ലോകത്തെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമിയായി തുടരുന്നിടത്തോളം അമേരിക്കയും ഡോളറും തകരില്ല

0
286

ലോകത്തെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമിയായി തുടരുന്നിടത്തോളം കാലം അമേരിക്കയും, ഡോളറും തകരില്ല!

 

ചൈനയിലെ 10 മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ചെന്നിട്ട് അവിടെ നിന്നും 100 മികച്ച വിദ്യാർഥികളെ വീതം മൊത്തം ആയിരം മാസ്റ്റേഴ്സ് വിദ്യാർഥികളെ തെരഞ്ഞെടുക്കുക. അവർക്ക് അമേരിക്കയിൽ ഉപരിപഠനത്തിനും തുടർന്ന് പൗരത്വം കിട്ടാനും സഹായം ആകുന്ന രീതിയിൽ വിസയും വാഗ്‌ദാനം ചെയ്യുക.

കോളേജ് ഫീസും, വിദ്യാഭ്യാസ കാലയളവിലെ താമസം, ഭക്ഷണം, ആരോഗ്യം അടക്കം ഉള്ള ചെലവുകളും വായ്പ്പയായി നൽകും എന്നും പഠനശേഷം പണിയെടുത്തു പ്രസ്തുത വായ്പകൾ എല്ലാം തിരിച്ചടയ്ക്കണം എന്നും പറയുക. എന്നാലും അവരിൽ ഭൂരിപക്ഷം പേരും പ്രസ്തുത ഓഫർ സ്വീകരിക്കും. കാരണം ചൈനയിൽ ഇല്ലാത്ത വ്യക്തി സ്വാതന്ത്ര്യം അമേരിക്കയിൽ ഉണ്ട്.
എന്നാൽ കോളേജ് ഫീസും വിദ്യാഭ്യാസ കാലയളവിലെ താമസം, ഭക്ഷണം, ആരോഗ്യം അടക്കം ഉള്ള ചെലവുകളും പൂർണമായും സൗജന്യമായി നൽകാം എന്ന് പറഞ്ഞാൽ പോലും അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു ചൈനയിലേക്ക് പോകാൻ അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് വംശജരായ വിദ്യാർഥികൾ പോലും തയാറാകില്ല . കാരണം സ്വാതന്ത്ര്യം സൗജ്യന്യങ്ങളേക്കാൾ വലുതാണ്.

ലോകത്തിലെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമി ആകാനും അങ്ങനെ ലോകത്തെ പേറ്റന്റുകളുടെ ഭൂരിഭാഗവും കൈവശം വെയ്ക്കാനും ഒക്കെ അമേരിക്കയ്ക്ക് കഴിയുന്നതും അതുകൊണ്ടാണ്. അമേരിക്കയുടെ മൂന്നിരട്ടി പണം പാരമ്പര്യ ഇതര ഊർജ മേഖലയിൽ മുടക്കിയിട്ടും ചൈനീസ് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിർമ്മാതാവും ആയ BYD സാങ്കേതിക മികവിലും വിശ്വാസ്യതയിലും അമേരിക്കൻ കമ്പനിയായ ടെസ്‌ലയേക്കാൾ പിന്നിൽ നിൽക്കുന്നതും അതുകൊണ്ടാണ്.

ഡോളറിനെ തകർക്കാൻ വന്ന യൂറോപ്യൻ യൂണിയനും, യൂറോയും ഇപ്പോൾ തകർച്ചയുടെ വക്കിൽ ആണ്. യൂറോ ഉണ്ടാക്കിയതിനേക്കാൾ വലിയ വെല്ലുവിളി ഒന്നും യുവാൻ ഡോളറിന് ഉണ്ടാക്കാൻ പോകുന്നില്ല. ഇനി അഥവാ അങ്ങനെ ഉണ്ടായാൽ ബാർബി പാവ മുതൽ ബോയിങ് ജെറ്റ് വരെ ഉണ്ടാക്കാൻ ഉള്ള സാങ്കേതിക വിദ്യകൾ കൈവശം ഉള്ള അമേരിക്കയ്ക്ക് ഓട്ടോമേഷന്റെ സഹായത്തോടെ പരിസ്ഥിതി നിയമങ്ങളിൽ ഇത്തിരി വെള്ളം ചേർത്ത് ഉത്പാദന മേഖല തിരിച്ചുപിടിക്കാൻ യാതൊരു പാടും ഇല്ല.

ട്രംപ് ശ്രമിക്കുന്നതും അതിനാണ്. പ്രസ്തുത ശ്രമങ്ങൾ വിജയം കാണുന്നതിന്റെ സൂചനയാണ് 2018 ൽ വരും എന്ന് പറഞ്ഞ സാമ്പത്തിക മാന്ദ്യം 2019 ലും അമേരിക്കയെ ബാധിക്കാഞ്ഞതും. 2018 ൽ മാന്ദ്യം വരാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞ സാമ്പത്തിക വിദഗ്‌ധർ പോലും 2020 ൽ പോലും അമേരിക്കയെ മാന്ദ്യം ബാധിക്കാൻ ഉള്ള സാധ്യത 20% മാത്രമാണ് എന്നും ഇപ്പോൾ പറയുന്നത്.
അതേ ലോകത്തെ ബുദ്ധിമാന്മാരുടെ സ്വപ്‍ന ഭൂമിയായി തുടരുന്നിടത്തോളം അമേരിക്കയും ഡോളറും തകരില്ല. അത് നിങ്ങൾക്ക് ഏറെ വൈകാതെ ബോധ്യം ആകുന്നത് ആയിരിക്കും.