മൈഡിയര്‍ കുട്ടിച്ചാത്തനും ഊഹാപോഹങ്ങളും
AK Saiber
രജനീകാന്തിന്‍റെ പുതിയ 3D സിനിമ 2.0 ഇറിങ്ങിയതോടുകൂടി പലതരത്തിലുള്ള 3D ചിന്തകള്‍ സോഷ്യല്‍മീഡിയയിലെങ്ങും നിറയുകയാണ്. 3D സാങ്കേതികവിദ്യയെക്കുറിച്ചുള്ള വസ്തുതകളും നിറംപിടിപ്പിച്ച കഥകളും പലയിടത്തും കാണാം. കൂടുതലും ഇന്ത്യയിലെ ആദ്യ 3D സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ്. അതുകൊണ്ടുതന്നെ മൈഡിയര്‍ കുട്ടിച്ചാത്തനുപയോഗിച്ച 3D സാങ്കേതികവിദ്യയെക്കുറിച്ച് വിശദമാക്കുന്നത് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.

ആദ്യം 3D സിനിമയുടെ ടെക്നോളജിയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ ചുരുക്കി പറയാം. നമ്മള്‍ സാധാരണ കാണുന്ന സിനിമ 2D (ദ്വിമാനം) ആണ്. അതിന് നീളം വീതി എന്നിങ്ങനെ രണ്ട് ഡയമെന്‍ഷന്‍ മാത്രമേയുള്ളൂ. എന്നാല്‍ 3D സിനിമയില്‍ മൂന്നാമതൊരു ഡയമന്‍ഷന്‍ കൂടിയുണ്ട്; ആഴം. നിത്യജീവിതത്തില്‍ ത്രിമാന വീക്ഷണം സാധ്യമാകണമെങ്കില്‍ രണ്ട് കണ്ണുകള്‍ കൂടിയേ തീരൂ. രണ്ട് കണ്ണിലും ലഭിക്കുന്ന ഇമേജിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്താണ് തലച്ചോര്‍ നമുക്ക് ത്രിമാന ദൃശ്യാനുഭവം സാധ്യമാക്കുന്നത്. ( ഒരു കണ്ണ് മാത്രമുള്ളയാള്‍ക്ക് 3D കാഴ്ച അനുഭവിക്കാനാവില്ല, ജീവിതത്തിലും സിനിമയിലും. സാധാരണക്കാരില്‍ തന്നെ 10% പേര്‍ക്ക് 3D ശരിയായി അനുഭവിക്കാന്‍ കഴിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃദ്ധരില്‍ പലര്‍ക്കും വാര്‍ദ്ധ്യക്യസഹജമായ കാഴ്ചപ്രശ്നങ്ങളാല്‍ 3D ശരിക്കും ആസ്വദിക്കാന്‍ കഴിയാറില്ല)
3D അഥവാ സ്റ്റീരിയോ വിഷന്‍ സാധ്യമാകണമെങ്കില്‍ രണ്ട് കണ്ണുകള്‍ വേണം. അതുകൊണ്ടുതന്നെ 3D സിനിമ (സ്റ്റീരിയോസ്കോപിക് സിനിമ) ഷൂട്ട് ചെയ്യാന്‍ ഇടത് വലത് കണ്ണിന്‍റെ കാഴ്ചകള്‍ ഒരുമിച്ച് ലഭിക്കാന്‍ രണ്ട് ക്യാമറകള്‍ ചേര്‍ത്തുവച്ച് റിഗ് ചെയ്ത സ്റ്റീരിയോസ്കോപിക് ക്യാമറ യൂണിറ്റുകള്‍ വേണം. അല്ലെങ്കില്‍ ഒരു ക്യാമറയില്‍ തന്നെ രണ്ട് ലെന്‍സുകള്‍ ചേര്‍ത്തുവച്ച stereovision ക്യാമറകള്‍ ഉപയോഗിക്കണം. (ചിലരൊക്കെ കരുതും പോലെ 3Dയ്ക്ക് മൂന്ന് ക്യാമറയോ ഒരു ക്യാമറയില്‍ മൂന്നു ലെന്സോ അല്ല വേണ്ടത്).
