ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ച റിട്ടേൺ കിട്ടുന്ന ഏറ്റവും സുരക്ഷിത നിക്ഷേപം ഏതാണ് ?

155

Ajith Sudevan

വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനം മുതൽ ഇപ്പോളത്തെ ലോക് ഡൗൺ വരെയുള്ള പരിപാടികൾ ഇന്ത്യൻ സാമ്പത്തികമേഖലയും, ബാങ്കിങ് മേഖലയ്ക്കും മോശമല്ലാത്ത രീതിയിൽ ഉള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. നാട്ടിലെ ജനങ്ങളും, വ്യാപാരികളും സാധാരണ സാമ്പത്തിക അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് മൊറൊട്ടോറിയം കൂടി പിൻവലിച്ചാൽ അത് ബാങ്കിങ് മേഖലയെ മോശമല്ലാത്ത രീതിയിൽ ബാധിക്കും. സ്വകാര്യ മേഖലയെ അപേക്ഷിച്ചു നമ്മുടെ പൊതുമേഖലാ ബാങ്കുകൾ സർക്കാർ ഇൻസൈഡിൽ നിന്ന് തകർക്കാൻ ശ്രമിച്ചില്ലാ എങ്കിൽ അടപടലം തകരാനുള്ള സാധ്യത നിലവിൽ വളരെ കുറവാണ്. പക്ഷേ പലിശ കുറവാണ് എന്നതാണ് പൊതുമേഖലാ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്ന പലരുടെയും പരാതി. 5 വർഷ നിക്ഷേപത്തിന് 5.7% ആണ് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ നൽകുന്നത് സീനിയർ സിറ്റിസൺ ആണേൽ 6.2% ആണ് പലിശ. നികുതി വരുമാനം ആദായ നികുതിക്ക് വിധേയമാണ്.

പ്രസ്തുത സാഹചര്യത്തിൽ ഏറ്റവും മികച്ച റിട്ടേൺ കിട്ടുന്ന ഏറ്റവും സുരക്ഷിത നിക്ഷേപം എതെന്ന സംശയം പലരും ചോദിക്കുന്നു. പോസ്റ്റ് ഓഫീസ് വഴിയുള്ള നാഷണൽ സേവിങ് സ്കീം ( 5 Yr NSC) എന്നതാണ് അതിന്റെ ഒറ്റവാക്കിൽ ഉള്ള ഉത്തരം. ബാങ്കിലെ 5.7% ത്തിന്റെ സ്ഥാനത്ത് 5 Yr NSC 6.8% പലിശ നൽകുന്നു. എന്ന് മാത്രമല്ല പലിശയ്ക്ക് ആദായ നികുതി ഇളവ് ഉണ്ട്. ബാങ്കിൽ പലിശ മുതലിനോട് ഒരോ 3 മാസം ഇടവിട്ട് ചേർക്കുമ്പോൾ 5 Yr NSC യിൽ അത് ഓരോ വർഷം ഇടവിട്ടാണ് ചേർക്കുന്നത്. എന്നാലും ഒര് ലക്ഷം രൂപാ 5 Yr NSC യിൽ ഇട്ടാൽ ബാങ്കിനേക്കാൾ 5 വർഷം കൊണ്ട് ഏകദേശം 6240 രൂപയോളം നിലവിലെ നിരക്കിൽ അധികം ലഭിക്കും.

5 Yr NSC യേക്കാൾ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന വേറെയും പദ്ധതികൾ പോസ്‌റ്റോഫീസിൽ ഉണ്ട്. പക്ഷേ അവയിൽ മിക്കതിലും പരമാവധി നിക്ഷേപ പരിധി ഉണ്ട്. എന്ന് മാത്രമല്ല അവയിൽ എല്ലാവർക്കും പണം നിക്ഷേപിക്കാനും കഴിയില്ല. പെൺകുട്ടികളുടെ പേരിൽ ഉള്ള പരമാവധി ഒന്നര ലക്ഷം മാത്രം നിക്ഷേപം നടത്താവുന്ന, പണം പിൻവലിക്കാൻ ധാരാളം നിബന്ധനകൾ ഉള്ള Sukanya Samriddhi ആണ് ഏറ്റവും മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി. 7.6% ആണ് നിലവിലെ അതിന്റെ പലിശ നിരക്ക്.

