നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല, പക്ഷേ പോയവരിൽ 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ പണിപാളും

217

Ajith Sudevan

നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല! പക്ഷേ പോയവരിൽ ഒര് 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ അവരുടെ കുടുംബം മാത്രമല്ല കേരളാ ബഡ്ജറ്റും തകരും! കേരളത്തിന്റെ ബഡ്ജറ്റിൽ ആദായ നികുതി വരുമാനം എന്ന ഐറ്റത്തിന് വലിയ പ്രാധന്യം ഒന്നും ഇല്ല. കാരണം നമ്മളുടെ നാട്ടിൽ അമേരിക്കയിലെ കൂട്ട് സംസ്ഥാന ആദായ നികുതി എന്ന സാധനം ഇല്ല. പകരം സേവന നികുതിക്കും, വില്പന നികുതിക്കും ഒക്കെ പ്രാധാന്യം കൊടുത്തുള്ള സംവിധാനമാണ് ഇന്ത്യയിൽ ഉള്ളത്.

വാഹനത്തിന്റെയും, ഇന്ധനത്തിന്റെയും ഒക്കെ വില അമേരിക്കയെ അപേക്ഷിച്ചു ഇന്ത്യയിൽ ഉയർന്ന് നിൽക്കുന്നതും അതുകൊണ്ടാണ്. അതിനാൽ ആദായ നികുതി നൽകാത്ത പ്രവാസി മടങ്ങിയാൽ അത് നാടിൻറെ സമ്പത്ത് വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്ന ചോദ്യം അപ്രസകതമാണ്. പ്രവാസി മടങ്ങിയാൽ സ്വാഭാവികമായി അവരുടെ കുടുബങ്ങളുടെ വാങ്ങൽ ശേഷി കുറയുകയും അതിന്റെ പ്രതിഫലനം State’s Own Tax Revenue എന്ന വിഭാഗത്തിൽ ഉണ്ടാകുകയും ചെയ്യും. അവിടെ മാത്രമല്ല Share of Central Taxes എന്ന വിഭാഗത്തിലും അത് പ്രതിഫലിക്കും.

മടങ്ങിവരുന്ന പ്രവാസി ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ആശുപത്രിയേയും സർക്കാർ വിദ്യാലയത്തെയും ഒക്കെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങുന്നതോടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന്റെ ചെലവ് ഉയരും. എന്ന് മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉള്ള സ്വകാര്യ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കും അത് മൂലം പ്രസ്തുത മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേരുടെ തൊഴിൽ നഷ്ടത്തിനും അത് കാരണം ആകും. സർക്കാരിന്റെ വരുമാനം കുറയുന്നതിനാൽ സർക്കാർ മേഖലയിൽ സ്ഥിര നിയമനം കുറയും.

അതെ, വീട് നന്നാക്കാനായി പോയ പ്രവാസി പരോക്ഷമായിട്ട് ആണെങ്കിലും മോശമല്ലാത്ത രീതിയിൽ നാടും നന്നാക്കിയിട്ടുണ്ട്. അതിനാൽ ആദായ നികുതി കൊടുക്കാത്ത അയലത്തെ പ്രവാസി മടങ്ങിയാൽ സർക്കാർ ഉദ്യോഗം ഉള്ള ആദായ നികുതി ബാധ്യത ഉള്ള എനിക്ക് എന്താണ് എന്ന ചോദ്യം അപ്രസകതമാണ്. കാരണം ചിലപ്പോൾ നിങ്ങളുടെ ശമ്പളം മുടങ്ങുന്നതിനും അയലത്തെ പ്രവാസിയുടെ മടങ്ങിവരവ് കുറച്ചുകാലത്തേക്ക് എങ്കിലും കാരണമായി തീർന്നു എന്നിരിക്കാം. മികച്ച സാമ്പത്തിക അച്ചടക്കം വഴി സർക്കാരിനും സമൂഹത്തിനും ക്രമേണ പ്രസ്തുത സാഹചര്യം മറികടക്കാൻ കഴിയും . പക്ഷേ അതിന് കുറഞ്ഞത് 3 വർഷം എങ്കിലും പിടിക്കും.