സുജിത് കുമാർ

തലേ ദിവസം കേശവൻ മാമനിൽ നിന്നും ലഭിച്ച ആ വാട്സപ്പ് ഫോർവേഡ് വായിച്ചതിൽ പിന്നെ അക്ബർ ചക്രവർത്തി ആകെ ഉദാസീനനായി കാണപ്പെട്ടു. തന്റെ വിട്ടുമാറാത്ത തലവേദനയ്ക്കും മുട്ടു വേദനയ്ക്കും പിന്നിൽ മൊബൈൽ ടവറുകൾ ആണെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു മൂലം ക്യാൻസർ വരും എന്നുമൊക്കെ ഉടുമ്പഞ്ചോല പോളി ടെക്നിക്കിലെ പ്രൊഫസർ നാസയുടെ സഹായത്തോടെ നടത്തിയ ഗവേഷണഫലം ആയിരുന്നു കേശവൻ മാമൻ അക്ബറിനു ഫോർവേഡ് ചെയ്ത് കൊടുത്തത്. മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്ന അതേ 2 ഗിഗാഹെട്സ് റേഞ്ചിൽ ഉള്ള തരംഗങ്ങൾ ആണ്‌ മൊബൈൽ ഫോണുകളിലും മൊബൈൽ ടവറുകളിലുമൊക്കെ ഉപയോഗിക്കുന്നതെന്നും ഈ തരംഗങ്ങൾ തലച്ചോറിനെ ചൂടാക്കുമെന്നുമൊക്കെ കാര്യ കാരണ സഹിതം ആ കുറിപ്പിൽ ഉണ്ടായിരുന്നു. പണ്ടൊരിക്കൽ ഏതോ ഒരു പ്രജ മുട്ട പുഴുങ്ങാൻ വേണ്ടി മൈക്രോ വേവിനകത്ത് എടുത്തു വച്ച് അത് പൊട്ടിത്തെറിച്ച് അപകടമുണ്ടായ പത്ര വാർത്ത ഒരു മിന്നായം പോലെ അക്ബറിന്റെ മനസ്സിലൂടെ കടന്നു പോയി. ഈ മൊബൈൽ ടവറിൽ നിന്നുള്ള മൈക്രോ വേവുകളൊക്കെക്കൂടെ തന്റെ കോഴിമുട്ട പോലത്തെ തലച്ചോറിനെ ചൂടാക്കി പൊട്ടിത്തെറിപ്പിക്കുന്നതിനെക്കുറിച്ചോർത്തപ്പോൾ കാലിന്റെ പെരുവിരൽ മുതൽ ഒരു വിറയൽ മുകളിലോട്ട് കയറി. വിറയൽ മുട്ടു വരെ എത്തിയപ്പോൾ ആണ്‌ മുട്ടുവേദനയെക്കുറിച്ച് ഓർത്തത്. കാൽമുട്ടിനകത്തെ വെള്ളം തിളച്ച് വറ്റിപ്പോയി എല്ല് തേഞ്ഞു പോകുമെന്നൊക്കെ കേട്ടാൽ പിന്നെ ഞെട്ടാതിരിക്കുന്നതെങ്ങിനെയാ? ഒരു തുള്ളി ഡാറ്റ കിട്ടാതെ വലഞ്ഞ നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം ഇല്ലാത്ത കാശുണ്ടാക്കിയാണ്‌ രാജ്യത്ത് മുഴുവൻ 4ജി തുടങ്ങിയത്. 4ജി തുടങ്ങിയതിനു ശേഷം യൂടൂബ് കാണൽ കുറച്ച് കൂടുന്നുണ്ടെന്ന ബീവിമാരുടെ പരാതി അവഗണിക്കാറാണ്‌ പതിവെങ്കിലും വിട്ട് മാറാത്ത തലവേദനയ്ക്ക് കാരണം ലേലം ചെയ്തു കൊടുത്ത 2ഗിഗാ ഹെട്സ് സ്പെക്ട്രം തന്നെ ആണോ എന്ന് അക്ബറിനു സ്വാഭാവികമായും സംശയമൂണ്ടായി. കണ്ണടച്ചാൽ മുഴുവൻ മൈക്രോവേവ് ആണ്‌.. ഓവൻ.. കോഴിമുട്ട.. പൊട്ടിത്തെറി.. എന്തായാലും നാളത്തെ ദർബാറിൽ വച്ചു തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണം. ടെലികോം എഞ്ചിനീയർമ്മാർ ദർബാറിൽ ഹാജരാക്കപ്പെട്ടു. അക്ബർ അവരോട് ചോദിച്ചു :

