ലോക് ഡൌൺ കഴിഞ്ഞാലും ജനം പഠിക്കാനൊന്നും പോണില്ല, പഴയത് പോലെ അടിച്ചുപൊളിച്ചു ജീവിക്കും

81

Ajith Sudevan

കൊറോണയ്ക്ക് ശേഷം ലോക സമ്പത്ത് വ്യവസ്ഥ വലിയതോതിൽ മാറും എന്നും ചെറിയ വീടും ചെലവ് കുറഞ്ഞ കല്യാണവും ഒക്കെ സർവ്വ സാധാരണമാകും എന്നൊക്കെ ഒക്കെയുള്ള തള്ളലുകളുടെ ബഹളമാണ് ഇപ്പോൾ. എന്നാൽ ലോക് ഡൗൺ അനന്തമായി നീട്ടി കൊണ്ടുപോയില്ലേൽ ലോക സമ്പത്ത് വ്യവസ്ഥ അതിന്റെ താളം ഏറെ വൈകാതെ തന്നെ വീണ്ടെടുക്കും എന്നും, ജനം പഴയത് പോലെ അടിച്ചുപൊളിച്ചു ജീവിക്കും എന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഇപ്പോൾ നമ്മളെ ആദർശം ഉപദേശിക്കുന്ന പലരും അപ്പോൾ അവരുടെ വീടും, വിവാഹവും ഒക്കെ ആർഭാടമായി നടത്തും. ഒടുവിൽ കുറെ വർഷങ്ങൾക്ക് ശേഷം വലിയ വീടിന്റെയും, ആർഭാടമായി നടത്തിയ വിവാഹത്തിന്റെയും ഒക്കെ ചിത്രങ്ങൾ 10 ആം വാർഷിക ആഘോഷം അല്ലെങ്കിൽ 25 ആം വാർഷിക ആഘോഷം എന്നൊക്കെ പറഞ്ഞു അവർ ഇടുമ്പോൾ ഇവരുടെ വാക്കും കേട്ട് ചെറിയ വീടും, ചെലവ് കുറഞ്ഞ കല്യാണവും ഒക്കെ നടത്തിയ നിങ്ങളുടെ ചിത്രങ്ങൾ പിന്തള്ളപ്പെടും.

അതിനാൽ വലിയ വീടും, ആർഭാട വിവാഹവും ഒക്കെ ആഗ്രഹിക്കുന്നവർ ഇത്തിരി കാത്തിരിന്നിട്ട് ആയാലും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചു അവയൊക്കെ സഫലീകരിക്കുക. വീടും, വിവാഹവും ഒക്കെ ആർഭാട രഹിതമാക്കാൻ നമ്മളെ ഉപദേശിക്കുന്നമിക്കവരും അവരുടെ ജീവിതത്തിൽ അവയൊക്കെ ആർഭാടമായി നടത്തിയവരാണ്. അല്ലെങ്കിൽ ആർഭാടമായി നടത്താൻ ഉദ്ദേശിക്കുന്നവരാണ്.
തങ്ങളെക്കാൾ മുന്തിയത് മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന സ്വാർത്ഥ ചിന്തയാണ് അവർ മിക്കവരെയും കോറോണയെ മറയാക്കി സമൂഹത്തെ ലാളിത്യം ഉപദേശിക്കാൻ പ്രേരിപ്പിക്കുന്നത്. അല്ലാതെ ആര്ഭാടത്തിന്റെ നിരർത്ഥകതയെ കുറിച്ചുള്ള ബോധം കൊണ്ടാണ് അവരൊക്കെ ഇങ്ങനെ ഉദ്‌ബോധനം നടത്തുന്നത് എങ്കിൽ ഇവരൊക്കെ എന്തുകൊണ്ട് പ്രസ്തുത ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയില്ല.

2008 ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അമേരിക്കൻ കാർ വിപണി വലിയ തോതിൽ തകർന്നു. തൊഴിൽ മേഖലയിൽ ഉള്ള അനിശ്ചിതത്വം മൂലം പലരും പുതിയ കാർ വാങ്ങാൻ മടിച്ചത് ആയിരിന്നു അതിന്റെ കാരണം. പ്രസ്തുത സാഹചര്യത്തെ അവസരമാക്കി രൂപം കൊണ്ട കാലിഫോർണിയ ആസ്ഥാനമായ റൈഡ് ഷെയർ കമ്പനികളായ യൂബർ, ലിഫ്റ്റ് എന്നിവയുടെ വിജയം അമേരിക്കൻ കാർ വിപണി ഒരിക്കലും ഇനി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരില്ല എന്ന തോന്നൽ പലരിലും ഉണ്ടാക്കി.

എന്നാൽ സാമ്പത്തിക രംഗം ശക്തി പ്രാപിക്കുന്നതോടെ വിപണി വർധിത വീര്യത്തോടെ മടങ്ങി വരും എന്ന് വേറൊരു വിഭാഗം വാദിച്ചു. ഒടുവിൽ തൊഴിൽ മേഖലയും ഉപഭോക്താക്കളുടെ ആത്മവിശ്വാസവും തിരികെ വന്നതോടെ അമേരിക്കൻ കാർ വിപണി വീണ്ടും പഴയ പ്രതാപത്തിൽ എത്തി. അതുപോലെ കല്യാണവും വീട് പണിയും ഒക്കെ വിപണിയിലെ പണ ലഭ്യത ഉയരുന്നതോടെ വീണ്ടും പഴയ പടിയാകും.