അക്കുമ്മ അക്കു

ഏതാണ്ട് ആറാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് എങ്ങനെ ആണ് കുട്ടി ഉണ്ടാകുന്നത് എന്ന ചെറിയ അറിവെങ്കിലും കിട്ടിയത്. കൂടെ പഠിക്കുന്ന ‘ക്ലാസ്സിലെ വികൃതി’ എന്ന് മുദ്രകുത്തപ്പെട്ട പ്രിയ സുഹൃത്താണ് അന്ന് ആ അറിവ് പറഞ്ഞുതന്നത്. ആണിന്റെയും പെണ്ണിന്റെയും പാല് ചേരുമ്പോഴാണ് കുട്ടി ഉണ്ടാകുക എന്നാണ് അവന്റെ ഭാഷയിൽ അന്ന് പറഞ്ഞുതന്നത്. അതിന് ശേഷം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു അനുഭവപ്പെട്ടത് . ഞാനും ഉണ്ടായത് അങ്ങനെ ആണോ! അയ്യോ എന്റെ അച്ഛനും അമ്മയും ഒന്നും അങ്ങനെ ചെയ്യില്ല എന്നൊക്കെയുള്ള മണ്ടൻ ധാരണകൾ അന്നെനിക്ക് ഉണ്ടായി.

പിന്നെ ആരോഗ്യ മാസികകളും മറ്റും വേറെ കുറെ അറിവ് നൽകി. വീട്ടിലെ ആരോഗ്യമാസിക വരെ അമ്മ ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. കസിൻ ആങ്ങളമാരുടെ ഷെൽഫുകളിൽ നിന്നും മറ്റു പല ബുക്കുകളും കാസെറ്റുകളും ഒക്കെ കിട്ടും. അതിൽ നിന്നൊക്കെ ഇതാണ് സെക്സ് എന്നു കരുതി പോന്നു.

നാപ്കിനുകളുടെ പരസ്യം ടീവിയിൽ കാണുമ്പോൾ അമ്മയോട് ചോദിച്ചാൽ ദേഷ്യപ്പെടും ചേച്ചിയോട് ചോദിച്ചാൽ കളിയാക്കും. ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയിരുന്നു കുറെ കാലം അത്. ഒരിക്കൽ ഞങ്ങളുടെ sex എഡ്യൂക്കേറ്റർ ആയ ആ വികൃതി പയ്യൻ പാഡിനെ പറ്റി സംസാരിച്ചു, പലരും കണ്ടിട്ടുപോലുമില്ല പക്ഷെ ഞാൻ വീട്ടിൽ അത് ചേച്ചിയുടെ കയ്യിൽ കണ്ടിട്ടുണ്ട്. ആ കാര്യം അവനോടു പറഞ്ഞപ്പോൾ അവനും എന്നെ കളിയാക്കി. ഞാൻ തിരികെ വീട്ടിൽ ചെന്ന് ചേച്ചിയോട് ഈ കാര്യംപറഞ്ഞു. അവൾ സങ്കടവും ദേഷ്യവും കൊണ്ട് എന്നെ തല്ലാനും ചീത്തവിളിക്കാനും തുടങ്ങി, അമ്മയോട് പറഞ്ഞു അമ്മവക ബാക്കി. ഭാഗ്യം അച്ഛനോട് പറഞ്ഞില്ല. അങ്ങനെ അതുകഴിഞ്ഞു. നാപ്കിൻ എന്നത് എന്തോ വല്യക്കാട്ട സംഭവം ആണെന്ന് എനിക്ക് മനസിലായി. കുട്ടിയുടെ മനസ്സല്ലേ അറിയാനുള്ള ആഗ്രഹം കൂടിയതല്ലാതെ വേറൊന്നും സംഭവിച്ചില്ല. അങ്ങനെ അന്വേഷണ പരമ്പര തുടർന്നു.

UP ക്ലാസ്സ്‌ തൊട്ടേ സ്വയംഭോഗം ചെയുന്ന ആളയിരുന്നു ഞാൻ. അന്ന് ഇന്നത്തെ പോലുള്ള മൊബൈൽ ഫോണോ, പോൺ മൂവി കാണുവാനുള്ള സൗകര്യങ്ങളോ ഇല്ല. കാസെറ്റുകൾ ഉണ്ടങ്കിൽ തന്നെ ആരുമില്ലാത്തപ്പോൾ മാത്രമേ കാണുവാനും പറ്റു. അന്നൊക്കെ ആശ്രയം തലച്ചോറ് തന്നെ ആണ്. തലയിൽ ഒരു മുഴുനീള സിനിമ ഞാൻതന്നെ കഥ എഴുതി, അഭിനയിക്കേണ്ടവരെ ഞാൻ തന്നെ തീരുമാനിച്ചു, ഞാൻ തന്നെ സംവിധാനം ചെയ്തു അവസാനം ഞാൻതന്നെ ഇരുന്നു കാണും. അതിന്റെ പര്യവസാനം കിതപ്പോടെ തീരും. അങ്ങനെ വ്യത്യസ്തമായ ഒരുപാടു കഥകൾക്ക് എന്റെ തലച്ചോർ ജന്മം കൊടുത്തിട്ടുണ്ട്. എന്റെ ഭാവനകളുടെയും ചെറുതെങ്കിലും ഒരുകാര്യം ആവിഷ്കരിച്ചെടുക്കുന്നതിലുള്ള കഴിവുകളുടെയും ഒക്കെ അടിത്തറ അവിടെ നിന്നുമാണെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. സൗകര്യങ്ങൾ കൂടിയതോടെ ആ ഭാവനലോകത്തെ ഞാൻ മറന്നു.. ഇപ്പൊ അംബാനി തരുന്ന 2GB തീർന്നാൽ മാത്രമേ കഥകളുടെ ലോകത്തേക്ക് മുങ്ങാംകുഴി ഇടാറുള്ളു.