പ്രായം ഉള്ളവർക്ക് പരമാവധി 15 ലക്ഷം വരെ നിക്ഷേപിക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി (Senior Citizen Saving Scheme) 7.4% വാർഷിക പലിശയുമായി രണ്ടാം സ്ഥാനത്തുണ്ട്. അതിനാൽ പറയത്തക്ക വലിയ ആദായ നികുതി ബാധ്യത ഒന്നും ഇല്ലാത്ത 60 വയസ് കഴിഞ്ഞവർ പ്രസ്തുത പദ്ധതിയിൽ പണം ഇടുന്നതാണ് കൂടുതൽ നല്ലത്.

ഓർക്കുക പലിശ എന്നത് കാലികമായ പണപ്പെരുപ്പത്തിൽ നിന്ന് പണത്തിന്റെ മൂല്യശോഷണം തടയാനുള്ള ഒര് സംവിധാനം മാത്രമാണ്. അതിനാൽ ബാങ്കിലോ സർക്കാർ സംരക്ഷണം ഉള്ള ഇതര നിക്ഷേപ പദ്ധതികളിലോ പണം നിക്ഷേപിച്ചു, നിങ്ങളുടെ സമ്പാദ്യത്തിന്റെ മൊത്തമൂല്യം ഓഹരി വ്യാപാരത്തിലെ പോലെ ഉയർത്താം എന്ന് പ്രതീക്ഷിക്കരുത്.

ഓഹരിയിൽ ഇട്ടാൽ മുതൽ നഷടപെടാനുള്ള സാധ്യതയും ഉണ്ട്. എങ്കിലും നാട്ടിലെ പല തട്ടിക്കൂട്ട് സ്വകാര്യ ബാങ്കുകളേക്കാളും മികച്ച നിക്ഷേപ സുരക്ഷ നല്കാൻ ഇൻഡക്സ് ഫണ്ടുകൾ അടക്കം ഉള്ള ഓഹരി നിക്ഷേപങ്ങൾക്ക് കഴിയും. എന്നാൽ പല കമ്പനികളുടെയും ഓഹരിവിലയും പ്രസ്തുത കമ്പനികളുടെ ലാഭ ക്ഷമതയും തമ്മിൽ യാതൊരു യുക്തിയും ഇല്ലാത്ത അനുപാതത്തിൽ ആണ് ഇപ്പോൾ പോകുന്നത്.

പ്രസ്തുത കമ്പനികൾക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ലാഭം പ്രതീഷിച്ചുള്ള കച്ചവടം ആണ് ഇപ്പോൾ വിപണിയിൽ നടക്കുന്നത്. അതിനാൽ പണം ബ്ലോക്ക് ചെയ്യ്തിടാൻ കഴിയാത്തവർ ഓഹരിയിൽ കളിക്കാൻ പോകാതെ ഇരിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്.പണം ബ്ലോക്ക് ചെയ്യ്തിടാൻ കഴിയും എന്നത് കൊണ്ട് മാത്രം നിങ്ങൾ ഓഹരി വിപണിയിൽ സുരഷിതരാണ് എന്ന് കരുതരുത്. നിലവിൽ വളരെ ഉയർന്ന് നിൽക്കുന്ന ഓഹരികൾ ഉള്ള കമ്പനികളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന നയപരമോ, സാങ്കേതികമോ ആയ എന്തേലും വലിയ മാറ്റം വിപണിയിൽ ഉണ്ടായാൽ നിങ്ങളുടെ സമ്പാദ്യം അടപടലം ആവിയാകും.

എന്നാൽ ഇൻഡക്സ് ഫണ്ട് അങ്ങനെ ദീർഘകാലത്തേക്ക് അടപടലം തകരില്ല. പക്ഷേ വിപണിയുടെ മൊത്തത്തിൽ ഉള്ള പെർഫോമൻസ് മോശം ആണേൽ ബാങ്ക് നിക്ഷേപത്തിൽ കിട്ടുന്ന റിട്ടേൺ പോലും പലപ്പോഴും അതിൽ കിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ അതിനുള്ള സാധ്യത കുറവാണ്. എങ്കിലും പൂർണമായും അത്തരം സാധ്യത തള്ളിക്കളയാൻ കഴിയില്ല.അതിനാൽ മുതൽ നഷ്ട്ടപെടരുത് എന്ന് നിർബന്ധം ഉള്ളവർ, പോസ്റ്റ് ഓഫീസിൽ ഉള്ള തങ്ങൾക്ക് അനുയോജ്യമായ ഏതേലും നിക്ഷേപ പദ്ധതി, തെരഞ്ഞെടുക്കുന്നത് ആണ് നിലവിലെ സാഹചര്യത്തിൽ നല്ലത്.