—” 2 ഗിഗാഹെട്സ് റേഞ്ചിലുള്ള മൈക്രോ വേവ് തരംഗങ്ങൾ ആണോ മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്നത് ?”
—” അതെ ഹുജൂർ..
—” ഇതുപയോഗിക്കുമ്പോൾ ചൂടാകുന്നതെങ്ങിനെയാണ്‌ ? ”

—” അത് ഹുജൂർ.. മൈക്രോവേവ് തരംഗങ്ങളുടെ ഒരു പ്രത്യേകതയാണ്‌ ഡൈ ഇലക്ട്രിക് ഹീറ്റിംഗ് എന്നത്. അതായത് ഉന്നത ഊർജ്ജമുള്ള തരംഗങ്ങൾ ഒരു വസ്തുവിലേക്ക് പതിപ്പിച്ചാൽ ഈ തരംഗങ്ങൾ ആഗിരണം ചെയ്യപ്പെടുകയും പ്രസ്തുത വസ്തുവിലെ ജല തന്മാത്രകളെ ശക്തമായി കറക്കുകയും തത്ഫലമായി ചൂട് ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

—” അപ്പോൾ ഞാൻ അറിഞ്ഞത് ശരിതന്നെ ആണല്ലേ? ഇതേ തരംഗങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുപയോഗിക്കുമ്പോഴും മൊബൈൽ ടവറിനടുത്ത് നിൽക്കുമ്പോഴും ഒരു മൈക്രോ വേവ് ഓവനകത്തിരിക്കുന്ന എഫക്റ്റ് അല്ലേ ഉണ്ടാവുക?

—“ഹുജൂർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.. മൈക്രോ വേവ് ഓവനുകൾ ഉണ്ടാക്കിയിരിക്കുന്നത് മൈക്രോ വേവ് തരംഗങ്ങളുടെ ഈ ദോഷത്തെ ഗുണമാക്കി മാറ്റി മനുഷ്യനുപയോഗപ്രദമാക്കുന്ന ഒരു ഉപകരണമാക്കിയാണ്‌. അതായത് മൈക്രോ വേവ് ഓവനിൽ ഇതേ തരംഗങ്ങൾ ആണ്‌ ഉപയോഗപ്പെടുത്തുന്നതെങ്കിലും അതിന്റെ പവർ വളരെ കൂടുതലായിരിക്കും. എങ്കിൽ മാത്രമേ താങ്കൾ മനസ്സിലാക്കിയതു പോലെ ഡൈ ഇലക്ട്രിക് ഹീറ്റിംഗ് നടത്താൻ ആവശ്യമായ ഊർജ്ജം ലഭിക്കൂ.. ഒരു മൊബൈൽ ഫോണിൽ നിന്നോ മൊബൈൽ ടവറിൽ നിന്നോ എല്ലാം നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന മൈക്രൊവേവ് തരംഗങ്ങളൂടെ ശേഷി ഇതിന്റെ ആയിരത്തിൽ ഒരംശം പോലുമില്ല. ”