അന്നൊക്കെ എന്നെ ഏറ്റവും സംശയപ്പെടുത്തിയിരുന്ന ഒരു കാര്യം എന്താണെന്നാൽ എന്റെ കഥകളിൽ ഒന്നും സ്ത്രീകൾ ഉണ്ടായിരുന്നില്ല. നാട്ടിലും, ചുറ്റുവട്ടത്തും ഉള്ള ചേട്ടന്മാർ ആയിരുന്നു സ്ഥിരം കഥാപാത്രങ്ങൾ. അതും ചില ശരീരങ്ങളോട് മാത്രമേ ആകർഷണം ഉണ്ടായിരുന്നുള്ളു. അവര് തന്നെ ഓരോ കഥയിലും ഓരോ ദിവസത്തെ മൂഡ് അനുസരിച്ചു മാറി മറിഞ്ഞു വരും. അന്ന് ലഭിച്ചിരുന്ന കാസെറ്റുകളും ആൺ പെൺ ബന്ധങ്ങൾ മാത്രമേ കാണിക്കു. എങ്കിലും അത് ഞാൻ കണറുണ്ടായിരുന്നു പക്ഷെ അതിലെ ആണുങ്ങടെ ശരീരവും, ചലനങ്ങളും മാത്രമേ ശ്രദ്ധിക്കാറുള്ളു. സത്യം പറഞ്ഞാൽ അതിൽ സ്ത്രീ ഉണ്ടെന്നുപോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല .
പത്രങ്ങളിലും മാസികകളിലും പ്രത്യക്ഷപ്പെട്ടിരുന്ന അർദ്ധനഗ്ന പുരുഷ ശരീരങ്ങളെ ഞാൻ വൃത്തിയായി വെട്ടി സൂക്ഷിച്ചിരുന്നു, സ്പോർട്സ് പേജിലെ പല പുരുഷ താരങ്ങളും അന്നെന്റെ കത്രികയുടെ ഇരയായിട്ടുണ്ട്.
ലഭ്യമായിരുന്ന കഥ പുസ്തകങ്ങളും വ്യത്യസ്തമല്ല, എല്ലാം ആണും പെണ്ണും മാത്രം.

അപ്പോഴൊക്കെയും വലിയ ആശങ്കകൾ ഉള്ളിൽ ഉണ്ടായിരുന്നു. സ്ത്രൈണത ഉള്ള ആൺകുട്ടി ആയിരുന്നു, അതിന്റെ കളിയാക്കലുകൾ ചുറ്റും ഉണ്ടായിരുന്നു എല്ലാംകൂടി ഒരു വിഭ്രാന്തിയുടെ അന്തരീക്ഷം ചുറ്റും സൃഷ്ടിച്ചിരുന്നു. എങ്ങനെയൊക്കെയോ അതൊക്കെ
കഴിഞ്ഞു പോയി എന്ന് പറയാം.

ക്ലാസ്സ്‌ മുറികളിലെ അറിവുകളൊന്നും എന്റെ സംശയങ്ങളെ തീർക്കാൻ പോന്നതായിരുന്നില്ല.
പിന്നെ പ്ലസ് ടു സമയത്താണ് വളരെ നല്ലൊരു അധ്യാപികയെ കിട്ടിയതും ആ പാഠഭാഗത്തിന്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലായതും. അവ്യക്തമായി കിടന്ന പല അറിവുകളും ആ അധ്യാപിക വ്യക്തമാക്കി തന്നു. ആർത്തവം എന്താണ്‌ എന്നും, എങ്ങനെ ഗർഭധാരണം നടക്കുന്നു എന്നും, കോണ്ടം ഉൾപ്പടെ ഉള്ള സുരക്ഷ മാർഗങ്ങൾ എന്താണെന്നും ഒക്കെ ഒരു പരിധിവരെ വ്യക്തമായി.

