3ഡീ സിനിമകൾ ട്രെൻഡ് നിലനിർത്തുന്നില്ല, കാരണം ഇതാണ്

0
281

AK Saiber

3D സിനിമയുടെ നിരന്തരകാഴ്ചയിലൂടെ അതുളവാക്കുന്ന അതിശയം നഷ്ടമാകും.

1984 ൽ “മൈ ഡിയർ കുട്ടിച്ചത്തൻ” തീയറ്ററിൽ കാണുമ്പോൾ സിനിമയിലെ കണ്ണിനുനേരെ വരുന്ന തീപന്തത്തിന്‍റെ തീ നാളങ്ങളേറ്റ്‌ എന്റെ കണ്ണിന്‌ ചൂട്‌ തട്ടിയ അനുഭവം പോലുമുണ്ടായി. അത്രയ്ക്ക്‌ ഇഫക്ട്‌ തോന്നി ആദ്യ 3D സിനിമാ കാണുമ്പോൾ. എന്നാല്‍ ഇപ്പോൾ 3D സിനിമയുടെ അതിശയിപ്പിക്കുന്ന പ്രഭാവമൊന്നും എനിക്ക്‌ കിട്ടുന്നതേയില്ല. സ്ക്രീനിൽ നിന്ന്‌ വളരെയേറെ മുന്നോട്ട്‌ തള്ളി വരുന്ന ഒബ്ജക്ടുകൾ പോലും നിസാരമായ ഇഫക്ട്‌ മാത്രമേ എന്നിലുണ്ടാക്കൂ. കാരണം 3D സിനിമ എന്റെ ചുറ്റുപാടുകൾ പോലെ സാധാരണമായിക്കഴിഞ്ഞു എനിക്ക്. 3D കോമ്പോസിറ്റ് ചെയ്യുമ്പോൾ anaglyph ഇമേജിലെ വ്യത്യാസം നോക്കി വേണം എനിക്കിപ്പോൾ 3Dയുടെ ഡെപ്ത് അളക്കാൻ!

My Dear Kuttichathan | Super Hit Malayalam Movie | Cinema Cuts | Evergreen  Hits | #MovieScenes - YouTube5 വര്‍ഷത്തിലേറെയായി നിരന്തരം 3D stereoscopic ടെക്നോളജിയുമായി ഇടപഴകി 3D സിനിമ ഉളവാക്കുന്ന ഇംപാക്ട്‌ നഷ്ടമായ ഒരാളാണ്‌ ഇതെഴുതുന്നത്‌ . നിങ്ങൾക്ക്‌ 2D സിനിമകൾ കണ്ടുള്ള പരിചയം എത്രത്തോളമുണ്ട്‌ എന്നതിനെ ആശ്രയിച്ചിരിക്കും ആദ്യം കാണുന്ന 3D സിനിമ നിങ്ങളെ അതിശയിപ്പിക്കുന്നതിന്റെ തോത്‌. നമ്മൾ തിരശീലയിൽ കണ്ട്‌ ശീലിച്ച ദ്വിമാന ചിത്രങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ദൃശ്യങ്ങള്‍ ത്രിമാനമാകുമ്പോൾ നമ്മൾക്ക്‌ അത്ഭുതവും അതിശയവും തോന്നുന്നത്‌ 3 ഡയമെൻഷനിലുള്ള കാഴ്ചകൾ നമ്മൾ ആദ്യം കാണുന്നത്‌ കൊണ്ടല്ല. നമ്മള്‍ ചുറ്റും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്‌ ത്രിമാന രൂപങ്ങളാണല്ലോ, മറിച്ച്‌ തിയറ്ററിലെ സ്ക്രീനിൽ പരന്ന ചിത്രങ്ങൾ മാത്രമേ കാണാൻ സാധിക്കൂ എന്ന്‌ ഉറച്ചുപോയ ബോധ്യത്തിനെ തകർക്കുന്നത്‌ കൊണ്ടാണ്‌. നിങ്ങൾ സ്ഥിരമായി 3D സിനിമകൾ കാണുകയാണെങ്കിൽ അതിന്‍റെ എല്ലാ അതിശയവും മാറി സാധാരണ പുറംകാഴ്ചകള്‍ കാണുന്ന പ്രതീതിയാണുണ്ടാവുക. അതുകൊണ്ടു തന്നെ ആദ്യം കാണുന്ന 3ഡി സിനിമയുടെ ഇഫക്ടും ക്വാളിറ്റിയും പിന്നീട് കാണുന്ന 3ഡീ സിനിമകള്‍ക്ക് ഇല്ലെന്ന് തോന്നും.

