രാജ്യം 23 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ അധികാരികൾ പലതും ചെയ്യും

1220

Ajith Sudevan

രാജ്യം 23 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽകൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കാൻ അധികാരികൾ പലതും ചെയ്യും. പൗരത്വ ബില്ലും അങ്ങനെ ഒരു ഐറ്റം ആയി കണ്ടാൽ മതി. അതിനാൽ നാട്ടിൽ ഇരുന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കായി പുറം കരാർ ജോലി ചെയ്തുകൊണ്ട്; അല്ലെങ്കിൽ ക്രിസ്ത്യൻ ഭുരിപക്ഷമോ, മുസ്ലിം ഭുരിപക്ഷമോ ആയ രാജ്യങ്ങളിൽ പോയി പണിയെടുത്തുകൊണ്ട് പ്രസ്തുത ബില്ലിന് കൈയടിക്കരുത്.

കാരണം അറേബ്യയോ, അമേരിക്കയോ, യുറോപ്പോ, സമാന രീതിയിൽ ക്രിസ്ത്യാനിക്ക് അല്ലെങ്കിൽ മുസ്ലിമിന് മാത്രമേ പണിതരൂ എന്ന് നിയമം ഉണ്ടാക്കിയാൽ ഇപ്പോൾ കൈയടിച്ച പലരും ഒന്നുകിൽ മതം മാറും, അല്ലെങ്കിൽ പട്ടിണി കിടന്നു ചാവും. രാജ്യം അത്രയേറെ വലിയ സാമ്പത്തിക കുതിപ്പിലൂടെയാണ് കടന്ന് പോയി ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക കുതിപ്പ് ഈ രീതിയിൽ തുടർന്നാൽ വളർച്ചാ നിരക്ക് ഇനിയും 1.5% കൂടെ കുറഞ്ഞു പുതിയ റിക്കോർഡ് സ്ഥാപിക്കും എന്നാണ് റേറ്റിംഗ് ഏജൻസികൾ പറയുന്നത്. ഇനി അതും മറികടന്ന് വളർച്ച നെഗറ്റീവ് നിലയിലേക്ക് പോകുമോ എന്ന് മാത്രമേ അറിയാൻ ഉള്ളൂ.

സാധാരണ വികസിത രാജ്യങ്ങളിൽ മാത്രമേ നോമിനൽ വളർച്ച നെഗറ്റീവ് ആകാറുള്ളൂ. കാരണം അവിടെ വികസിക്കാൻ വലുതായിട്ട് മേഖലകൾ ഒന്നും അവശേഷിക്കുന്നില്ല. അതിനാൽ തന്നെ ഒര് നിശ്ചിത പരിധിക്ക് അപ്പുറം വികസിപ്പിക്കാൻ നോക്കിയാൽ പണപ്പെരുപ്പം വളർച്ചാ നിരക്കിനെ മറികടന്ന് എഫക്റ്റീവ് വളർച്ച നെഗറ്റീവ് ആകുന്ന പ്രതിഭാസം ഉണ്ടാകും. അതുകൊണ്ടാണ് അമേരിക്ക ഒക്കെ ഇടയ്ക്കിടെ മാന്ദ്യത്തിൽ പോകുന്നതും പിന്നീട് വർദ്ധിത വീര്യത്തോടെ തിരിച്ചു വരുന്നതും.

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ധാരാളം മേഖലകൾ ലോകോത്തര നിലവാരത്തിൽ വികസിക്കാൻ അവശേഷിക്കുന്ന ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പ്രസ്തുത പ്രശനം ഇല്ല. അതിനാൽ തന്നെ വികസ്വര രാജ്യങ്ങളിൽ നോമിനൽ വളർച്ച നെഗറ്റീവ് ലെവലിൽ പോകാറും ഇല്ല. ഇനി അഥവാ പോയാൽ അത് ഒരു ഒന്നൊന്നര തകർച്ച ആയിരിക്കും. അപ്പോൾ നിങ്ങളുടെ പണിയും, പണിയെടുത്ത് കടം അടയ്ക്കാം എന്ന പ്രതീക്ഷയിൽ വാങ്ങിയ കാറും, വീടും ഒന്നും സംരക്ഷിക്കാൻ പൗരത്വ ബില്ലിന് സാധിക്കില്ല. അതിനാൽ ഇമ്മാതിരി ഐറ്റങ്ങൾക്ക് കുറഞ്ഞപക്ഷം വിദ്യാഭ്യാസം ഉള്ളവർ എങ്കിലും കൈയടിക്കാതെ ഇരിക്കുക.