പ്രേംനസീര്‍ മോശം നടനായിരുന്നോ ?
എഴുതിയത് : AK Saiber
മൂന്ന് പതിറ്റാണ്ടിലേറെ മലയാളസിനിമയിലെ അഭിവാജ്യഘടകം. 672 ഓളം സിനിമകള്‍. നിത്യഹരിതനായകന്. മലയാള സിനിമാ പ്രേമികളുടെയെല്ലാം ആരാധനാ പാത്രം. ഒരു വര്‍ഷം 39 സിനിമകളില്‍ വരെ നായകനായി അഭിനയിക്കുകയും അതിലെ ഭൂരിപക്ഷം സിനിമകളും ഹിറ്റാക്കാന്‍ കഴിയും തക്ക മൂല്യമുള്ള അപൂര്‍വ്വതാരം.
മലയാളസിനിമയില്‍ ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു താരപ്പിറവിയായിരുന്നു പ്രേംനസീര്‍. എന്നാല്‍ സിനിമാതാരങ്ങളുടെ അഭിനയം മുന്‍നിര്‍ത്തി വിലയിരുത്തുകയാണെങ്കില്‍ നസീറിന്റെ ആരാധകര്‍ പോലും അക്കാലത്തു തന്നെ ആദ്യം പറയുന്ന പേര് സത്യന്റേതായിരിക്കും. രണ്ടാമത്തെ സ്ഥാനം മധുവിനും നല്‍കും. നസീറിനെ ഏറെ ആരാധിക്കുന്നവര്‍ക്ക് പോലും നസീര്‍ ഒരു നല്ല അഭിനേതാവാണ് എന്ന തോന്നലുണ്ടായിരുന്നില്ല അന്നും. ഒപ്പം മിമിക്രിക്കാര് പിന്നീട് കൂടുതല്‍ എക്സാജറേറ്റ് ചെയ്ത് ഓവറാക്ടിംഗിന്റെ ഉസ്താദായി നസീറിനെ അവതരിപ്പിച്ച് സ്റ്റേജില്‍ കൈയ്യടി വാങ്ങിക്കൂട്ടിയപ്പോള്‍ പുതിയ തലമുറ പ്രേംനസീറിനെ ഒരു കോമാളിയായി മാത്രം കണ്ടു.
എന്നാല്‍ അദ്ദേഹം നല്ല നടന് തന്നെയായിരുന്നു. അതറിയണമെങ്കില്‍ 1969 ല്‍ എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത “കൊച്ചിന് എക്സ്പ്രെസ്” എന്ന സിനിമ കണ്ടുനോക്കൂ. എ. വിന്‍സന്റോ സേതുമാധവനോ സംവിധാനം ചെയ്ത ഒരു സിനിമയിലാണ് നസീര്‍ മോശമല്ലാത്ത അഭിനയം കാഴ്ചവച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അത് നസീറിന്റെ ക്രെഡിറ്റില്‍ കൂട്ടേണ്ട എന്നു വയ്ക്കാം (മോഹന്റേയും ജിജോയുടേയും പ്രിയദര്‍ശന്റേയും ബാലച്ന്ദ്രമേനോന്റേയും സിനിമകളില്‍ പ്രേംനസീറിലെ അഭിനേതാവിനെ കാണാന്‍ കഴിയും). എന്നാല്‍ കൊച്ചിന് എക്സ്പ്രെസ് ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയാണ്. ഒരു സിഐഡി കഥയാണത്. ഇതിന്റെ ചുവടുപിടിച്ച് കുറേ സിഐഡി പടങ്ങള്‍ പിന്നീട് ഇറങ്ങുകയും ചെയ്തു. ആ സിനിമയിലെ സിഐഡി ആയി നസീറിന്റെ അഭിനയം ഇന്ന് കാണുമ്പോള്‍ പോലും നിങ്ങള്‍ ഇഷ്ടപ്പെടും. അദ്ദേഹം ആ സിനിമയില്‍ ഓവറാക്ടിംഗിന്റെ ഒരു സ്പര്‍ശവുമില്ലാതെ അഭിനയിച്ചിരിക്കുന്നു.
