വിവാഹപ്രായം ഉയർത്തുമ്പോൾ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയിൽ പതിയിരിക്കുന്ന അപകടങ്ങൾ

  0
  134

  Ajith Sudevan (USA) എഴുതുന്നു 

  15 നും 19 നും ഇടയിൽ പ്രായം ഉള്ള ഓരോ ആയിരം പെൺകുട്ടികളിലും 96.3 പേര് വീതം ഓരോ വർഷവും അമ്മ ആകുന്നുണ്ടായിരുന്നു 1954 ൽ അമേരിക്കയിൽ. 96.3 എന്നത് കൃത്രിമ ഗര്ഭച്ഛിദ്രങ്ങളും, ഗർഭം ആരോഗ്യപരമായ കാരണങ്ങളാൽ അലസിപോകുന്നതും ഒഴിവാക്കിയിട്ടുള്ള കണക്കുകൾ ആണ്. അവ കൂടി ചേർത്താൽ 15 നും 19 നും ഇടയിൽ പ്രായം ഉള്ള ഓരോ ആയിരം പെൺകുട്ടികളിലും കുറഞ്ഞത് 10% പെൺകുട്ടികൾ എങ്കിലും 1954 ൽ അമേരിക്കയിൽ ഗർഭിണി ആയിരിന്നു.

  എന്നാൽ 1954 ലെ 96.3 എന്ന നിലയിൽ നിന്നും 19 വയസിൽ കുറവ് പ്രായം ഉള്ള അമ്മമാരുടെ എണ്ണം 2014 യോടെ 24.2 എന്ന നിലയിലേക്ക് അമേരിക്ക കുറച്ചത് വിവാഹ പ്രായം ഉയർത്തിയല്ല. മതിയായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ ചെറുപ്രായത്തിൽ അമ്മയാകുന്നത് മൂലം ഭാവിയിൽ ഉണ്ടാകാവുന്ന ശാരീരികവും സാമ്പത്തികവും ആയ ബുദ്ധിമുട്ടുകളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചും, അതോടൊപ്പം വിവിധ ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകിയും ആണ്.

  അച്ഛന്റെയും, അമ്മയുടെയും സ്നേഹവും സംരക്ഷണവും ആവോളം അനുഭവിച്ചിട്ടുള്ള അഭിനവ പുരോഗമനവാദികൾ അച്ഛന്റെ തുണ ഇല്ലെങ്കിലും ഒര് അമ്മയ്ക്ക് കുഞ്ഞിനെ വളർത്താൻ കഴിയും എന്നൊക്കെ തള്ളിമറിക്കും. അവിവാഹിതരായ അമ്മമാർക്ക് ധാരാളം ക്ഷേമപദ്ധതികൾ ഉള്ള അമേരിക്ക അടക്കം ഉള്ള വികസിത രാജ്യങ്ങളിൽ പോലൂം അച്ഛൻ ഇല്ലാതെ വളരുന്ന കുട്ടികളുടെ കുറ്റകൃത്യ നിരക്കും, ദാരിദ്ര്യ നിരക്കും ശരാശരിയിലും ഉയർന്നതാണ്.

  അവിവാഹിതരായ അമ്മമാർക്ക് ഉണ്ടാകുന്ന കുട്ടികൾ ഇതര കുട്ടികളെ അപേക്ഷിച്ചു കുറ്റകൃത്യങ്ങളിൽ പെട്ട് 30 വയസിന് ഉള്ളിൽ ജയിലിൽ ആകാനുള്ള സാധ്യത ഇതര കുട്ടികളേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് അമേരിക്കയിലെ പഠനങ്ങൾ പറയുന്നത്. അപ്പോൾ അവിവാഹിതരായ അമ്മമാർക്ക് കുട്ടികളെ വളർത്താൻ പറയത്തക്ക ക്ഷേമപദ്ധതികൾ ഒന്നും ഇല്ലാത്ത ഇന്ത്യയിൽ നിയമപരമായി വിവാഹം കഴിക്കാത്ത അമ്മമാരുടെ എണ്ണം ഉയർന്നാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക.

  വിവാഹ പ്രായം 21 വയസ് ആക്കി ഉയർത്തി എന്നത് കൊണ്ട് ബീഹാറിലോ, ഒറീസയിലെയോ ഒക്കെ കുട്ടികൾ കോളേജിൽ പോകുന്നതിന്റ നിരക്കൊന്നും കൂടാൻ പോകുന്നില്ല. അവർ പതിവ് പോലെ ചെറുപ്രായത്തിലേ ജോലിക്ക് പോയി ജീവിക്കും. അതോടൊപ്പം അവരുടെ ഇടയിൽ നിയമപരമായി വിവാഹം കഴിക്കാത്ത അമ്മമാരുടെ എണ്ണം കൂടുകയും ചെയ്യും.

