സിനിമ ഒരു ജീവിതമായി കാണുന്ന എല്ലാവർക്കും വേണ്ടി എൻ്റെ അനുഭവം ഇവിടെ പങ്ക് വയ്ക്കുന്നു

0
330

Akhil Vidyadhar

” 500 രൂപയും, സിനിമയും, 6 ദിവസവും”
.
സിനിമ ഒരു ജീവിതമായി കാണുന്ന എല്ലാവർക്കും വേണ്ടി എൻ്റെ അനുഭവം ഇവിടെ പങ്ക് വയ്ക്കുന്നു.
.
സ്വന്തമായി ഉണ്ടാകി വച്ച കുറച്ചു കടങ്ങൾ തീർക്കാൻ ദുബൈയിൽ ജോലിക്ക് പോയ എൻ്റെ മനസ് നിറയെ സിനിമ ആയിരുന്നു. സിനിമ വിട്ടു പോയപ്പോൾ തിരിച്ചു വരവ് നല്ലത് ആകാൻ അവിടെ വച്ച് 7 തിരക്കഥകളും 8 കഥകളും ചിട്ടപ്പെടുത്തി.മാറിനിന്ന ആ ഒരു വർഷക്കാലം എനിക്ക് ഒരു ഫിലിം മേക്കിങ് ഡിപ്ലോമ സർട്ടിഫിക്കറ്റ്ലഭ്യമാക്കുകയും, വിട്ടു പോയ പല സിനിമ ബന്ധങ്ങളും തിരിച്ചു പിടിക്കാനും പറ്റി. ആ സമയത്ത് ആണ് കോവിഡ് വന്ന് കിടപ്പിൽ ആയത്. ആ കാരണം കാട്ടി ഞാൻ നാട്ടിലേക്ക് വന്നു. എൻ്റെ സ്വപ്നങ്ങൾ ഓരോന്നായി നേടി എടുക്കാൻ.

Covid വന്നു ഇൻഡസ്ട്രി മുഴുവൻ തകർന്നു ഇരിക്കുമ്പോൾ ആണ് എൻ്റെ സാഹസം എന്ന് ഓർക്കണം. വീട്ടിൽ വല്യ എതിർപ്പ് ഉണ്ടായിട്ടും എൻ്റെ സ്വപ്നങ്ങൾ നേടാൻ ഉള്ള ഓട്ടത്തിൽ അവരു കുറച്ചു കണ്ണടച്ചു എന്ന് വേണം പറയാൻ.അങ്ങിനെ ഞാൻ ഓരോ പ്രൊഡ്യൂസർ മാരെയും നടന്മരെയും കാണാൻ ഇറങ്ങി തിരിച്ചു. ഒരാളെ തന്നെ 7,8 തവണ കാണേണ്ടി വന്നിട്ടുണ്ട്.കഥകൾ ഇഷ്ടപെട്ട പല നിർമാതാക്കളും എടുത്തു വച്ചിരിക്കുന്ന പടങ്ങൾ ഇറക്കാൻ കഴിയാതെ വിഷമിച്ചവരാണ്. കഥ ഇഷ്ടപെട്ട പല നടന്മാർക്കും വർഷങ്ങളുടെ തിരക്ക് ആണ് പറയാൻ ഉണ്ടായത്.ഇവരുടെ പുറകെ ഉള്ള നടത്തത്തിൽ വേദനിപ്പിക്കുന്ന ഒരു കാര്യം ഞാൻ മനസ്സിലാക്കി, കയ്യിൽ ഉള്ള പണം തീർന്നു കഴിഞ്ഞു. പിന്നീട് കുറച്ചു സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ഇവരുടെ പുറകെ പോകാൻ തുടങ്ങി.

പ്രൊഡ്യൂസർ മാരെ അന്വേഷിക്കാൻ എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്.ബാദുഷ ഇക്ക,നസീർ ഇക്ക,സന്തോഷ് ചേട്ടൻ, സഞ്ജു ചേട്ടൻ അങ്ങിനെ ഒരുപാട് പ്രൊഡക്ഷൻ കൺട്രോളർ മാരുടെ സഹായം ഒരിക്കലും മറക്കാൻ പറ്റാത്ത ആണ്.കുമാർ ഇടപ്പാൾ, സലിം കടയ്ക്കൽ പോലുള്ള മുതിർന്ന സിനിമ കാരും ഒരുപാട് സഹായിച്ചു.ഇനി കഥയിലേക്ക് വരാം…മേൽ പറഞ്ഞതിൽ ഒരു സഹായിയുടെ ബന്ധത്തിൽ എനിക്ക് ഒരു കഥ പറയാൻ അവസരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നമ്പറിൽ ഞാൻ വിളിച്ചു സംസാരിച്ചു. മലയാളത്തിലെ ഒരുപാട് പടങ്ങളിൽ പങ്കാളി ആയ തഴക്കം ചെന്ന നിർമാതാവ്. ഹൈദരബാദ് , ബാംഗ്ലൂർ, കേരളം ഓക്കേ സംരംഭം ഉള്ള ഒരു ബിസിനസ്സ് കാരൻ.

വിളിച്ചു സംസാരിച്ച 1hr 12 mintൽ ഞാൻ കഥയുടെ രൂപം പറഞ്ഞ് കൊടുത്തു.അദ്ദേഹത്തിന് വല്യ ഇഷ്ടമായി ഉടനെ തന്നെ സ്ക്രിപ്റ്റ് കേൾക്കാം എന്ന് പറഞ്ഞു. ഒരു ശനിയാഴ്ച ആണ് ഞാൻ വിളിച്ചത്. തിങ്കളാഴ്ച ബാംഗ്ലൂർ മടിവാലയിൽ വരാൻ പറഞ്ഞു. സന്തോഷം അല തല്ലി. തുള്ളി ചാടി. നേരെ പോയി പേഴ്സ് തുറന്നു നോക്കി 20 രൂപ…… ജീവിതമേ വെറുത്തു പോയ നിമിഷം.പരിചയം ഉള്ള ആളുകളെ വിളിച്ചു. ആരുടെ അടുത്തും കാശ് ഇല്ല. കൊറോണ വന്നു തകർന്നു ഇരിക്ക ആയിരുന്നു എല്ലാവരും. പോകാതെ ഇരിക്കാൻ പറ്റില്ല. ചെറിയമ്മയുടെ സഹായത്തിൽ 500 രൂപ കിട്ടി. നേരെ ബാംഗ്ലൂർ.