—“നിങ്ങൾ എന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോഴാണെനിക്ക് മനസ്സിലായത് ഈ രാജ്യത്ത് ഉണ്ടായ സകല അസുഖങ്ങളുടെയും കാരണം മൊബൈൽ ടവറുകൾ ആണെന്ന്. ആയതിനാൽ ഈ നിമിഷം മുതൽ നമ്മൂടെ രാജ്യത്ത് മൊബൈൽ ടവറുകളും മൊബൈൽ ഫോണുകളും നിരോധിച്ചിരിക്കുന്നു. ”

രാജ സദസ്സിലിരുന്നവരെല്ലാം ഞെട്ടി വിറച്ചു പോയി.. എല്ലാവരുടേയും നോട്ടം ബീർബലിലേക്ക് ആയിരുന്നു. മറ്റാർക്കും ഇങ്ങനെ ഒരു തീരുമാനത്തിനെ ചോദ്യം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നില്ല. അക്ബറിന്റെ പ്രിയ തോഴനും മന്ത്രിമുഖ്യനുമായ ബീർബലാകട്ടെ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അന്നത്തെ സംഭവ ബഹുലമായ രാജ സദസ്സ് പിരിഞ്ഞു.

അടുത്ത ദിവസം രാജസദസ്സ് ചേർന്നപ്പോൾ എല്ലാവരും ബീർബലിന്റെ അസാന്നിദ്ധ്യം ‌ശ്രദ്ധിച്ചു. “ഈ ബീർബൽ എവിടെപ്പോയി? വൈകുമെങ്കിൽ ആ വിവരം വാട്സപ്പിലൂടെ അറിയിക്കാറുള്ളതാണല്ലോ.. ” ഒരു നിമിഷം അക്ബർ തന്റെ മൊബൈൽ നിരോധനക്കാര്യം മറന്നുപോയി.
അടുത്ത ദിവസങ്ങളിലും ബീർബലിനെ കാണുന്നില്ല. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അക്ബർ ബീർബലിന്റെ വീട്ടിലേക്ക് ആളെ അയച്ചു. ദൂതൻ തിരിച്ചു വന്ന് ബീർബൽ നൽകിയ സന്ദേശം രാജാവിനു കൈമാറി

“മൊബൈൽ ഫോൺ നിരോധനത്തിൽ സന്തോഷിച്ച് പായസം വച്ചുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ രാജ കൊട്ടാരത്തിലേക്ക് വരാൻ കഴിയാത്തത്”
രണ്ടു മൂന്നു ദിവസമായിട്ടും ബീർബൽ കൊട്ടാരത്തിലേക്ക് വരുന്നില്ല. അക്ബറിനു സംശയമായി. ഒരു പായസം വയ്ക്കാൻ ഇത്രയും ദിവസമെടുക്കുമോ? ഇതിനു പിന്നിൽ എന്തോ ഉണ്ട്. അതറിയാനായി അക്ബർ നേരിട്ട് ബിർബലിന്റെ വീട്ടിൽ ചെന്ന് അന്വേഷിക്കാമെന്ന് തീരുമാനിച്ചു.
വീട്ടിലെത്തിയ അക്ബറിനെ ബീർബൽ സമുചിതമായി സ്വീകരിച്ചിരുത്തി. അക്ഷമനായ അക്ബർ ആമുഖമൊന്നുമില്ലാതെ ആഗമനോദ്യേശം വെളിപ്പെടുത്തി..
— “ഇത്രയും ദിവസമായി താങ്കൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പായസം കഴിക്കാനാണ് ഞാൻ വന്നിരിക്കുന്നത്.. ”
–“അതിനെന്താ ഹുജൂർ അടുക്കളയിലേക്ക് വരൂ.”
ബീർബൽ അക്ബറിനെ അടുക്കളയിലേക്ക് ക്ഷണിച്ചു.
അടുക്കളയിൽ എത്തിയപ്പോൾ വളരെ രസകരമായ ഒരു കാഴ്ച്ചയാണ്‌ അക്ബർ കണ്ടത്.
മച്ചിന്റെ മുകളിൽ ഒരു പാത്രം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു. താഴെ നിലത്ത് ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ടുണ്ട്.
പൊട്ടിച്ചിരിച്ചുകൊണ്ട് അക്ബർ ചോദിച്ചു

