മാണി കള്ളൻ തന്നെ, പക്ഷെ അങ്ങനെ വിളിക്കാൻ വിളിക്കാൻ ഭൂരിപക്ഷം മലയാളികൾക്കും ധാർമികമായി യോഗ്യത ഉണ്ടോ ?

130

Ajith Sudevan

മാണി കള്ളൻ തന്നെ, പക്ഷെ അങ്ങനെ വിളിക്കാൻ വിളിക്കാൻ ഭൂരിപക്ഷം മലയാളികൾക്കും ധാർമികമായി യോഗ്യത ഉണ്ടോ ?

സ്മാരകം പണിഞ്ഞാലും ഇല്ലെങ്കിലും ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേരളത്തിലെ ധനകാര്യ മന്ത്രിയെന്ന റിക്കോർഡ് നിലവിൽ മാണിയുടെ പേരിൽ ആണ്. അത് അദ്ദേഹത്തിന്റെ മണ്ഡലം ആയ പാലായിലെ ജനങ്ങളുടെ മാത്രം പിന്തുണകൊണ്ടല്ല മറിച്ചു മാണി അംഗമായ മുന്നണിയെ ഇതര പ്രദേശങ്ങളിലെ ജനങ്ങൾ വിജയിപ്പിച്ചത് കൊണ്ട് കൂടിയാണ് സാധിച്ചത്.

ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തി എന്ന ബഹുമതി നേടാൻ മാണിയെ സഹായിച്ചത് പാലാക്കാർ മാത്രം അല്ല. പ്രസ്തുത റിക്കോർഡ് കൈവശം ഉണ്ടായിരുന്ന ഗൗരിയമ്മയെ തുടർച്ചയായി തോൽപ്പിച്ചു അരൂർ നിവാസികൾ കൂടെ സഹായിച്ചത് കൊണ്ടാണ് മാണിക്ക് ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന മലയാളി എന്ന റിക്കോർഡ് സ്വന്തം ആക്കാൻ കഴിഞ്ഞത്.
അതേ മാണിയുടെ നേട്ടങ്ങളിൽ അറിഞ്ഞോ അറിയാതെയോ കേരളത്തിലെ എല്ലാ പ്രദേശത്തെ ജനങ്ങളും പങ്കാളികൾ ആയിട്ടുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷൻ നികുതി മുതൽ ആഭരണങ്ങളുടെയും, വാഹനങ്ങളുടെയും വിൽപന നികുതി വരെ തന്നാൽ ആവും വിധം വെട്ടിക്കുന്നവരാണ് ഇപ്പോൾ മാണിയെ കള്ളൻ എന്ന് വിളിക്കുന്നവരിൽ ഏറെയും.

നിങ്ങൾ നികുതി വെട്ടിക്കുന്നത് അധികാരികൾ നികുതിപണം വേണ്ടരീതിയിൽ ചെലവഴിക്കാത്തത് കൊണ്ടാണ് എന്ന് വാദിക്കരുത്. കാരണം റോഡിലോട്ട് ഇറക്കി മതിൽ കെട്ടുന്നത് മുതൽ കാടും, പുഴയും കൈയേറുന്നത് അടക്കം അവസരം ഒത്തുവന്നാൽ തന്നാൽ ആവും വിധം കമ്മട്ടം കാണിക്കുന്നവർ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം പേരും. അപ്പോൾ അധികാരികളും പ്രസ്തുത നിലവാരം ഒക്കെ പുലർത്താൻ ഉള്ള സാധ്യതയെ ഉള്ളൂ. കാരണം അധികാരിയും നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. അതിനാൽ യഥാ പ്രജാ തഥാ രാജാ എന്നതാണ് ജനാധിപത്യം.