രാവിലെ 10 മണിക്ക് മുൻപ് മടിവാല എത്തിച്ചേർന്നു. 12 മണിക്ക് ആയിരുന്നു മീറ്റിംഗ്. കുറച്ചു നേരം അവിടുള്ള പാർക്കിൽ പോയി ഇരുന്നു, ആഹാരം കഴിച്ചിട്ട് കഥ പറയാം എന്ന ചിന്തയിൽ ഒരു ഊണ് വാങ്ങി കഴിച്ചു 100 രൂപ അവിടെ പോയി. 11 മണി മുതൽ അദേഹത്തെ വിളിക്കാൻ തുടങ്ങി. ഫോൺ എടുത്തില്ല. പറ്റിച്ച ആണോ എന്ന് കരുതി പോയി. ഉച്ച മുഴുവൻ വെയിലിൽ ഇരുന്നു തളർന്നു. 2ltr വരുന്ന ഒരു വെള്ള കുപ്പി വാങ്ങി ഞാൻ അവിടെ ഇരുന്നു, വിളിക്കും എന്ന പ്രതീക്ഷയിൽ. 6.30 കഴിഞ്ഞപ്പോൾ ഇതാ വിളിക്കുന്നു എൻ്റെ ബേബി കുട്ടൻ.

ചെയ്തു തീർക്കാൻ ഉണ്ടായ പണികൾ കാരണം അദേഹത്തിന് ഹൈദരബാദിൽ നിന്ന് പുറപ്പെടാൻ പറ്റിയില്ല.നാളെ കഴിഞ്ഞു അടുത്ത ദിവസം വരും എന്ന് പറഞ്ഞു. എന്നോട് അവിടെ എവിടേലും റൂം എടുത്തു നിൽക്കാൻ പറഞ്ഞു . ഇടി വെട്ടിയവനൻ്റെ തലയിൽ പാമ്പുകടിച്ചു എന്ന് പറയുന്നത് ഞാൻ ജീവിതത്തിൽ അനുഭവിച്ചു. കൈയിൽ ആകെ 150 രൂപ ഉണ്ട്.ഇത് കൊണ്ട് എവിടെ റൂം കിട്ടാൻ അതും 2 ദിവസം. കട തിണ്ണ ശരണം എന്നും പറഞ്ഞു ഒരു തുണികടയുടെ വശത്ത് കിടക്കാൻ തീരുമാനിച്ചു. കടം വാങ്ങുക എന്ന വഴി നാട്ടിൽ വച്ച് തന്നെ തീർന്നു.

ആകെ ഉള്ളത് ഇട്ടുകൊണ്ട് പോയ ഡ്രെസ്സും ബാഗിൽ ഉള്ള ഒരു ഷർട്ടും മാത്രം. തുണി കടയിൽ പാർസൽ വന്ന കാർബോർഡിൽ തല വെച്ച് കിടന്നു. ഒരു ദിവസത്തെ പട്ടിണി സിനിമയ്ക്ക് വേണ്ടി എടുക്കാം എന്ന് പൂർണമായി ഉറപ്പിച്ചു ഞാൻ കിടന്നു.ബാംഗ്ലൂരിൽ ഒരു പ്രത്യേകത ഉണ്ട്. രാത്രി മുടിഞ്ഞ തണുപ്പും പകൽ ഒടുക്കത്തെ ചൂടും. അടുത്ത ദിവസം ഉച്ച ആയപ്പോൾ കടയിലെ സെക്യൂരിറ്റി വന്നു കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു. അവിടുന്ന് എണീറ്റു മാറു മറ്റവനെ എന്നാണ് പറയുന്നത് എന്ന് അയാളുടെ മുഖം കണ്ടാൽ മനസിലാകും.ഞാൻ അവിടുന്ന് ബാഗും കൊണ്ട് ഇറങ്ങി നേരെ പാർക്കിൽ വന്നു കിടന്നു സമയം പോണമല്ലോ. അവിടെ എന്നെ പോലെ ഒരുപാട് ആളുകൾ കിടക്കുന്നുണ്ട്. ഭൂരിഭാഗവും ഭിക്ഷകാരണ്. ഒരു തരത്തിൽ നോക്കിയാൽ ഞാനും അതുപോലെ അല്ലേ.

ഇവരെല്ലാം നിർമാതാവിനെ കാണാൻ വന്നു കിടക്കുക ആണെന്ന് എനിക്ക് തോന്നി പോയി. രാത്രി അയപ്പോൾ വിശപ്പ് കണ്ണിൽ ഇരുട്ട് കയറ്റി. അവിടെ ഭക്ഷണത്തിന് വല്യ വിലയാണ് വാങ്ങുന്നത്. നടന്നു നടന്നു തളർന്നു ഒരു തട്ട് കടയുടെ മുന്നിൽ എത്തി. അത് കണ്ടാൽ നമ്മുടെ നാട്ടിലെ തട്ടുകട ഓക്കേ 5 സ്റ്റാർ ഹോട്ടൽ ആണെന്ന് തോന്നി പോയി.വൃത്തി ഇല്ല, ഓടയുടെ നാറ്റം. പാർസൽ വാങ്ങി ഇന്നലെ കിടന്ന കടയുടെ വശത്ത് വന്നു അഹാരം കഴിച്ചു. അപ്പോഴാണ് ഞാൻ ഒരു ആളെ ശ്രദ്ധിക്കുന്നത്. ഒരു ഭിക്ഷക്കാരൻ മുടിയും താടിയും വളർത്തി ഒരു 25,26 വയസ്സ് പ്രായം കാണും. കഴിഞ്ഞ ദിവസം മുതലേ അയാള് എൻ്റെ മുന്നിൽ ഉണ്ട്. കിട്ടുന്ന കാശ് മുഴുവൻ ഒരു സഞ്ചിയിൽ ഇട്ടു അയാള് അങ്ങിനെ പോകുക ആണ്. രാവിലെയും അയാളെ കണ്ടു.
ഇന്നലെ ചെയ്ത അതെ പണി തന്നെ.