അന്ന് വരെ മലയാളസിനിമയില്‍ അത്തരം സിഐഡി മോഡല്‍ ഇല്ലാതിരിക്കുന്ന സമയത്താണ് ഇതെന്ന് ശ്രദ്ധിക്കണം. പുകവലിച്ചുകൊണ്ടുള്ള ചോദ്യംചെയ്യലില്‍ കയ്യിന്റെ ചലനങ്ങള്‍ തീര്‍ത്തും സ്വാഭാവികമാണ്. നസീറിനു ശേഷമുണ്ടായ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിലെ ചോദ്യം ചെയ്യലില്‍ മിക്കപ്പോഴും ഈ ചോദ്യം ചെയ്യലിന്റെ സ്വാധീനം നമുക്ക് ഓര്‍മ്മവരും.
നസീറിന്റെ കൊച്ചിന് എക്സ്പ്രെസിന് മുന്‍പുള്ള മിക്ക സിനിമയിലും ഓവറാക്ടിംഗിന്റെ കടന്നുകയറ്റം അധികമൊന്നും കാണാന്‍ കഴിയില്ല. ആദ്യകാല സിനിമകളില്‍ തന്നെ മോശമല്ലാത്ത അഭിനയം കാഴ്ചവയ്ക്കുന്നുണ്ട് നസീര്‍. അതും നാടകീയതയുടെ അതിപ്രസരം നിറഞ്ഞു നില്ക്കുന്ന സിനിമകളുടെ കാലത്താണെന്നോര്‍ക്കുക. പഠിക്കുന്ന കാലത്ത് കോളേജിലെ മികച്ച ഗായകനായിരുന്നു പ്രേംനസീര്‍ എന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍. നല്ലൊരു അഭിനേതാവായിരുന്ന അദ്ദേഹം പില്ക്കാലത്ത് താഴേയ്ക്ക് പോയത് എന്തുകൊണ്ടായിരിക്കാം?
സാധാരണ കാലം കഴിയുംതോറും നടന്റെ അഭിനയം കൂടുതല്‍ മെച്ചപ്പെട്ടു വരികയാണല്ലോ പതിവ്. എന്നാല്‍ നസീറിന്റെ കാര്യത്തില്‍ 1970 കളോടുകൂടി അഭിനയത്തിന്റെ ഗ്രാഫ് താഴേയ്ക്ക് വരുന്നത് കാണാം. 70 കള്‍ പകുതിയോടെ അദ്ദേഹം എന്തൊക്കെയോ ക്യാമറയ്ക്കുമുന്നില്‍ കാട്ടിക്കൂട്ടുക മാത്രം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. ഒരു വര്‍ഷം 39 സിനിമയിലൊക്കെ (1979) നായകനായി അഭിനയിക്കുന്ന ഒരാള്‍ക്ക് ക്യാമറയ്ക്ക് മുന്നില്‍ എന്ത് തയ്യാറെടുപ്പിനാണ് അവസരം ലഭിക്കുക എന്നോര്‍ത്താല്‍ മതി.
നസീര്‍ തന്നെ നസീറിനെ വികലമായി അനുകരിച്ചു കൊണ്ടിരുന്നു. 9 ദിവസം മാത്രം ലഭ്യമായ ഒരു നായക താരത്തെ വച്ച് ഷൂട്ട് ചെയ്യുമ്പോള്‍ റീ ടേക് എന്നത് സംവിധായകര്‍ക്ക് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല. നസീര്‍ എന്ത് കാട്ടിയാലും നന്നായി വിറ്റുപോകും എന്നുള്ളപ്പോള്‍ നസീറിനും നസീറിനെ വച്ച് പടമെടുക്കുന്നവര്ക്കും മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഇടയ്ക്ക് നല്ല ചില സിനിമകള്‍ അദ്ദേഹത്തിന് കിട്ടിയെങ്കിലും അതിനൊക്കെ വേണ്ടി അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തിയുന്നെങ്കില് മികച്ച സിനിമകളായി അവയില്‍ പലതും മാറിയേനെ.
(നസീറിനെ നന്നായി അനുകരിക്കുന്ന ജയറാമിന്റെ അഭിനയജീവിതവും നസീറിനെ അനുകരിക്കുകയാണോ? നല്ല അഭിനയവുമായി സിനിമയിലേയ്ക്ക് കടന്നുവന്ന ജയറാം ഇപ്പോള്‍ ഒരു തരം ഓവര്‍ആക്ടിംഗ് ചെയ്ത് താഴേയ്ക്ക് പോകുകയല്ലേ!)