ആദർശങ്ങൾ പാലിക്കാനുള്ളതാണ്!

0
140

Ajith Sudevan

ആദർശങ്ങൾ പാലിക്കാനുള്ളതാണ്!

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന ആദർശങ്ങളിൽ പകുതിയെങ്കിലും അതിന്റെ പ്രചാരകർ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനെ. സ്ത്രീധനത്തെയും, ആർഭാട വിവാഹത്തെയും ഒക്കെ എതിർക്കുന്ന പോസ്റ്റുകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ യാതൊരു പഞ്ഞവും ഇല്ല. അതുപോലെ തന്നെയാണ് മലയേയും, പാറയേയും, പുഴയേയും കൊന്ന് പണിയുന്ന വലിയ വീടുകളുടെ കാര്യവും. അവയെ എതിർക്കുന്നവർക്കും സാമൂഹിക മാധ്യമങ്ങളിൽ പഞ്ഞമില്ല.

ഇത്രയേറെ ആൾക്കാർ എതിരായിട്ടും എങ്ങനെയാണ് നാട്ടിൽ ആർഭാട വിവാഹവും, സ്ത്രീധനവും, വലിയ വീടുകളും ഒക്കെ നിലനിൽക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. ഉത്തരം തേടി ഏറെ അലയേണ്ടത് ഇല്ല ആദർശങ്ങളുടെ പ്രചാരകരുടെ പ്രൊഫൈലിലെ ചിത്രങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ഉത്തരം നമ്മളെ തേടിയെത്തും. അതേ അവരിൽ മിക്കവരും സ്വന്തം വിവാഹവും, ഗൃഹപ്രവേശവും ഒക്കെ ആർഭാട പൂർണമായി നടത്തിയതിന്റെ ചിത്രങ്ങൾ അവിടെ കാണും.

അതേ ആദർശങ്ങൾ കൈയടി നേടാനുള്ള കേവലം പ്രചാരണ ആയുധം മാത്രമാണ് എന്ന് കരുതുന്ന ആദർശവാദികളാണ് നമ്മുടെ നാടിൻറെ ശാപം. ആദർശങ്ങൾ പാലിക്കാനുള്ളതാണ്എന്ന ബോധം എന്ന് അവരിൽ ഭൂരിപക്ഷത്തിനും ഉണ്ടാകുന്നുവോ അന്ന് നാട് നന്നാകും.അതുവരെ ആദർശങ്ങൾ കേവലം പ്രഹസനങ്ങളും, അവയുടെ പ്രചാരകർ സമൂഹത്തിന്റ മുന്നിൽ പരിഹാസ്യരുമായി തുടരും.

നിങ്ങളുടെ ആദർശങ്ങൾ ആത്മാർത്ഥം എങ്കിൽ സമൂഹത്തെ സ്വന്തം ജീവിതം തന്നെ മാതൃകയാക്കി ജീവിച്ചു കാണിക്കൂ നിങ്ങൾ കേവലം ആദർശ പ്രചാരകർ അല്ല മറിച്ചു ആദർശങ്ങൾ ജീവിതത്തിൽ പകർത്തിയവരാണ് എന്ന്. അപ്പോൾ സമൂഹം നിങ്ങളെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യും.

അങ്ങനെ നിങ്ങൾ എതിർക്കുന്ന സ്ത്രീധനം അടക്കം ഉള്ളവ സമൂഹത്തിൽ നിന്ന് ക്രമേണ ഇല്ലാതെയാകും. അല്ലാതെ ക്രിമിനൽ നിയമം ഉണ്ടാക്കിയാൽ ഒന്നും സ്ത്രീധനം അടക്കം ഉള്ളവ ഇല്ലാതെ ആകില്ല എന്നതിന്റെ ഉത്തമ തെളിവാണ് സ്ത്രീധന നിരോധന നിയമം ഉണ്ടാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീധനവും, ആർഭാട വിവാഹവും ഒക്കെ സമൂഹത്തിൽ നിലനിൽക്കുന്നതും, നാൾക്ക് നാൾ അവ കൂടി വരുന്നതും.

 

Advertisements