ചൈനയിലെ ഒരു മൂലയിൽ തുടങ്ങി ലോകത്തെ മൊത്തം മൂലയിൽ കയറ്റി ഇരുത്തിയ covid-19 ന്റെ ചരിത്രം

0
474

Ajith Sudevan

ചൈനയിലെ ഒരു മൂലയിൽ തുടങ്ങി ലോകത്തെ മൊത്തം മൂലയിൽ കയറ്റി ഇരുത്തിയ covid-19 ന്റെ ചരിത്രം.

2019 ഡിസംബർ 1 ന് ആണ് ആദ്യ covid-19 കേസ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ രേഖപെടുത്തപ്പെട്ടത്. ജനുവരി 4, 2020 ആയതോടെ പ്രസ്തുത രോഗികളുടെ എണ്ണം 44 ആയി ഉയർന്നു. മാംസ വ്യാപാര ശാലകൾ വഴിയാണ് രോഗം പകരുന്നത് എന്ന് കരുതി പ്രസ്തുത പ്രവിശ്യയിലെ മാംസ വ്യാപാര ശാലകൾ എല്ലാം 2020 ജനുവരി 5 ന് ചൈനീസ് സർക്കാർ അടച്ചു. എന്നാൽ ജനുവരി 9 ന് രോഗകാരണം പുതിയൊരുതരം കൊറോണാ വൈറസ് ആണെന്ന് കണ്ടെത്തുകയും 2019 ൽ വന്ന കൊറോണ വൈറസ് എന്ന അർഥത്തിൽ പ്രസ്തുത രോഗത്തിന് covid-19 എന്ന് പേര് നൽകുകയും ചെയ്തു.

Image result for wuhan china mapജനുവരി 11 ന് covid-19 മൂലം ഉള്ള ആദ്യ മരണം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ രേഖപെടുത്തപെട്ടു. 22000 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റയിൽവേ സംവിധാനം വഴി രാജ്യത്തെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട വുഹാൻ പ്രവിശ്യയിൽ നിന്ന് ട്രെയിൻ വഴി രോഗം ചൈനയുടെ ഇതര പ്രദേശങ്ങളിലേക്കും, അതേപോലെ അവിടുത്തെ തിരക്കേറിയ വിമാനത്താവളം വഴി ലോകത്തിന്റെ ഇതര പ്രദേശങ്ങളിലേക്കും പടർന്നു. ജനവരി 13 ന് തായ്‌ലൻഡ് ചൈനയ്ക്ക് വെളിയിൽ covid-19 രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി.

ജനവരി 23 ന് ലോക വ്യാപകമായി 581 covid-19 കേസുകൾ രേഖപ്പെടുത്തി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം അതിവേഗം പകരും എന്നും അതോടെ ബോധ്യപ്പെട്ടു. അതോടെ വുഹാൻ പ്രവിശ്യയിൽ കൂടെയുള്ള ട്രെയിൻ ഗതാഗതം ചൈന നിർത്തിവെച്ചു. ജനുവരി 30 ആയതോടെ covid-19 ബാധിതരുടെ എണ്ണം 7818 ആയി ഉയർന്നു.

Image result for wuhan chinaഫെബ്രുവരി 3 ന് ഡയമണ്ട് പ്രിൻസ് എന്ന ആർഭാട കപ്പലിൽ രോഗം കണ്ടെത്തുകയും ഫെബ്രുവരി 11 ന് പ്രസ്തുത കപ്പലിലെ രോഗികളുടെ എണ്ണം 696 ആയി ഉയരുകയും ചെയ്‌തു. ഫെബ്രുവരി 17 ആയതോടെ രോഗികളുടെ എണ്ണം 71429 ആയി ഉയർന്നു. ഫെബ്രുവരി 24 ന് ശേഷം ചൈനയേക്കാൾ വേഗത്തിൽ ഇറ്റലിയും ഇറാനും അടക്കം ഉള്ള ലോകത്തെ ഇതര രാജ്യങ്ങളിൽ രോഗം വ്യാപിക്കാൻ തുടങ്ങി. അപ്പോളും ഞാൻ അടക്കം ഉള്ള ശുഭാപ്‌തി വിശ്വാസക്കാർ പേടിക്കാൻ ഒന്നും ഇല്ല ഇത് ഇതര പനികൾ പോലെ പോയിക്കോളും എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുയും ചെയ്‌തു.

