ഒരേയൊരു അൻവർ അലി

0
352

അജു റഹിം

ഒരേയൊരു -അൻവർ അലി .

പി. ഭാസ്കരൻ ,വയലാർ രാമവർമ്മ,ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി,യൂസഫലി കേച്ചേരി ,കൈതപ്രം ദാമോദരൻ നമ്പൂതിരി ,ഗിരീഷ് പുത്തഞ്ചേരി,ബിച്ചു തിരുമല ,എസ്. രമേശൻ നായർ മലയാള പിന്നണി സംഗീതശാഖയിൽ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള അനുഗ്രഹീതരായ പാട്ടെഴുത്തുകാരുടെ ലിസ്റ്റ് എടുത്താൽ ,പ്രസ്തുത ശ്രേണിയിൽ റഫീഖ് അഹമ്മദിന് ശേഷം കൂട്ടിച്ചേർക്കാവുന്ന ഏറ്റവും തിളക്കമുള്ള ഒരേയൊരു പേര് “അൻവർ അലി ” എന്നായിരിക്കും .

Must not allow hijacking of cultural bodies: Malayalam poetകഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ മലയാളീസിനിമാസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഏറ്റവും കൂടുതൽ നിരൂപകപ്രശംസകൾ ലഭിച്ച ചലച്ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അന്നയും റസൂലും ,കമ്മട്ടിപ്പാടം ,സുഡാനി ഫ്രം നൈജീരിയ ,കുമ്പളങ്ങി നൈറ്റ്സ് ,മായാനദി ,കിസ്മത്ത് ,ഞാൻ സ്റ്റീവ് ലോപസ് തുടങ്ങി നായാട്ടും മാലിക്ക് വരെ പോയാൽ ,ഇവയെല്ലാം നേരിട്ട് കണക്റ്റ് ചെയ്യാവുന്ന ഒരേയൊരു പേരും പ്രസ്തുത സിനിമകളിലെ നിർണായകമായ ,ജനപ്രിയ ഗാനങ്ങളുടെ രചയിതാവായ ഇതേ അൻവർ അലിയുടേത് തന്നെ ആയിരിക്കും .

അൻവർ അലി എന്ന എഴുത്തുകാരന്റെ പേര് ആദ്യം കേൾക്കുന്നത് പണ്ട് സ്‌കൂൾ കാലത്തു കേരളശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഒരു മത്സരത്തിൽ സമ്മാനം നൽകിയ പ്രശസ്തമായ ടോട്ടോചാൻ എന്ന ജാപ്പനീസ് പുസ്തകത്തിന്റെ മലയാളം പരിഭാഷയായ ജനാലയ്ക്കരികിലെ വികൃതിക്കുട്ടിയുടെ പരിഭാഷകൻ എന്ന രൂപത്തിലാണ് . അൻവർ അലിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ സപ്ലിമെന്ററി വർക്ക് /അപ്ലൈഡ് ആർട്ട് വർക്ക് ആയ സിനിമാപിന്നണി -ഗാനരചനയിലേക്കു വൈകി എത്തും മുൻപ് മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ തന്റേതായ മേൽവിലാസത്തിലും അതോടപ്പം വിവർത്തകൻ, എഡിറ്റർ, സിനിമാ/ഡോക്യുമെന്ററി എഴുത്തുകാരൻ എന്നീ നിലകളിൽ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടായിരുന്നു. മാർഗ്ഗം, ശയനം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയും വളരെ മുൻപ് എം വി സുകുമാരൻ നായരുടേതടക്കം സമാന്തരസിനിമകളിലെ പാട്ടെഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടായിരുന്നു .

അടുത്ത കാലത്തായി പിന്നണി ഗാനശാഖയിൽ വലിയൊരു മാറ്റത്തിന് അക്ഷരാർത്ഥത്തിൽ അൻവർ അലി കാരണക്കാരനായി എന്ന് തോന്നിയിട്ടുണ്ട് .ബിംബങ്ങളിലും പ്രയോഗങ്ങളിലും ആലങ്കാരികതയും വരേണ്യ കാല്‍പ്പനികരീതിയും ശീലമാക്കിയ രചന ശൈലിക്കും ബദലായി കാലവും ദേശവും സാമൂഹിക സാഹചര്യവുമൊക്കെ അടയാളപ്പെടുത്തിക്കൊണ്ട് ,മൊഴിഭേദങ്ങളുടെയും നാടോടിഭംഗികളും കോർത്തിണക്കിയുള്ള ശൈലി ഇദ്ദേഹത്തിന്റെ ഗാനങ്ങളിൽ കാണാം .

വാക്കുകൾക്കത്രയും വെളിച്ചവും തിളക്കവും കിലുക്കവും ,മണ്ണിൽ ചവിട്ടിനിന്ന് വിണ്ണിലേക്കു നോട്ടമയ്ക്കുന്ന കാവ്യഭംഗിയിൽ അദ്ദേഹം പുതിയ കാലത്തെ സംഗീതാസ്വാദനത്തിനു ശ്രുതി ചേർത്തു .കമ്മട്ടിപ്പാടത്തിലെ പുഴുപുലികൾ ,പറ പറ പെരുവയൽപൂമിയിലെ പുലയോരെ കഥ പറ,തൊട്ടപ്പനിലെ ‘പ്രാന്തൻ കണ്ടൽ,കുമ്പളങ്ങിയിലെ ചെരാതുകൾ,നായാട്ടിലെ അപ്പലാളും അതിന്റാളും ,മാലിക്കിലെ തീരമേ തീരമേ തുടങ്ങിയ പാട്ടുകളൊക്കെയും മേൽപ്പറഞ്ഞ രീതിയിൽ സിനിമയുടെ ഓവർ ഓൾ കണ്ടറ്റ് ആഖ്യാനം ചെയ്യുമാർ പ്രാദേശിക ജീവിത ചര്യകളെയും, അവസ്ഥകളെയുമൊക്കെ അടയാളപ്പെടുത്തുന്ന പാട്ടുകൾക്കുദാഹരണങ്ങളാണ്,മറ്റൊരു ഭാഷയിൽ ഗാനരചനയ്ക്കു പിന്നിൽ കൃത്യമായ റഫറസുകളും റിസേർച്ചുകളുമെണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും .

രാജീവ് രവി സിനിമകളുടെ ആസ്ഥാന പാട്ടെഴുത്തുകാരനായ ഇദ്ദേഹത്തിൻെറ്റതായി തുറമുഖം ,ഗോവിന്ദ് വസന്തയുടെ ഈണത്തിൽ പടവെട്ട്,ദുൽഖറിന്റെ കുറുപ്പ് ,വെയിൽ തുടങ്ങിയ ഒട്ടനവധി മികച്ച ചിത്രങ്ങൾ പുറത്തിറങ്ങാനുമുണ്ട് .അൻവർ അലിയുടെ ഗാനരചനയിൽ ഇഷ്ടപെട്ട ഗാനങ്ങൾ

1 .മിഴിയിൽ നിന്നും മിഴിലേക്ക് -മായാനദി
2 .കിനാവുകൊണ്ടൊരു -സുഡാനി ഫ്രം നൈജീരിയ
3 .ഉയിരിൽ തൊടും-കുമ്പളങ്ങി നൈറ്റ്സ്
4 .കിസ പാതിയിൽ -കിസ്മത്ത്
5 .ചിറകുകൾ ഞാൻ നീ ദൂരമായ്-ഞാൻ സ്റ്റീവ് ലോപസ്
6 .തീരമേ തീരമേ -മാലിക്ക്