അന്താരാഷ്ട്ര സ്വർണ്ണ വില നിയന്ത്രിക്കുന്ന പ്രധാന ഘടകം ഇന്ത്യക്കാരുടെ ആഭരണ ഭ്രമമോ ഇന്ത്യൻ സ്വർണ്ണ വ്യാപാരികളോ അല്ല

124

Ajith Sudevan

അന്താരാഷ്ട്ര സ്വർണ്ണ വില നിയന്ത്രിക്കുന്ന പ്രധാന ഘടകം നമ്മുടെ നാട്ടിലെ പലരും കരുതുന്നത് പോലെ ഇന്ത്യക്കാരുടെ ആഭരണ ഭ്രമമോ അല്ലെങ്കിൽ ഇന്ത്യൻ സ്വർണ്ണ വ്യാപാരികൾ അന്താരാഷ്ട്ര സ്വർണ്ണ വിപണിയിൽ ചെലുത്തുന്ന സ്വാധീനമോ ഒന്നും അല്ല. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ഉയർച്ച താഴ്ചകൾക്ക് അനുസരിച്ചു ഡോളർ ഇൻഡക്സ്ൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകൾ ആണ് അന്താരാഷ്ട്ര സ്വർണ്ണ വില നിയന്ത്രിക്കുന്ന പ്രധാന ഘടകം.

അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമ്പോൾ അത് ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനായി അമേരിക്കൻ സർക്കാർ കൂടുതൽ ഡോളർ വിപണിയിലേക്ക് ഇറക്കുകയും, അങ്ങനെ ഡോളർ ഇൻഡക്സ് ഇടിയുകയും, സ്വർണ്ണം കുതിക്കുകയും ചെയ്യും. സാമ്പത്തിക മാന്ദ്യം അവസാനിക്കുന്ന മുറയ്ക്ക് ഡോളർ വീണ്ടും ശക്തി പ്രാപിക്കുകയും സ്വർണ്ണം ഇടിയുകയും ചെയ്യും.

ഇനി കുറച്ചുകാലത്തേക്ക് സ്വർണ്ണ വില ഉയർന്ന് നിൽക്കാനാണ് സാധ്യത. ഇതിന് അർഥം സ്വർണ്ണ വില മുകളിലോട്ട് മാത്രം പോകും എന്നല്ല. ഇടയ്ക്കിടെ തിരുത്തലുകൾ ഉണ്ടായാലും മൊത്തത്തിൽ ഒര് ഇറക്കം ഉണ്ടാകാൻ കുറച്ചു കാലം എടുക്കും. അതിനാൽ സ്വർണ്ണം കൈവശം ഉള്ളവർ തിരക്ക് പിടിച്ചു വിൽക്കേണ്ട സാഹചര്യം നിലവിൽ ഇല്ല. എത്രകാലം സ്വർണ്ണവില ഉയർന്ന് നിൽക്കും എന്നത് അമേരിക്കൻ സമ്പദ് വ്യവസ്ഥ ഏത് വേഗത്തിൽ തിരിച്ചുവരും എന്നതിനെ ആശ്രയിച്ചിരിക്കും.നിലവിൽ സ്വർണ്ണം കൈവശം ഇല്ലാത്തവർ വലിയ ലാഭം പ്രതീക്ഷിച്ചു സ്വർണ്ണം വാങ്ങേണ്ടത് ഇല്ല. കാരണം അമേരിക്ക മൂന്നര ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ കൂടി പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് നിലവിൽ സ്വർണ്ണ വില കുതിക്കുന്നതും ഡോളർ ഇൻഡക്സ് 100 ന് മുകളിൽ നിന്ന് 93.63 എന്ന നിലയിലേക്ക് ഇടിഞ്ഞതും.

അമേരിക്ക മൂന്നര ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചാൽ ഡോളർ ഇൻഡക്സ് 90 ന് അടിയിലേക്ക് പോകുകയും അന്തരാഷ്ട്ര സ്വർണ്ണ വില 2000 ത്തിന് മുകളിലേക്ക് പോകുകയും ചെയ്യും. എന്നാൽ ഒരു ലക്ഷം കോടി ഡോളറിന്റെ ഉത്തേജന പാക്കേജുകൾ മാത്രമേ അമേരിക്ക പ്രഖാപിക്കുന്നുള്ളൂ എങ്കിൽ, പ്രസ്തുത പാക്കേജ് അമേരിക്കൻ സമ്പദ് വ്യവസ്ഥ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ആശ്രയിച്ചു സ്വർണ്ണ വില മുന്നോട്ട് പോകും.

1940 കൾ മുതൽ ഉള്ള ചരിത്രം വെച്ച് നോക്കിയാൽ ജനപിന്തുണ തെരഞ്ഞെടുപ്പിന് 100 ദിവസം മുമ്പ് നടത്തുന്ന സർവ്വേയിൽ 40 ൽ കുറവുള്ള ആരും വീണ്ടും ജയിച്ചിട്ടില്ല. നിലവിൽ ട്രംപ് 38 എന്ന അവസ്ഥയിലാണ്. അതിനാൽ മുൻ നിലപാടിന് വിരുദ്ധമായി ഒരു ലക്ഷം കോടിക്ക് മുകളിൽ ഉള്ള സാമ്പത്തിക ഉത്തേജന പാക്കേജ് ട്രംപ് അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പെടുന്നനെ സ്വർണ്ണ വിലയിൽ ഒരു തകർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്.