മദ്യനികുതി കൂട്ടി ക്ഷേമപദ്ധതികൾ വർധിപ്പിക്കുന്നതിന് പകരം സർക്കാർ മദ്യനികുതി കുറച്ചു ദാരിദ്ര്യം കുറയ്ക്കാൻ നോക്കുക, കുര്യച്ചന്റെ കഥ വായിക്കൂ

73

Ajith Sudevan

പ്രതിമാസം 20000 രൂപാ ശമ്പളം കിട്ടുന്ന കുര്യച്ചൻ അതിൽ 15000 രൂപാ മദ്യത്തിന് ചെലവഴിക്കും. ശേഷിക്കുന്ന 5000 വഴിച്ചെലവും വണ്ടിക്കൂലിയും ഒക്കെയായി പോകും. ചുരുക്കിപറഞ്ഞാൽ കുര്യച്ചൻ കടുബത്തേക്ക് ഒന്നും കൊണ്ടുവരാറില്ല. താൻ വലിയ തോതിൽ മദ്യനികുതി നൽകുന്നുണ്ട് എന്നും പ്രസ്തുത തുക ഉപയോഗിച്ച് തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനാണ് എന്നും ആണ് കുര്യച്ചന്റെ പക്ഷം.

കുര്യച്ചന്റെ വീടിന് അറ്റകുറ്റപ്പണി നടത്താനായി ഭവന രഹിതർക്കുള്ള 4 ലക്ഷം സഹായം തേടി പഞ്ചായത്ത് ഓഫീസിൽ എത്തിയ കുര്യച്ചന്റെ ഭാര്യയെ, കുടുംബം നോക്കാതെ കള്ളും കുടിച്ചു നടക്കുന്ന കുര്യച്ചനെ പോലുള്ളവർക്ക് ഉള്ളതല്ല പ്രസ്തുത സഹായം എന്നും അതിലും അർഹരായ അനേകർ പഞ്ചായത്തിൽ ഉണ്ട് എന്നും പറഞ്ഞു അധികാരികൾ തിരിച്ചയച്ചു. വിവരം അറിഞ്ഞ കുര്യച്ചൻ പഞ്ചായത്ത് ഓഫീസിലേക്ക് പാഞ്ഞെത്തി.

തന്റെ ഭാര്യ ആരുടെയും ഔദാര്യം വാങ്ങാൻ വന്നത് അല്ല എന്നും തനിക്ക് അർഹതപ്പെട്ട നികുതി വിഹിതം വാങ്ങാൻ വന്നതാണ് എന്നും കുര്യച്ചൻ. മദ്യ നികുതി ഒഴിവാക്കിയാൽ അത് തന്റെ കുടുമ്പത്തെ എങ്ങനെ സഹായിക്കും എന്നും കുര്യച്ചൻ വിശദീകരിച്ചു. അത് കേട്ട് പഞ്ചായത്ത് കാരും നാട്ടുകാരും ഒന്നിച്ചു ഞെട്ടി.

15000 രൂപാ വിലയുള്ള മദ്യത്തിന്റെ വിലയുടെ 90% വിവിധ കേന്ദ്ര സംസ്ഥാന നികുതികളാണ്. അതായത് 13500 രൂപാ. സർക്കാർ നികുതി വേണ്ടെന്ന് വെച്ചാൽ അതിൽ 1500 താൻ തന്റെ അമ്മയ്ക്ക് നൽകും. പകരം ക്ഷേമ പെൻഷൻ വേണ്ടെന്ന് വയ്ക്കും. ശേഷിക്കുന്ന 12000 ൽ നിന്ന് 2000 ഉപയോഗിച്ച് കുടുബത്തേക്ക് കുറച്ചു പലചരക്ക് സാധനം വാങ്ങിയിട്ട് സർക്കാരിന്റെ 500 രൂപാ കിറ്റ് വേണ്ടെന്ന് വയ്ക്കും.
ശേഷിക്കുന്ന 10000 ത്തിൽ നിന്ന് 5000 രൂപ മുടക്കി 8% പലിശ നിരക്കിൽ 6 ലക്ഷം വായ്പ എടുത്ത് വീട് മെച്ചെപ്പെടുത്തും. ശേഷിക്കുന്ന 3000 മുടക്കി മകളെ സ്വകാര്യ സ്കൂളിലേക്ക് മറ്റും. അവശേഷിക്കുന്ന 2000 ചെലവഴിച്ചു ആരോഗ്യ ഇൻഷുറൻസ് വാങ്ങി കുടുബത്തിന്റെ ചികിത്സ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

ഫലത്തിൽ സർക്കാർ മദ്യനികുതി വേണ്ടെന്ന് വെച്ചാൽ, അല്ലെങ്കിൽ കുര്യച്ചൻ മദ്യപാനം ഉപേക്ഷിച്ചാൽ കുര്യച്ചന്റെ കുടുബത്തിന്റെ ജീവിത നിലവാരം മൊത്തത്തിൽ ഉയരും. ഇതിൽ നിന്നും ഭൂരിപക്ഷം പേരും മേൽഗതി പ്രാപിക്കാത്തതിന് കാരണം, മദ്യപാനവും മദ്യത്തിന് മേൽ ചുമത്തിയിരിക്കുന്ന ഭീമമായ നികുതിയും ആണെന്ന് മനസിലാക്കാം.

അതിനാൽ മദ്യനികുതി കൂട്ടി ക്ഷേമപദ്ധതികൾ വർധിപ്പിക്കുന്നതിന് പകരം സർക്കാർ മദ്യനികുതി കുറച്ചു ദാരിദ്ര്യം കുറയ്ക്കാൻ നോക്കുക്ക. ഇനി സർക്കാർ അതിന് തയ്യാറാകുന്നില്ല എങ്കിൽ കുര്യച്ചനെ പോലുള്ളവർ സ്വന്തം ദാരിദ്ര്യത്തിന് സർക്കാരിനെയും, സമ്പന്നരെയും കുറ്റപ്പെടുത്തുന്നതിന് പകരം കുടി നിർത്തി പണം കുടുംബത്തേക്ക് കൊണ്ടുപോകുക. അപ്പോൾ ആരുടെയും ഔദാര്യം ഇല്ലാതെ നിങ്ങളുടെ കുടുംബവും രക്ഷപെടും.