എന്തായാലും എൻ്റെ ബേബി കുട്ടൻ പറഞ്ഞ ദിവസം ആയി. ഫോൺ വിളിച്ചു എടുത്തില്ല പക്ഷേ എനിക്ക് വിഷമം തോന്നിയില്ല. കാരണം മുൻപ് കേട്ടിരുന്ന തെലുങ്ക് ഭാഷ മാറി ഇപ്പോ കന്നഡയിൽ ആയി ടെലി കോൾ സംസാരം. ഭാഗ്യം അയാള് കർണാടകയിൽ എത്തി എന്ന് ഉറപ്പായി. കാത്തിരിക്കാം അതെ വഴി ഉള്ളൂ. വിശപ്പ് സഹിക്കാൻ വയ്യ കയിൽ കരുതിയ വെള്ളം വരെ തീർന്നു. കയ്യിൽ 100 രൂപ തികച്ചു ഇല്ല. പാർകിൽ ഒരു പബ്ലിക് ടാപ്പ് ഉണ്ടായിരുന്നു. അതിൽ നിന്ന് വെള്ളം കുടിച്ചു വയറു വീർപ്പിച്ചു. തല വേദന കൂടി, പൊടിയും ചൂടും എന്നെ നനായി തളർത്തി. ഒന്ന് കുളിക്കാൻ വഴി ഇല്ല. പല്ല് തേപ്പും മറ്റു കാര്യങ്ങളും പബ്ലിക് ടോയ്‌ലറ്റിൽ നാറ്റം പിടിച്ച അന്തരീക്ഷത്തിൽ. എനിക്ക് എന്നെ നാറാൻ തുടങ്ങി.തട്ട് കടയിൽ പോയി ഒന്നും വാങ്ങി കഴിക്കാൻ വയ്യ. കാശ് ഇല്ല. ഒടുവിൽ ഒരു പാക്കറ്റ് ബ്രെഡ് വാങ്ങി. വഴിയിൽ കച്ചവടം നടത്തുന്ന ഒരാളിൽ നിന്ന് പഴവും വാങ്ങി, അതും തല്ലി കളയാൻ മാറ്റി വച്ച പഴങ്ങൾ.എൻ്റെ അവസ്ഥ മനസ്സിലാക്കിയ കൊണ്ട് ആകും ആയാൾ നല്ല കുറച്ചു പഴങ്ങളും തന്നു കാശ് വാങ്ങാതെ.

അതും ടാപ്പ് വെള്ളവും വിശപ്പ് മാറ്റി. ബേബി കുട്ടൻ വിളിക്കുന്നില്ല. വിളിച്ചപ്പോൾ കോൾ കിട്ടുന്നില്ല.
വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടു കിടന്നു ഉറങ്ങി.വെളുപ്പിന് അറിയാതെ ഉണർന്നപ്പോൾ നല്ല ശരീര വേദന, പനി, വിറയൽ. വീണ്ടും കൊറോണ വന്നോ എന്ന പേടി എനിക്ക് ഉണ്ടായി. 2 തവണ വന്ന ചെകുത്താൻ ഇനി എൻ്റെ ദേഹത്ത് കയറില്ല എന്ന് ഉറപ്പിച്ചു, വിശ്വസിച്ച് ഞാൻ അങ്ങിനെ ഇരുന്നു. ഞാൻ അടുത്ത് കിടന്ന സാധനങ്ങൾ എടുത്ത് എൻ്റെ ദേഹം മറച്ചു.തണുപ്പ് അത്ര വലുത് ആയിരുന്നു. എപ്പോഴോ കണ്ണ് അടഞ്ഞു പോയ എൻ്റെ ദേഹത്ത് ആരോ എന്തോ മൂടുന്നത് കണ്ടു ഞാൻ കണ്ണ് തുറന്നു. നോക്കിയപ്പോൾ വഴിയിൽ കണ്ട ആ ചെറുപ്പകാരൻ ആയ ഭിക്ഷക്കാരൻ. അയാള് ഒരു തമിഴൻ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. അയാള് ഒരു പുതിയ കമ്പിളി പുതപ്പ് ആണ് എന്നെ പുതപ്പിച്ചത്. എനിക്ക് ഒന്നും മനസിലായില്ല. മനസ്സിൻ്റെ ആരോഗ്യം ശരീരത്തിൽ ഇല്ലാത്തത് കൊണ്ട്. അതിൽ നിന്ന് കിട്ടിയ ചൂട് പറ്റി ഞാൻ ഉറങ്ങി പോയി.

നേരം വെളുത്തപ്പോൾ എന്നെ സ്ഥിരം ഓടിക്കുന്ന സെക്യൂരിറ്റി വന്നു. പക്ഷേ ഇത്തവണ ഒരു കാലി ചായ കയ്യിൽ ഉണ്ടായിരുന്നു. അയാൾക്ക് എനിക്ക് വയ്യ എന്ന് മനസിലായി കാണണം. അല്ലെങ്കിൽ ആ ഭിക്ഷക്കാരൻ പറഞ്ഞു കാണണം. അയാള് എന്നോട് അവിടുന്ന് മാറി ഒതുങ്ങിയ ഒരു സ്ഥലത്ത് കിടക്കാൻ പറഞ്ഞു. ആഹാരം കിട്ടാത്തത് കൊണ്ട് ഞാൻ നന്നായി തളർന്നിരുന്നു. ഉറങ്ങി എണീറ്റ ഞാൻ കണ്ടത് ബേബി കുട്ടൻ്റെ 12 മിസ്സ് കാൾ.എൻ്റെ കിളി പറന്നു പോയി. പനി കൂടിയപ്പോ എപ്പോഴോ ഫോൺ സൈലൻ്റ് ആകിയ ആണ്. ഞാൻ തിരിച്ചു വിളിച്ചപ്പോൾ അയാള് എടുത്തു. ഒരു തെറി ആണ് ഞാൻ പ്രതീക്ഷിച്ചത്.

പക്ഷേ കഴിഞ്ഞ 4 ദിവസം വരാൻ പറ്റാത്തതിന് മാപ്പ് പറയുക ആണ് ആ മനുഷ്യൻ ചെയ്തത്. ഒരുപാട് തിരക്കുകൾ ഉള്ള ആളാണെന്ന് എനിക്ക് അറിയാമായിരുന്നു, അടുത്ത ദിവസം ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് ഉറപ്പായും കാണാം എന്ന് എനിക്ക് അദേഹം വാക് തന്നു. താമസിക്കാനും ഭക്ഷണം കഴിക്കാനും കയ്യിൽ കാശ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ. എൻ്റെ വിശാല മനസ്സ് ഉണ്ട് സാർ എന്ന് ആണ് പറഞ്ഞത്. എൻ്റെ കഷ്ടപ്പാട് അയാളെ അറിയിച്ചു ഒരു വില കളയണ്ട എന്ന് എൻറെ മനസ്സിൽ തോന്നി.