  അതിനാൽ വിവാഹ പ്രായം ഉയർത്തുന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലഷ്യത്തോടെയാണ് എങ്കിൽ, സർക്കാർ അതിന് വേണ്ട സാമ്പത്തിക പാക്കേജുകൾ കൂടി പ്രസ്തുത നിയമത്തോടൊപ്പം നടപ്പാക്കുക. അതുപോലെ 21 വയസിന് മുമ്പ് ഒര് പെൺകുട്ടി അമ്മ ആയാൽ ഒന്നുകിൽ അതുമായി ബന്ധപ്പെട്ട പുരുഷന് പോക്സോയ്ക്ക് സമാനമായ ഒര് നിയമം ഉണ്ടാക്കി കടുത്ത ശിക്ഷ നൽകുക.

  അങ്ങനെ ചെയ്തില്ലാ എങ്കിൽ പുതിയ നിയമം മൂലം പ്രതീക്ഷിക്കുന്ന പ്രയോജനം ഒന്നും കിട്ടില്ല. എന്ന് മാത്രമല്ല നിയമപരമായി വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നവരുടെ എണ്ണം കൂടുകയും, ഒര് സുപ്രഭാതത്തിൽ പ്രസ്തുത ബന്ധത്തിലെ പുരുഷൻ പുതുമ തേടി പോകുകയും ചെയ്യുന്നതോടെ അനാഥമാകുന്ന അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും എണ്ണം സമൂഹത്തിൽ കുതിച്ചുയരുകയും ചെയ്യും. കുടുബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിച്ചു പോകാനുള്ള അവസരം ഉയരും, എന്നത് മാത്രമാണ് മോദി എന്ത് ചെയ്‌താലും എതിർക്കുന്ന അഭിനവ പുരോഗമനവാദികൾ ചാടിക്കയറി ഈ നിയമത്തെ അനുകൂലിക്കാൻ കാരണം.

  അല്ലെങ്കിൽ തന്നെ അഭിനവ പുരോഗമനവാദികളുടെ സ്ത്രീ സംരക്ഷണം ഒക്കെ വാചകത്തിലെ ഉള്ളൂ എന്നതിന്റെ ഉത്തമ തെളിവ് ആണല്ലോ വാളയാർ കേസുമായി ബന്ധപ്പെട്ട പുരോഗമന സർക്കാരിന്റെയും, അതിന്റെ അനുകൂലികളുടെയും നിലപാടുകൾ. അതിനാൽ അഭിനവ പുരോഗമന വാദികൾ അനുകൂലിക്കുന്നു എന്നത് കൊണ്ട് പുതിയ വിവാഹ പ്രായ നിയമം മികച്ചത് ആകും എന്ന് ആരും കരുതേണ്ട. ഇത് ഒടുവിൽ നോട്ട് നിരോധനത്തേക്കാൾ വലിയ ദുരന്തം ആകും.

  അങ്ങനെ സംഭവിക്കാതെ ഇരിക്കണം എങ്കിൽ അവിവാഹിതയായ പെൺകുട്ടി അമ്മ ആകുന്നതുമായി ബന്ധപ്പെട്ട കേസിൽ DNA പരിശോധനാ ഫലം പരമാവധി രണ്ടു മാസത്തിനുള്ളിൽ വരുന്ന രീതിയിൽ ഉള്ള സാഹചര്യം സൃഷ്ടിക്കുകയും, ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് കുട്ടിക്ക് മതിയായ ചെലവിന് കിട്ടാനും അല്ലാത്ത പക്ഷം അയാളുടെ പാരമ്പര്യ സ്വത്തുക്കൾ അടക്കം കണ്ടുകെട്ടാനും പറ്റുന്ന രീതിയിൽ ഉള്ള ഒര് വ്യവസ്ഥ കൂടി നിയമത്തിൽ ചേർക്കുക. എന്നാൽ മാത്രമേ പുതിയ നിയമം ഒര് ദുരന്തമായി മാറാതെ ഇരിക്കുക ഉള്ളൂ.
  “These children are three times more likely to end up in jail by the time they reach age 30 than are children raised in intact families, and have the highest rates of incarceration in the United States.”


  സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് കാലമേറെ കഴിഞ്ഞിട്ടും സ്ത്രീധനം വർധിത വീര്യത്തോടെ നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്നതിൽ നിന്നും, ആര് ഏത് നിയമം ഉണ്ടാക്കിയാലും സമൂഹത്തിന് കൂടി താല്പര്യം ഉള്ള നിയമം ആണേൽ മാത്രമേ ജനം അത് അനുസരിക്കുക ഉള്ളൂ എന്ന് മനസിലാക്കാം. തങ്ങൾക്ക് നേട്ടം ഉള്ള കാര്യം ആണേൽ ആരും പറയാതെ തന്നെ സമൂഹം സ്ത്രീധന വിരുദ്ധത അടക്കം ഉള്ള കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യും.