ഉത്തരം കിട്ടാതിരുന്നത് എന്റെ വികാര വിചാരങ്ങളുടെ കാരണത്തിൽ മാത്രമാണ്. വളരെ പണ്ടുതന്നെ എന്റെ അവസ്ഥ മനസിലാക്കിയ സഹോദരി എന്നെ വഴക്കുപറഞ്ഞും ഉപദേശിച്ചും മാറ്റിയെടുക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. എന്തോ മോശം കാര്യമാണെന്ന ധാരണ എനിക്ക് ഉണ്ടായിരുന്നു. അതുമാറ്റാൻ പല വഴികളും നോക്കുമായിരുന്നു. കഥകളിൽ മനഃപൂർവം സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടുവന്ന് നോക്കും, ഒന്നും നടക്കില്ല. പെൺകുട്ടികളെ പ്രണയിച്ചു. തീവ്രമായ പ്രണയം ആയിരുന്നെങ്കിലും ലൈംഗിക മായ വശങ്ങളിൽ വാക്കുകൊണ്ടുപോലും അവരോടു നീതിപുലർത്താൻ എനിക്കായില്ല. പക്ഷെ അവരെ പ്രണയിക്കാൻ എനിക്ക് സാധിച്ചിരുന്നു. ഇപ്പോഴും ആ പ്രണയം ഉള്ളിൽ ഉണ്ട്.

മെഡിക്കൽ വിദ്യാഭാസത്തിലേക്ക് വന്നപ്പോൾ ഇതെല്ലാം ആവശ്യത്തിൽ കൂടുതൽ പഠിക്കേണ്ടി വന്നിട്ടുണ്ട്, അത് പഠിച്ചു പേപ്പറുകളിൽ എഴുതേണ്ട അമിത ബാധ്യതയും ഉണ്ടായിട്ടുണ്ട്. അപ്പോഴും എന്റെ അവസ്ഥകൾ ചോദ്യചിഹ്നം ആയിരുന്നു.

അക്കാദമിക് പുസ്തകങ്ങൾ വിട്ടുള്ള രചനകൾ വായിക്കുകയും സാഹിത്യങ്ങൾ വായിക്കുകയും, ഗൂഗിൾ പരതിയും ആ ചോദ്യത്തിനും വൈകി ആണെങ്കിലും ഉത്തരം കണ്ടെത്തി. അത്തരത്തിലുള്ള അമിത വായന വേണ്ടിവന്നു എന്നതാണ് സങ്കടകരം. എത്രപേർക്ക് അതിനുള്ള സാഹചര്യവും സന്ദർഭവും ലഭിക്കും എന്നും അറിയില്ല. അത്രയും നാളുകൾ അതൊരു ചോദ്യചിഹ്നം തന്നെയായി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തെറ്റായ ചികിത്സകൾക്കും, മാത്രവാദത്തിനും, വിഷാദത്തിനും എല്ലാം അത് കാരണമായി.

സമൂഹത്തിൽ ഏറ്റവും സാമാന്യവത്കരിക്കപ്പെട്ടിട്ടുള്ള ആൺ പെൺ ബന്ധങ്ങൾക്ക് തന്നെ ഇത്രയധികം അവ്യക്തതയും, അറിവില്ലായ്മയും നിലനിൽക്കുമ്പോൾ, മനുഷ്യന്റെ ശരീരത്തെപ്പറ്റി പോലും അജ്ഞരായി നമ്മൾ ജീവിക്കുമ്പോൾ അതിനു വെളിയിൽ ഉള്ള അവസ്ഥകളുടെ കാര്യങ്ങൾ പറയേണ്ടതില്ലല്ലോ.
എന്നെപ്പോലുള്ള ഓരോ കുട്ടിയും അനുഭവിക്കുന്ന സംശയങ്ങളും, ഭയവും ഒക്കെ നമ്മുടെ ധാരണകൾക്കും അപ്പുറമായിരിക്കും.
ഇനിയുള്ള കാലമെങ്കിലും ഞങ്ങളുടെ അവസ്ഥകളും പരിഗണിക്കപ്പെടണം. എന്താണ് ഞാനെന്നറിയാതെ അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു വരിയിൽകൂടിയെങ്കിലും അവരെത്തന്നെ വായിച്ചെടുക്കാനുള്ള സാഹചര്യം പുതിയ എഴുത്തുകളും, പുസ്തകങ്ങളും, മറ്റു മാധ്യമങ്ങളും തുറന്നു കൊടുക്കണം…….

NB: അണ്ഡത്തെ ചുംബിക്കാൻ ബീജങ്ങൾ എല്ലാം കൂടെ മത്സരിച്ചോടുമ്പോൾ അതിൽ രണ്ടു ബീജങ്ങൾക്ക് പരസ്പരം മുത്തം കൊടുക്കാനും കെട്ടിപിടിക്കാനും തോന്നിയ അവര് അത് ചെയ്യട്ടെന്നെ 
എല്ലാരും അണ്ഡത്തെ മുത്തണം എന്ന് എന്നതിന ഇത്ര വാശി. 
പടം ഞാൻ തന്നെ വരച്ചതാ അതിൻറെ വൃത്തികേടുണ്ട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.