ചുള്ളിക്കാടിനോടുള്ള അസഹിഷ്ണുത മലയാളിയുടെ ദഹനക്കേട്

55

Ajitha Tg

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘മൂന്നാം പിറ ‘ എന്ന കവിത വായിച്ച് കവിയുടെ കവിത്വം നഷ്ടപ്പെട്ടെന്നുമൊക്കെ സങ്കടപ്പെടുന്ന ഒരു പാടു പേരെ വായിച്ചു. ആ മനുഷ്യൻ സിനിമയുടെ ഭ്രമ ലോകം വിട്ട് എന്നാണ് കവിതയിലേക്കു തിരിച്ചു വരിക എന്ന് ആധിപ്പെട്ട് തീരുന്നതിനു പുറകെയാണ് വായനക്കാരുടെ ഈ സങ്കടം.സത്യത്തിൽ വായനക്കാർ ഇഷ്ടപ്പെട്ടു പോയ കവിതകൾ എഴുതി എന്നതിലപ്പുറം ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്ത തെറ്റ് എന്തായിരുന്നു? വായനക്കാർ കയറ്റി വെച്ച സിംഹാസനത്തിൽ നിന്ന് തനിക്കിഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകാനും വേണമെങ്കിൽ കയറിയിരിക്കാനും അദ്ദേഹം കാണിച്ച തൻ്റേടത്തെ സഹിക്കാനാവാത്ത മലയാളിയുടെ ദഹനക്കേടല്ലേ ഈ കാണുന്ന പരാക്രമങ്ങൾ?

താൻ കവിതയെഴുതുന്നു എന്ന് ആത്മവിശ്വാസമുള്ളവർ അച്ചടിക്കാൻ അയച്ചുകൊടുക്കുമെന്നുള്ളത് സ്വാഭാവികം. പ്രമുഖരായ കവികളിൽ നിന്ന് വാരികകൾ ഇങ്ങോട്ട് ആവശ്യപ്പെടുമെന്നും കേട്ടിട്ടുണ്ട്. ഇതിലേതായാലും മാതൃഭൂമിയിൽ ഒരു പേജ് ഈ കവിതയ്ക്ക് മാറ്റി വെച്ചതുകൊണ്ട് തങ്ങളുടെ അവസരം നഷ്ടപ്പെട്ടുവെന്ന സങ്കടമാണോ ഈ ഹാലിളക്കത്തിനു പിന്നിൽ? അതോ ‘താൻ ഈ കവിത നന്നായി എഴുതിയിട്ട് പോയാൽ മതി’ എന്ന ഹെഡ്മാസ്റ്റർ റോളോ?

ഒരു പൊതു പരിപാടിയിലെ വളിപ്പ് ചോദ്യത്തിന് ഉത്തരം പറഞ്ഞതിനു ശേഷം ഇനി പൊതു പരിപാടികൾക്കില്ല എന്ന് തീരുമാനിച്ച കവിയെക്കൊണ്ട് ഇനി ഞാൻ കവിതയെഴുതില്ല എന്ന് പറയിക്കാനുള്ള സൈക്കോളജിക്കൽ മൂവിൻ്റെ വക്താക്കൾക്ക് പ്രണാമം.
മൂന്നാം പിറ ചുള്ളിക്കാടിൻ്റെ ക്ലാസ്സിക്കാണെന്ന തോന്നലില്ല. പക്ഷേ അദ്ദേഹമെഴുതിയ പല കവിതകളും അദ്ദേഹത്തിനു മാത്രമെഴുതാനാവുന്നതാണെന്ന ഉറപ്പുണ്ട്. ഒരേ പോലുള്ള കവിതകൾ നിർമ്മിച്ചു തള്ളാൻ കവികൾ ഫാക്ടറികളല്ല എന്ന തോന്നലുമുണ്ട്. അതു കൊണ്ട് എഴുതിയതാണ്.കൊടിയും കുരിശുമായി വരുന്നവരോടാണ് … നിങ്ങൾക്ക് വിമർശിക്കാൻ എന്നതുപോലെ എനിക്ക് സ്നേഹിക്കാനും അവകാശമുണ്ട് .