ഫെബ്രവരി 29 ന് അമേരിക്കയിലെ കാലിഫോർണിയ, വാഷിംഗ്‌ടൺ മുതലായ സംസ്ഥാനങ്ങളിൽ ചൈനയിൽ പോകാത്തവർക്കും രോഗം വരാൻ തുടങ്ങി. മാർച്ച് 7 യോടെ ലോക വ്യാപകമായുള്ള covid-19 ബാധിതരുടെ എണ്ണം 101927 ആയി ഉയര്ന്നു. അതോടെ covid-19 ബാധിതരെ സഹായിക്കാൻ 830 കോടി ഡോളറിന്റെ പദ്ധതിയുമായി ട്രംപ് എത്തി.

പക്ഷേ ചൈനയിൽ നിന്ന് വന്ന covid-19 ന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ട്രംപിന്റെ ഓർഡർ കണ്ട് പേടിക്കാതെ covid-19 അമേരിക്കയിൽ തേരോട്ടം തുടർന്നു. അതോടെ കണ്ട്രോൾ പോയ ട്രംപ് അണ്ണൻ covid-19 നെ ഇംഗ്ലീഷ് പഠിപ്പിക്കാതെ അമേരിക്കയ്ക്ക് വിട്ടതിന് ചൈനയെ ചീത്ത വിളിക്കാൻ തുടങ്ങി. എന്നിട്ടും covid-19 കീഴടങ്ങുന്നില്ല എന്ന് കണ്ടതോടെ മാർച്ച് 13 ന് ട്രംപ് അണ്ണൻ അമേരിക്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ നാട്ടുകാർ വെപ്രാളം പിടിച്ചു സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി. പ്രസ്തുത സാഹചര്യം നേരിടാനായി വാൾമാർട്ട് ഒന്നര ലക്ഷത്തോളം ജീവനക്കരെ അധികമായി നിയമിച്ചു.

മാർച്ച് 19 ന് അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കാലിഫോർണിയ ആഹാരം മരുന്ന് മുതലായ അവശ്യ സാധനങ്ങൾ വാങ്ങാൻ അല്ലാതെ പുറത്തിറങ്ങുന്നത് തടഞ്ഞുകൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ 8 ആഴ്ച കൊണ്ട് കാലിഫോർണിയയിലെ 56% ജനങ്ങളിലും covid-19 എത്തിയിരിക്കും എന്ന രീതിയിൽ ആശുപത്രികളും മറ്റും തയ്യാറാക്കാൻ കാലിഫോർണിയ ഗവർണർ 30 കോടി ഡോളർ അനുവദിച്ചു. അതോടൊപ്പം അനാവശ്യ ആശുപത്രി യാത്രകൾ ഒഴിവാക്കാനും ജനത്തോട് അഭ്യർഥിച്ചു.

മറുവശത്തു കൊറോണാ ബാധിതരെ സഹായിക്കാനുള്ള തുക 830 കോടി ഡോളറിൽ നിന്ന് ഒര് ലക്ഷം കോടി ഡോളറിന് മുകളിലേക്ക് ട്രംപ് ഉയർത്തി. മാർച്ച് 5 ന് കേവലം 375 covid-19 ടെസ്റ്റുകൾ മാത്രം നടത്തിയിരുന്ന അമേരിക്കയിൽ മാർച്ച് 19 ന് ടെസ്റ്റിന്റ എണ്ണം 27500 ആയി. ടെസ്റ്റ് കപ്പാസിറ്റി പ്രതിദിനം ഒര് ലക്ഷമായി ഉയർത്താനും അതിനായി രാജ്യവ്യാപകമായി കൂടുതൽ മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ട്രംപ് ഉത്തരവ് ഇറക്കി. അതുവരെ എന്തേലും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ മാത്രം പരിശോധനയ്ക്ക് വന്നാൽ മതി എന്നും അല്ലാത്തവർ വീട്ടിൽ അടങ്ങി ഇരിക്കാനും നിർദേശിച്ചു. അങ്ങനെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യത്തെ ജനങ്ങളെ വരെ മൂലയിൽ കയറ്റി ഇരുത്തി covid-19 ജൈത്രയാത്ര തുടരുന്നു.