3D സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പല ടെക്നോളജിയുമുണ്ട്. നീലയും ചുവപ്പും നിറത്തിലുള്ള കണ്ണടയുപയോഗിക്കുന്ന അനഗ്ലിഫ് 3D സിസ്റ്റമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. 1950 ല്‍ തന്നെ ഇന്ന് നമ്മള്‍ കാണുന്നതരം പാസീവ് 3D സിസ്റ്റം (പോളറൈസ്ഡ് 3ഡി) രൂപം കൊണ്ടിരുന്നു. ഇലക്ട്രോണിക് കണ്ണട ഉപയോഗിക്കുന്ന ആക്ടീവ് 3D, റിയല്‍ഡി (RealD) 3D, ഐമാക്സ് 3D, കണ്ണട വേണ്ടാത്ത ലെന്‍റിക്കുലര്‍ 3D അങ്ങനെ പ്ലേ ബാക്കിനായി പല തരം സിസ്റ്റമുണ്ടെങ്കിലും 3D ഷൂട്ട് ചെയ്യണമെങ്കില്‍ ഇടത് വലത് കാഴ്ചകള്‍ ഒരുമിച്ച് ചിത്രീകരിക്കാനായി രണ്ടുക്യാമറകള്‍ ചേര്‍ത്തുവച്ച് ഷൂട്ട് ചെയ്തോ അല്ലെങ്കില്‍ ഒരു ക്യാമറയില്‍ തന്നെ രണ്ട് ലെന്സുകള്‍ ഉപയോഗിച്ച് ഒരു ഫിലിമിലെ സാധാരണ ഫ്രെയിമിന്‍റെ മുകളിലും താഴെയുമായി ഇടതു വലതു ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയോ ചെയ്യുന്ന രീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ വന്നതോടെ 3Dയില്‍ ചിത്രീകരിച്ച സിനിമ റോട്ടോസ്കോപ്പി ഉപയോഗിച്ച് 3Dയാക്കുന്ന രീതിയും ആരംഭിച്ചു. ഗ്രാവിറ്റി പോലുള്ള സിനിമകളില്‍ പലയിടത്തും 2ഡിയില്‍ ചിത്രീകരിച്ച ശേഷം 3D യിലേയ്ക്ക് കണ്‍വെര്‍ട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ അങ്ങനെ 2ഡിയില്‍ നിന്ന് 3D യാക്കിയ സിനിമ “ഷോലെ”യാണ്. വലിയ ചെലവും സമയവും ആവശ്യമുള്ള പ്രൊസസ് ആണിത്.
ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ഹോളിവുഡില്‍ 3D സിനിമകള്‍ തരംഗമാകാറുണ്ട്. 1980ല്‍ “COMIN’ AT YA” എന്ന സിനിമയുടെ റിലീസോടെ ഹോളിവുഡില്‍ പുതിയ 3D തരംഗം അലയടിച്ചു തുടങ്ങി. അതുവരെ രണ്ടുക്യാമറകള്‍ അഭിമുഖമായി ചേര്‍ത്തുവച്ച് (രണ്ടാമത്തെ ചിത്രം നോക്കുക) ഷൂട്ട് ചെയ്യുകയായിരുന്നു 3D യ്ക്ക് വേണ്ടി. ഇങ്ങനെ പടുകൂറ്റന്‍ 3D ക്യാമറ റിഗ് ഉപയോഗിച്ചിരുന്ന സ്ഥാനത്ത് Cris Condon ഡിസൈന്‍ ചെയ്ത സാധാരണ സിനിമാക്യാമറയില്‍ തന്നെ ഉപയോഗിക്കാവുന്ന സ്റ്റീരിയോസ്കോപിക് ലെന്‍സ് വന്നതോടെ 3D സിനിമ ഷൂട്ടിംഗ് എളുപ്പമായി.
