ഹരിദാസ് എന്നാണ് എന്റെ പേര്, ആ പേര് അവര്‍ ഉച്ചരിക്കാറില്ല,ആദിവാസി എന്നാണ് പറയാറ്

0
54305

എഴുതിയത്  : AK Gireesh

നമ്മുടെ നാട്ടിലാണ്.. ഒരു മഹാദുരിത ഭൂരിപക്ഷത്തിൽ നിന്ന് കനൽ പർവ്വങ്ങൾ കടന്ന് സ്വപ്ന ഭൂമികയിലെത്തുന്ന തുലോം കുറച്ച് മനുഷ്യർ, വീണ്ടും നിലനിൽപ്പിനായ് സഹപ്രവർത്തകരോട് പോലും പോരാടണം!!

” *’ഹരിദാസ് എന്നാണ് എന്റെ പേര്. ആ പേര് പലപ്പോഴും അവര്‍ ഉച്ചരിക്കാറില്ല. ആദിവാസി എന്നാണ് പറയാറ്. ‘ആ ആദിവാസി, ഈ ആദിവാസി’ എന്ന വിശേഷണം കേട്ട് ഞാന്‍ തകരാറുണ്ട്. ആദിവാസിയായി പോയത് എന്റെ തെറ്റാണോ? അല്ലെങ്കില്‍ ആദിവാസി എന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ? എല്ലാവരും മനുഷ്യരല്ലേ? അവര്‍ക്കും എനിക്കും കൂടുതലായോ കുറവായോ ഒന്നുമില്ല. ശമ്പളം പോലും. അവരെപ്പോലെ പഠിച്ച് പരീക്ഷയെഴുതി എല്ലാ കടമ്പകളും കടന്ന് എത്തിയയാളാണ് ഞാന്‍. പിന്നെ എനിക്ക് മാത്രം എന്താണ് വേര്‍തിരിവ്?’

‘സര്‍ക്കാര്‍ ജോലി കിട്ടുക എന്നതിനേക്കാള്‍ പോലീസില്‍ ജോലി കിട്ടുക എന്നതായിരുന്നു എന്റെ സ്വപ്നം. അതിനായി കഠിനമായി പരിശ്രമിച്ചു. ആദിവാസികളില്‍ തന്നെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളില്‍ ഒന്നായ കുറുംബ സമുദായത്തിലാണ് ഞാന്‍ ജനിച്ചത്. മുക്കാലിയില്‍ നിന്ന് 24 കിലോമീറ്റര്‍ കാടിനുള്ളിലേക്ക് നടന്നാലാണ് എന്റെ വീട്. ഉള്‍ക്കാട്ടിലാണ്. ഇപ്പോഴും അവിടേക്ക് വാഹനമെത്തില്ല. വൈദ്യുതിയില്ല. ജീപ്പ് വിളിച്ചാല്‍ പകുതി ദൂരം പോവുന്നതിന് 500 രൂപ കൊടുക്കണം. അത് കഴിഞ്ഞാലും എട്ട് കിലോമീറ്ററിലധികം നടന്ന് പോവണം. അങ്ങനെയുള്ള ഞാന്‍ ഈ ജോലിക്ക് ചേര്‍ന്നതിന്റെ കഷ്ടപ്പാട് എത്രമാത്രം ആയിരിക്കും? നന്നായി പഠിച്ച് പരീക്ഷയെഴുതി. പരീക്ഷയെഴുതി ജയിച്ചാലും ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകളും എല്ലാം പാസാവുക എന്നെപ്പോലെ ഒരു ആദിവാസി ഗോത്ര വിഭാഗക്കാരനെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാല്‍ അതെല്ലാം കവര്‍ ചെയ്ത് ജോലിയില്‍ കയറി. ഊര് മൂപ്പനും കൂടിയായ എനിക്ക് കാട് നന്നായി അറിയാം. മറ്റ് ഊരുകളുമായും നല്ല ബന്ധമുണ്ട്. അതാണ് അവര്‍ മവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താന്‍ എന്നെ ഉപയോഗിച്ചത്. എനിക്കതില്‍ അഭിമാനം തോന്നി. ആ ജോലി ഞാന്‍ വളരെ കൃത്യമായി ചെയ്യുകയും ചെയ്തു. മാവോയിസ്റ്റ് അനുഭാവികളോ മാവോയിസ്റ്റുകളോ എത്തിയാല്‍ പല ഊരുകളില്‍ നിന്നും ആളുകള്‍ എന്നെ അറിയിക്കും. അതുപോലെ തന്നെയാണ് കഞ്ചാവ് തോട്ടങ്ങളും. കാടറിയുന്നവര്‍ക്ക് മാത്രമേ അവിടെ എത്തി അത് കണ്ടെത്താനാവൂ. 14 കഞ്ചാവ് തോട്ടങ്ങള്‍ ഞാന്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. അതിന്റെയെല്ലാം പ്രതിഫലമായിരുന്നു ബാഡ്ജ് ഓഫ് ഓണര്‍. വീണ്ടും ബാഡ്ജ് ഓഫ് ഓണര്‍ കിട്ടാന്‍ നിരവധി കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അഗളി സ്റ്റേഷനിലെത്തിയതോടെ അതില്ലാതായി. മുമ്പ് നമ്മള്‍ ചെയ്യുന്ന ജോലികള്‍ക്ക് നമുക്ക് തന്നെ ക്രെഡിറ്റ് കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാടും മലയും കയറി കഷ്ടപ്പെട്ട് ഓരോന്ന് കണ്ടെത്തും. സ്റ്റേഷന്‍ ഓഫീസര്‍ക്ക് അതിന്റെ നല്ല പേരും കിട്ടും. ചത്ത് പണിയെടുത്ത നമുക്ക് പേരില്ല. ബാഡ്ജ് ഓഫ് ഓണര്‍ ആണ് എന്റെ കൂട്ടത്തില്‍ പണിയെടുക്കുന്ന ആറ് പേര്‍ക്ക് എന്നോട് ശത്രുതയുണ്ടാക്കിയത്.

