നടൻ അജിത്തിന്റെ 61-ാമത്തെ ചിത്രമാണ് തുനിവ്. അജിത്തിനൊപ്പം നേർകൊണ്ട പാർവൈ , വലിമൈ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദാണ് ഈ ചിത്രവും സംവിധാനം ചെയ്തത് . ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയത് ജിബ്രാനാണ്. അജിത്, മഞ്ജു വാര്യർ, സമുദ്രക്കനി, ജിഎം സുന്ദർ, മോഹനസുന്ദരം, ജോൺ കോക്കെയ്ൻ, ആമിർ, ഭവാനി തുടങ്ങി വൻ താരനിര തന്നെ ഉണ്ടായിരുന്നു.
ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് തുറന്ന് പറഞ്ഞ ചിത്രം ജനുവരി 11ന് പുറത്തിറങ്ങി. വിജയുടെ വാരിസുവിന് എതിരാളിയായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അജിത്തിന്റെ ചിത്രങ്ങൾക്ക് വിദേശത്ത് സ്വീകാര്യത കുറവാണ് എന്ന മുൻസാഹചര്യങ്ങളെയും ചിത്രം മറികടന്നിരുന്നു.. വിദേശ രാജ്യങ്ങളിൽ തുനിവ് എന്ന ചിത്രം മികച്ച വിജയം നേടുകയും റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
തുനിവ് കളക്ഷനിൽ വിവിധ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സിനിമയുടെ വിജയം ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല നടൻ അജിത്ത്. കാരണം സിനിമയുടെ റിലീസിന്റെ ആദ്യ ദിന ആഘോഷത്തിനിടെ നടൻ അജിത്തിന്റെ ആരാധകൻ ട്രക്കിൽ നിന്ന് താഴെ വീണു മരിച്ചു. ഈ മരണം അജിത്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തുനിവിലെ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറും ഇക്കാര്യം പറഞ്ഞിരുന്നു. ഇതുമൂലം അജിത് തുനിവിന്റെ വിജയം ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നാണ് സൂചന. അതിനുപുറമേ, മദ്യം കഴിച്ചതിനാൽ തീയറ്ററിൽ നിന്ന് തുനിവ് സിനിമ കാണാൻ അനുമതി നിഷേധിച്ചതിൽ മനംനൊന്ത് അജിത്തിന്റെ ആരാധകൻ തൂങ്ങിമരിച്ച ദാരുണമായ സംഭവം ദിവസങ്ങൾക്ക് മുമ്പ് തൂത്തുക്കുടിയിൽ നടന്നിരുന്നു.