വെയിൽ വന്നു നെറുകൻ തയ്‌ലയ്ക്ക് അടികാൻ തുടങ്ങി. പനി കൂടുന്ന ലക്ഷണം ഓക്കേ കാണാൻ തുടങ്ങി. വിശന്നു കണ്ണ് കാണാൻ പറ്റാത്ത അവസ്ഥ. തലേ ദിവസം വാങ്ങിയ പഴം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു, ഒരു വിധത്തിൽ ഞാൻ ചുവരിനോട് ചാരി ഇരുന്നു. സിനിമ പിടിക്കാൻ ഇറങ്ങി പട്ടിണി കിടന്ന് ചാകും എന്ന് എനിക്ക് മനസ്സിൽ തോന്നി പോയി. കണ്ണ് കലക്കുന്ന വെയിലിൽ ആരോ എൻ്റെ അടുത്ത് വന്നു ഇരുന്നു. നേരെ കാണാൻ കൂടെ പറ്റുന്നില്ല. ശബ്ദം കേട്ടപ്പോൾ മനസിലായി, എന്നെ സഹായിച്ച ആ പിച്ചകാരൻ ആണെന്ന്. അയാൾ എനിക്ക് കഴിക്കാൻ ആഹാരവും, മരുന്നും, വെള്ളവും കൊണ്ട് തന്നു. ആദ്യ ദിവസം അറപ്പോടെ ഞാൻ നോക്കിയ മനുഷ്യൻ ഇന്ന് എൻ്റെ അവസ്ഥ മനസ്സിലാക്കി ആഹാരം കൊണ്ട് തന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി. ആഹാരവും മരുന്നും കഴിച്ചു കഴിഞ്ഞു, നനായി മൂടി പുതച്ചു ഞാൻ കിടന്നു ഉറങ്ങി. വൈകുന്നേരം ആയപ്പോൾ ഞാൻ പഴയ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നു. എന്നെ സഹായിച്ച അയാളെ തിരക്കി ഞാൻ ഇറങ്ങി. ഒരു നേരത്തെ ആഹാരം അയാൾ കഴിച്ചു കാണുമോ എന്ന് ഓർത്തു ഞാൻ വേദനിച്ചു. അയാളെ എനിക്ക് കാണാൻ സാധിച്ചില്ല. തിരിച്ചു വന്നു പഴയ സ്ഥാനത്ത് ഇരുന്ന എനിക്ക് ആ സെക്യൂരിറ്റി വീണ്ടും ഒരു ചായ കൊണ്ട് വന്നു തന്നു. കന്നഡയിൽ കഴിക്കാൻ വേണമോ എന്ന് എന്നോട് ചോദിച്ചത് അപ്പോ മനസ്സിലായി. വിശപ്പ് വന്നാൽ എല്ലാ ഭാഷയും മനസിലാകും എന്ന് എനിക്ക് എന്ന് തിരിച്ചറിവ് ഉണ്ടായി.

നല്ല പ്രായം ഉള്ള ആൾ ആയിരുന്നു അയാള്, തുച്ഛമായ ശമ്പളം ആകും കിട്ടുന്നതും, അതുകൊണ്ട് അയാളെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല. ചായ കുടിച്ചു ഞാൻ വീണ്ടും കിടന്നു.
രാത്രി ആയി, അഭിമാനം കുറച്ചു മാറ്റി വച്ച് ഞാൻ പരിചയം ഉള്ള ചിലരോട് വീണ്ടും കാശ് കടം ചോദിച്ചു. ആരും മറുപടി പോലും തന്നില്ല. അങ്ങിനെ ആ ശ്രമം പരാജയപ്പെട്ടപ്പോൾ ഒരു യുബർ കാർ വന്നു എൻ്റെ മുന്നിൽ നിന്നു. ഒരു 10 മിനിട്ട് ആയപ്പോൾ, നല്ല സുന്ദരൻ ആയ ഒരാള് വന്നു ആ കാറിൽ കയറി. പോകുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, മനുഷ്യൻ ആയി പോയില്ലേ ഞാനും മറുപടി ആയി ഒരു പുഞ്ചിരി നൽകി. അയാളുടെ മുഖത്ത് ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. എന്നെ സഹായിച്ച ആ പിച്ചക്കരൻ, അവനാണ് അത്. പനി പിടിച്ചു എനിക്ക് വട്ടായി പോയതാണോ എന്ന് ഒരു സംശയം തോന്നിപ്പോയി. കറുത്ത പാൻ്റും വെള്ള പുള്ളികൾ ഉള്ള ഷർട്ടും ഇട്ടു ഒരു മാന്യനായ വ്യക്തിയെ പോലെ അയാൾ കാറിൽ കയറി പോയി. ആരാണ് അവൻ ? ഈ ചോദ്യമായി എൻ്റെ മനസ്സിൽ, നന്ദനം സിനിമയിൽ ബാലാമണിയെ രക്ഷിക്കാൻ വന്ന ഉണ്ണിയെ പോലെ ആരെങ്കിലും ആയിരിക്കും എന്ന് എൻ്റെ മനസ്സ് വിടാതെ പറഞ്ഞു കൊണ്ടിരുന്നു.

സംശയങ്ങൾ ബാക്കി ആകി ഇരുന്ന സമയം ഏകദേശം 10 മണി കഴിഞ്ഞപ്പോൾ മറ്റൊരു കാറിൽ ഒരുപാട് സാധനങ്ങളും വാങ്ങി അയാള് വന്നിറങ്ങി. ഇവന് വല്ല ലോട്ടറി അടിച്ചോ എന്ന് ഞാൻ വിചാരിച്ചു. വല്യ ഒരു ഷോപ്പിംഗ് കഴിഞ്ഞ ലക്ഷണം ഉണ്ട്. ഞാൻ കിടക്കുന്ന തുണി കടയുടെ അടുത്ത് വല്യ ഒരു കട ഉണ്ട്. അവൻ അതിൻ്റെ വശത്ത് സാധനങ്ങൾ ഓക്കേ ഇറക്കി വച്ചിട്ട്. കാറിൽ നിന്ന് ഒരു പൊതി എടുത്തു എൻ്റെ അടുത്ത് വന്നു. എൻ്റെ ആകാംക്ഷ അതിരു കടന്നു, ഞാൻ ചോദിച്ചു നിങൾ ആരാണ്. തീവ്രവാദികളെ പിടിക്കാൻ വേഷം മാറി വന്ന പോലീസുകാരൻ,ഒളിവിൽ ജീവിക്കുന്ന അധോലോക നായകൻ , ഇങ്ങിനെ ഉള്ള ഉത്തരങ്ങൾ ആണ് ഞാൻ പ്രതീക്ഷിച്ചത്.