–” എന്താ ബീർബൽ താങ്കൾ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതോ? ഈ മെഴുകുതിരിയുടെ ചൂടുകൊണ്ടാണോ താങ്കൾ പായസം ഉണ്ടാക്കാൻ പൊകുന്നത്? അതും ഇത്രയും മുകളിൽ കെട്ടിത്തൂക്കിയ പാത്രത്തിൽ?”
–“അതെ ഹുജൂർ അതിനെന്താണ്‌ തെറ്റ് ? അടുപ്പിന്റെ ആയാലും മെഴുകുതിരിയുടെ ആയാലും ചൂട് ചൂട് തന്നെ അല്ലേ? പെട്ടന്ന് ചൂടായില്ലെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ പായസം തയ്യാറാകാതിരിക്കില്ല.”

–“എന്താണ്‌ ബീർബൽ താങ്കൾ പറഞ്ഞു വരുന്നത്? എന്നെ മണ്ടനാക്കാൻ ശ്രമിക്കുകയാണോ ?”

–“അയ്യോ അങ്ങനെ അല്ല ഹുജൂർ,,, മൈക്രോ വേവ് ഓവന്റെ നൂറിലൊന്ന് പോലും പവർ ഇല്ലാത്ത മൊബൈൽ ഫോണിലെ തരംഗങ്ങൾക്ക് താങ്കളുടെ തലച്ചോറിനെ മുട്ട പുഴുങ്ങുന്നതുപോലെ പുഴുങ്ങാമെങ്കിൽ ഇതുപോലെ എനിക്ക് പായസവും ഉണ്ടാക്കാം. ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും പാലു തിളച്ച് പായസം ആകും.”

അക്ബറിന്റെ തലയിലെ ട്യൂബ് ലൈറ്റ് പ്രകാശിച്ചു തുടങ്ങി.

–“ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി ബീർബൽ .. എന്നാലും ചില സംശയങ്ങളങ്ങ് തീരുന്നില്ല… സംഗതി ഒക്കെ ശരിയാണ്‌. പിന്നെന്തിനാണീ SAR എന്നൊരു പരിധി ഈ മൊബൈൽ ഫോണിലും ടവറിലുമൊക്കെ വച്ചിരിക്കുന്നത്? നിങ്ങടെ കണക്ക് പ്രകാരം ചൂടാവുകയേ ഇല്ലെങ്കിൽ യാതൊരു പ്രശ്നവുമില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ലിമിറ്റിന്റെ ആവശ്യമില്ലല്ലോ ”

–“താങ്കളുടെ സംശയം ശരിയാണ്‌ ഹുജൂർ.. ഒരു കണക്ക് പറയാം. നമ്മുടെ മൊബൈൽ ഫോണിന്റെ പവർ എന്നത് പരമാവധി ഒന്നോ രണ്ടോ വാട്സ് മാത്രമാണ്‌. ശരാശരി ഉപയോഗം പറയുകയാണെങ്കിൽ 200 മുതൽ 500 മില്ലി വാട്ട് വരെ പറയാം. ഇതാണെങ്കിൽ 2ജി, 3ജി. 4ജി സാങ്കേതിക വിദ്യകളും സിഗ്നൽ ക്വാളിറ്റിയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടുമിരിക്കുന്നുണ്ട്. ഈ മൈക്രോ വേവ് റേഡിയേഷൻ അബ്സോർബ് ചെയ്താലും നമ്മുടെ ശരീരകലകൾ ചൂടാകും. പക്ഷേ ആ ചൂടാകുന്നതിന്റെ ഒരു ഏകദേശ കണക്ക് താങ്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഞാനൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം..”

