മൈക്രോ ഫിനാൻസുകാരുടെ കുതന്ത്രങ്ങൾ ഇനിയും പഠിക്കാത്ത മലയാളി

94

Ajith Sudevan

2016 ൽ നോട്ട് നിരോധനം, 2017 ൽ വേണ്ടത്ര ഒരുക്കങ്ങൾ ഇല്ലാതെ നടപ്പാക്കിയ GST, 2018 ൽ പ്രളയം, 2019 ൽ പ്രളയം, അങ്ങനെ കഴിഞ്ഞ 4 വർഷമായി വിപണിയെ പിടിച്ചുലയ്ക്കുന്ന എന്തേലും ഒരൈറ്റം കേരളത്തിൽ പതിവാണ്. എന്നിട്ടും നമ്മളുടെ നാട്ടിലെ ജനങ്ങൾ വരുമാനം പൂർണമായും നിലച്ചാലും കുറഞ്ഞത് 3 മാസം എങ്കിലും പിടിച്ചു നിൽക്കാൻ വേണ്ട കരുതൽ ധനം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറച്ചു് വേണ്ട രീതിയിൽ ഇപ്പോളും ബോധവാന്മാരായിട്ടില്ല.

അതിന്റെ ഉത്തമ തെളിവാണ് 2020 ൽ കൊറോണ വന്നപ്പോളും സർക്കാരും സമൂഹവും സഹായിക്കുന്നില്ലേ മൈക്രോ ഫൈനാൻസുകാർ വീട്ടിൽ കയറി ശല്യം ചെയ്യുന്നേ എന്ന് പലരും നിലവിളിക്കാൻ കാരണം. ഒന്നുകിൽ വട്ടിപലിശക്കാരുടെ കക്ഷത്ത് കൊണ്ട് കഴുത്തു വയ്ക്കാതെ ഇരിക്കുക. അഥവാ അവരോട് പണം വാങ്ങിയാൽ വരുമാനം നിലച്ചാലും 3 മുതൽ 6 മാസം എങ്കിലും തവണ മുടങ്ങാതെ പിടിച്ചുനിൽക്കാനുള്ള കരുതൽ ധനം സൂക്ഷിക്കുക. അല്ലാതെ സർവ്വതിനും സർക്കാരും സമൂഹവും സഹായിക്കാൻ വരണം എന്നൊന്നും പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല.

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാർ ഒരുകാര്യം ഓർക്കുക സാമ്പത്തിക അച്ചടക്കം ഉള്ളവർ നിങ്ങളുടെ അടുത്ത് വരില്ല. അതിനാൽ നിങ്ങളുടെ ഉപഭോക്താക്കളുടെ കൈയിൽ വിപണി തുറക്കാതെ പണം ഉണ്ടാകില്ല. പ്രസ്തുത ബോധത്തോടെ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാർ പെരുമാറിയില്ലെങ്കിൽ ഒടുവിൽ സർക്കാർ ഇതെല്ലാം കൂടി നിരോധിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തും. അതോടെ നിങ്ങളുടെ പണിയും പോകും; നിങ്ങളെ വിശ്വസിച്ചു നിക്ഷേപം നടത്തിയ നാട്ടുകാരുടെ പണവും പോകും.

അതിനാൽ ഒരുമാതിരി അന്യഗ്രഹ ജീവിയെ പോലെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയണ്ടാ ഞങ്ങളുടെ പണം ഇപ്പം കിട്ടിയേ പറ്റുകയുള്ളൂ എന്ന നിലവിലെ നിലപാട് മൈക്രോ ഫിനാൻസ് കമ്പനികളും കളക്ഷൻ ഏജന്റുമാരും ഒന്ന് മയപ്പെടുത്തുന്നത് ആയിരിക്കും നിങ്ങളുടെ നിലനിൽപ്പിനും നാടിൻറെ നിലനിൽപ്പിനും തൽക്കാലം നല്ലത്. അല്ലേൽ ഓപ്പറേഷൻ കുബേര പോലെ വല്ല നിയമവും വന്ന് പണി മൊത്തത്തിൽ പാളും. അങ്ങനെ നാളെ മറന്ന് ജീവിച്ചവർ ജേതാവും നാളെക്കായി കരുതിവെച്ചവർ പരാജിതരും ആകും.