പക്ഷേ അയാളുടെ മറുപടി വേറെ ഒന്നായിരുന്നു. എൻ്റെ അടുത്ത് ഇരുന്ന് ഒരു ചിരിയോടെ അയാളുടെ പേര് പറഞ്ഞു. കിരൺ, തമിഴ്നാട് തിരുനെൽവേലി ആണ് സ്വദേശം. അവൻ അവൻ്റെ കഥ എന്നോട് പറയാൻ തുടങ്ങി. എൻജിനീയറിംഗ് പഠനം കഴിഞ്ഞു ജോലി നോക്കി ബാംഗ്ലൂർ വന്ന അവനു ഒരു സ്ഥലത്തും ജോലി കിട്ടിയില്ല. ഒരുപാട് അലഞ്ഞു അവൻ്റെ വീടിൻ്റെ കഷ്ടപ്പാട് മാറ്റാവുന്ന ഒരു ജോലിയും അവനു കണ്ടെത്താൻ ആയില്ല. മാസം 10000 രൂപ കിട്ടുന്ന കോൾ സെൻ്ററിൽ കയറിയപ്പോൾ. മാസം അവനു അടയ്ക്കാൻ ഉണ്ടായിരുന്ന ലോൺ തുക 14000 രൂപ. 2017 ൽ അവിടെ ജോലിക്ക് കയറിയ അവനു 2018 ൽ ജോലി നഷ്ടമായി. ആ കമ്പനി പൂട്ടി അതായിരുന്നു സംഭവിച്ചത്. കടം ഒരു വശത്ത് പട്ടിണി മാറു വശത്ത്. വിശന്നു അലഞ്ഞു റോഡിൽ വീണ അവൻ്റെ നേർക്ക് ആരോ ഒരു 50 രൂപ ഇട്ടു കൊടുത്തിട്ട് പോയി. അത് എടുത്തു കൈൽ വച്ചിട്ട് അവൻ മനസ്സ് അറിഞ്ഞു കൈ നീട്ടാൻ തുടങ്ങി. അന്ന് അവൻ പിച്ച എടുത്തു കിട്ടിയത് 2800 രൂപ. ബാംഗ്ലൂരിൽ നല്ല ഒരു ജോലിക്കാരന് പോലും ദിവസ ശമ്പളവും അത്രയും ഇല്ല. അവൻ അതിൻ്റെ സാധ്യതകൾ മനസ്സിലാക്കി, നിരന്തരം കൈ നീട്ടാൻ തുടങ്ങി. അവൻ പതിയെ പതിയെ കാശുണ്ടാക്കാൻ തുടങ്ങി.ഈ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവൻ കള്ളം പറയുന്നത് ആണെന്ന് പറഞ്ഞു കളിയാക്കി. എന്നെ വിശ്വസിപ്പിക്കാൻ അവൻ പോക്കറ്റിൽ കൈ ഇട്ടു അവൻ്റെ ഫോൺ എടുത്തു. I phone 12 കണ്ടിട്ട് ഞാൻ ഒന്ന് ഞെട്ടി. അവൻ നാട്ടിൽ കെട്ടുന്ന വീടും, വാങ്ങിയ കാറും. ബാങ്ക് ബാലൻസും എന്നെ കാണിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അവൻ്റെ വീട്ടുകാരുടെ മുന്നിൽ അവൻ വല്യ ഏതോ ജോലിയിൽ ഇരിക്കുന്ന ആൾ ആണെന്ന് ആണ് അവരുടെ ധാരണ. ഇത്രേം ബാങ്ക് ബാലൻസ് കണ്ടപ്പോൾ ഒരു കൗതുകം തോന്നി ഞാൻ അവൻ്റെ ഒരു മാസത്തെ വരുമാനം എന്ത് കാണും എന്ന് ചോദിച്ചു.

ഒരു ദിവസം കുറഞ്ഞത് 3000 രൂപ അവൻ ഉണ്ടാക്കും മാസം നോക്കിയാൽ ഒരു ലക്ഷം രൂപയുടെ അടുത്ത് വരും എന്ന് ആയിരുന്നു മറുപടി. എൻ്റെ മുന്നിൽ പിച്ച എടുത്തവൻ ഒരു ലക്ഷ പ്രഭു ആണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. നാളെ രാവിലെ അവൻ നാട്ടിൽ പോകുക ആണ്. അതിനു വേണ്ടി സാധനങ്ങൾ വാങ്ങിക്കാൻ പോയതാണ് ഇപ്പൊൾ. അവൻ്റെ അമ്മയെയും കുടുംബത്തെയും സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം ആയിരുന്നു അവനു ഉണ്ടായിരുന്നത്. അവനോടു എനിക്ക് ഒരു ബഹുമാനം തോന്നി പോയി. കുറച്ചു നാളുകൾ കഴിഞ്ഞു ബാംഗ്ലൂരിൽ ഒരു കമ്പനി ഇടും എന്ന് പറഞ്ഞപ്പോൾ ഞാൻ മറുത്തു ഒന്നും പറയാൻ നിന്നില്ലാ. ഈ പോക്ക് പോയാൽ അവൻ അത് ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു.എൻ്റെ കഥകൾ ഞാൻ അവനോടു പറഞ്ഞു. അവൻ നല്ലപോലെ എന്നെ പ്രോത്സാഹപ്പിച്ചു,എനിക്ക് വേണ്ടി പ്രാർഥിക്കും എന്നും പറഞ്ഞു പോകാൻ നേരം 2000 രൂപ എൻ്റെ കൈൽ തന്നു. ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ അത് വേണ്ട എന്ന് പറഞ്ഞു. എനിക്ക് അയാളെ ഓർക്കാൻ, ചെയ്തു തന്ന സഹായങ്ങൾ ധാരാളം ആയിരുന്നു. നാളത്തെ യാത്രയുടെ ഒരുക്കങ്ങൾ തീർക്കാൻ ഞാനും അയാളെ സഹായിച്ചു. രാവിലെ ആയി.

ഈ ദിവസം എങ്ങിനെ എങ്കിലും തള്ളി നീകണം. ഈ ദിവസം കൂടെ ഒന്ന് മാറിയാൽ നാളെ മീറ്റിംഗ്. അതിൽ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.രാവിലെ സമയം പോകാൻ വേണ്ടി അടുത്തുള്ള കുറച്ചു സ്ഥലം ഓക്കേ നടന്നു കണ്ടു. വൈകിട്ട് ആയപ്പോൾ ബേബി കുട്ടൻ വിളിച്ചു സ്ഥലം ഫിക്സ് ചെയ്തു. ഞാൻ നിൽകുന്ന അടുത്ത് നിന്ന് 17km മാറി ഒരു ഹോട്ടൽ ആണ് പറഞ്ഞത്.10 മണിക്ക് ആണ് മീറ്റിംഗ്. അങ്ങിനെ സന്തോഷം കൂടി വന്നു. സ്ക്രിപ്റ്റ് മറിച്ച് നോക്കി പറയേണ്ട രീതികൾ മനസ്സിൽ ഓടിക്കാൻ തുടങ്ങി. അപ്പോഴാണ് വയറിനകത്ത് നിന്ന് മാക്രി വിളിക്കും പോലെ ചില ശബ്ദങ്ങൾ. വയറു നല്ല വേദന,ഒപ്പം വിശപ്പും. കടകൾ എല്ലാം അടയ്ക്കുന്ന സമയം. വിശന്നു കുഴഞ്ഞു ദിവസം ഒരു നേരം ആയിരുന്നു ഭക്ഷണം. കിരൺ തരാം എന്ന് പറഞ്ഞ 2000 രൂപ വാങ്ങിയാൽ മതി ആയിരുന്നു എന്ന് എനിക്ക് അപ്പോ തോന്നിപ്പോയി.