ഒരു ഫിലിം ഫ്രെയിമില്‍ തന്നെ ലെഫ്റ്റ് റൈറ്റ് ഇമേജുകള്‍ Top and Bottom ആയി ഷൂട്ട് ചെയ്യാന്‍ ഈ ക്യാമറയിലൂടെ കഴിയുമായിരുന്നു. നേരത്തെ രണ്ട് ക്യാമറയില്‍ രണ്ട് ഫിലിമുകളിലായി ഷൂട്ട് ചെയ്യുന്ന ഫിലിമുകള്‍ തീയറ്ററില്‍ രണ്ട് പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഒരേ സമയം പ്രൊജക്ട് ചെയ്തായിരുന്നു 3D സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. രണ്ട് പ്രൊജക്ടറിന്‍റേയും ടൈമിംഗ് സിങ്ക് ചെയ്യുക ശ്രമകരമായ ജോലിയായിരുന്നു അന്ന്. എന്നാല്‍ സ്പെയിസ് 3D സിസ്റ്റം വന്നതോടുകൂടി 3D പ്രദര്‍ശനത്തിന് ഒരു പ്രൊജക്ടര്‍ മതിയെന്നായി. ഇത് 3D സിനിമയുടെ നിര്‍മ്മാണത്തിലും പ്രദര്‍ശനത്തിലുമുണ്ടായിരുന്ന സങ്കീര്‍ണ്ണത വളരെ കുറച്ചു.
മലയാള സിനിമയിലെ അതികായനായ നവോദയ അപ്പച്ചന്‍റെ മകന്‍ ജിജോ 3D സിനിമയുടെ സാങ്കേതികവിദ്യയെക്കുറിച്ചറിയാന്‍ ഹോളിവുഡില്‍ പോകുന്നത് ഈ സമയത്താണ്. തിരികെ നാട്ടിലെത്തിയശേഷം മലയാളത്തില്‍ ഒരു 3D സിനിമ പ്ലാന്‍ ചെയ്ത അദ്ദേഹം സ്റ്റീരിയോഗ്രാഫറായിരുന്ന Cris Condon നെ ഹോളിവുഡില്‍ നിന്ന് വരുത്തി. ക്രിസിന്‍റെ സ്റ്റീരിയോവിഷന്‍ ലെന്‍സ് ARRI 2 C, Reflex Mitchel എന്നീ ക്യാമറകളില്‍ ഉപയോഗിച്ചു കൊണ്ട് 3ഡി ഷൂട്ട് ആരംഭിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ അങ്ങനെ ആരംഭിക്കുകയാണ്. DOP അശോക് കുമാറും സ്റ്റീരിയോഗ്രാഫറായി David Schmier ഉം. നവോദയയുടെ സ്വന്തം ക്യാമറകളായിരുന്നു അന്ന് ഷൂട്ടിനുപയോഗിച്ചിരുന്നത്; അവയിലേയ്ക്കുപയോഗിച്ച 3D ലെന്‍സുകള്‍ ക്രിസ് കോണ്ടെന്‍റേതും. 35 എം എം സ്റ്റാന്‍റേഡ് ഫിലിം ഫ്രെയിമില്‍ top and bottom ആയിട്ടായിരുന്നു കുട്ടിച്ചാത്തന്‍ ഷൂട്ട് ചെയ്തത്. Top പാര്‍ട്ടില്‍ left image ഉം bottom പാര്‍ട്ടില്‍ right image ഉം എക്സ്പോസ് ചെയ്യപ്പെട്ടു. ഓരോ പാര്‍ട്ടിന്‍റേയും aspect ratio 1:2.35 വീതമായിരുന്നു. (AK Saiber)
മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിക്കാനായി വിപുലമായ സംവിധാനമായിരുന്നു നവോദയ ഒരുക്കിയിരുന്നത്. 3D പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലെ പ്രൊജക്ടറിനു മുന്നില്‍ ഒരു split lens ഘടിപ്പിച്ചു. ഈ സ്പ്ലിറ്റ് ലെന്‍സ് left and right ഇമേജിനെ വ്യത്യസ്ത പൊളാരിറ്റിയില്ലുള്ള പോളറൈസെര്‍ ഫില്‍റ്റര്‍ വഴി സ്‌ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്യും. Silver screen ൽ ആണ് പ്രൊജക്ട് ചെയ്യുന്നത്. പ്രത്യേകം തയ്യാറാക്കിയ അലുമനിയം പെയിന്റ് അടിച്ച ഒരു സ്ക്രീൻ തിയറ്ററിലെ സ്ക്രീനിനു മുൻപിൽ ഫിക്സ് ചെയ്യും. അതിനുശേഷം ടെസ്റ്റ് റീല്‍ പ്രദര്‍ശിപ്പിച്ച് 3D അലൈന്‍ ചെയ്തതിനു ശേഷം കറുത്ത തുണിയിട്ട് സ്ക്രീനിന്‍റെ നാലു വശത്തും ആവശ്യാനുസരണം മാസ്ക് ചെയ്യും. പ്രേക്ഷകർ ഉപയോഗിക്കുന്ന 3D ഗ്ലാസും, പ്രൊജക്ടറിനുമുന്നിലെ പോളറൈസര്‍ ഫില്‍ട്ടറും ചിത്രത്തിന്‍റെ തെളിച്ചം കുറയ്ക്കുന്നതിനാല്‍ കൂടുതൽ തെളിച്ചമുള്ള ചിത്രത്തിനുവേണ്ടി സ്ക്രീൻ സൈസ് കുറക്കാറുണ്ട്. വ്യത്യസ്ത പൊളാരിറ്റിയിലുള്ള 3D കണ്ണട ധരിക്കുന്ന പ്രേക്ഷകന്‍ ഇടത് വലത് ഇമേജുകള്‍ അതാതുകണ്ണുകളില്‍ പ്രത്യേകം കാണാന്‍ കഴിയുന്നതു കൊണ്ട് അയാള്‍ക്ക് 3D ദൃശ്യം അനുഭവവേദ്യമാകുന്നു.
കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഓരോ പ്രദര്‍ശനത്തിന് ശേഷവും കണ്ണടകള്‍ അണുവിമുക്തമാക്കാനുള്ള സ്റ്റെറിലൈസ് മെഷീനും നവോദയ തിയറ്ററുകളില്‍ സജ്ജമാക്കിയിരുന്നു. (ഇന്നാകട്ടെ നൂറുപേര്‍ മാറിമാറി ഉപയോഗിച്ച കണ്ണടതന്നെ ഒന്നു പൊടിപോലും തുടയ്ക്കാതെയാണ് തീയറ്ററുകാര്‍ പ്രേക്ഷകന് നല്‍കുന്നത്. നേത്രരോഗങ്ങള്‍ പകരാന്‍ വേറെങ്ങും പോകേണ്ട).
കേരളത്തില്‍ ആദ്യകാലത്ത് സ്റ്റീരിയോവിഷന്‍ ട്രെയിനിംഗ് കിട്ടിയത് പ്രമുഖ ക്യാമറാമന്‍ കെപി നമ്പ്യാതിരിക്കാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ ആദ്യ വെര്‍ഷനില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. “ജൈ ബേതാള്‍” എന്ന തെലുങ്ക് 3D സിനിമയിലാണ് അദ്ദേഹത്തിന് സ്റ്റീരിയോസ്കോപിക് 3D യില്‍ പരിശീലനം ലഭിക്കുന്നത്. പിന്നീട് കുട്ടിച്ചാത്തന്‍റെ മലയാളം റിവൈസ്ഡ് വെര്‍ഷന്‍, അതിന്‍റെ ഹിന്ദി വെര്‍ഷന്‍, തമിഴ് വെര്‍ഷന്‍ എന്നിവയില്‍ നമ്പ്യാതിരി സ്റ്റീരിയോഗ്രാഫി ചെയ്തു.
കുട്ടിച്ചാത്തന് ശേഷം വന്ന അന്നൈ ഭൂമി, പൗർണമി രാവിൽ, Siva ka insaaf തുടങ്ങിയ സിനിമകളിൽ ARRIVISION എന്ന 3D ലെന്‍സ് സിസ്റ്റം ആണ് ഉപയോഗിച്ചത്.ഡിജിറ്റല്‍ യുഗം സിനിമയെ മാറ്റിമറിച്ചതോടെ ഡിജിറ്റല്‍ 3D യിലും മാറ്റങ്ങള്‍ വന്നു. 2003ല്‍ ജെയിംസ് ക്യാമറൂണ്‍ രണ്ട് ക്യാമറകള്‍ ചേര്‍ത്തുവച്ച് ഒരു ബീംസ്ലിപ്റ്റര്‍ ഉപയോഗിച്ച് 3D ചിത്രീകരിക്കാവുന്നതരം റിഗ് രൂപകല്‍പനചെയ്യുകയുണ്ടായി. അതാണ് ഫ്യൂഷന്‍ 3D ക്യാമറാ സിസ്റ്റം(മൂന്നമത്തെ ചിത്രം). ഇപ്പോള്‍ ലോകം മൊത്തവും പൊതുവായി ഈ രീതി ഉപയോഗിച്ചാണ് 3D ഷൂട്ട് ചെയ്യുന്നത്.
