ഭവന വായ്പയും, വാഹന വായ്പയും ഒക്കെ എടുക്കുന്ന പലർക്കും ഉള്ള ഒര് പരാതിയാണ്, ബാങ്ക് തിരിച്ചടവ് ഒന്നും മുതലിൽ നിന്ന് കുറയ്ക്കുന്നില്ല. പകരം തിരിച്ചടവ് എല്ലാം പലിശയിലേക്ക് പോകുകയാണ് എന്നത്. എന്നാൽ ഇത് തികച്ചും സാങ്കേതികമായ ഒര് തെറ്റിധാരണ മാത്രമാണ്. ഉദാഹരണമായി 20 വർഷം കൊണ്ട് തീരുന്ന ഒര് വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക സ്വാഭാവികമായും പലിശ ചെലവിന് മുകളിൽ നിൽക്കും.
ഉദാഹരണമായി 7.5% പലിശയിൽ 25 ലക്ഷം രൂപാ 20 വർഷത്തേക്ക് ഭവന വായ്പ എടുത്താൽ അതിന്റെ പ്രതിമാസ തിരിച്ചടവ് 20,140 വരും. ആദ്യ മാസ തിരിച്ചടവിൽ 15,625 രൂപ പലിശ ഇനത്തിലും ശേഷിക്കുന്ന 4515 മുതലിലേക്കും വരവ് വയ്ക്കും. അതിന്റെ അടുത്തമാസം മുതലിലേക്ക് വരവ് വയ്ക്കുന്ന തുക ഇത്തിരികൂടി കൂടും. കാരണം ആദ്യ മാസം മുതലിലേക് വരവ് വെച്ച 4515 രൂപയുടെ പലിശ രണ്ടാമത്തെ മാസം നൽകേണ്ടതില്ല.
എന്നാലും ധാരാളം ഉപഭോക്താക്കൾക്ക് ഇത് അത്രയ്ക്ക് മനസിലാകില്ല. അല്ലെങ്കിൽ അവർ അത് മനസിലാക്കാൻ ശ്രമിക്കില്ല. പകരം അവർ ചിന്തിക്കുന്നത് ഞാൻ പ്രതിമാസം 20,140 വെച്ച് 12 മാസം കൊണ്ട് 2,41,680 അടച്ചു. അതിൽ പകുതി എങ്കിലും എന്തുകൊണ്ട് മുതലിലേക്ക് വരവ് വെച്ചുകൂടാ. അത് പ്രായോഗികമായി സാധ്യമല്ല. ഇനി അങ്ങനെ വേണം എങ്കിലും പ്രതിമാസ തിരിച്ചടവ് വളരെയേറെ ഉയർത്തേണ്ടിവരും. അത്തരം ഒര് സാഹചര്യം ഒഴിവാക്കാൻ ആണ് PMT സംവിധാനം ഉണ്ടാക്കിയത് തന്നെ.
എന്നാൽ ഇതൊന്നും ഉൾക്കൊള്ളാൻ സാമ്പത്തിക ഇതര മേഖലകളിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും തയാറാക്കില്ല. എന്തിനേറെ വിവാഹം വരെ പഠിക്കുക എന്ന ആചാരത്തിന്റെ ഭാഗമായി, MA എക്കണോമിക്സ്, എംബിഎ ഫൈനാൻസ് ഒക്കെ പഠിച്ച ചേച്ചിമാർ പോലും 2,41,680 രൂപാ ആദ്യ വർഷം അടച്ചിട്ടും, ബാങ്ക് അതിൽ 56,080 മാത്രമേ മുതലിലേക്ക് വരവ് വെച്ചുള്ളൂ, ശേഷിച്ച തുക പലിശ ഇനത്തിൽ പോയി എന്ന് പരിഭവം പറയും.
ഒടുവിൽ 12 മാതെ വർഷം മുതൽ ഇത്തരക്കാരുടെ ആഗ്രഹം പോലെ തിരിച്ചടവിന്റെ പകുതിയിൽ ഏറെയും മുതലിലേക്ക് വരവ് വയ്ക്കുന്ന സാഹചര്യം ഉണ്ടാകും. പക്ഷേ അതുവരെ ഒന്നും കാത്തിരിക്കാൻ ഇത്തരക്കാർ മിക്കവരും തയ്യാറാകില്ല. പകരം കൂടിയ പലിശയ്ക്ക് സ്വർണ്ണ പണയം ഒക്കെ എടുത്തു കുറഞ്ഞ പലിശയിൽ ഉള്ള ഭവന വായ്പ ഇത്തരക്കാർ ക്ലോസ് ചെയ്യും. എന്നാൽ പ്രസ്തുത പ്രവർത്തികൊണ്ട് പറയത്തക്ക നേട്ടം ഒന്നും ഇല്ല എന്ന് ചുവടെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് വഴി നിങ്ങൾക്ക് മനസിലാക്കാൻ പറ്റും. ഓർക്കുക മുടങ്ങാതെ അടച്ചാൽ സമയത്ത് തന്നെ വായ്പ തീരും ബാങ്ക് കളിപ്പിക്കുക ഒന്നും ഇല്ല.