരുത് എന്ന് കരുതി തന്നെയാണ് നടക്കുന്നത്. കാരണം അപൂർവമായി ചില വീഴ്ചകൾ കൈയും കാലും ഒക്കെ ഒടിഞ്ഞു മാസങ്ങൾ കിടപ്പാകുന്ന അവസ്ഥയിൽ എത്തിക്കും. അപൂർവമായി ചില വീഴ്ചകൾ ചിലപ്പോൾ മരണത്തിലേക്കും നയിച്ചെന്നിരിക്കാം. പ്രസ്തുത അറിവാണ് തെറ്റൽ ഉള്ള റോഡിൽ കൂടുതൽ കരുതലോടെ നടന്ന് വീഴ്ചകളെ ഒഴിവാക്കാൻ നമ്മൾ മിക്കവരെയും പ്രേരിപ്പിക്കുന്നത്. സമാന രീതിയിൽ കൊറോണയേയും നേരിടുക വലിയ പരിക്കില്ലാതെ പോകാനാണ് സാധ്യത.

  വ്യക്തിപരമായി ഞാൻ കടയിൽ പോകുന്നതിന്റെ തവണ കുറച്ചിട്ടുണ്ട്. പോകുമ്പോൾ മര്യാദയ്ക്ക് മാസ്ക് വയ്ക്കാറുണ്ട്. എന്റെ പേയ്‌മെന്റുകൾ എല്ലാം തന്നെ ഡിജിറ്റൽ പേയ്‌മെന്റുകൾ ആണ്. അതിനാൽ എനിക്ക് പണം കൈകൊണ്ട് തൊടേണ്ടതിന്റെ ആവിശ്യവും ഇല്ല. ബാങ്കിൽ പോകേണ്ടതിന്റെ ആവിശ്യവും ഇല്ല. ഞാൻ എന്റെ കൈവശം ചെറിയ കുപ്പിയിൽ ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കാറുണ്ട്. നിങ്ങൾക്കും വേണമെങ്കിൽ ഇവയൊക്കെ പരീക്ഷിക്കാവുന്നതാണ്. പക്ഷേ ഇവയൊക്കെ അധികാരികൾ ജനത്തെ അടിച്ചേൽപ്പിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല.

  Advertisements