Rita

എല്ലാവശവും ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മീർ , രാജസ്ഥാന്റെ മറ്റൊരു സുന്ദരമായ നഗരമാണ്.1956 നവംബർ -1 ,രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു. അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഈ യാത്രയിൽ ഞങ്ങളുടെ കൂടെ വിദേശത്ത് പഠിച്ച് വളർന്ന വിദേശിയായ ഇന്ത്യക്കാരനും കൂടെയുണ്ടെന്നുള്ളതാണ് പ്രത്യേകത. സമയത്തിന്റെ വ്യത്യാസം കൊണ്ടായിരിക്കാം യാത്രയിലെ മിക്കസമയവും ഉറക്കത്തിലായിരുന്നു. ഉറങ്ങി എണീറ്റപ്പോഴേക്കും വാഹനം നാഷണൽ ഹൈവേയിൽ നിന്ന് മാറി  സിറ്റിയോട് അടുക്കാറായിരിക്കുന്നു.അങ്ങനെയുള്ള സ്ഥലങ്ങളിൽ പാതകൾ മിക്കവാറും ഗോക്കളുടെ നിയന്ത്രണത്തിലായിരിക്കും.അവരെ തട്ടാതെയും മുട്ടാതെയുമുള്ള യാത്രകളാണ്, പിന്നീടങ്ങോട്ട്.പലതവണ രാജസ്ഥാൻ യാത്ര ചെയ്തിട്ടുള്ള ഞങ്ങൾക്ക് അതിൽ പുതുമയൊന്നുമില്ലെങ്കിലും വിദേശിയുടെ അത്ഭുതഭാവവും അതിനെ തുടർന്നുള്ള തമാശകളും ഫോട്ടോയെടുക്കലും മറ്റും കാണുമ്പോൾ, നമ്മുടെ മനസ്സിലെവിടെയോ ‘ചമ്മൽ ‘ ഉണ്ടാവുന്നില്ലേ എന്ന് സംശയം.അദ്ദേഹത്തിൻ്റെ നിറുത്താതെയുള്ള ചിരിയും എന്തും ഏതും പോസിറ്റീവായി നോക്കികാണുന്നതിനു മുൻപിൽ നമ്മളും അതൊക്കെ ആസ്വാദ്യം അല്ലെങ്കിൽ ആസ്വാദ്യമാക്കുകയാണ്.

മതസൗഹാർദ്ദത്തിന്റെ ഉദാഹരണമാണ് അജ്മീർ. സുൽത്താൻ ഹിന്ദ് എന്ന അപരനാമത്തിൽ വിശ്രുതനായ സൂഫി പ്രമുഖൻ ഖാജാമുഈനുദ്ദീൻ ചിശിയുടെ അന്ത്യവിശ്രമസ്ഥാനമാണിവിടെ. ഇസ്‌ലാംമത പ്രചാരകന്മാരാണ് സൂഫി പണ്ഡിതന്മാർ.മതനിഷ്‌ഠ, വ്യക്തിപ്രഭാവം, കർമ്മനിഷ്‌ഠ, അനുഗ്രഹം ചൊരിയൽ എന്നിവയിലൂടെ ഇവർ വ്യത്യസ്തരാകുന്നു.എല്ലാ മതവിശ്വാസികളേയും ഒരേപോലെ ഈ ദർഗ്ഗ സ്വാഗതം ചെയ്യുന്നു. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണിത്.

രാജസ്ഥാന്റെ മറ്റു സ്ഥലങ്ങൾ പോലെയല്ല, ഒരു ചെറിയ സിറ്റി എന്നു പറയാം. താമസിക്കാൻ 2 -3 ഹോട്ടലുകളെ ഉള്ളൂ.ദർഗ്ഗ ക്കുള്ള പ്രാധാന്യമുള്ളത് കൊണ്ടായിരിക്കാം താമസിക്കാൻ വരുന്നവരുടെ ഐഡികൾ അങ്ങേയറ്റം സൂക്ഷമപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടെയുള്ള വിദേശിയുടെ രേഖകൾക്ക് അത്യന്താ സൂക്ഷമ പരിശോധനക്ക് ശേഷമാണ് താമസിക്കാൻ അനുമതി ലഭിച്ചത്.

