കടം വാങ്ങി ഓഹരി നിക്ഷേപം നടത്താൻ പോയാൽ ഭാര്യ വായുവിൽ നിർത്തിയേക്കും

49

Ajith Sudevan

2009 ജനുവരി 9 ന് 285.59 വില ഉണ്ടായിരുന്ന റിലൈൻസ് ഇൻഡസ്ട്രീസ് ഓഹരികൾ കേവലം ഒര് വർഷം കൊണ്ട് 91.32% ഉയർന്ന് 2010 ജനുവരി 8 ന് 546.38 എന്ന നിലയിൽ എത്തി . സമാന രീതിയിൽ റിലൈൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വരും വർഷങ്ങളിലും ഉയരും എന്ന പ്രതീക്ഷയിൽ ഒരാൾ ഗൾഫിൽ നിന്ന് കുറച്ചുപണം വായ്പ എടുത്തു റിലൈൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ നിക്ഷേപിച്ചു.

ഗൾഫിലെ വായ്പ ഗൾഫിലെ വരുമാനം കൊണ്ട് അടച്ചു. 5 വർഷത്തിന് ശേഷം 2015 ജനുവരി 16 ന് വീട് വയ്ക്കാനായി ഓഹരികൾ വിൽക്കാൻ പോയ പ്രവാസി 430.75 എന്ന എന്ന ഓഹരി വില കണ്ട് ഞെട്ടി. അതായത് 5 വർഷം കൊണ്ട് നിക്ഷേപം വളർന്നില്ല. എന്ന് മാത്രമല്ല നിക്ഷേപം 22% ത്തോളം ഇടിഞ്ഞിരിക്കുന്നു.

ഓഹരി റിലൈൻസ് ഇൻഡസ്ട്രീസ് അല്ലേ ഇത്തിരി കാത്തിരുന്നാൽ വലിയ ലാഭം ഉറപ്പാണ് എന്ന ബന്ധുവിന്റെ പ്രേരണയിൽ വീണ്ടും ഒര് വർഷം കൂടി കാത്തിരുന്നു. എങ്കിലും 2016 ജനുവരി 8 ൽ ഓഹരികൾ 508.04 എന്ന നിലയിലേക്ക് മാത്രമേ ഉയർന്നുള്ളൂ.

അതോടെ ക്ഷമ നശിച്ച ഭാര്യ പ്രവാസി അണ്ണനെ വായുവിൽ നിർത്താൻ തുടങ്ങി. അങ്ങനെ പ്രവാസി അണ്ണൻ ഓഹരി വിറ്റു. അതായത് നീണ്ട 6 വർഷത്തെ കാത്തിരിപ്പ് കൊണ്ട് നിക്ഷേപം വളർന്നില്ല എന്ന് മാത്രമല്ല 7% നിക്ഷേപ നഷ്ടം ഉണ്ടാകുകയും ചെയ്‌തു.2009 ജനുവരി 9 ന് 12.92 ആയിരുന്ന വിനിമയ നിരക്ക് 2016 ജനുവരി 1 ന് 17.66 ആയി ഉയർന്നു. അതായത് നമ്മുടെ പ്രവാസി അണ്ണൻ നിക്ഷേപം നടത്താനായി കടം വാങ്ങിയ 25000 സൗദി റിയൽ വെറുതെ ഒര് കുടുക്കയിൽ ഇട്ടു ഗൾഫിൽ സൂക്ഷിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന് 6 വർഷത്തിന് ശേഷം രൂപയുടെ മൂല്യശോഷണം മൂലം 37% ലാഭം കിട്ടുമായിരുന്നു.

2009 ലെ നിക്ഷേപം കേവലം ഒര് വർഷം കൊണ്ട് 2010 ൽ 91.32% ഉയർന്നത് അമേരിക്കയിൽ സാമ്പത്തിക ഉത്തേജനത്തിന് മുടക്കിയ പണത്തിന്റെ ഒര് പങ്ക് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകിയതിനാലാണ്. 2020 ൽ വിപണിയിൽ ഉണ്ടായ കുതിപ്പും സമാന കാരണം കൊണ്ടാണ്.ഉള്ളതിൽ ഒര് പങ്ക് ഓഹരിയിൽ നിക്ഷേപിക്കുന്നത് ഒക്കെ നല്ലതാണ്. എന്നാൽ നിങ്ങൾ നിക്ഷേപം നടത്തുന്ന കമ്പനി എത്ര മികച്ചത് ആണെങ്കിലും, ചിലപ്പോൾ വർഷങ്ങൾ കാത്തിരുന്നാലും വിചാരിച്ച ലാഭം കിട്ടില്ല എന്ന് കൂടി ഓർത്തുവേണം പ്രസ്തുത ഓഹരി നിക്ഷേപം നടത്താൻ. അല്ലാതെ കമ്പനി മികച്ചത് എങ്കിൽ വലിയ ലാഭം ഉറപ്പാണ് എന്ന പ്രതീക്ഷയിൽ കടം വാങ്ങി ഓഹരി നിക്ഷേപം നടത്താൻ പോയാൽ, മിക്കവാറും നിങ്ങളേയും ഈ കഥയിലെ പ്രവാസി അണ്ണനെ പോലെ ഭാര്യ വായുവിൽ നിർത്തും.