വിശന്നു വലഞ്ഞു ഒരു മരത്തിൻ്റെ ചുവട്ടിൽ വന്നു ഇരുന്നു. ഒരു ഹോട്ടലിൽ നിന്ന് കടക്കാരൻ ബാകി വന്ന ഭക്ഷണങ്ങൾ ഞാൻ ഇരുന്ന മരത്തിൻ്റെ ഒരു വശത്ത് കൊണ്ട് വന്നു തട്ടി. വിശപ്പിന് കണ്ണില്ല എന്ന് പറയുന്നത് ശരി ആണ്. ഞാൻ വേഗം അതിൻ്റെ അടുത്ത് ചെന്ന് നിന്നു. അയാള് കൊണ്ട് തള്ളിയ വെസ്റ്റ് കഴിക്കാൻ എനിക്ക് മുന്നേ ഒരു പട്ടി അവിടെ വന്നു നിൽപ്പുണ്ടായിരുന്നു. ഞാൻ അവിടെ പോയി ഇരുന്നു. അതിൽ ഒരു പൊതി നല്ല പോലെ കിടപ്പുണ്ട്. ഞാൻ അത് എടുത്തു കഴിച്ചാലോ എന്ന് ഒരുപാട് ആലോചിച്ചു. ഞാൻ അത് എടുക്കുനെങ്കിൽ എന്നെ കടിച്ചു തിന്നും എന്ന ഭാവത്തിൽ ആ പട്ടിയും.

എൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി. വീട്ടിൽ 3 നേരം ആഹാരം കഴിച്ചു ഉറങ്ങാൻ ഉള്ള ഞാൻ ഇതാ എൻ്റെ സ്വപ്നങ്ങൾ നേടി എടുക്കാൻ പോയി. ചവറ്റു കുട്ടയിൽ നിന്ന് ആഹാരം കഴിക്കാൻ പോകുന്നു. എനിക്ക് ലജ്ജ തോന്നി. പക്ഷേ എൻ്റെ വിശപ്പിന് മുന്നിൽ ആ ലജ്ജ ഇലാതെ ആയി പോയി. വിശക്കുന്ന ഓരോ മനുഷ്യൻ്റെയും വില ഞാൻ മനസ്സിലാക്കാൻ തുടങ്ങി, ഞാനോ നീയോ എന്ന മട്ടിൽ ഞാനും ആ നായ കുട്ടനും മുഖത്തോട് മുഖം നോക്കി ഇരുന്നു. ഭാഷ അറിയാത്ത പട്ടിയോട് എന്ത് പറയാൻ. മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത നിമിഷം ഞാൻ അറിയാതെ ആ പട്ടിയെ നോക്കി പറഞ്ഞുപോയി. “” വിശക്കുന്നു ടാ”””
എൻ്റെ കണ്ണിൽ വിശപ്പ് കണ്ടത് കൊണ്ടു ആകാം. അവൻ ഒരു നിമിഷം എന്നെ നോക്കിയിട്ട് അവിടുന്ന് മാറി ഇരുന്നു തന്നു. ഞാൻ കഴിക്കട്ടെ എന്ന മട്ടിൽ. ആഹാരം ഞാൻ കൈ കൊണ്ട് എടുത്തു. കഴിക്കാൻ പോയപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. ആരോ എന്നെ ഒരുപാട് നേരം ആയി വിളിക്കുന്നു. കന്നഡയിൽ വിളിച്ചാൽ ആരു കേൾക്കാൻ. ഞാൻ ശബ്ദം കേട്ട് തിരുഞ്ഞ് നോക്കിയപ്പോൾ കാറിൽ ഇരുന്ന ഒരു മനുഷ്യൻ എന്നെ കണ്ടു ഇറങ്ങി വരുന്നു. എനിക്ക് കന്നഡ മനസിലാകില്ല എന്ന് ഉറപ്പുള്ള അയാള് എന്നോട് ഇംഗ്ലീഷിൽ സംസാരിച്ചു. വല്യ പ്രയാസം ഇല്ലാതെ കാര്യങ്ങളിൽ മനസ്സിലാക്കാനും, മറുപടി പറയാനും എനിക്ക് അറിയാമായിരുന്നു. എന്നോട് ദേഷ്യപ്പെട്ടു അയാള് എന്നെ കൂട്ടികൊണ്ട് പോയി പാനി പൂരി വാങ്ങി തന്നു. ആ സമയം അവിടെ വേറെ ഒന്നും ഉണ്ടായിരുന്നില്ല. അയാൾ എൻ്റെ കാര്യങ്ങളിൽ നിർബന്ധിച്ച് പറയിപ്പിച്ചു. സിനിമയുടെ പുറകെ നടക്കുന്ന എന്നെ അയാൾ വല്യ ബഹുമാനത്തോടെ നോക്കി, പണ്ട് അയാളുടെ മനസ്സിലും ഉണ്ടായിരുന്ന സിനിമ മോഹത്തെ പറ്റിയും അയാള് പറയാൻ മറന്നില്ല. അയാള് പോകാൻ നേരം എനിക്ക് അയാളുടെ വിസിറ്റിംഗ് കാർഡ് തന്നിട്ട്, എന്തെങ്കിലും ജോലി വേണം എങ്കിൽ സഹായിക്കാം എന്ന് പറഞ്ഞു പോയി.
ഞാൻ തിരിച്ചു വന്നപ്പോൾ നമ്മുടെ നായ ചേട്ടൻ അവിടെ നിന്ന് നല്ല അന്തസായി ആഹാരം കഴിക്കുന്നു. ഞാൻ നടന്നു പോയപ്പോൾ അതും എൻ്റെ കൂടെ വന്നു ഞാൻ കിടക്കുന്നതിന് അരികിൽ വന്നിരുന്നു. മനുഷ്യനേക്കാൾ സ്നേഹം നായക്ക് ഉണ്ട് എന്ന് പറയുന്നത് വളരെ ശരി ആണ്.
പിറ്റേന്ന് രാവിലെ ആയി.

നേരെ ബസ്സ് സ്റ്റാൻഡിലേക്ക് പോയി. കൈയിൽ ഉണ്ടായിരുന്ന 10 രൂപ കൊടുത്ത് ചന്ദ്രിക സോപ് വാങ്ങി കുളിക്കാൻ വേണ്ടി അവിടുത്തെ കുളിമുറി ഉപയോഗിച്ചു,നനായി ഒന്ന് കുളിച്ചു വൃത്തി ആയി. ഷർട്ട് മാറ്റി, പൻ്റിൽ കുറച്ചു അഴുക്ക് ഉണ്ടായിരുന്നു. എന്നിട്ട് നേരെ ബേബി കുട്ടനെ കാണാൻ നടക്കാൻ തുടങ്ങി. 10 മണിക്ക് ഉള്ള മീറ്റിംഗ് വേണ്ടി 9 മണിക്ക് ഞാൻ എത്തി. നേരത്തെ വന്നത് 2 കാര്യങ്ങളിൽ കൊണ്ട് ആണ്. ഒന്ന് സമയത്തിന് മുൻപേ എത്തണം എന്ന തോന്നലും, മറ്റെ കാരണം 17 km നടക്കുമ്പോ ഉള്ള വിയർപ്പ് ഒന്ന് ആറാനും വേണ്ടി ആയിരുന്നു.