Image result for ajmer city rajasthanപതിവുപ്പോലെ നീണ്ടുപോകുന്ന ഇടുങ്ങിയ വഴികളിലൂടെയാണ് അങ്ങോട്ടേക്കുള്ള യാത്ര.കാറുകൾ ആ വഴിയിലൂടെ പോകാത്തതു കൊണ്ട്, ഹോട്ടലുകാർ ഏർപ്പെടുത്തി തന്ന ഓട്ടോയിലാണ് യാത്ര.ഡ്രൈവർ തന്നെ ഗൈഡും ആകാമെന്നാണ് കരാർ.പോകുന്ന ഇടുങ്ങിയ വഴികളിൽ രണ്ടു വശത്തുള്ള കെട്ടിടങ്ങളിലെ താഴത്തെ നിലയിൽ കടകളും അതിന്റേതായ തിരക്കുകളുമാണ്.മുകളിലെ നിലകളിൽ വീടുകളുമാണ്.അധികവും ഇരുചക്രവാഹനങ്ങളാണ്. എതിർഭാഗത്ത് നിന്ന് ഒരു ഓട്ടോ വന്നാൽ, ഏതെങ്കിലും ഒരു വാഹനം പുറകിലോട്ട് പോവുകയോ അല്ലെങ്കിൽ അടുത്തുള്ള ചെറിയ റോഡിലോട്ടോ മാറണം.എന്തായാലും നഗരങ്ങളിൽ കാണുന്ന പോലെ ‘ഞാനാദ്യം പോകട്ടെ ‘ എന്ന മട്ടിലുള്ള ‘ഹോൺ’ അടിച്ച് പേടിപ്പിക്കുന്നില്ല. പകരം സൗകര്യങ്ങൾക്കനുസരിച്ചുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ തന്നെ മനസ്സിനൊരു മനസ്സമാധാനം.

സുരക്ഷാപരിശോധനക്ക് ശേഷമാണ് ദർഗയിലേക്ക് ആളുകളെ കടത്തി വിടുക. ചെരുപ്പ് സൂക്ഷിക്കാൻ സ്ഥലമുണ്ട്.തല തൂവാല വെച്ച് മൂടണം. റോസാപ്പൂക്കളും മുല്ലപ്പൂക്കളും അരച്ച ചന്ദനവും ഇവിടെ വരുന്നവർ കൈയ്യിൽ കരുതുന്നു. അതെല്ലാം അതിനടുത്തുള്ള കടയിൽ നിന്ന് മേടിക്കാൻ കിട്ടും. ഓട്ടോ ഡ്രൈവർ ഞങ്ങളെ അതിനകത്തുള്ള ഒരാളെ ഏൽപ്പിച്ചു.അദ്ദേഹം ഞങ്ങളെ അവിടത്തെ പ്രധാന മതപുരോഹിതന്റെ അടുത്തോട്ട് കൊണ്ടുപോയി.ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ അവരും ഇടയ്ക്ക് സന്ദർശിക്കാറുണ്ടത്രെ. അദ്ദേഹത്തിൻ്റെ മകനോടൊപ്പം അവിടെയെല്ലാം കാണാനായിട്ട് ഞങ്ങളെ പറഞ്ഞുവിട്ടു.

Related imageമുഗൾരാജവംശത്തിലെ പല ഭരണാധികൾ ചേർന്ന് പല ഘട്ടങ്ങളിലായാണ് ദർഗയുടെ പണി തീർത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ പവലിയനും വാതായനങ്ങളും പലതരം മോസ്‌ക്കുകളുമെല്ലാം കൂടി ചേർന്ന് ഒരു വലിയ കെട്ടിടസമുച്ചയമായിരിക്കുകയാണിപ്പോൾ.  

മുഗൾ വാസ്തുവിദ്യയിൽ സാധാരണ കാണാറുള്ള താഴികക്കുടങ്ങളും മാർബിളിന്റെ ഉപയോഗവുമൊക്കെ  ഇവിടെയും കാണാം.

ഭക്തർ പുഴപ്പോലെ ഒഴുകുകയാണ് എല്ലായിടത്തും. ഓരോ മുക്കിലും കോണിലും ഭക്തി തുളുമ്പി നിൽക്കുന്നു.ഖബറിടത്തിന് സമീപത്തായി പ്രാർത്ഥനയിൽ മുഴുകി വലിയൊരു ജനാവലി തന്നെയുണ്ട്.ഖബറിടം കാണാൻ നീണ്ടനിരയാണുള്ളത്. എന്തായാലും ആ മകനെ കണ്ടതോടെ ക്യൂ ഒരു നിമിഷം നിറുത്തി ഞങ്ങളെ മുന്നോട്ട് എത്തിച്ചു.അത് vip രീതിയിലുള്ള ദർശനം ആയിരുന്നു. അതിനായിട്ട് പ്രത്യേക പൈസയും പിന്നീട് മേടിച്ചു. റോസാപ്പൂക്കളുടെ മണമാണ് അവിടെയെല്ലാം. ദിവസവും  ആളുകൾക്ക് ഫ്രീയായിട്ട് ഭക്ഷണം കൊടുക്കുന്നുണ്ട്.നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് തുക സംഭാവനയായിട്ടും കൊടുക്കാം.ഭക്തിയും വിശ്വാസവും സംഗീതവും ശാന്തിയും സമ്മേളിക്കുന്ന അവിടെ ഒരു പ്രാവശ്യമെങ്കിലും പോകാൻ കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു.