കണക്കും സൂത്രവാക്യങ്ങളുമൊക്കെ അത്ര പെട്ടന്ന് ദഹിക്കുന്നതല്ലെങ്കിലും അക്ബർ ബീർബലിനെ പ്രോത്സാഹിപ്പിച്ചു ..” പറയൂ പറയൂ.. മനസ്സിലാക്കാൻ ശ്രമിക്കാം”

“ഒരു മൊബൈൽ ഫോൺ ശരാശരി 500 മില്ലി വാട്ട് ശേഷിയുള്ള തരംഗങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു എന്നും കരുതുക. താങ്കളുടെ ഭാരം 100 കിലോഗ്രാം ആണെന്ന് കരുതുക. അതിൽ നൂറു ശതമാനം വെള്ളമാണെന്നും സങ്കൽപ്പിക്കുക… താങ്കളുടെ ശരീരം മുഴുവൻ വെള്ളമാണെന്നല്ല പറഞ്ഞു വരുന്നത്…. വെറുതേ സങ്കൽപ്പിച്ചാൽ മതി.” ബീർബൽ ഒരു മുൻകൂർ ജാമ്യമെടുത്തു. രാജാവല്ലേ എപ്പോഴാണ്‌ മൂഡ് മോശമാകുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. ഒരു കാര്യം കൂടി സങ്കൽപ്പിക്കണം ഈ മൊബൈൽ ഫോണിൽ നിന്നുള്ള തരംഗങ്ങൾ ഒട്ടും തന്നെ പൂറത്ത് പോകാതെ നൂറു ശതമാനവും ശരീരം ആഗിരണം ചെയ്യുന്നു എന്നു കൂടി സങ്കൽപ്പിക്കണം.

“ശരി ശരി.. സങ്കൽപ്പിച്ചിരിക്കുന്നു.. ”

ഇങ്ങനെ ആണെങ്കിൽ താങ്കളുടെ ശരീരോഷ്മാവ് ഒരു ഡിഗ്രി കൂട്ടാൻ ഈ മൊബൈൽ ഫോൺ ഈ സാഹചര്യത്തിൽ മുഴുവൻ സമയവും ഓൺ ചെയ്തു വച്ചാൽ ഏകദേശം 9 ദിവസങ്ങൾ എടുക്കും !!!.. ഇതിന്റെ ഒരു ഏകദേശ സൂത്ര വാക്യം ഇതാണ്‌ ( ഒരു ഡിഗ്രി താപനില വർദ്ധിപ്പിക്കാനാവശ്യമായ സമയം (സെക്കന്റിൽ) = വെള്ളത്തിന്റെ സ്പെസിഫിക് ഹീറ്റ് x മാസ് / പവർ സെക്കന്റുകൾ ) അതായത് നമ്മുടെ കണക്ക് പ്രകാരം 4.186 x 100×1000/0.5= 837200 സെക്കന്റുകൾ = 9 ദിവസം. നമ്മുട ശരീരം മുഴുവൻ വെള്ളം കൊണ്ടല്ല ഉണ്ടാക്കിയതെന്ന് താങ്കൾക്കറിയാം, അതുപോലെ മൊബൈൽ ഫോണിലെ മുഴുവൻ ഊർജ്ജവും ഇതുപോലെ ഹീറ്റ് ആക്കി മാറ്റാൻ കഴിയില്ല എന്നും താങ്കൾക്ക് അറിയാം. നമ്മൂടെ ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശരീരോഷ്മാവിലുണ്ടാകുന്ന വ്യത്യാസങ്ങളെയൊക്കെ ശരീരത്തിനു സ്വയം നിയന്ത്രിക്കാൻ അറിയാമെന്നും താങ്കൾക്ക് അറിയാവുന്നതാണ്‌.