  ഉദാഹരണമായി കാനഡയിലേക്ക് കുടിയേറണം എന്ന ആഗ്രഹം ഉള്ള ഒര് എൻജിനീയർ. അദ്ദേഹത്തിന് രണ്ട് വിവാഹ ആലോചനകൾ വന്നു. ഒന്നാമത്തേത് മലയാളത്തിൽ മാസ്റ്റേഴ്സ് ഡിഗ്രിയും അതോടൊപ്പം ബാങ്ക് നിക്ഷേപവും, ആഭരണവും അടക്കം ഏകദേശം 50 ലക്ഷത്തോളം ആസ്തിയും ഉള്ള പെൺകുട്ടി.

  രണ്ടാമത്തേത്ത് കാനഡയിലേക്ക് കുടിയേറാൻ വേണ്ട പരീക്ഷകൾ എല്ലാം പാസായി നിൽക്കുന്ന വിദ്യാഭ്യാസ വായ്പ അടക്കം ഏകദേശം 10 ലക്ഷം രൂപയുടെ ബാധ്യത ഉള്ള നഴ്സിംഗ് ഡിഗ്രി ഉള്ള പെൺകുട്ടി. ഇതിൽ ആരെ നമ്മുടെ എൻജിനിയർ വിവാഹം കഴിക്കും എന്ന് ചോദിച്ചാൽ ഉത്തരം എളുപ്പമാണ്.

  കാനഡയിൽ എത്തി ജോലിയിൽ പ്രവേശിച്ചാൽ കഷ്ടി ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് കടങ്ങൾ വീട്ടി 50 ലക്ഷത്തിൽ ഏറെ നേടാൻ കഴിവുള്ള, അളവിൽ ആസ്തിയും, ഡിഗ്രിയും കുറവുള്ള നഴ്സിംഗ് ഡിഗ്രി ഉള്ള പെൺകുട്ടിയെ ആകും നമ്മുടെ എൻജിനിയർ എന്നല്ല ഒരുമാതിരി ബോധം ഉള്ള ഏതൊരുവനും തെരഞ്ഞെടുക്കുക.

  ഇതിൽ നിന്നും വിവാഹം പ്രായം ഉയർത്തിയാലോ അല്ലെങ്കിൽ പെൺകുട്ടികൾക്ക് അളവിൽ കുറെ ഡിഗ്രി എടുക്കാൻ ഉള്ള അവസരം ഉണ്ടാക്കിയാലോ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ ഉയരില്ല എന്ന് മനസിലാക്കാം. മറിച്ചു അളവിൽ കുറവാണ് എങ്കിലും വിപണി മൂല്യം ഉള്ള വിദ്യാഭ്യാസം ഉള്ള ഡിഗ്രികൾ ലഭിച്ചാൽ മാത്രമേ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി ഉയരുകയും അതോടൊപ്പം സ്ത്രീധനം അടക്കം ഉള്ള സ്ത്രീവിരുദ്ധ ആചാരങ്ങൾ ഇല്ലാതെ ആകുകയും ഉള്ളൂ എന്ന് മനസിലാക്കാം.
  അതിനാൽ സർക്കാരിന് പെൺകുട്ടികളുടെ ക്ഷേമത്തിൽ ആത്മാർത്ഥമായ താല്പര്യം ഉണ്ടേൽ വിവാഹ പ്രായം ഉയർത്തുന്ന നിയമം ഉണ്ടാക്കുന്നതിന് പകരം വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് അതിന് ആനുപാതികമായ അവസരങ്ങൾ ലഭിക്കാൻ വേണ്ട സാഹചര്യം ഒരുക്കുക.

  അപ്പോൾ സ്വാഭാവികമായും പെൺകുട്ടികളെ പഠിപ്പിക്കാനുള്ള താൽപ്പര്യം മാതാപിതാക്കൾക്കും അതോടൊപ്പം അത്തരം പെൺകുട്ടികളെ തെരെഞ്ഞുപിടിച്ചു വിവാഹം കഴിക്കാനുള്ള താല്പര്യം ആൺകുട്ടികൾക്കും ഉണ്ടാകും. അങ്ങനെ ഒര് നിയമത്തിന്റെയും സഹായം ഇല്ലാതെ തന്നെ പെൺകുട്ടികളുടെ വിവാഹപ്രായവും, വിദ്യാഭ്യാസത്തിന്റെ തനിയെ ഉയർന്നുകൊള്ളും.