Pushkkar

മഴക്കാലം രാജസ്ഥാന്റെ രൂപം തന്നെ മാറ്റി മറിക്കുന്ന സമയമാണ്. മഴ പെയ്തു കഴിഞ്ഞാൽ വരണ്ടു ഉണങ്ങിയ ആരവല്ലി പർവ്വതപ്രദേശങ്ങൾ പച്ചനിറമാകും. ആരവല്ലി പര്‍വ്വതനിരകളും കോട്ടകളും തടാകങ്ങളും ഗ്രാമവും മറ്റേതൊരു കാലത്തേക്കാളും മനോഹരമാക്കുന്നു. ചെറുമഴ നനഞ്ഞുള്ള കാല്‍നടയാത്ര അതും ഏകദേശം കാല്‍മുട്ടൊപ്പം വെള്ളമുള്ള റോഡില്‍ കൂടിയുള്ള യാത്ര, ചെളിവെള്ളം തെറിപ്പിച്ചുള്ള ആ പഴയകാല സ്കൂള്‍ യാത്രയാണ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്.നിനച്ചിരിക്കാതെ വന്ന മഴയായതു കൊണ്ടാകാം വഴിവക്കിലെ കടയിലെ കുട്ടി അവന്‍റെ കച്ചവടത്തിന്‍റെ കൂടെ  ‘കുട വാടകയക്ക് കൊടുക്കാന്‍ തയ്യാറായിട്ടാണ്. ആകെ 2- 3 കുടകളെയുള്ളൂ. മഴയായതു കൊണ്ട് സ്കൂളില്‍ പോയില്ല പകരം കട തുറക്കാന്‍ വന്നതാണ്, അവന്‍. അവനുമായുള്ള വര്‍ത്തമാനത്തില്‍ നിന്നാണ് മുട്ടൊപ്പമുള്ള വെള്ളത്തിന്റെ ഉറവിടം മനസ്സിലായത്. അതെല്ലാം ‘ലാട്രിന്‍ വെള്ളം നിറഞ്ഞൊഴുകുന്നതാണ്.അതോടെ ആര്‍ക്കുംമുന്നോട്ട് പോകേണ്ട.അജ്മീറിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ പുഷ്ക്കര്‍-യാണ് സ്ഥലം.

Image result for Pushkarപുഷ്ക്കര്‍, നവംബറിൽ  നടക്കുന്ന ക്യാമെൽ ഫെസ്റ്റിവലാണ് സഞ്ചാരികളെ  ആകർഷിക്കുന്നതെങ്കിലും വ്യത്യസ്തമായ ക്ഷേത്രങ്ങളും അതിൻ്റെ നിർമ്മിതികളും താല്പര്യമുണർത്തുന്നവയാണ്. ഇന്ത്യയിലെ ഏതാനും ബ്രഹ്മാക്ഷേത്രങ്ങളിൽ ഒന്നാണ് പുഷ്കർ ലുള്ളത്. പഴമ തോന്നിപ്പിക്കുന്ന ഭാവമാണ് ഈ നഗരത്തിനുള്ളത്. അജ്മീറിൽ നിന്ന് ഏകദേശം 14 കി.മീ ദൂരെയാണ് ഈ സ്ഥലം  ബ്രഹ്മാവ് താമരപ്പൂവ് കൊണ്ട് പൗർണ്ണമി ദിനത്തിൽ വജ്രനാഥ് എന്ന രാക്ഷസനെ വധിക്കുകയും ആ സമയം 3 ഇതളുകൾ വള്ളത്തിൽ വീണതായും, ആ പൂവിതളുകളിൽ ഒന്ന് പുഷ്‌ക്കറിൽ വീണതിൻറെ ഫലമായി ഉണ്ടായതാണ് ഈ തടാകം എന്നാണ് ഐതീഹ്യം. കാർത്തിക പൂർണ്ണമി ദിവസത്തിൽ ലക്ഷക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്കായി തടാകത്തിൽ മുങ്ങി നിവരുന്നു.