— ” ബീർബലേ കേശവൻ മാമന്റെ തിയറികളാണ്‌ എളുപ്പം ദഹിക്കുന്നത്.. പണ്ട് പത്താം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കുമ്പോൾ മാവേൽ എറിയാൻ പോയതുകൊണ്ട് ഇതൊന്നുമങ്ങ് തലയിലേക്ക് കേറുന്നില്ല. എന്നാലും ആ FCC ക്കാർ ഉണ്ടാക്കിയ Specific Absorption Rate എന്തിനാണെന്ന് പറഞ്ഞില്ല. ”

–” അതാണ്‌ ഹുജൂർ പറഞ്ഞ് വരുന്നത്. നിലവിലെ പഠനങ്ങളൊന്നും തന്നെ മനുഷ്യരിലോ മൃഗങ്ങളിലോ ഇത്തരത്തിൽ മൈക്രോ വേവ് ഓവനുകളുടെ ഡൈ ഇലക്ക്ട്രിക് ഹീറ്റിംഗ് എഫക്റ്റ് കാരണം എന്തെങ്കിലും കുഴപ്പം ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും മനുഷ്യന്റെ കാര്യമല്ലേ ടെക്നോളജി വികസിച്ചു വരികയുമാണ്‌ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടോ മാസങ്ങൾ കോണ്ടോ വർഷങ്ങൾകൊണ്ടോ ഒക്കെ ഇതിന്റെ എഫക്റ്റ് മനസ്സിലാക്കാനും പറ്റില്ല. അതുകൊണ്ട് ഇക്കാര്യത്തിലും ഒരു പരിധി വച്ചു എന്നേ ഉള്ളൂ. അതായത് വളരെ ദീർഘകാലത്തെ ഉപയോഗം കാരണം എന്തെങ്കിലും കുഴപ്പം പിന്നീടുള്ള ഗവേഷണ ഫലങ്ങളിൽ കണ്ടാൽ പിന്നെ ഒരു തിരുത്തൽ സാദ്ധ്യമല്ലല്ലോ. അതുകൊണ്ട് ഒരു മുൻകരുതൽ എന്നു മാത്രം. ഇതിനെ വേണമെങ്കിൽ കോഴിക്കോട്ടങ്ങാടീൽ കൂടി നടന്ന് പോകുന്ന കോയാക്കാനേ ഒരു ധൃവക്കരടി പിടിച്ച് തിന്നാനുള്ള സാദ്ധ്യത ഇല്ലേ? അതുപോലെ വേണമെങ്കിൽ പറയാം. മനുഷമ്മാരുടെ കാര്യായതുകൊണ്ട് ആ വഴിക്കുള്ള ഒരു ചാൻസ് പോലും എടുക്കണ്ടാ എന്ന് വച്ചാണ്‌ ഇങ്ങനെ ഒരു നിബന്ധന. ”

— “ഇനീം കൊറേ സംശയങ്ങളുണ്ട്.. അതൊക്കെ തരം പോലെ ചോദിച്ച് മനസ്സിലാക്കാം. എന്തായാലും ഇപ്പോ തന്നെ മൊബൈൽ ഫോൺ നിരോധനം പിൻവലിക്കാൻ പോവുകയാണ്‌. ഒരു കാര്യം മറക്കണ്ട ആ പായസപ്പാത്രം ഓവനിലേക്ക് എടുത്ത് വച്ച് നല്ല ഉഗ്രൻ ഒരു പായസം ഉണ്ടാക്കിക്കൊണ്ട് നാളെ കൊട്ടാരത്തിലേക്ക് വന്നാൽ മതി. മൂന്നാലു ദിവസം ആബ്സന്റ് ആയതിനുള്ല ശിക്ഷയാണെന്ന് കൂട്ടിക്കോ.. ”

അടുത്ത ദിവസം അക്ബർ തന്റെ മൊബൈൽ നിരോധന ഉത്തരവു പിൻവലിക്കുകയും. കേശവൻ മാമൻമാരെ കണ്ടെത്തി മൊബൈൽ ടവറുകൾക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കാൻ ഉത്തരവിടുകയും ചെയ്തു.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.