തുനിവ് (സ്പോയിലർ അലർട്ട് )
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ബോണി കപൂറിന്റെ ബെവേ പ്രൊജക്റ്റും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച് എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് അജിത്ത് നായകനാകുന്ന 61 ആമത്തെ ചിത്രമാണ്.ചെന്നൈയിലെ വളരെ പ്രസിദ്ധമായ യുവർ ബാങ്ക് ഒരു ദിവസം ചിരംഗ് ജാനിയുടെ രാധ നയിക്കുന്ന ഗുണ്ടാസംഘം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. ഇതിന് കൂട്ടുനിൽക്കുന്നത് അജയ് ചെയ്ത രാമചന്ദ്രൻ എ സി പി യും. എന്നാൽ അവിടെ എത്തുന്ന ആ സംഘത്തെ കാത്ത് അജിത്തിന്റെ കഥാപാത്രമായ മൈക്കിൾ എന്ന ഡാർക്ക് ഡെവിളിന്റെ മറ്റൊരു സംഘം ആ ബാങ്കിൽ ഉണ്ടായിരുന്നു.

പേര് ഡാർക്ക് ഡെവിൾ എന്നാണെങ്കിലും നരച്ച മുടിയും താടിയുമായി വെള്ള വസ്ത്ര ധാരിയാണ് മൈക്കിൾ. രാധയുടെ സംഘമവിടെ വന്നത് 500 കോടി കൊള്ളയടിക്കാനാണെങ്കിൽ ഡാർക്ക് ഡെവിൾ സംഘം അവിടെ അനധികൃതമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന 25,000 കോടി രൂപ കൊള്ളയടിക്കാൻ ആയിരുന്നു. രാധയുടെ സംഘത്തെ കീഴടക്കിയ മൈക്കിൾ അവരിൽ നിന്ന് രാധയടക്കം ചിലരെ കൂട്ടി അത്രയും രൂപ എവിടെയാണ് ഒളിപ്പിച്ചുവെച്ചതെന്ന് തിരയാൻ ആരംഭിക്കുന്നു.

ഇതിനിടെ സമുദ്രകനിയുടെ കഥാപാത്രമായ ഡിജിപി ദയാലന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. മൈക്കിളിന്റെ സഹായി ആയി മഞ്ജുവാര്യരുടെ കണ്മണി എന്ന കഥാപാത്രം ബാങ്കിന്റെ പുറത്തുണ്ട്. ബാങ്കിന്റെ സമീപത്ത് നിർത്തിയിട്ട ഒരു വാഹനത്തിൽ ഇരുന്നാണ് കണ്മണി ഈ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പുറത്ത് നടക്കുന്ന വിവരങ്ങൾ യഥാസമയം മൈക്കിളിനെ അറിയിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നതും കണ്മണി ആയിരുന്നു.

എന്നാൽ ദയാലന്റെ ഒരു അന്വേഷണ ഘട്ടത്തിൽ കണ്മണിക്ക് ബാങ്കിന്റെ പുറത്ത് ഒരു ബോംബ് സ്ഫോടനം നടത്തേണ്ടിവന്നു. ഇതേ തുടർന്ന് കണ്മണിക്ക് പിന്നീടുള്ള സഹായങ്ങൾ ഫോണിലൂടെ ആക്കേണ്ടി വരുന്നു. യഥാർത്ഥത്തിൽ ഈ ബാങ്ക് കൊള്ള പ്ലാൻ ചെയ്തതും നടപ്പാക്കുന്നതും ബാങ്ക് ചെയർമാനായ ജോൺ കോക്കന്റെ കഥാപാത്രമായ കൃഷാണ്. അയാളുടെ തീരുമാനപ്രകാരം ഈ കൊള്ള ചെയ്യാൻ ആദ്യം ഇവർ സമീപിച്ചത് മൈക്കിളിനെ ആയിരുന്നു. എന്നാൽ അത് ചെയ്യാൻ അയാൾ തയ്യാറാകാത്തതിനെ തുടർന്നാണ് രാധയുടെ അടുത്തേക്ക് ഈ ദൗത്യം എത്തുന്നത്.

ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകാത്ത മൈക്കിളിനെ കൊന്നുകളയാൻ കൃഷും കൂട്ടരും തീരുമാനിക്കുന്നു. ആ അക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് മൈക്കിളും കണ്മണിയും രക്ഷപ്പെട്ടത്. അതിഗുതുതരമായി പരിക്കേറ്റ ഇവരെ ചികിത്സിച്ച ഗ്രാമവാസികൾക്ക് യുവർ ബാങ്ക് അവരോട് ചെയ്ത ഒരു വലിയ ചതിയുടെ കഥ പറയാൻ ഉണ്ടായിരുന്നു. ഇതറിഞ്ഞ മൈക്കിളും കൂട്ടരും യുവർ ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. അങ്ങിനെയായിരുന്നു മൈക്കിളിന്റെ സംഘത്തെ രാധയുടെ സംഘത്തിന് നേരിടേണ്ടി വരുന്നത്…..

അജിത്തിന്റെ സ്റ്റൈലും ആക്ഷനും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തുനിവ് നൽകു ഒരു ഗംഭീര വിരുന്നായിരിക്കും എന്നതിൽ സംശയമില്ല. നീരവ് ഷായുടെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടിയുടെ ചിത്രസംയോജനവും സുപ്രീം സുന്ദറിന്റെ ആക്ഷനും ജിബ്രാന്റെ സംഗീതവും ചിത്രത്തെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.