Image result for pushkar brahma templeതടാകത്തിനെ അഭിമുഖീകരിച്ച് കെട്ടി പൊക്കിയ ഭക്ഷണശാലയിലിരുന്ന് തടാകത്തിലേക്ക് വീഴുന്ന മഴത്തുള്ളികളേയും നോക്കി എത്ര സമയമേണമെങ്കിലും നമ്മുക്ക് ചെലവഴിക്കാം. അവിടത്തെ മറ്റ് വിരുന്നുകാരികളിൽ അധികവും വിദേശികളായിരുന്നു.  അതുകൊണ്ടായിരിക്കാം അവിടത്തെ ഭക്ഷണങ്ങളുടെ മെനുവിലും എല്ലാം വിദേശ ഭക്ഷണങ്ങളുടെ നീണ്ടനിര . അവിടെ വരുന്നവരോട് ചോദിച്ചും പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളവയാണതൊക്കെ. ഞങ്ങളുടെ കൂടെയുള്ളത് വിദേശിയാണെന്നറിഞ്ഞപ്പോൾ പാചകത്തിലെ സംശയങ്ങളും സാംബിൾ പരീക്ഷിക്കലുമായിഉടമസ്ഥൻ ഞങ്ങളോടപ്പം കുറെ നേരം ചെലവഴിച്ചു. അദ്ദേഹത്തിന്‍റെ പാചകത്തിലെ അറിവും താൽപര്യം കാണുമ്പോൾ – ചിലർ നമ്മളെ എങ്ങനെയാണ് അതിശയപ്പിക്കുക എന്ന് പറയാൻ സാധിക്കില്ല. രാജസ്ഥാനിലെ ഹിപ്പി ഡെസ്റ്റിനേഷൻ’ എന്നറിയപ്പെടുന്ന സ്ഥലമാണ് പുഷ്ക്കർ . സുലഭമായി ലഭിക്കുന്ന കഞ്ചാവും ഓപ്പീയവുമാണ് അതിനു കാരണമെന്ന് പിന്നാമ്പുറ സംസാരം.200 രൂപ മുതൽ താമസിക്കാനുള്ള റൂമുകൾ ലഭിക്കുന്നതാണ്. 

ഉച്ചകഴിഞ്ഞതോടെ മഴ മാറി റോഡിലെ വെള്ളവും താഴ്ന്നു. അപ്പോഴേക്കും ക്ഷേത്രവും അടച്ചു. എന്നാൽ പാതക്ക് ഇരുവശവും തെരുവുകളില്‍ ബഹുവര്‍ണകാഴ്ചകളാണ്. കണ്ണാടിക്കഷ്ണങ്ങൾ പിടിപ്പിച്ചിട്ടുള്ള ബാഗുകളും  തുകലിന്റെ ചെരുപ്പുകളും പല നിറത്തിലുള്ള വളകളും ……..മുറ്റത്ത് മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെയാണ് എനിക്ക് അവയൊക്കെ. എന്നാൽ കൂടെയുള്ള വിദേശിക്ക്, ‘ഷോപ്പിംഗ് തലക്ക് പിടിച്ചതു പോലെയായിട്ടുണ്ട്.ഏറ്റവും തിളക്കവും പളക്കവുമുള്ള സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നുണ്ട്.അദ്ദേഹത്തിന് ‘India is a colourful country ‘ ആണ്. ഇന്ത്യയെ മറ്റൊരാളിലൂടെ കണ്ടറിയുന്നതും രസകരം.