‘ അവനെപ്പോലെ തന്നെ പണിയെടുക്കുന്നവരാണ് ഞങ്ങള്‍. അവനെപ്പോലെ ശമ്പളവും വാങ്ങുന്നു. എന്നിട്ട് അവന് മാത്രം ബാഡ്ജ് ഓഫ് ഓണര്‍’ എന്ന് പരസ്യമായി പറയുന്നത് കേള്‍ക്കാറുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ടും ഞാന്‍ സ്പെഷ്യല്‍ ഫോഴ്സിനെ സഹായിക്കാറുണ്ട്. ഇത് അവിടെയുള്ളവര്‍ക്ക് തീരെ പിടിക്കുന്നില്ല.’

‘ആദിവാസിയായതുകൊണ്ട് നമുക്ക് ഒരു ബുദ്ധിയും വിവരവുമില്ലെന്നാണ് അവരുടെ ധാരണ. ജോലികളില്‍ സംശയം വന്നാല്‍ പരസ്പരം ചോദിച്ച് സംശയം തീര്‍ക്കുന്നത് സ്റ്റേഷനില്‍ പതിവാണ്. അവരെല്ലാം അത് ചെയ്യും. പക്ഷെ ഞാന്‍ എന്തെങ്കിലും സംശയം ചോദിച്ചാല്‍ ഒരാളും സഹായിക്കില്ല. ‘അല്ലെങ്കിലും ഈ ആദിവാസികള്‍ എപ്പോഴും ഇങ്ങനെയാണ്’ എന്ന് പറഞ്ഞ് കളിയാക്കും. അവെരെല്ലാം ബുദ്ധിജീവികളും ഞാന്‍ മാത്രം ബുദ്ധയില്ലാത്ത ആദിവാസിയും. എനിക്ക് അവരോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും, അന്വേഷണത്തിനായാലും പരിശോധനകള്‍ക്കായാലും എല്ലാം പോവണമെന്നാഗ്രഹമുണ്ട്. പക്ഷെ എന്നെ കൂട്ടില്ല. അവരെല്ലാം ഒരു ഗ്യാങ് ആയി പോവും. എനിക്ക് രഹസ്യമായി വിവരങ്ങള്‍ തരുന്നവരെ അവരുടെ വീടുകളില്‍ പോലീസ് യൂണിഫോമിലെത്തി ഭീഷണിപ്പെടുത്തും. ഇതോടെ അവരില്‍ പലരും ഭയന്നിട്ട് എന്നോട് മിണ്ടാതെയായി. ഒരിക്കല്‍ ഞാന്‍ പുഴയില്‍ കുളിക്കാന്‍ പോയ സമയം ഭാര്യയായിരുന്നു ഫോണെടുത്തത്. എന്റെ കൂടെ എന്റെ അതേ പൊസിഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു പോലീസുകാരന്‍ ഒരു കാരണവുമില്ലാതെ ഭാര്യയെ ചീത്ത വിളിച്ചു. ‘നീയൊക്കെ ഒരു സ്ത്രീയാണോ, ഭാര്യയാണോ. നിനക്ക് നിന്റെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്താലെന്താ. അവന്റെ ജോലി പോവും. ശമ്പളമില്ലാതെ കുത്തിരിക്കാന്‍ പോവുകയാണ്. ഒരു നേരത്തെ അരി കിട്ടാതെ നീയും നിന്റെ കുട്ടികളും പട്ടിണി കിടന്ന് ചാവും.’ എന്നൊക്കെ അവളുടെ അടുത്ത് സംസാരിച്ചു. അത് സ്റ്റേഷനില്‍ ചെന്ന് ചോദിച്ചപ്പോള്‍ ‘ഞാനൊരു തമാശയ്ക്ക് പറഞ്ഞതല്ലേ’ എന്നാണ് ആ പോലീസുകാരന്റെ മറുപടി. എന്നോടുള്ള ദേഷ്യം എന്തിനാണ് എന്റെ ഭാര്യയോട് തീര്‍ക്കുന്നത്? കഴിഞ്ഞയിടെ ഇതേ പോലീസുകാരന്‍ എന്നെ പോലീസ് സ്റ്റേഷനിലേക്ക് പോലും കയറ്റിയില്ല. സിഐ സാറിനെ കണ്ടിട്ട് ഡ്യൂട്ടിക്ക് കയറിയാല്‍ മതിയെന്ന് പറഞ്ഞ് രണ്ട് ദിവസം മടക്കി. രണ്ടാമത്തെ ദിവസം സിഐ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം അങ്ങനെ ഒന്നും പറഞ്ഞിട്ടേയില്ല. ഇക്കാര്യങ്ങളൊന്നും അദ്ദേഹത്തിന് അറിയുകയുമില്ല. ജോലിക്ക് വരാത്തവനായി കാണിച്ച് എന്റെ ജോലി കളയാനാണ് അവരുടെ ശ്രമം.’

‘ ഇത്രയും കാലം എല്ലാം സഹിച്ചത് ഈ ജോലിയോട് അത്രയും താത്പര്യമുള്ളതുകൊണ്ടാണ്. എനിക്ക് പോലീസ് ജോലി ചെയ്യാന്‍ ഇഷ്ടമാണ്. അത് ചെയ്യാന്‍ അവരെന്നെ അനുവദിച്ചാല്‍ മതി. മറ്റൊന്ന്, അവര്‍ പറഞ്ഞത് സത്യമാണ്. ഈ ജോലി പോയാല്‍ ഞാനും എന്റെ കുടുംബവും പട്ടിണി കിടന്ന് മരിക്കും. ഒരു കിലോ അരി വാങ്ങാന്‍ പോലും സമ്പാദ്യമോ സമ്പത്തോ ഇല്ലാത്തവനാണ് ഞാന്‍. ചെറിയ കൂരയും അതില്‍ നിറയെ പ്രാരാബ്ധങ്ങളും മാത്രം. കാട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്ന് പഠിക്കുന്ന ബുദ്ധിമുട്ട് എനിക്ക് അറിയാവുന്നതിനാല്‍ മക്കളെയെല്ലാം ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. ജോലി പോയാല്‍ അവരുടെ പഠിപ്പ് മുടങ്ങും. പക്ഷെ ഇപ്പോള്‍ ഈ അവസ്ഥയില്‍ തിരികെ സ്റ്റേഷനിലേക്ക് പോവുന്നത് ആലോചിക്കുമ്പോള്‍ പേടിയാവുന്നു..’ *”