ഡിജിറ്റല്‍ പ്രൊജക്ഷന്‍ വന്നതോടുകൂടി 3D പ്രദര്‍ശിപ്പിക്കാന്‍ വീണ്ടും രണ്ട് പ്രൊജക്ടറുകള്‍ ഉപയോഗിച്ചു തുടങ്ങി. കൂടുതല്‍ തെളിച്ചത്തിനു വേണ്ടി സ്ക്രീന്‍ സൈസ് കുറയ്ക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല.
നന്ദി – കുട്ടിച്ചാത്തന്‍റെ വിവരങ്ങള്‍ നല്‍കിയ കെ പി നമ്പ്യാതിരി സാറിന്.
***
3D സിനിമയുടെ നിരന്തരകാഴ്ചയിലൂടെ അതുളവാക്കുന്ന അതിശയം നഷ്ടമാകും.
*************
1984 ൽ “മൈ ഡിയർ കുട്ടിച്ചത്തൻ” തീയറ്ററിൽ കാണുമ്പോൾ സിനിമയിലെ കണ്ണിനുനേരെ വരുന്ന തീപന്തത്തിന്‍റെ തീ നാളങ്ങളേറ്റ് എന്റെ കണ്ണിന് ചൂട് തട്ടിയ അനുഭവം പോലുമുണ്ടായി. അത്രയ്ക്ക് ഇഫക്ട് തോന്നി ആദ്യ 3D സിനിമാ കാണുമ്പോൾ. എന്നാല്‍ ഇപ്പോൾ 3D സിനിമയുടെ അതിശയിപ്പിക്കുന്ന പ്രഭാവമൊന്നും എനിക്ക് കിട്ടുന്നതേയില്ല. സ്ക്രീനിൽ നിന്ന് വളരെയേറെ മുന്നോട്ട് തള്ളി വരുന്ന ഒബ്ജക്ടുകൾ പോലും നിസാരമായ ഇഫക്ട് മാത്രമേ എന്നിലുണ്ടാക്കൂ. കാരണം 3D സിനിമ എന്റെ ചുറ്റുപാടുകൾ പോലെ സാധാരണമായിക്കഴിഞ്ഞു എനിക്ക്. 3D കോമ്പോസിറ്റ് ചെയ്യുമ്പോൾ anaglyph ഇമേജിലെ വ്യത്യാസം നോക്കി വേണം എനിക്കിപ്പോൾ 3Dയുടെ ഡെപ്ത് അളക്കാൻ!
5 വര്‍ഷത്തിലേറെയായി നിരന്തരം 3D stereoscopic ടെക്നോളജിയുമായി ഇടപഴകി 3D സിനിമ ഉളവാക്കുന്ന ഇംപാക്ട് നഷ്ടമായ ഒരാളാണ് ഇതെഴുതുന്നത് .

നിങ്ങൾക്ക് 2D സിനിമകൾ കണ്ടുള്ള പരിചയം എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ആദ്യം കാണുന്ന 3D സിനിമ നിങ്ങളെ അതിശയിപ്പിക്കുന്നതിന്റെ തോത്. നമ്മൾ തിരശീലയിൽ കണ്ട് ശീലിച്ച ദ്വിമാന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ദൃശ്യങ്ങള്‍ ത്രിമാനമാകുമ്പോൾ നമ്മൾക്ക് അത്ഭുതവും അതിശയവും തോന്നുന്നത് 3 ഡയമെൻഷനിലുള്ള കാഴ്ചകൾ നമ്മൾ ആദ്യം കാണുന്നത് കൊണ്ടല്ല. നമ്മള്‍ ചുറ്റും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് ത്രിമാന രൂപങ്ങളാണല്ലോ, മറിച്ച് തിയറ്ററിലെ സ്ക്രീനിൽ പരന്ന ചിത്രങ്ങൾ മാത്രമേ കാണാൻ സാധിക്കൂ എന്ന് ഉറച്ചുപോയ ബോധ്യത്തിനെ തകർക്കുന്നത് കൊണ്ടാണ്. നിങ്ങൾ സ്ഥിരമായി 3D സിനിമകൾ കാണുകയാണെങ്കിൽ അതിന്‍റെ എല്ലാ അതിശയവും മാറി സാധാരണ പുറംകാഴ്ചകള്‍ കാണുന്ന പ്രതീതിയാണുണ്ടാവുക. അതുകൊണ്ടു തന്നെ ആദ്യം കാണുന്ന 3ഡി സിനിമയുടെ ഇഫക്ടും ക്വാളിറ്റിയും പിന്നീട് കാണുന്ന 3ഡീ സിനിമകള്‍ക്ക് ഇല്ലെന്ന് തോന്നും.