Nareli Jain temple

അഹിംസയിലൂന്നിയ ജൈനമതക്കാരുടെ സിദ്ധാന്തങ്ങൾ ബുദ്ധമതത്തിനോട് സാദൃശ്യമാണുള്ളത്.ഇവരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമി കീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും  ജീവൻ വിശുദ്ധമാണ്.അത് ഇല്ലാതാക്കുന്നത് തെറ്റാണ്. ഭൂമിക്കടിയിൽ ഉണ്ടാകുന്ന വിഭവങ്ങളായ ഉള്ളി, ഉറുളൻക്കിഴങ്ങ്പു, വെളുത്തുള്ളി …..അങ്ങനെയുള്ളതൊന്നും കഴിക്കാറില്ല. പല ഭക്ഷണശാലയിലും ഇവർക്കായി പ്രത്യേക ഭക്ഷണം ലഭിക്കുമെന്നുള്ള ബോർഡ് കാണാറുണ്ട്. പുരാതന ഭാരതത്തിൽ ഉടലെടുത്ത  മതവിഭാഗമാണിത്. ക്രിസ്തുമതം കേരളത്തിൽ എത്തുന്നതിനു മുൻപേ ജൈനമതം കേരളത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഇതിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു എന്നാണ് ഗൂഗിളിലെ ചരിത്രം പറയുന്നത്. എന്നാൽ ഇന്നും ഉത്തരേന്ത്യയിലെ മഹാരാഷ്ട്ര, ഗുജറാത്ത് രാജസ്ഥാനിലൊക്കെയാണ് ഇപ്പോഴത്തെ പ്രധാന ആവാസകേന്ദ്രങ്ങൾ. Image result for Nareli Jain temple അജ്മീറിലെ ഏകദേശം ഏഴ് കി.മീ. ദൂരെയായിട്ടുള്ള സുന്ദരമായ മാർബിളിൽ തീർത്ത ‘നരേലി ജൈന ക്ഷേത്രം’ ഒരു കുന്നിന്റെ മുകളിലായിട്ടാണ്.ഞങ്ങളുടെ വാഹനം കുന്നു കേറി വരുന്നത് കണ്ടു കൊണ്ട് ഒരാൾ വാഹനത്തിന്റെ പുറകെ വരുന്നുണ്ടായിരുന്നു. പ്രസന്നവും ശാന്തവുമായ അന്തരീക്ഷത്തിൽ തനിയെ അൽപ്പസമയം ചെലവഴിക്കാനും പട്ടണം കാണാനും സാധിക്കുന്ന സ്ഥലം. ഞങ്ങൾ അവിടെയെല്ലാം നടന്ന് കാണുകയായിരുന്നു. അപ്പോഴേക്കും വണ്ടിയുടെ പുറകെ വന്നിരുന്ന ആൾ അവിടെ എത്തി. പ്രധാന ക്ഷേത്രം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണെന്നും പ്രാർത്ഥനകളും പൂജകളും അതിനോട് അടുത്ത ഒരു സ്ഥലത്തോട്ട് മാറ്റിയിരിക്കുകയാണ് എന്നറിയിച്ചു.അത് കാണാനും പ്രാർത്ഥിക്കാനും വലിയ പ്രാധാന്യം കാണിക്കാത്തതു കൊണ്ടാകാം പൈസ തന്നാൽ അദ്ദേഹം പോയി പ്രാർത്ഥിക്കാമെന്നതായി അടുത്ത ഡിമാൻഡ്..  നമ്മുടെ ഉന്നമനത്തിനും മന:ശാന്തിക്കുമായി എത്ര ആൾക്കാരാണ് നമ്മുക്ക് ചുറ്റും അല്ലെ . പക്ഷെ കാലത്തിന്റെ മാറ്റം ആകാം അതൊക്കെ കേൾക്കുമ്പോൾ അരോചകമായിട്ടാണ് തോന്നിയത്.

Image result for ajmer cloth towerഅജ്മീറിലുള്ളവരുടെ നിത്യജീവിത തിരക്കുകൾ വീക്ഷിച്ചു കൊണ്ടുനിൽക്കുന്ന ‘ക്ലോക്ക് ടവർ’ നോട് അവിടെയുള്ളവർക്ക് വലിയ മമതയുണ്ടോ എന്ന് സംശയം. പുരാതന രജപുത്ര വാഴ്ചയുടെ രാജകീയപൂമുഖത്തുനിന്നാൽ അടുത്ത പ്രദേശങ്ങളുടെ ഗംഭീരകാഴ്ച കാണാം എന്നാൽ സഞ്ചാരികളായ ഞങ്ങളെ പോലെ ചിലർ അതിൻ്റെ ഭംഗി ആസ്വദിക്കലും ഫോട്ടോ എടുക്കലുമായിട്ട് അതിന് ചുറ്റുമുണ്ട്.

