Football is all about respect !
Akhilesh Karakkad
ഫുട്ബാൾ എന്നല്ല ഏത് കായികവിനോദത്തിലും എതിരാളികളെ respect ചെയ്യുക എന്നത് ഒരു മിനിമം മര്യാദയാണ്. പക്ഷേ കളി തോറ്റു കഴിഞ്ഞാൽ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്ന പരിഗണന പലപ്പോഴും ജയിക്കുമ്പോൾ അങ്ങോട്ട് കൊടുക്കാറില്ല എന്നതാണ് സത്യം.ബ്രസീൽ ടീം ഒക്കെ ഗോൾ സെലിബ്രേഷൻ എന്ന പേരിൽ ചെയ്യുന്ന ഡാൻസ് പോലും പലപ്പോഴും അനുചിതം ആണെന്ന് തോന്നിയിട്ടുണ്ട്. തോൽക്കുന്ന ചെറിയ ടീമുകളോക്കെ അനുഭവിക്കുന്ന അപമാനം ഭീകരമാണ്. തിരിച്ച് അതുപോലെ കിട്ടുമ്പോഴാണ് ഫാൻസിനും കളിക്കാർക്കും അതിൻ്റെ അനൗചിത്യം മനസ്സിലാവുക എന്ന് മാത്രം. ആലോചിച്ചു നോക്കൂ,
2014സെമിയിൽ ബ്രസീലിനെതിരെ 7 ഗോൾ നേടിയപ്പോൾ ജർമൻ ടീം ഒന്നടങ്കം ബ്രസീലിയൻ സ്റ്റൈൽ നൃത്തം ചെയ്യുന്നത്!
എന്താവും കളിക്കാർക്കും ആരാധകർക്കും ഉണ്ടാവുന്ന വേദന!അതിന് പകരം പൊട്ടിക്കരയുന്ന ഡേവിഡ് ലൂയിസിനെ ഒക്കെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കുന്ന ജർമൻ കളിക്കാരെയാണ് നമ്മളൊക്കെ കണ്ടത്.അത്തരം പ്രകടനങ്ങൾ ആണ് കായിക താരങ്ങളിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
ലാറ്റിനമേരിക്കൻ കളിയെ അപമാനിച്ചതിനുള്ള മറുപടി ആണത്രേ എമ്പാപ്പെക്ക് എമി മർട്ടിനെസ് കൊടുക്കുന്നത്!അതിനുള്ള മറുപടി ഫൈനലിലെ ജയം തന്നെയല്ലെ! അത് തന്നെയല്ലേ ലാറ്റിൻ അമേരിക്കയുടെ കളിസംസ്കാരവും!കളിക്ക് ശേഷവും വാക്കുകൾ കൊണ്ടും ചേഷ്ടകൾ കൊണ്ടും കൊടുക്കുന്ന മറുപടികൾ എത്ര അപക്വം ആണ്!
മെസ്സിയെ നോക്കൂ. അയാൾ ഫൈനലിൽ എടുത്ത രണ്ടു പെനാൽറ്റികളും ഫ്രഞ്ച് ഗോൾകീപ്പറെ നിഷ്പ്രഭൻ ആക്കുന്നതായിരുന്നു . തകർത്തു കളയുന്നതായിരുന്നു. എത്രയോ വെല്ലുവിളികളെയും പരിഹാസങ്ങളെയും മെസ്സി ഇതുവരെ നേരിട്ടത് അതുപോലെ തന്നെയല്ലേ?അയാളുടെ Nutmeg കളും മിന്നൽ വേഗത്തിലുള്ള മെയ്യനക്കങ്ങളും എത്രയോ ധാർഷ്ട്യങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞതാണ്! അങ്ങനെയല്ലാതെ വിജയം തലക്ക് പിടിച്ചു സഹകളിക്കാരൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് ചിരിച്ചു നിൽക്കുന്ന മെസ്സിയെ കാണാൻ ആരാണ് ആഗ്രഹിക്കുന്നത് ! ഇതുകൂടി ആലോചിക്കൂ..,
ഫൈനൽ ഫ്രാൻസ് ജയിക്കുന്നു. അവർ ആഘോഷിക്കുന്നു. ഇതുപോലെ തന്നെ.ഒരു ഫ്രഞ്ച് താരം മെസ്സിയുടെ മുഖം ഉള്ള ഒരു പാവയെ കയ്യിലെടുത്ത് ഇന്ന് കണ്ട എമി സ്റ്റൈൽ ആഘോഷം നടത്തിയാൽ എന്താവും അർജൻ്റൈൻ ആരാധകരുടെ വികാരം!ബ്യുനെസ് അയേഴ്സിൽ വെച്ച് ഡീഗോ മറഡോണയുടെ ടീമിനെ 5-0 ന് തകർത്തുകളഞ്ഞ 94 ലെ വൽഡെരാമയുടെ കൊളംബിയൻ സംഘത്തെ സ്റ്റാൻഡിംഗ് ഒവേഷൻ നൽകി പറഞ്ഞയച്ച അർജൻ്റൈൻ ആരാധകരുടെ കളിസ്നേഹത്തെ പറ്റി ഇന്നും പറഞ്ഞുനടക്കുന്നവരാണ് ഇതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്യുന്നത് എന്നതാണ് രസകരം.അധിക്ഷേപം വംശീയം ആയാലും അല്ലെങ്കിലും പരസ്പരബഹുമാനവും സ്നേഹവും ഉയർത്തിപ്പിടിച്ചില്ലെങ്കിൽ പിന്നെ ഈ കളി എന്തിന് കൊള്ളാം!