ഏകദേശം ഓരോ പത്തുവർഷം കൂടുമ്പോഴും ലോക സിനിമയിൽ 3D സിനിമകൾ പെട്ടെന്നൊരു ട്രെന്റുണ്ടാക്കുകയും ഒന്നോ രണ്ടോ വർഷത്തെ ബഹളങ്ങൾക്ക് ശേഷം 3D സിനിമകൾ നിലയ്ക്കുകയും ചെയ്യും. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതാവർത്തിക്കും. 3D സിനിമകൾ തുടരെ വരാത്തതിന്റെ കാരണം ഒന്നോ രണ്ടോ സിനിമ കാണുമ്പോള്‍ തന്നെ 3ഡിയോടുള്ള കൌതുകം നഷ്ടപ്പെടും എന്നതു കൊണ്ടാണ്. അതുകൊണ്ട് ഒരു 3ഡി തരംഗം ഉണ്ടായി അത് പ്രേക്ഷകര്‍ ആസ്വദിച്ചു കഴിഞ്ഞാല്‍ അതിനെ തുടര്‍ന്നുവരുന്ന 3ഡി സിനിമകള്‍ തരംഗം ഉണ്ടാക്കിയ സിനിമപോലെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതെ വരുന്നു. ആ സീസണിലെ 3ഡി തരംഗം അവസാനിക്കുകയും ചെയ്യുന്നു.
എന്നാൽ ഡിജിറ്റല്‍ 3ഡി പോപ്പുലറായ ശേഷം ഹോളിവുഡിൽ 3D സിനിമകൾ തുടര്‍ച്ചയായി ഇറങ്ങാറുണ്ട്. പക്ഷെ നമ്മൾ കുട്ടിച്ചാത്തനിലൊക്കെ കാണുന്നത് പോലെ വസ്തുക്കൾ സ്ക്രീനിനു പുറത്തേക്ക് തള്ളിവന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഒഴിവാക്കി ഹോളിവുഡ് പ്രാധാന്യം കൊടുക്കുന്നത് വിഷ്വല്‍ഡെപ്തിനാണ്. നമ്മൾ നേരിട്ട് കഥാ പരിസരത്ത് നില്ക്കുന്ന പ്രതീതി ജനിപ്പിക്കുകയാണ് ഇത്തരം സിനിമകള്‍ ചെയ്യുക.
Robert Zemeckis സംവിധാനം ചെയ്ത The Walk എന്ന സിനിമ ഇതിന് മികച്ച ഉദാഹരണമാണ്. ആകാശഗോപുരങ്ങളുടെ മുകളില്‍ കെട്ടിയ കയറിലൂടെ നടക്കുന്ന ഒരു സ്ട്രീറ്റ് പെര്‍ഫോമറുടെ കഥയാണത്. അംബര ചുംബികളുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ 3ഡിയിലൂടെ അതിന്‍റെ ആഴം കണ്ട് നമ്മുടെ കാലുകള്‍ തരിച്ചു പോകും. അത്തരം 3ഡി സിനിമകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഡിജിറ്റല്‍ പ്രൊജക്ടറുകള്‍ വന്നതോടെ നമ്മുടെ നാട്ടിലെ പുതിയ തിയറ്ററുകളില്‍ മിക്കതിലും 3ഡി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥിരം സംവിധാനം ആയിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബജറ്റിലല്ലാത്ത 3ഡി സിനിമകളും ഇപ്പോള്‍ സാധ്യമാകും. അതുകൊണ്ട് കൂടുതല്‍ 3ഡി സിനിമകള്‍ ഇനി പ്രതീക്ഷിക്കാം.