ഡ്രൈവിംഗ് അതൊരു കലയാണ് ചിലപ്പോൾ കൊല ആകാറുണ്ടെങ്കിലും അത് ആസ്വദിച്ചു ചെയ്യണമെന്നാണ് ഒരു മതം.കൂടെയുള്ള വിദേശിക്കും ഇവിടെ കാറോടിക്കാൻ ആഗ്രഹം. എല്ലാ  8 -10 സെക്കന്ററി നുള്ളിൽ വണ്ടിയിലെ മിറർ റുകൾ നോക്കണം ലേൻ ( lane ) മാറാനായിട്ട് ഇൻഡിക്കേറ്റർ ഇടണം ഇതൊക്കെയാണ് അവരുടെ നിയമങ്ങളിൽ ചിലത് . ഇതെല്ലാം കഴിഞ്ഞ്  നോക്കുമ്പോൾ വഴിയുടെ നടുവിൽ നിൽക്കുന്ന പശുവിനെ കാണുമ്പോൾ അദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ ശരിക്കും തളർന്നു പോവുകയാണ്. അങ്ങനത്തെ പ്രതിസന്ധികളെ നമ്മുടെ ഡ്രൈവർന്മാർ  നിഷ്പ്രയാസം തരണം ചെയ്യുന്നത് കാണുമ്പോൾ, എന്തിനും ഏതിനും വിദേശത്തുള്ളവരെ നോക്കി അന്തം വിടുന്ന നമ്മൾക്ക് ഒരാശ്വാസമാണ് ആ ‘ഡ്രൈവിംഗിലുള്ള സാമർഥ്യം.അതില്‍ നമ്മുക്ക് അഭിമാനിക്കാം നിയമങ്ങൾക്കെതിരെ കണ്ണടയ്ക്കാം അല്ലെ.

  ഇങ്ങനെയുള്ള സ്‌കൂളിലാണെങ്കിൽ പഠിക്കാൻ ആഗ്രഹമില്ലാത്തവർ  പോലും പഠിച്ചു പോകുമെന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം.’Mayo College ‘  ഈ prestigious school, ഏറ്റവും പഴക്കം ചെന്ന 1875 -ലെ cbsc ബോയ്സ് നുള്ള ബോർഡിങ് സ്‌കൂളാണ്.ഏക്കറോളം പരന്ന് കിടക്കുന്ന കാമ്പസും പുരാതന കെട്ടിടങ്ങളും ഏതോ വിദേശത്തുള്ള യൂണിവേഴ്സിറ്റിയെ ഓർമ്മിപ്പിക്കുന്നതാണ്.പഠിത്തത്തിൽ മാത്രമല്ല കളിയിലും ഒരേപോലെ പ്രാധാന്യം കൊടുക്കുന്നതാണിവിടെ.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ക്ലാസ്സ്‌ കഴിഞ്ഞ് പല കുട്ടികളും   ഗോൾഫ്, horse riding, നീന്തൽ …… അങ്ങനെ പലതരത്തിലുള്ള പരിശീലനത്തിലാണ്. കണ്ടിരിക്കാൻ രസകരം.പക്ഷെ ഫീസിനെ പറ്റി അറിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവരുടെ വിദ്യഭ്യാസത്തിന് പോലും എൻ്റെ വീട്ടുകാർ അത്രയും പൈസ ചിലവാക്കി കാണില്ല. ഒരു വർഷത്തേക്ക് ആറര ലക്ഷം. പഠിക്കാനുള്ളവർ എവിടെയാണെങ്കിലും പഠിക്കുമെന്നാണ് എൻ്റെ അച്ഛന്റെ വാദം. അതിനോട് പൂർണ്ണമായി യോജിക്കാൻ അന്ന് കഴിഞ്ഞിട്ടില്ലെങ്കിലും  ഇപ്പോള്‍ ഒരു നിമിഷനേരത്തേക്ക് ഞാനും അച്ഛന്റെ വാക്കുകൾ കടമെടുക്കുകയാണ്.

ചരിത്രം അറിയേണ്ടാത്തവർ അങ്ങോട്ടേക്ക് വരണ്ട എന്ന നിലപാടാണ് രാജസ്ഥാനുള്ളത്.  അജ്മീർ നഗരത്തിനും അതിൽ മറ്റൊരഭിപ്രായമൊന്നുമില്ല. അക്ബർ ഫോർട്ടും അക്ബർ പാലസും & മ്യൂസിയവും – നൂറ്റാണ്ടുകളുടെ ചരിത്രം പറയാതെ പറയുന്ന അവയൊക്കെ ഞങ്ങൾ നടന്നു കണ്ടു.

ഒരോ യാത്രയും ഓരോ ആഘോഷമാണ്. കാഴ്ചകളുടെ, കാഴ്ചപ്പാടുകളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഘോഷയാത്രയാണ്.

 

Advertisements