അങ്ങിനെ 6 ആം ദിവസം എൻ്റെ ബേബി കുട്ടൻ എത്തി. അയാള് എന്നെ വിളിപ്പിച്ചത് ആ ഹോട്ടലിൽ ഉള്ള റസ്റ്റോറൻറ്ലേക്ക് ആണ്. നെഞ്ച് പട പട ഇടികാൻ തുടങ്ങി കയ്യിൽ ഒന്നും ഇല്ല. ഭക്ഷണം കഴിച്ചിട്ട് എന്നോട് കാശ് കൊടുക്കാൻ പറയുമോ? ബിൽ എൻ്റെ തലയിൽ ആകുമോ എന്നോകെ ഉള്ള ഒരു പേടി മനസ്സിൽ കയറി കൂടി. കുറച്ചു നാളുകൾ മുൻപ് ഒരു പ്രമുഖ നടനെ കാണാൻ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ പോയപ്പോൾ ആഹാരം കഴിച്ച ബിൽ തുക എൻ്റെ തലയ്ക്ക് അയതാണ്. അന്ന് കൊടുക്കാൻ 1500 രൂപ കയ്യിൽ ഉണ്ടായിരുന്നു.ഇത് അതിനെക്കാൾ വല്യ ഹോട്ടൽ ആണ്. പേടി കൂടി വന്നു. ഞാൻ അകത്തു കയറി,ഒരുപാട് വിദേശികൾ ഓക്കേ ഇരിക്കുന്നുണ്ട്. നല്ല ശാന്തമായ അന്തരീക്ഷം, ചെറിയ ശബ്ദത്തിൽ സംഗീതവും കേൾക്കാം. ഒരു വശത്തിനോട് ചേർന്ന് ഒരു ടേബിളിൽ എൻ്റെ ബേബി കുട്ടൻ ഇരിക്കുന്നു. സാധാരണ ടിവി യിൽ ഓക്കേ കണ്ട രൂപമെ അല്ല അദേഹത്തിന് ഇപ്പൊൾ അല്പം മെലിഞ്ഞു, സുന്ദരൻ ആയി ഇരിക്കുന്നു.വന്ന പാടെ എന്നോട് മാപ്പ് ആണ് പറഞ്ഞത്, ഇത്രേം ദിവസം കാതിരുനതിന്. പതിയെ കാര്യങ്ങളിൽ ഓക്കേ സംസാരിച്ചു ക്രിപ്റ്റ് വായിക്കാൻ വേണ്ടി ഞാൻ ബാഗ് തുറന്നു സംഗതി വെളിയിൽ എടുത്തു. മറ്റുള്ളവർ ഓർഡർ ചെയ്ത ഭക്ഷണവും ആയി പോകുന്ന ആളുകളെ ഞാൻ ഇതിനോടകം പല വട്ടം ഇട കണ്ണിട്ടു ഞാൻ നോക്കി. അസാധ്യമായ മണം ആയിരുന്നു അവിടെ മുഴുവൻ. വയറിൽ ഓളം വെട്ടാൻ തുടങ്ങി. കയിൽ കരുതിയ കുപ്പിയിൽ നിന്ന് ടാപ്പിലെ വെള്ളം വയറു നിറച്ച് കുടിക്കാം എന്ന് കരുതി എടുത്തപ്പോൾ. ആ വല്യ മനുഷ്യൻ എന്നെ തടഞ്ഞു. വെള്ളത്തിൻ്റെ നിറം കണ്ടു അയാൾക്ക് എൻ്റെ അവസ്ഥ മനസ്സിലായോ എന്തോ. അത് കളഞ്ഞു മേശയിൽ ഇരുന്ന വെള്ളം എടുത്ത് കുടിക്കാൻ പറഞ്ഞു.

ഞാൻ വെള്ളം കുടിക്കുന്ന കണ്ടിട്ട് അയാൾക്ക് മനസ്സിലായി കാണും എനിക്ക് ഉള്ള വിശപ്പ് എന്താണ് എന്ന്, തൊട്ടു അടുത്ത് ഉള്ള ടേബിളിൽ ഭക്ഷണം കൊണ്ട് വന്നപ്പോൾ, കൊതിയെകാൾ മേലെ വിശപ്പ് നിന്നത് കൊണ്ട് അറിയാതെ ഞാൻ അങ്ങോട്ട് നോക്കി പോയി. അതും കൂടെ ആയപ്പോൾ ആ മനുഷ്യന് ബോധ്യമായി.
ഞാൻ കഥ പറയാൻ തുടങ്ങുന്ന സമയം ആ മനുഷ്യൻ പറഞ്ഞു, നമ്മുക് അത് കുറച്ചു കഴിഞ്ഞു കേൾക്കാം, ഇപ്പൊൾ എന്തെങ്കിലും കഴിക്കാം എന്നും പറഞ്ഞു എന്തൊക്കെയോ ഓർഡർ ചെയ്തു. അതിൽ പറഞ്ഞതിൽ ആകെ ബിരിയാണി മാത്രം എനിക്ക് മനസിലായി. മറ്റു പറഞ്ഞത് ഓക്കേ ഏതോ കൊറിയൻ പടത്തിൻ്റെ പേര് പോലെ തോന്നി.ഭക്ഷണം വന്നു. ഞാനും അയാളും ആഹാരം കഴിക്കാൻ തുടങ്ങി. നല്ല വൃത്തിയിൽ ദിവസങ്ങൾക്ക് ശേഷം ഇരുന്നു ഒന്ന് ആഹാരം കഴിക്കാൻ പറ്റി, കണ്ണ് നിറഞ്ഞു പോയി. കഥ പറയാൻ നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇങ്ങിനെ ഒരു അനുഭവം എനിക്ക് ഉണ്ടാകും എന്ന്. ഭക്ഷണം കഴിച്ച് തീരാറായി. അയാൾ വളരെ കുറച്ചാണ് കഴിച്ചത്, ഞാൻ എല്ലാം നനായി കഴിച്ചു. അത്രയ്ക്ക് വിശപ്പ് ഉണ്ടായിരുന്നു. പോരാത്തതിന് വൃത്തി ഉള്ള സ്ഥലവും. കൈ കഴികു വന്ന എന്നോട് നമുക്ക് റൂമിൽ ഇരുന്നു കഥ പറയാം എന്ന് പറഞ്ഞു. ഇനി ഞാൻ ആഹാരം നോക്കി ഇരിക്കും എന്ന് വിചാരിച്ചു ആണോ എന്തോ ആ പാവം അങ്ങിനെ പറഞ്ഞത്. ബിൽ അയാള് കൊടുക്കാതെ ഇറങ്ങി പോയി ഞാൻ കൂടെ ഇറങ്ങി ഓടി. ഞാൻ ബിൽ കൊടുകണ്ടെ എന്ന് ചോദിച്ചപ്പോൾ അയാള് പറഞ്ഞു പോകാൻ നേരം എല്ലാം ചേർത്ത് ആണ് കൊടുക്കുന്നത് എന്ന്. ഭാഗ്യം ഞാൻ രക്ഷപെട്ടു.

