Entertainment
നായകനെക്കാൾ ഉയർന്നുനിൽക്കുന്ന വില്ലൻ അതാണ് കോ- യിലെ അജ്മൽ

Bineesh K Achuthan
നായകനേക്കാൾ തിളങ്ങുന്ന വില്ലൻമാർ ഇന്നൊരു അപൂർവ്വതയല്ല . ബോളിവുഡ് ചിത്രങ്ങളായ ഷാരൂഖ് ഖാന്റെ ഡർ , സഞ്ജയ് ദത്തിന്റെ ഖൽ നായക് , അക്ഷയ് കുമാറിന്റെ അജ്നബി ഒക്കെ ഇതിന് ഉദാഹരണമാണ് . എന്നാൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ആ ട്രെന്റ് കഴിഞ്ഞ ഒരു ദശാബ്ദമായിട്ടാണ് ശക്തമാകുന്നത് . നായകനോളം പോന്ന വില്ലൻമാരെ രജനീകാന്തും സത്യരാജും ശരത് കുമാറും മൻസൂർ അലി ഖാനും രഘുവരനുമൊക്കെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ടെങ്കിലും നായകനെ മറി കടക്കുന്ന പ്രകടനങ്ങൾ കാഴ്ചവക്കുന്ന വില്ലൻമാർ തമിഴിൽ അപൂർവ്വതയായിരുന്നു . മണിവണ്ണൻ സംവിധാനം ചെയ്ത ” നൂറാവത് നാൾ ” എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹനേക്കാളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിജയകാന്തിനേക്കാളും സത്യരാജ് ചെയ്ത സൈക്കോ വില്ലൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ അമൈതി പട – യിൽ വില്ലൻ വേഷം ചെയ്ത് ഇതര നായകരെ സത്യരാജ് ഞെട്ടിച്ചിട്ടുണ്ട് .
എന്നാൽ ഇത്തരം ചിത്രങ്ങളിലെല്ലാം തന്നെ ഉള്ള ഒരു സമാനത ഒന്നുകിൽ നായക പരിവേഷമുള്ള വില്ലൻ അഥവാ പ്രതിനായകൻ ആയിരിക്കും ഇവർ .അജിത്തിന്റെ മങ്കാത്ത ഇതിനുദാഹരണമാണ് .താരമൂല്യത്തിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് അജിത് ഇതിലെ മുഴുനീള വില്ലനെ അവതരിപ്പിച്ച് കയ്യടി നേടിയത് . മങ്കാത്ത വൻ വിജയം നേടുകയും ചെയ്തു . നായകന്റെ വില്ലനിസം തമിഴ് പ്രേക്ഷകർ സ്വീകരിക്കുന്ന വ്യത്യസ്ത രീതിക്കാണവിടെ തുടക്കം കുറിച്ചത് . മറ്റൊരു രീതി ഇരട്ടവേഷങ്ങളിൽ ഒന്ന് നായകനും മറ്റൊന്ന് വില്ലനും . സത്യരാജിന്റെ അമൈതി പട പോലെ കമലാഹാസന്റെ അളവന്താൻ ഇത്തരത്തിലുള്ള മറ്റൊരു ചിത്രമായിരുന്നു . മേൽ പറഞ്ഞ രണ്ട് രീതിയിലല്ലാത്ത മറ്റൊരു ശൈലി നായക സ്ഥാനത്ത് നിന്നും താരമൂല്യമിടിഞ്ഞ നായകൻമാർ വില്ലൻ വേഷം ചെയ്യുമ്പോൾ നായകന് തുല്യമോ അതിൽ കൂടുതലോ പ്രാധാന്യം നൽകി വരാറുണ്ട് . തനി ഒരുവനിലെ അരവിന്ദ് സാമി , ഇരുമ്പ് തിരൈയിലെ അർജ്ജുൻ , അനേകനിലെ കാർത്തിക് എന്നിവർ ഇതിനുദാഹരണമാണ് .
മേൽ വിവരിച്ച വില്ലൻ കഥാപാത്രങ്ങളുടെ ശ്രേണിയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ് കോ- യിലെ അജ്മലിന്റെ പ്രകടനം . നായക നടനേക്കാൾ താരമൂല്യം കുറഞ്ഞ നടനായിട്ടും അജ്മലിന്റെ കഥാപാത്രത്തിന്റെ പാത്ര സൃഷ്ടി നായകനോളം പോന്നതായിരുന്നു . പാത്രസൃഷ്ടിയുടെ മികവ് കൊണ്ടും തന്റെ പ്രകടനം കൊണ്ടും നായക നടനെ ഒരു പരിധി വരെ നിഷ്പ്രഭനാക്കാൻ അജ്മലിന് സാധിച്ചു . ജീവയുടെ ചടുലമായ പ്രകടനങ്ങൾക്കിടയിലും അജ്മലിന്റെ പെർഫോമൻസ് വേറിട്ട് നിന്നു . ആദർശവാദിയായ വസന്ത പെരുമാളിന്റെ അധികാരാസക്തി വെളിയിൽ വരുന്ന രംഗമൊക്കെ ഇരുത്തം വന്ന പ്രകടനത്താൽ അജ്മൽ ഗംഭീരമാക്കി . നടനെന്ന നിലയിൽ മിഷ്ക്കിന്റെ അഞ്ചാതെ യിൽ തന്നെ അജ്മൽ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു . എങ്കിലും ഷോ സ്റ്റീലാറാകാൻ കോ യിലൂടെയാണ് സാധിച്ചത് .
കെ.വി. ആനന്ദിന്റെ കോ റിലീസ് ചെയ്തിട്ട് 11 വർഷം പിന്നിടുന്നു . ഒട്ടും ബോറടിപ്പിക്കാതെ ചടുലമായി കഥ പറഞ്ഞു പോകുന്ന ഈ ചിത്രത്തിൽ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് ചിലമ്പരശനെ ആയിരുന്നു . പിന്നീടാണ് ജീവ ഈ ചിത്രത്തിലേക്ക് വരുന്നത് . കീർത്തി ചക്രയിലൂടെ മലയാള പ്രേക്ഷകർക്കും കൂടി സുപരിചിതനായ ജീവയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കോ . പ്രകടനത്തിലുപരി പാത്രസൃഷ്ടിയുടെ പ്രത്യേകതകൾ കൊണ്ട് തന്നെയാകാം ജീവയെ മറികടക്കാൻ അജ്മലിന് സാധിച്ചത് . എങ്കിൽ തന്നെയും കോയിലെ ജീവയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് തന്നെയാണ് . വ്യക്തിപരമായി പറഞ്ഞാൽ ഗജിനിക്ക് ശേഷം ഒന്നിലേറെ തവണ തീയേറ്ററിൽ പോയി കണ്ട ചിത്രം കൂടിയാണ് കോ . കൈതിയും മാനാടുമാണ് മറ്റ് രണ്ട് തമിഴ് ചിത്രങ്ങൾ . കോയിലെ ഹാരിസ് ജയരാജിന്റെ ഗാനങ്ങൾ ഏറെക്കാലം എന്റെ ഇഷ്ട ഗാനങ്ങളായിരുന്നു . നായികയായി വന്ന മലയാളി കൂടിയായ കാർത്തികയുടെ ഏക ഹിറ്റ് ചിത്രവും ഇതാണെന്ന് തോന്നുന്നു . കന്നട നടൻ അച്ചുത് കുമാറിനെ ആദ്യമായി കാണുന്നതും ഈ ചിത്രത്തിലാണ് .
826 total views, 8 views today