ഏകദേശം ഓരോ പത്തുവർഷം കൂടുമ്പോഴും ലോക സിനിമയിൽ 3D സിനിമകൾ പെട്ടെന്നൊരു ട്രെന്റുണ്ടാക്കുകയും ഒന്നോ രണ്ടോ വർഷത്തെ ബഹളങ്ങൾക്ക് ശേഷം 3D സിനിമകൾ നിലയ്ക്കുകയും ചെയ്യും. വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതാവർത്തിക്കും. 3D സിനിമകൾ തുടരെ വരാത്തതിന്റെ കാരണം ഒന്നോ രണ്ടോ സിനിമ കാണുമ്പോള്‍ തന്നെ 3ഡിയോടുള്ള കൌതുകം നഷ്ടപ്പെടും എന്നതു കൊണ്ടാണ്‌. അതുകൊണ്ട് ഒരു 3ഡി തരംഗം ഉണ്ടായി അത് പ്രേക്ഷകര്‍ ആസ്വദിച്ചു കഴിഞ്ഞാല്‍ അതിനെ തുടര്‍ന്നുവരുന്ന 3ഡി സിനിമകള്‍ തരംഗം ഉണ്ടാക്കിയ സിനിമപോലെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതെ വരുന്നു. ആ സീസണിലെ 3ഡി തരംഗം അവസാനിക്കുകയും ചെയ്യുന്നു.

The Walk (2015) - IMDbഎന്നാൽ ഡിജിറ്റല്‍ 3ഡി പോപ്പുലറായ ശേഷം ഹോളിവുഡിൽ 3D സിനിമകൾ തുടര്‍ച്ചയായി ഇറങ്ങാറുണ്ട്. പക്ഷെ നമ്മൾ കുട്ടിച്ചാത്തനിലൊക്കെ കാണുന്നത് പോലെ വസ്തുക്കൾ സ്ക്രീനിനു പുറത്തേക്ക് തള്ളിവന്ന് പ്രേക്ഷകരെ ഞെട്ടിക്കുന്നത് ഒഴിവാക്കി ഹോളിവുഡ് പ്രാധാന്യം കൊടുക്കുന്നത് വിഷ്വല്‍ഡെപ്തിനാണ്‌. നമ്മൾ നേരിട്ട് കഥാ പരിസരത്ത് നില്ക്കുന്ന പ്രതീതി ജനിപ്പിക്കുകയാണ്‌ ഇത്തരം സിനിമകള്‍ ചെയ്യുക. Robert Zemeckis സംവിധാനം ചെയ്ത The Walk എന്ന സിനിമ ഇതിന്‌ മികച്ച ഉദാഹരണമാണ്‌.

ആകാശഗോപുരങ്ങളുടെ മുകളില്‍ കെട്ടിയ കയറിലൂടെ നടക്കുന്ന ഒരു സ്ട്രീറ്റ് പെര്‍ഫോമറുടെ കഥയാണത്. അംബര ചുംബികളുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ 3ഡിയിലൂടെ അതിന്‍റെ ആഴം കണ്ട് നമ്മുടെ കാലുകള്‍ തരിച്ചു പോകും. അത്തരം 3ഡി സിനിമകളാണ്‌ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ പ്രൊജക്ടറുകള്‍ വന്നതോടെ നമ്മുടെ നാട്ടിലെ പുതിയ തിയറ്ററുകളില്‍ മിക്കതിലും 3ഡി പ്രദര്‍ശിപ്പിക്കാനുള്ള സ്ഥിരം സംവിധാനം ആയിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബജറ്റിലല്ലാത്ത 3ഡി സിനിമകളും ഇപ്പോള്‍ സാധ്യമാകും. അതുകൊണ്ട് കൂടുതല്‍ 3ഡി സിനിമകള്‍ ഇനി പ്രതീക്ഷിക്കാം.

(Model Sree Padma)