റൂമിൽ എത്തി ഒരു കൊട്ടാരം പോലെ ഉണ്ട് മുറി, എൻ്റെ വീടിൻ്റെ പകുതി വരും ആ ഒറ്റ മുറി. അവിടെ ഇരുന്നു കഥ പറയാനും ഒരു മൂഡ് ഓക്കേ തോന്നി. AC ഇട്ടു അയാള് എൻ്റെ നേരെ ഉള്ള കസേരയിൽ ഇരുന്നു. ത്രില്ലർ ഭാവത്തിൽ ഉള്ള കഥ ആയത് കൊണ്ട് നല്ല പോലെ വിവരിച്ചു തന്നെ ഞാൻ കഥ പറഞ്ഞു. ചില രംഗങ്ങൾ അഭിനയിച്ചു കാണിച്ചു. അയാളുടെ കണ്ണിൽ നിന്നും എനിക്ക് മനസ്സിലായി സംഗതി ഇഷ്ടപ്പെട്ടു എന്ന്. പിന്നെ ഒന്നും നോക്കിയില്ല. കഥയുടെ ത്രിൽ പൂർണമായി പറയാൻ എനിക്ക് സാധിച്ചു. ക്ലൈമാക്സ് പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ എനിക്ക് കൈ തന്നു. ഉടനെ ഫോൺ എടുത്തു ഭക്ഷണം ഓർഡർ ചെയ്തു. ഇപ്പൊൾ കഴിച്ചിട്ട് ഇങ്ങോട്ട് വന്നത് അല്ലേ ഉള്ളൂ എന്ന ഭാവത്തിൽ ഞാൻ സമയം നോക്കി 12 മണിയോട് കൂടി കഥ പറഞ്ഞു തുടങ്ങിയതാണ് ഇപ്പൊൾ 4 മണി ആയിരിക്കുന്നു. അയാൾക്ക് വിശന്നിട്ട് ഉണ്ടാകാം. ആഹാരം വന്നു ബാൽക്കണിയിൽ കഴിക്കാനായി ഒരു സ്ഥലമുണ്ട് , അവിടെ ഇരുന്ന് നമ്മൾ ആഹാരം കഴിച്ചു.

കഴിച്ചു കഴിഞ്ഞു അയാള് എന്നോട് പറഞ്ഞു നമ്മൾ ഈ സിനിമ ചെയ്യുന്നു. എന്തോ എനിക്ക് വല്യ സന്തോഷമായി. ഫോൺ എടുത്തു എൻ്റെ കഥയിലെ പ്രധാന വേഷത്തിലേക്ക് എനിക്ക് താല്പര്യം ഉള്ള പ്രമുഖ 3 അഭിനേതാക്കളെ അദേഹം വിളിച്ചു. എനിക്ക് കഥ പറയാൻ വേണ്ടി. വിവിധ വിവിധ ദിവസങ്ങളിലായി സമയവും എടുത്തു തന്നു. എനിക്ക് വല്യ സന്തോഷമായി. അത് കഴിഞ്ഞ് അദ്ദേഹം ഏതോ ഒരു ട്രാവൽസിൽ വിളിച്ചു അവിടെ നിന്നും എൻ്റെ നാട്ടിലേക്ക് ബസ്സിൽ പോകാനുള്ള ടിക്കറ്റും എടുത്ത് തന്നു. വൈകുന്നേരം അവിടെ പോയി ടിക്കറ്റ് വാങ്ങാനും പറഞ്ഞു. എൻ്റെ google pay നമ്പർ വാങ്ങി. ഇത്രേം ദിവസം നിന്നത് അല്ലേ എന്നും പറഞ്ഞു 20000 രൂപ അയച്ചു തന്നു. എന്നിട്ട് പറഞ്ഞു ഇത് അഡ്വാൻസ് അല്ല. 10 ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് ഒരു യുവ നായകൻ്റെ പടത്തിൻ്റെ ഷൂട്ടിംഗ് സ്ഥലത്ത് വരുന്നുണ്ട് അവിടെ വെച്ച് ഒരു തിങ്കളാഴ്ച നോക്കി എഗ്രിമെൻറ് എഴുതാമെന്നും പറഞ്ഞു.

ഞാൻ നാട്ടിലേക്ക് തിരിച്ചു. അദേഹം പറഞ്ഞത് പോലെ എഗ്രിമെൻറ് എഴുതി.
അഭിനേതാക്കളെ പോയി കണ്ട് അവർക്കും കഥ ഇഷ്ടപ്പെട്ടു. എല്ലാം ശരിയായി വന്നപ്പോൾ ഇതാ വരുന്നു കൊറോണ lockdown.50 ദിവസത്തിന് മുകളിൽ സിനിമ മേഖല സ്തംഭിച്ചു. നടന്മാരുടെ ഡേറ്റ് അങ്ങോട്ടും ഇങ്ങോട്ടും കുഴഞ്ഞു അവിയൽ പരുവം ആയി. എനിക്ക് കിട്ടിയ ഡേറ്റും മാറി മറിഞ്ഞു. അടുത്ത കാലത്ത് ഒന്നും അത് ചെയ്യാൻ പറ്റില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. എൻ്റെ ബേബി കുട്ടനും പറഞ്ഞു നമ്മുകു അത് കുറച്ചു നാൾ മാറ്റി വയ്ക്കാം എന്ന്. ഇപ്പൊൾ പുതിയ ഒരു കഥയും ആയി വീണ്ടും പ്രൊഡ്യൂസർ മാരുടെ പുറകെ പോകുന്നു.ഈ അനുഭവം ഞാനിവിടെ പറഞ്ഞത് മറ്റൊന്നും കൊണ്ട് അല്ല.നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാര്യം സംഭവിക്കുമ്പോൾ ദൈവം നമ്മളെ നനായി ഒന്ന് പരീക്ഷിക്കും. നിങ്ങളുടെ ലക്ഷ്യം സിനിമയാണെങ്കിൽ എന്ത് കഷ്ടപ്പാട് വന്നാലും പിന്മാറരുത്.കാരണം അത് നമ്മുടേത് മാത്രമായ സ്വപ്നം ആണ്.