സ്ഥിരവരുമാനം ഇല്ലാത്ത സാധാരണക്കാരൻ എങ്ങനെയാണ് സമ്പാദിക്കുന്നത് എന്നറിയണ്ടേ ?

  82

  Ajith Sudevan

  പലരും പറയുന്നത് സ്ഥിരവരുമാനം ഇല്ലാത്ത സാധാരണക്കാരൻ എങ്ങനെയാണ് സമ്പാദിക്കുന്നത്. സമ്പാദ്യം ഒക്കെ സ്ഥിരവരുമാനം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത് അല്ലേ. അല്ലാത്തവർ കൂട്ടിയാൽ കൂടില്ല. എന്നാൽ ഇത് തികച്ചും തെറ്റായ ഒര് വിശ്വാസമാണ്. സ്ഥിരവരുമാനം ഇല്ലാത്തത് അല്ല സമ്പാദിക്കാൻ ഉള്ള സ്ഥിരോത്സാഹം ഇല്ലാത്തത് ആണ് മിക്കവരെയും ഒര് അത്യാവശ്യത്തിന് 10000 രൂപാ പോലും തികച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആകുന്നത്.

  ഉദാഹരണമായി നിർമ്മാണ ജോലി ചെയ്യുന്ന രണ്ട് ദമ്പതികളെ എടുക്കുക. പ്രതികൂല കാലാവസ്ഥയും ഇതര ഘടകങ്ങളും നിമിത്തം വർഷത്തിൽ പകുതി ദിവസം (180 ദിവസം) മാത്രമേ ഇവർക്ക് ജോലി കിട്ടാറുള്ളൂ. അതായത് മാസം ശരാശരി 15 ദിവസം. പണിയുള്ള ദിവസം രണ്ടുപേർക്കും കൂടി 2000 രൂപാ കിട്ടും. അതായത് പ്രതിമാസം ശരാശരി 30000 രൂപാ.

  എന്നാലും കുറച്ചു ദിവസം അടുപ്പിച്ചു പണിയില്ലാതെ വന്നാൽ ഇതിൽ ഒന്നാമത്തെ ദമ്പതികൾ കടത്തിലാകും. സ്ഥിര വരുമാനം ഇല്ലാത്തത് ആണ് പ്രസ്തുത അവസ്ഥയ്ക്ക് കാരണം എന്നാണ് അവരുടെ വാദം. തങ്ങൾക്ക് പറയത്തക്ക നീക്കിയിരിപ്പ് ഒന്നും ഇല്ലാത്തതിനും തങ്ങളുടെ ജീവിതം സർക്കാർ സഹായത്തോടെ കിട്ടിയ ഒര് ചെറിയ വീട്ടിൽ ഒതുങ്ങുന്നതിനും കാരണം ഒര് കൂട്ടം ധനികർ സമ്പത്ത് കൂട്ടി വെച്ചെരിക്കുന്നതാണ് എന്നും ആണ് അവരുടെ വിശ്വാസം.

  അതിനാൽ തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സമ്പന്നരുടെ സമ്പത്തിന്റെ ഒര് പങ്ക് പിടിച്ചെടുത്ത് തങ്ങൾക്ക് തരണം എന്നും, അതല്ലാതെ തങ്ങളെ പോലുള്ളവരുടെ ദാരിദ്ര്യം അകറ്റാൻ വേറെ മാർഗ്ഗം ഒന്നും ഇല്ല എന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഇവരുടെ പ്രസ്തുത വാദങ്ങളും വിശ്വാസങ്ങളും തെറ്റാണ് എന്നാണ് ഉത്തമ തെളിവായി രണ്ടാമത്തെ ദമ്പതികൾ 1200 ചതുരശ്രയടി വലിപ്പം ഉള്ള വീടും, 20 ലക്ഷം ബാങ്ക് നിക്ഷേപവും അതോടൊപ്പം ഇതേ വരുമാനം കൊണ്ട് പിക്കപ്പ് ട്രക്കും ഉണ്ടാക്കിയ രണ്ടാമത്തെ ദമ്പതികൾ. രണ്ടാമന് നിധി കിട്ടിയതാണ് രണ്ടാമന്റെ പണം കള്ളപ്പണമാണ് എന്നൊക്കെയാണ് ഒന്നാമന്റെ വാദം എന്നാൽ ഇതെല്ലാം തെറ്റാണ്.

  ഒന്നാമൻ കൂലി കിട്ടിയാൽ നേരെ മദ്യശാലയിലേക്ക് പോകും. അവശേഷിക്കുന്ന പണത്തിന് മക്കൾക്ക് കുറച്ചു പലഹാരം ഒക്കെ വാങ്ങി വീട്ടിൽ വരും. ഭാര്യക്ക് കിട്ടുന്നത് കൊണ്ടാണ് വീട്ട് ചെലവ് കഴിയുന്നത്. പുള്ളിക്കാരിയുടെ വരുമാനത്തിൽ എന്തേലും മിച്ചം ഉണ്ടേൽ പണിയില്ലാത്ത ദിവസം വെള്ളം അടിക്കാൻ ഒന്നാമൻ അത് അടിച്ചുകൊണ്ടുപോകും. അതുകൊണ്ട് പുള്ളിക്കാരി വലുതായി ഒന്നും കരുതാറില്ല മിച്ചം ഉള്ള പണത്തിന് ഇൻസ്റ്റാൾമെന്റ് കച്ചവടക്കാരോട് ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങും.

