ആരാധനാലയങ്ങൾ ഉയർത്തിയതുകൊണ്ടല്ല അവസരങ്ങൾ ഉയർത്തിയതുകൊണ്ടാണ് ചൈന മുന്നേറിയത്

28

Ajith Sudevan

ആഗോളവത്‌കരണം സാധാരണക്കാർക്ക് ഓഹരി നിക്ഷേപങ്ങൾ നടത്താനും, അതോടൊപ്പം വ്യക്തിഗത വായ്പ്പകൾ കിട്ടാനും ഉള്ള അവസരം ഒരുപാട് ഉയർത്തി. ഇവയുടെ രണ്ടിന്റെയും സഹായത്തോടെ ധാരാളം ആളുകൾ വലിയ വീട് വെച്ചതും, വില കൂടിയ കാർ വാങ്ങിയതും ഒക്കെ അവർക്ക് ദൈവാനുഗ്രഹം ഉള്ളത് കൊണ്ടാണ് എന്നൊരു തോന്നൽ സമൂഹത്തിൽ ക്രമേണ ശ്കതമാക്കി.

അതോടെ മതഭേദമന്യേ ജനം ആരാധനാലയങ്ങളിലേക്ക് ഇടിച്ചു കയറാനും, ചെലവേറിയ വഴിപാടുകൾ നടത്താനും തുടങ്ങി. ഇന്നേക്ക് 30 വർഷം മുമ്പ് ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന സ്വർണ്ണ കൊടിമരം, മിക്ക ക്ഷേത്രങ്ങളിലും കഴിഞ്ഞ കുറെ വർഷം കൊണ്ട് സർവ്വ സാധാരണം ആയതും, എന്തിനേറെ ക്രിസ്ത്യൻ പള്ളികളിൽ പോലും സ്വർണ്ണ കൊടിമരം വ്യാപകം ആയതും ആരാധനാലയങ്ങളിലേക്ക് ഒഴുകിയ പണത്തിന്റെ തെളിവാണ്.

1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ആരാധനാലയങ്ങൾക്ക് ഇത്തരം ഒര് ഉയര്ച്ച കൈവരിക്കാൻ കഴിയാതെ ഇരുന്നത് അന്ന് ആഗോളവത്കരണത്തോട് പുറം തിരിഞ്ഞു നിന്ന ഇന്ത്യയിൽ, സാധാരണക്കാർക്ക് നിക്ഷേപം നടത്താനും, വായ്പ വാങ്ങാനും വേണ്ടത്ര അവസരം ഇല്ലാത്തതിനാലും, അവയുടെ സഹായത്തോടെ ഇരുന്ന് എഴുന്നേറ്റപ്പോലെ ഉയരങ്ങളിൽ എത്തുന്നവർ നമ്മളുടെ കണ്മുന്നിൽ ഇല്ലാത്തതിനാലും ആണ്.ആരാധനാലയങ്ങളുടെ എണ്ണം ഉയർത്തിയത് കൊണ്ടല്ല, മറിച്ചു ആഗോളവത്കരണത്തോട് ചേർന്ന് നിന്ന് അവസരങ്ങളുടെ എണ്ണം ഉയർത്തിയത് കൊണ്ടാണ്, ഒരുകാലത് നമ്മളോടൊപ്പം ഉള്ള ജിഡിപി മാത്രം ഉണ്ടായിരുന്ന ചൈന ഇന്ന് ഒരുപാട് ഉയരത്തിൽ എത്തിയത്.

പ്രസ്തുത സത്യം എന്ന് ജനം മനസിലാക്കുന്നോ അന്ന് മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളും, ആചാരങ്ങളുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും, സമൂഹത്തിൽ നിന്ന് ഇല്ലാതെ ആകും. എന്നാൽ അത് അടുത്തൊന്നും നടക്കാൻ പോകുന്നില്ല. കാരണം ആഗോളവത്കരണത്തിന്റെ എല്ലാവിധ നേട്ടങ്ങളും അനുഭവിച്ചു കഴിയുമ്പോളും, അതിനെ അംഗീകരിക്കാൻ ഭൂരിപക്ഷം പുരോഗമനവാദികളും തയാറല്ല. അതിനാൽ ആഗോളവത്കരണത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് തുടർന്നും ഇന്ത്യയിൽ ദൈവത്തിന് ലഭിക്കും. ദൈവത്തെ സന്തോഷിപ്പിക്കാനായി മതഭേദമന്യേ നടത്തുന്ന പൊങ്കാല മുതൽ നരബലി വരെയുള്ള ആചാരങ്ങൾ തുടരുകയും ചെയ്യും.

അതിനാൽ പുരോഗമനവാദികൾ സമൂഹത്തിൽ നാൾക്ക് നാൾ വർധിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ക്രൂരതകൾ ഇല്ലാതെ ആക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു എങ്കിൽ, ഇന്ന് നാം അനുഭവിക്കുന്ന അവസരങ്ങൾ ഏറെയും ആഗോളവത്കരണത്തിന്റെ നേട്ടമാണ് എന്ന്, ആഗോളവത്‌കരണത്തോട് പുറം തിരിഞ്ഞു നിന്നത് മൂലം ഇപ്പോളും സാമ്പത്തികമായി പിന്നോക്കം ആയി തുടരുന്ന രാജ്യങ്ങളെ ഉയർത്തിക്കാട്ടി ജനത്തെ ബോധവൽക്കരിക്കുക.