  എന്നാൽ രണ്ടാമൻ വെള്ളം അടിക്കില്ല എന്ന് മാത്രമല്ല കിട്ടുന്ന വരുമാനം അന്നന്ന് സഹകരണ ബാങ്കിന്റെ ശാഖയിൽ ഉള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. പണിയില്ലാത്ത ദിവസം ഭാര്യയും, ഭർത്താവും കൂടി ഒന്നിച്ചുപോയി വീട്ട് ആവിശ്യത്തിന് സാധനങ്ങൾ വിലക്കുറവും, ഗുണ നിലവാരവും നോക്കി ഒന്നിച്ചു വാങ്ങും. പലഹാരങ്ങൾ ഒക്കെ അവർ രണ്ടാളും കൂടി വീട്ടിൽ ഉണ്ടാക്കും. ഇങ്ങനെ ലാഭിച്ച പണം ഉപയോഗിച്ച് അവർ ആദ്യം കുറച്ചു വയൽ വാങ്ങി. അതിൽ വീട്ടാവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിച്ചു. മിച്ചമുള്ളത് അടുത്തുള്ള കടയിൽ കൊടുത്തിട്ട് തങ്ങൾക്ക് ഇല്ലാത്തത് വാങ്ങും. പാടത്തെ പണിയൊക്കെ ഒഴിവ് ദിവസങ്ങളിൽ രണ്ടാളും കൂടി ചെയ്യും. ഇങ്ങനെയൊക്കെ ചെയ്താണ് ആദ്യ 10 വർഷം കൊണ്ട് അവർ സർക്കാർ സഹായം ഇല്ലാതെ തന്നെ ഒര് ഇടത്തരം വീട് സ്വന്തം ആക്കിയത്. വീട് പണിയും കഴിവതും ഒഴിവ് ദിവസങ്ങളിൽ അവർ രണ്ടും കൂടിയാണ് നടത്തിയത്.

  പിന്നീടുള്ള 10 വർഷം കൊണ്ട് ഉണ്ടാക്കിയതാണ് 20 ലക്ഷവും പിക്കപ്പും. പ്രതിമാസം ശരാശരി 30000 രൂപയാണ് കഴിഞ്ഞ 10 വർഷമായി അവരുടെ വരുമാനം അതിൽ 10000 മാത്രമേ വീട്ട് ചെലവ് ഇനത്തിൽ ചെലവാക്കറുള്ളു ശേഷിക്കുന്നത് ഒക്കെ ചിട്ടിയും സ്ഥിര നിക്ഷേപവും അടക്കം വിവിധ സമ്പാദ്യമാർഗ്ഗങ്ങളിൽ നിക്ഷേപിച്ചാണ് 20 ലക്ഷം ഉണ്ടാക്കിയതും പിക്കപ്പ് വാങ്ങിയതും.
  ഇതൊക്കെ കഥയിൽ അല്ലേ സാധിക്കൂ എന്നൊക്കെ പറഞ്ഞു പോസ്റ്റിനെ എതിർക്കാൻ വരുന്നവർ, ആദ്യം നിങ്ങളുടെ ചുറ്റുവട്ടം ഒന്ന് നിരീക്ഷിക്കുക. എന്നിട്ട് നമ്മളുടെ രണ്ടാമനെ പോലെ സാമ്പത്തിക അച്ചടക്കത്തോടെയും പരസ്പര സഹകരണത്തോടെയും കഴിഞ്ഞിട്ടും ഒര് 20 വർഷം കൊണ്ട് മേൽഗതി പ്രാപിക്കാത്ത ശാരീരിക പരിമിതി ഇല്ലാത്ത എത്രപേർ ഉണ്ടെന്ന് നോക്കുക. ശാരീരിക പരിമിതി ഇല്ലാത്ത ദരിദ്രർ മിക്കവരും അത്യാവശ്യം വെള്ളം അടിച്ചു പറയത്തക്ക ലഷ്യബോധവും, പരസ്പര ഐക്യവും ഇല്ലാതെ ജീവിക്കുന്നവർ ആയിരിക്കും എന്ന് മനസിലാക്കാം.

  മദ്യപിക്കുന്നതോ, കടയിൽ നിന്ന് പലഹാരം വാങ്ങുന്നതോ, ഇൻസ്റ്റാൾമെന്റ് സാധനം വാങ്ങുന്നതോ ഒന്നും തെറ്റല്ല. പക്ഷേ പണം അങ്ങനെ നാനാവിധം കളഞ്ഞിട്ട് തങ്ങൾക്ക് മേൽഗതി ഉണ്ടാകാത്തതിന്റെ കാരണം സമൂഹവും, സർക്കാരും മാത്രമാണ്, തങ്ങൾക്ക് അതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് മാത്രം പറയരുത്.